അവസാന ഭാഗം: വിടവാങ്ങൽ
കാറ്റ് വിത്തിനെ വിളിക്കുന്നു ;
അതിനെ ചിറകുകളണിയിക്കുന്നു.
രണ്ടുപേരുമൊരുമിച്ച്
ഉറക്കം തൂങ്ങുന്ന കപ്പൽപ്പായകളെ
തട്ടിയുണർത്തുന്നു.
ബലിപീഠങ്ങളുടെയും ശ്മശാനങ്ങളുടെയും ദ്വീപുകൾക്കു മീതേ ചിറകടി മുഴങ്ങുന്നു.
ഗായകൻ പുല്ലാങ്കുഴലിനെ
ഉമ്മ വയ്ക്കുമ്പോൾ
കാമുകിയുടെ ഹൃദയത്തെ
അസൂയത്തിരകൾ മുക്കിക്കളയുന്നു.
‘പ്രേമങ്ങളും പ്രയാണങ്ങളും ‘
എന്ന പുസ്തകം മടക്കിവെച്ച് ദൈവം മേഘവാതിൽ തുറന്ന്
താഴേക്കു നോക്കുന്നു.
വിടവാങ്ങൽ പ്രസംഗം പൂർത്തിയാക്കുന്നതിനു മുമ്പേ
തൻറെ പുത്രനെ മിന്നൽക്കൈ അയച്ച് മടക്കി വിളിക്കുന്നു.
എന്നാണു തിരിച്ചുവരുന്നത്
എന്ന ചോദ്യത്തിനുത്തരം മാത്രം ബാക്കിയാവുന്നു.