സഹസ്രപൂർണ്ണിമ

എന്താണ് സാഹിത്യം എന്ന് ചുരുക്കം വാക്കുകളിൽ എഴുതാൻ കുമാരനല്ലൂർ സ്‌കൂളിലെ ഏഴാം ക്ലാസിൽ അദ്ധ്യാപകൻ പറഞ്ഞു. അന്ന് എന്തോ ഒന്ന് എഴുതി കൊടുത്തു വാസു എന്ന കുട്ടി. പിന്നീട് ആ കുട്ടി വളർന്നു എം.ടി. വാസുദേവൻ നായർ ആയപ്പോൾ എഴുതിയതെല്ലാം സാഹിത്യമായി മലയാളിക്ക്. ഇക്കഴിഞ്ഞ വെളുത്തവാവിന് ആയിരം പൂർണ്ണ ചന്ദ്രൻമാർ സാക്ഷിയായ ആ ജീവിതം ഇന്ന് ശതാഭിഷിക്തമാകുന്നു. തസറാക്കിനു  വേണ്ടി എം.ടിയുമായി കഥാകൃത്ത് കെ.പി.സുധീര നടത്തിയ അഭിമുഖം:  സഹസ്രപൂർണ്ണിമ 

‘എനിക്ക് ആകെ കഴിയുന്ന ഒരു കാര്യം എഴുതാണ്. ലോകത്തോട് പലതും പറയാനുണ്ട്. ലോകം എന്നെ പലപ്പോഴും അസ്വസ്ഥനാക്കാറുമുണ്ട്. എനിക്കതിൽ നിന്നും മോചിതനാവണമെങ്കിൽ എഴുതിയേ മതിയാവൂ. എഴുത്ത് പ്രശ്നങ്ങൾക്കുള്ള പരിഹാരമാകുമോ ഉത്തരമോ എന്നൊന്നുമില്ല. പക്ഷേ എന്റെ ഉള്ളിലെ അസ്വസ്ഥതയ്ക്ക്‌ പരിഹാരം കിട്ടാൻ എനിക്ക് എഴുതിയേ മതിയാകൂ’ എന്ന് എം.ടി പറഞ്ഞിട്ടുണ്ട്.

? ഇനിയെന്താണ് എഴുതാൻ കരുതിവച്ചിട്ടുള്ളത്. ആത്മകഥ എഴുതണം എന്ന്  അങ്ങേയ്ക്ക് തോന്നീട്ടില്ലേ.

* എന്നെ പറ്റി ഞാൻ പലയിടത്തും എഴുതിയിട്ടുണ്ടല്ലോ.  എഴുതിയതിലൊക്കെ ആത്മാശം കലർന്നിട്ടുണ്ട്. കൂടാതെ ഓർമ്മക്കുറിപ്പുകൾ കുറെ വന്നിട്ടുമുണ്ട്. ഇനി ആത്മകഥ എഴുതിയാൽ ആവർത്തനമാകും.പിന്നീട് കാശ്, കഞ്ഞി, മുത്തശ്ശിമാരുടെ രാത്രികൾ ഒക്കെ വന്നു. അതൊക്കെ ആത്മകഥ തന്നെ എന്ന് വേണമെങ്കിൽ പറയാം. 

? എം.ടി എഴുതിത്തുടങ്ങിയ കാലത്തിനേക്കാൾ ശാസ്ത്രം എത്രയോ പുരോഗമിച്ചു കഴിഞ്ഞു. ഇത്‌ വിവര സാങ്കേതികതയുടെ കാലമാണ്. എഴുതുവാൻ ഇത്തരം നവസങ്കേതങ്ങൾ പ്രയോജനപ്പെട്ടിട്ടുണ്ടോ.

