സർവ്വം സൗരഭം : പ്രവാചകന് ഒരു മറുമൊഴി -9

വീടുകൾ

സ്വപ്നങ്ങളുടെ കൈയ്യാമങ്ങളാൽ വീടുകൾ നമ്മെ ബന്ധിച്ചിടുന്നു.

മേൽക്കൂരകളോ ,
ഉൾഭയങ്ങളാൽ
വിളക്കിച്ചേർക്കപ്പെട്ടിരിക്കുന്നു.

മുന്തിരിത്തോട്ടങ്ങളിൽ നിന്നു വരുന്ന സുഗന്ധദേവത കൂറ്റൻ മതിലിന്മേൽ തലയിടിച്ച് ബോധരഹിതയാവും.

അരയന്നങ്ങളെ കാത്തുകാത്ത്
ഉൾപ്പൊയ്കകളുടെ മാറിടം
വറ്റിയുണങ്ങിപ്പോകും.

മാമൂലുകളെ പരിചരിക്കുക എന്നതിലുപരി അവിടത്തെ ദ്വാരപാലകർക്ക്
മറ്റൊന്നും ചെയ്യാനുണ്ടാവില്ല.

‘ജാഗ്രത’ എന്നൊരു ദിനപത്രം മാത്രം
പൂമുഖപ്പടിമേൽ എന്നും കൃത്യമായ് വീണിരിക്കും.

ഒറ്റവാക്കിൽ,
പൊള്ളയായൊരു കൃത്രിമാവയവം!

വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി. ധനലക്ഷ്മി ബാങ്കിൽ ജോലി ചെയ്യുന്നു. ജോലിയോടൊപ്പം, വായന, എഴുത്ത് ഫോട്ടോഗ്രാഫി, യാത്രകൾ തുടങ്ങിയവയും ഇഷ്ടങ്ങൾ. ആനുകാലികങ്ങളിൽ (ഓൺലൈൻ /പ്രിൻറ്) കവിതകളും മറ്റ് ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രഥമ കവിതാസമാഹാരം മെയ് മാസത്തിൽ പുറത്തിറങ്ങും.