സാർത്തോവിൻ്റെ കുത്സിതചിന്തകൾ – 5

“ഇതിലേതാണ് കട്ട് ചെയ്തത്?”

ആ അറുപത്തിയഞ്ചുകാരിയുടെ മാറിടത്തേക്ക് തന്നെ തുറിച്ചു നോക്കി യാതൊരു ദയവുമില്ലാതെ ആ ഓഫീസർ ചോദിച്ചു. വല്ലാതെ ചൂളിപ്പോയ അവരുടെ മുഖത്ത് മിന്നിമറിഞ്ഞ എഴുതി ഫലിപ്പിക്കാൻ കഴിയാത്ത ഭാവങ്ങൾ, മുപ്പത്തഞ്ച് വർഷം കഴിഞ്ഞു പോയെങ്കിലും ഇന്നും എൻ്റെ മനസിലുണ്ട്.

കാര്യത്തിലേക്ക് വരാം. തിരുവനന്തപുരത്തെ റീജിയണൽ ക്യാൻസർ സെൻ്ററിനെ മാത്രം ആശ്രയിച്ച് മലവെള്ളം പോലെ രോഗികൾ എത്തുന്ന കാലം. നാട്ടിൽ നിന്നും വരുന്നവർ ആശുപത്രി, സൗജന്യ താമസസൗകര്യങ്ങൾക്കായി നിരന്തരം വിളിക്കുമ്പോൾ കഴിയുന്ന ചെറിയ സഹായങ്ങളൊക്കെ ചെയ്യാൻ അന്ന് കഴിഞ്ഞിരുന്നു. RCC യുമായി ബന്ധപ്പെട്ട് ആരെ കിട്ടിയാലും ഞാനിടിച്ചു കയറി അവരെ പരിചയപ്പെടും. എന്തിനെങ്കിലും അവരെ ഉപകാരപ്പെട്ടാലോ! എൻ്റെ അയൽക്കാരനായ ഡോ. ജയപ്രകാശ് മാധവനും മറ്റ് പല സുഹൃത്തുക്കളും ചില സുഹൃത്തുക്കളുടെ ഭാര്യമാരുമൊക്കെയുണ്ട് അന്നവിടെ. അവരുടെയൊക്കെ സേവനം അന്ന് പരമാവധി ഞാൻ ചൂഷണം ചെയ്തിട്ടുമുണ്ട്.

ഒടുവിൽ, തൊണ്ടയിൽ ക്യാൻസർ പിടിപെട്ട് എൻ്റെ അപ്പനും നാട്ടുകാർക്കൊപ്പം RCC യിൽ എത്തി. അധികം വൈകാതെ അപ്പൻ രോഗവിമുക്തനായി നാട്ടിലേക്ക് മടങ്ങിപ്പോയി. അതിന് ശേഷമാണ് സന്താനഭാഗ്യമില്ലാതിരുന്ന വിധവയായ, സൗന്ദര്യത്തിൽ അതീവ ശ്രദ്ധാലുവായിരുന്ന എൻ്റെ അടുത്തൊരു ബന്ധു, RCC ക്ക് സമീപമുള്ള എൻ്റെ ഓഫീസിലെത്തിയത്. ഒരു കാലത്ത് നാട്ടിലെ ഏറ്റവും മോഡേണായിട്ടുള്ള ഒരു സ്ത്രീയായിരുന്നു അവർ. അവരുടെ വേഷവിതാനങ്ങൾക്ക് ആരും ശ്രദ്ധിച്ചുപോകുംവിധം ഒരു വടിവുണ്ടായിരുന്നു. പക്ഷെ, ഭർത്താവിൻ്റെ അകാലചരമം അവരെ തകർത്തുകളഞ്ഞു. സ്വന്തമൊരു കുഞ്ഞിനെ പ്രസവിക്കാനുള്ള ഭാഗ്യം അവർക്ക് കിട്ടിയതുമില്ല. സാമ്പത്തികമായ ഞെരുങ്ങലും വിധവയായതിനാൽ നാട്ടിലെ സദാചാര പോലീസിൻ്റെ CCTV നിരീക്ഷണവും അതിരു കടന്നപ്പോൾ ബ്യൂട്ടീഷ്യൻ കൂടിയായിരുന്ന അവർ വിദേശത്തേക്ക് രക്ഷപ്പെട്ടു. അതിനാൽ സാമ്പത്തികപരാധീനതകളിൽ നിന്നും ഒരു പരിധി വരെ രക്ഷപ്പെട്ടുവെങ്കിലും ഏകാന്തത അവരെ വേട്ടയാടി. ഒടുവിൽ ഒറ്റയ്ക്ക് സിംഗിൾ ബഡ്റും ഫ്ലാറ്റിൽ ജീവിതം തള്ളി നീക്കവേയാണ് അടുത്ത ദുരന്തം ക്യാൻസർ രൂപത്തിലെത്തിയത്.