* ഈ മേഖലയുമായി ഞാൻ അത്ര പരിചയമായിട്ടില്ല. എനിക്ക് കമ്പ്യൂട്ടറുണ്ട്. മെയിലുകൾ വായിക്കും. മറുപടി കൊടുക്കും. അതിനൊക്കെ സഹായത്തിന് ആളുമുണ്ട്. എനിക്ക് കാറോടിക്കാനും അറിയില്ല. നാൽപ്പതു വയസിലാണ് കാറൊക്കെ വാങ്ങിയത്. അതുവരെ എഴുത്തിൻെറയും സിനിമയുടേയുമൊക്കെ തിരക്ക് തന്നെ ആയിരുന്നുവല്ലോ.

തെക്കനമേരിക്കൻ എഴുത്തുകാരിയായ യൂറോഡാ വെൽട്ടി ഒരു അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു: ‘എന്റെ നാടാണ് എന്റെ അറിവുകളുടെ ഉത്ഭവസ്ഥാനം. കണ്ടെത്താൻ, തിരിച്ചറിയാൻ, വ്യാഖാനിക്കാൻ ആ സ്ഥലം എന്നെ സഹായിക്കുന്നു. എവിടെയെങ്കിലും ഒരിടത്ത് നടക്കാത്ത ഒരു കഥ എഴുതാനാവുമോ. എനിക്കാവില്ല. തീർച്ച. അമൂർത്തവും അവ്യക്തവുമായ ഒന്നിനെ പറ്റി എഴുതാൻ എനിക്ക് സാദ്ധ്യമല്ല. അതിൽ താല്പര്യവും ഇല്ല.’ എന്റെ തന്നെ വാക്കുകൾ തന്നെയാണല്ലോ മിസിസിപ്പിക്കാരിയായ ഈ കഥാകാരിയും പറയുന്നത് എന്ന അത്ഭുതകരമായ കണ്ടെത്തലിൽ യൂറോഡാ വെൽട്ടിയുടെ അഭിമുഖം സൂക്ഷിച്ചു വച്ചതായി എം.ടി പറഞ്ഞിട്ടുണ്ട്.

? എം.ടിയുടെ ആ പ്രിയ നാട് ഇപ്പോൾ ഏറെ മാറിക്കഴിഞ്ഞില്ലേ.

* ഇന്ന് ഗ്രാമങ്ങളെല്ലാം നഗരവൽക്കരിക്കപ്പെട്ടിരിക്കുന്നു. നാട്ടിൽ എനിക്ക് ഇപ്പോഴും വീടുണ്ട്. എന്നാൽ പുഴയില്ല. വയലില്ല. എനിക്ക് വിഷമം ഉണ്ട്. വയൽ മുറിച്ചു കടന്നാൽ റോഡ്. റോഡിനപ്പുറം പുഴ. വയൽ കുടിയിരിപ്പാണ്. വീട് പൂട്ടിയിട്ടിരിക്കുന്നു. മുൻപ് മുണ്ട് പെട്ടിയിൽ വെയ്ക്കാൻ തോട്ടിനടുത്തു നിന്ന് കൈതപ്പൂ പറിക്കും. ഇന്ന് കണ്ണാന്തളിയില്ല. തുമ്പയില്ല. വെട്ടുകല്ല് കൊണ്ടാണ് അന്ന് വീടുകൾ ഉണ്ടാക്കിയിരുന്നത്. പൂക്കൾ പരവതാനി വിരിച്ച മേടുകളിൽ അന്നൊക്കെ കന്നുകാലികളെ മേയാൻ വിട്ടിരുന്നു. ഇന്ന് മേച്ചിൽ പുറങ്ങളില്ല. അതൊന്നും തിരിച്ചു കിട്ടില്ല. വയലുകൾ നികത്തി വീടുണ്ടാക്കി. ദു:ഖമുണ്ട്. എല്ലാം മനസ്സിൽ കൊണ്ട് നടക്കുന്ന ഓർമ്മകൾ മാത്രം.

