വിനോദയാത്ര

ആർപ്പുവിളികൾ കൊഴുപ്പിച്ച
പുഞ്ചിരികളും പൂവിളികളും
മധുരം തേടി മലയിലേക്ക്,
സഹ്യാദ്രിയുടെ മനസ്സിലേക്ക്…
തീരങ്ങളിലരിച്ച്,
തേറ്റങ്ങളിൽ വിയർത്ത്
ഉള്ളങ്ങൾ കുളിർത്ത്
ഉയരങ്ങളിലൊരുമിച്ച്
പാടി നാം, മധുരം ഗായതി.

എന്റെ ആഹ്ലാദത്തിന്റെ,
ഉത്സവത്തിന്റെ കാതലായിരുന്നു, നീ..
എവിടെ നീ പൊന്നേ,
നിൻ മൊഴികളിൽ,മിഴികളിൽ
വിടരുന്ന കനവുകൾ തൊട്ടു ഞാൻ.
നീ നറുപുഷ്പമായി വിടരുന്ന
വസന്തങ്ങളിലായിരുന്നെൻ മനം…

കണ്ണകലത്തിൽ കാത്ത
തളിരായിരുന്നു, നീ.
ഒരു മിന്നൽപ്പിണരിന്റെ ദശാംശത്തിൽ
കാറ്റ് കവർന്നതോ..
ഒരു വിരൽദൂരത്തിൽ വച്ച്
മണ്ണ് ചതിച്ചതോ…
കരിങ്കല്ലിന്റെ കൂർമുനകളിൽ
ഉടഞ്ഞു ചിന്നിയോ പൊട്ടിച്ചിരി….?
ഉള്ളാഴങ്ങളിൽ
നുരഞ്ഞുപൊന്തും കന്മദത്തിലേക്ക്
വലിച്ചൂറ്റിയോ നിണരേഖകൾ..?
തകർന്നു പോയി, ഞാൻ…
സ്വപ്നങ്ങൾ, ജീവിതങ്ങൾ…
ഉലഞ്ഞുതീരുന്ന ശ്വാസങ്ങൾ…
നിലവിളികളായി നിന്നെ തേടിയ
രാപകലുകൾ, ഞങ്ങൾ.

ഒരുല്ലാസയാത്രയുടെ
തിരിവിൽ
ഒരു വെൺപുതപ്പിന്റെ ശിഷ്ടങ്ങളാ,യെൻ
ശിഷ്ടകാലത്തിൻ
കണ്ണീർക്കുടമായി
തേങ്ങലായി നീ…

കേരള പോലീസിൽ എസ്.പി. പ്രസിദ്ധീകരിച്ച കൃതികൾ : ഉറുമ്പുകൾ ഭൂപടം വരയ്ക്കുമ്പോൾ (കവിതകൾ), സഖീ ഞാൻ മടങ്ങട്ടെ (കവിതകൾ), നാവു ദഹനം (കവിതകൾ), ഇവിടെയൊരാളുണ്ട് (കവിതകൾ), ജനിക്കാത്തവരുടെ ശ്മശാനം (കഥാസമാഹാരം ), മൈ സ്റ്റോറി - (യു എ ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ ആത്മകഥയുടെ മലയാളം പരിഭാഷ).