ചൂണ്ട

” അവൻ പല രൂപത്തിലും വരും”.
കിസ്സയിൽ രസിക്കുന്ന
അടിപൊളി നേരം പോക്ക്
അത് തിരിച്ചറിഞ്ഞില്ല.
വർത്തമാനം പുരോഗമിച്ചു.
അവളെ എങ്ങനെ വളക്കാം
അവനെ എത്ര നാൾ കൊണ്ട്
കുത്തുപാളയെടുപ്പിക്കാം.
കൂർപ്പിച്ച ചൂണ്ടയേറ്
അടഞ്ഞ ഭാഷണത്തിന്റെ
കോർപ്പറേറ്റ് അഹങ്കാരം.
ജെൻസി തലമുറയിലെ കുട്ടി
ദൈവത്തിന് വാട്സ് അപ് അയക്കുന്നു.
പ്രഭോ, അങ്ങയുടെ പേരും നാളും നമ്പറും
ഒന്നയക്കൂ, സേവ് ചെയ്യട്ടെ.
അവൻ വലിയ ഷോപ്പിങ് മാളായി
ഓഹരി വിപണിയായി
കണ്ണടച്ചു, വിസിലടിച്ചു.
കുടവയർ തടവി
മരിപ്പിന് കൂട്ടിരുന്നു.
ഫസ്റ്റ് പേജിൽ പരസ്യമായി വിലസി.
പുറമ്പോക്ക്
അകത്തെ ചരമകോളത്തിൽ.
ക്രിക്കറ്റ് മാമാങ്കം
പൂച്ച നടത്തം
നീലപടം, റിയാലിറ്റി ഷോ
പ്രൈവറ്റ് പലിശ ബാങ്ക്
ആശ്വാസത്തിന്
ഇത്രയൊക്കെ പോരേ.
വിചാര സമര മുഖമടഞ്ഞ
തുറന്ന ലോക കുടക്കീഴിൽ
എത്ര വലിയ ബഹു സുഖം.
കമ്മീഷൻ എണ്ണി വാങ്ങി
സുഖ ദിനരാത്ര ഉദാരത.
ചുറ്റും ഉയരുന്ന കൈകൾ
പണത്തിന് ചെണ്ടകൊട്ടുന്നു.
“ദീപസ്തംഭം മഹാശ്ചര്യം”.

വടകര ഓഞ്ചിയത്തെ മാടാക്കര സ്വദേശി. മണൽ, കപ്പലില്ലാത്ത തുറമുഖം, ഒരു മത്സ്യവും ജലാശയം നിർമ്മിക്കുന്നില്ല, മഴ പെയ്തില്ല മയിലും വന്നില്ല, മലബാർ സ്‌കെച്ചുകൾ, കുറിയേടത്തു താത്രിയും കുറുകുന്ന അകത്തെഴുത്തും തുടങ്ങിയവയാണ് കൃതികൾ. കൈരളി കല, അറേബ്യാ അക്ഷരശ്രീ, അബുദാബി മലയാളി സമാജം, അരങ്ങ് അബുദാബി തുടങ്ങിയ പുരസ്‌ക്കാരങ്ങൾ നേടി.