? അങ്ങയുടെ മുഖത്ത് അപൂർവമായി വിടരുന്ന നേർത്ത ചിരി മാറിയ കാലത്തെ നോക്കിയുള്ള അശാന്തിയുടെ മന്ദഹാസമാണെന്ന്‌ തോന്നാറുണ്ട്.

*മനസ്സിൽ എപ്പോഴും സംഘർഷങ്ങളല്ലേ. അത് മുഖത്ത് കാണാതിരിക്കുമോ. (ചിരിച്ചുകൊണ്ടാണ് എം.ടി മറുപടി പറഞ്ഞത്.) 

എ.എം. വാസുദേവൻ പിള്ള എന്നൊരു സുഹൃത്തുണ്ട് എം.ടിക്ക്. അദ്ദേഹത്തിന്റെ ഭാര്യ സുശീലയ്ക്ക് മുൻപൊരിക്കൽ മേഴത്തൂർ വൈദ്യമഠത്തിൽ മുട്ടുവേദനയ്ക്കു ചികിത്സ നടത്തി. അതിനിടയ്ക്ക് ഇരുവരും കൂടി ഒരു ദിവസം എം.ടിയുടെ വീട്ടിൽ പോയി മടങ്ങും വഴി കവലയിൽ നിന്ന് കരിക്കു വാങ്ങി കുടിച്ചു. കരിക്കു വെട്ടുന്നയാളുടെ കുശലം :’ എങ്ങോട്ടാ. എവിടെ എവിടെ പോയി?’ എം.ടി വാസുദേവൻ നായരെ കണ്ടിട്ട് വരുകയാണെന്നു പറഞ്ഞപ്പോൾ അയാളുടെ പ്രതികരണം; ‘ഓ ല്ലെ ആരോടും മിണ്ടാത്ത വാസു.’ അപരിചിതരുടെ മുന്നിൽ എം.ടി മൗനിയാണെങ്കിലും താൽപര്യമുള്ള വിഷയങ്ങളിൽ അദ്ദേഹം കാര്യമായി പ്രതികരിക്കുമെന്ന് എ.എം. വാസുദേവൻ പിള്ള എഴുതിയിട്ടുണ്ട്.

? പണ്ട് എഴുത്തുകാർക്കിടയിൽ ഉണ്ടായിരുന്ന സൗഹൃദം ഇന്ന് കാണുന്നില്ലല്ലോ.

* ജീവിതത്തിൽ വന്ന മാറ്റങ്ങളാകും കുറേയൊക്കെ. മുൻപ് എഴുത്തുകാർക്ക് കോലായ എന്നൊരു കൂട്ടായ്മ ഉണ്ടായിരുന്നു. പിന്നെ അന്ന്എഴുത്തുകാർ പരസ്പരം കുടുംബ വിശേഷങ്ങൾ അന്വേഷിക്കും. മുൻപൊരിക്കൽ ഒരു പരിപാടിക്ക് തകഴി വന്നു. പിറ്റേന്ന് ഞാൻ കാണാൻ ചെന്നപ്പോൾ തകഴി പറഞ്ഞു ‘നമുക്ക് ബേപ്പൂരിൽ പോവാം. മേത്തൻറെ സ്ഥിതി എന്താ ? കൃഷി ഒന്നും ഇല്ലല്ലോ. രണ്ടേക്കർ തെങ്ങിൻത്തോപ്പ് കൊണ്ട് എങ്ങനെ ജീവിക്കും. ബുദ്ധിമുട്ടില്ലാതെ കഴിയുന്നുണ്ടോ.’ അതായിരുന്നു രീതി. തകഴി മേത്തൻ  എന്നായിരുന്നു ബഷീറിനെ വിളിച്ചിരുന്നത്. തന്റെ സുഹൃത്ത് ബുദ്ധിമുട്ടില്ലാതെ ഇരിക്കണമെന്ന മോഹം കൊണ്ടാണ് അങ്ങനെ ചോദിക്കുന്നത്. വല്ലാത്തൊരു സൗഹൃദത്തിന്റെ കാലമായിരുന്നു അത്. അന്ന് ഞാൻ ഞായറാഴ്ചകളിൽ എൻ.പി യുടെ വീട്ടിൽ പോകും. ഒന്നിച്ചു നടക്കും. സിനിമയ്ക്ക് പോകും. എന്ന് എഴുത്തുകാർക്കിടയിൽ ഒത്തു ചേരലുകളില്ല. തിരക്കുകൾ കൊണ്ടാകാം. 