അന്ന് സർക്കാരിന് അനഭിമതരായവരെയും മറ്റ് പലകാരണങ്ങളാൽ ഒതുക്കപ്പെട്ടവരുടേയും ഒരു ഇടത്താവളമായിരുന്നു ആ ഓഫീസ്. അറ്റൻ്റൻസ് ഒപ്പിടുക എന്നതല്ലാതെ കാര്യമായ ചുമതലകൾ അവരിൽ പലർക്കും ഉണ്ടായിരുന്നില്ല.

ബന്ധുവിനെ ഓഫീസറുടെ ക്യാബിന് പുറത്ത് നിറുത്തി RCC യിൽ പോകാൻ ഒരു പെർമിഷന് വേണ്ടിയാണ് അകത്ത് കയറിയത്. സർവീസിൽ ഒരിക്കലും നല്ലൊരു ട്രാക്ക് റിക്കാർഡിന് ഉടമയായിരുന്നില്ല ആ ഓഫീസർ. എൻ്റെ വിവരക്കേട് കൊണ്ടോ ശുദ്ധത കൊണ്ടോ ഞാനാ സത്യം അദ്ദേഹത്തോട് പറഞ്ഞു പോയി. കേട്ട പാതി കേൾക്കാത്ത പാതി, കക്ഷി ചാടി പുറത്തിറങ്ങി ബന്ധുവിൻ്റെ അടുത്തെത്തി. പിന്നീട് നടന്ന വിക്രിയകളാണ് തുടക്കത്തിൽ പരാമർശിച്ചത്.

ഔചിത്യമില്ലാത്ത ഓഫീസറുടെ ചോദ്യങ്ങൾക്ക് മറുപടി പറയാനാവാതെ അപമാനഭാരത്താൽ ആ വന്ദ്യവയോധിക മുഖം കുനിച്ചുകളഞ്ഞു.

ഒട്ടേറെ ചോദ്യങ്ങളും ഉത്തരങ്ങളും ഇവിടെ അവശേഷിക്കുന്നു. അവയെല്ലാം പ്രിയ വായനക്കാരുടെ യുക്തിക്ക് വിടുന്നു.

എറണാകുളം ജില്ലയിൽ കൂത്താട്ടുകുളം സ്വദേശിയെങ്കിലും ഇപ്പോൾ തിരുവനന്തപുരം പേരൂർക്കട വഴയിലയിൽ താമസിക്കുന്നു. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് റാപ്പിഡ് റസ്പോണ്ട്സ് ആന്റ് റസ്ക്യൂ ഫോഴ്സിൽ (RRRF) നിന്നും അസിസ്റ്റന്റ് കമാണ്ടന്റ് (ഡി വൈ എസ് പി) ആയി 2017 ൽ വിരമിച്ചു. 2011- 16 ൽ തിരുവനന്തപുരം ഗവ. സെക്രട്ടറിയേറ്റിന്റെ സെക്യൂരിറ്റി ഇൻസ്പെക്ടർ ആയിരുന്നു. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച സാർത്തോവിൻ്റെ സുവിശേഷം എന്നൊരു ഓർമ്മക്കുറിപ്പും എൻ്റെ സഞ്ചാരം എന്നൊരു യാത്രാവിവരണവും എഴുതിയിട്ടുണ്ട്. അഞ്ച് കഥാസമാഹാരങ്ങളിൽ കഥകളും ഉൾപ്പെട്ടിട്ടുണ്ട്.