സർവ്വം സൗരഭം : പ്രവാചകന് ഒരു മറുമൊഴി -14

സ്വാതന്ത്ര്യം

മലർന്നു കിടക്കൂ;
പൊടുന്നനെ നമ്മൾ
ആകാശത്തിൻ ഗർഭപാത്രത്തിന്റെ അകത്താവും.

ആയിരം വർണ്ണവെളിച്ചങ്ങളാൽ
അസാധ്യമാം വണ്ണം
അലങ്കൃതമായൊരു ഗർഭപാത്രം.

കണ്ണുകളടച്ച്
സ്വാതന്ത്ര്യത്തിന്റ
പ്രകാശചുംബനം ഏറ്റുവാങ്ങുക!

ഉൾച്ചങ്ങലകൾ
ഉടയുന്ന ശബ്ദത്തെ തിരിച്ചറിയുക.

ചിറകുകൾ കുടഞ്ഞ്
ഭയത്തിന്റെ കുമിളകളെ
ബാഷ്പമായ് മാറ്റുക!

സ്വാതന്ത്ര്യം:
അടിക്കടി അഴിച്ചുവെക്കപ്പെടുന്ന
പാദരക്ഷകളല്ല അത്.
സദാ കോരിത്തരിപ്പുണ്ടാക്കുന്ന
മാന്ത്രിക മോതിരം!

വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി. ധനലക്ഷ്മി ബാങ്കിൽ ജോലി ചെയ്യുന്നു. ജോലിയോടൊപ്പം, വായന, എഴുത്ത് ഫോട്ടോഗ്രാഫി, യാത്രകൾ തുടങ്ങിയവയും ഇഷ്ടങ്ങൾ. ആനുകാലികങ്ങളിൽ (ഓൺലൈൻ /പ്രിൻറ്) കവിതകളും മറ്റ് ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രഥമ കവിതാസമാഹാരം മെയ് മാസത്തിൽ പുറത്തിറങ്ങും.