? എം.ടി കഥകളിലെ നാടൻ ശൈലിയും ഗ്രാമീണ ഭാഷയും മറ്റാരും അധികം ഉപയോഗിച്ച് കണ്ടിട്ടില്ല. ഇത് വായനക്കാരന് ഇന്നും ഹൃദ്യമാണ് എന്നതല്ലേ എന്നും ബെസ്റ്റ് സെല്ലേഴ്‌സായി നിൽക്കുന്ന അങ്ങേയുടെ കൃതികൾ സൂചിപ്പിക്കുന്നത്.

* എനിക്ക് പരിചയമുള്ള ഭാഷ ഞാൻ ഉപയോഗിച്ചു. പിന്നെയതിനു വ്യാപക അംഗീകാരം കിട്ടി. ആദ്യമൊക്കെ പ്രശ്‌നമായിരുന്നു. ഓപ്പോൾ എന്ന് ഞങ്ങൾ നാട്ടിൽ ഉപയോഗിക്കുന്ന വാക്കാണ്. ചേച്ചിയല്ല ഓപ്പോൾ. സിനിമ ആയപ്പോൾ നിർമ്മാതാവിന് സംശയം. ഓപ്പോൾ എന്നാൽ ജനത്തിന് മനസിലാകുമോന്ന്. തകഴി ചേച്ചിക്ക് പകരം അക്കൻ എന്നെഴുതി. അതും ജനത്തിന് പരിചയമായി. 

കാൽ നൂറ്റാണ്ട് മുൻപ് ഹോര എന്നൊരു കഥയെഴുതുയിട്ടുണ്ട് എം.ടി. ഒരാൾക്ക് ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും തടസമായി നിൽക്കുന്നത് തന്റെ അതേ ഛായയുള്ള ഇരട്ട സഹോദരനാണ് അയാൾ കരുതുന്നു. അവസാനം ഒരു വിജയമെങ്കിലും നേടാൻ അയാൾ ആത്മഹത്യ ചെയ്യുന്നു. സ്വാതന്ത്രാനന്തരമുള്ള ഇന്ത്യയിലെ ഇടത്തക്കാരന്റെ ദൈന്യം ആവിഷ്‌ക്കരിക്കാനാണ് ശ്രമിച്ചതെന്ന് എം.ടി സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ ഒരു നിരൂപകൻ ഇരട്ടകളുടെ കഥ മാത്രമായിട്ടാണ് അതിനെ കണ്ടതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

? വിമർശനത്തെ എങ്ങനെയാണ് അങ്ങ് കാണുന്നത്. 

* വിമർശനം എന്നാൽ ഒരാളുടെ അഭിപ്രായമാണ്. നമുക്കൊരു പുസ്തകം ഇഷ്ട്ടമായില്ല. അത് തുറന്നെഴുതുന്നു. ടോൾസ്റ്റോയിയുടെ മഹത്തായ നോവലായ യുദ്ധവും സമാധാനവും വായിച്ച് മാരാർ വിമർശിച്ചു. അത് പരമ മോശമാണെന്ന്. നാമതിനെ ലോകോത്തരം എന്നും പറയുന്നു. ഇതൊന്നും തടയാൻ പറ്റില്ല. അതെല്ലാം ഒരോരുത്തരുടെ രീതി. ബഷീർ ശബ്ദങ്ങൾ എഴുതി. അത് പുറത്തുവന്ന കാലത്ത് ‘ഇതു സാഹിത്യമാണെങ്കിൽ ഞാൻ മഹാത്മാ ഗാന്ധിയാണ്. ചേർത്തല പൂരപ്പാട്ട് ഭഗവത് ഗീതയുമാണ്.’ എന്ന് ഗുപ്തൻ നായർ എഴുതിയില്ലേ. 

