സർവ്വം സൗരഭം: പ്രവാചകന് ഒരു മറുമൊഴി – 2

സ്നേഹം

സ്നേഹത്തിനെ നിങ്ങളുടെ രഹസ്യങ്ങളുടെ കാവൽക്കാരനായല്ല ,
അതിൻറെ ആത്മാവായിത്തന്നെ കരുതുക

സുതാര്യമാമൊരു ഒരു ജലവസ്ത്രം പോലെ സ്നേഹം നിങ്ങളെ പൊതിഞ്ഞു പിടിക്കട്ടെ!

പകലുകളിൽ അത് നിങ്ങൾ മീട്ടുന്ന സംഗീതോപകരണത്തിന്റെ
ശ്വാസമായ് മാറും.

സായന്തനങ്ങളിൽ ഒരു മേഘക്കൂടുണ്ടാക്കി സ്നേഹം നിങ്ങളുടെ ഭവനത്തെ
ഇടിമിന്നലുകളിൽ നിന്നു സംരക്ഷിക്കും.

രാത്രി പൂക്കുമ്പോൾ
അതൊരു ഉറക്കഗുളികയായ് നിങ്ങളുടെ നാവിലലിയും.

ധ്യാനം; അതിലൂടെ സ്നേഹത്തിലേക്ക്
ഒരു തുരങ്ക വഴിയുണ്ട്.

വെറും ധ്യാനമല്ല;
ആത്മജ്ഞാനത്തിൻറെ ധാന്യങ്ങളെ മുളച്ചു പൊന്തിക്കുന്ന ധ്യാനം!

വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി. ധനലക്ഷ്മി ബാങ്കിൽ ജോലി ചെയ്യുന്നു. ജോലിയോടൊപ്പം, വായന, എഴുത്ത് ഫോട്ടോഗ്രാഫി, യാത്രകൾ തുടങ്ങിയവയും ഇഷ്ടങ്ങൾ. ആനുകാലികങ്ങളിൽ (ഓൺലൈൻ /പ്രിൻറ്) കവിതകളും മറ്റ് ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രഥമ കവിതാസമാഹാരം മെയ് മാസത്തിൽ പുറത്തിറങ്ങും.