എം.ടി ആദ്യം എഴുതിയത് കവിതകളാണ്. അക്കിത്തതിനെയൊക്കെ കണ്ടും വായിച്ചും ആവേശം കൊണ്ടിട്ടാണ് കവിതയെഴുതിയത് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പതിമൂന്നാം വയസിൽ ആദ്യ കഥ അച്ചടിച്ചി വരുകയും ചെയ്തിരുന്നു.

? അന്നത്തെ കൂടലൂർ വാസുദേവൻ നായർ എത്രമാത്രം മാറി.

* ഇപ്പോഴും ഓരോ എഴുത്തിനും ടെൻഷനുണ്ട്. എഴുതി തീരും വരെ. ആദ്യമെഴുതിയത് രണ്ടുമൂന്നു വട്ടം മാറ്റിയെഴുതും. നോവലൊക്കെ എഴുതിത്തുടങ്ങിയാൽ തോന്നും തുടക്കം ശരിയായില്ല. ഇങ്ങനെയല്ല വേണ്ടീരുന്നത്. പിന്നെയത് മാറ്റി വേറെ എഴുതിത്തുടങ്ങും. 

? പുതിയ വിശേഷം രണ്ടാമൂഴം എന്ന നോവൽ സിനിമയുമാകുന്നത് ആണല്ലോ. രണ്ടു മൂന്നു ഭാഷകളിലായി വലിയൊരു ക്യാൻവാസിലല്ലേ.

* അതെ. മലയാളത്തിൽ മുൻപും രണ്ടാമൂഴം സിനിമയാക്കാനായി പലരും വന്നിട്ടുണ്ട്. രണ്ട് മൂന്ന് മണിക്കൂറിനുള്ളിൽ ഒരു സിനിമ ഒതുക്കണം. എന്നാൽ രണ്ടാമൂഴം അതിലൊതുങ്ങില്ല. പാർട്ട് ഒന്ന്, പാർട്ട് രണ്ട് എന്ന രീതിയിലെ പറ്റൂ. അതാണ് മുൻപ് നടക്കാതെ പോയത്. നോവലിലെ പലതും വെട്ടി മാറ്റിയാലേ സിനിമയാകൂ എന്ന സ്ഥിതി വന്നു. അതെനിക്ക് സമ്മതമല്ല. വായനക്കാരോട് ഞാൻ എന്ത് പറയും. പുതിയ പ്രോജെക്ടിന് ആ പരിമിതികൾ ഒന്നും ഇല്ല. ഗോഡ്ഫാദർ ഒന്ന്, രണ്ട്, മൂന്ന് വന്നതുപോലെ രണ്ടാമൂഴം രണ്ടു ഭാഗമായി വരുന്നു. 

മലയാളിയുടെ മഹാസാഹിത്യകാരൻ ലോകസിനിമയിലെ മാസ്റ്റർ ക്രിയേറ്റർ ആയി മാറുമെന്ന പ്രതീക്ഷയോടെ പുതിയ പൂർണോദയങ്ങളിക്ക് കാത്തിരിക്കാം.

Photo courtesy : Online / Mathrubhumi Weekly

പൊന്നാനി താലൂക്കിലെ കൂടല്ലൂരിൽ 1933 ജൂലൈ 15 ന് ജനിച്ചു. മലയാളിയുടെ മഹാസാഹിത്യകാരൻ എന്ന് മാത്രം രേഖപ്പെടുത്തി മറ്റു വിവരങ്ങൾ വീണ്ടും വിശദമായി പകർത്തിവയ്ക്കുന്നതിലെ അനൗചിത്യം ഒഴിവാക്കുന്നു.