അയ്യമ്പുഴ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന കാലത്ത് നടന്ന ഒരു സംഭവം ഓർമ്മയിൽ വരുന്നു.
അല്പം ചുളു ഡ്യൂട്ടി ആഗ്രഹിക്കുന്നവർക്ക് പ്രിയപ്പെട്ട സ്റ്റേഷനാണു അയ്യമ്പുഴ. ഒരു വർഷം മാക്സിമം 50-60 കേസുകൾ മാത്രം റിപ്പോർട്ട് ആകുന്ന ഈ സ്റ്റേഷൻ കാലടി പ്ലാന്റേഷൻ എന്ന കേരള സർക്കാർ റബ്ബർ എസ്റ്റേറ്റ് പ്രദേശത്ത് സ്ഥിതി ചെയ്യുന്നു.
ഫോറസ്റ്റ് ഏരിയ ആയതിനാൽ കള്ള നായാട്ട് സംഘങ്ങൾ മൃഗവേട്ടക്ക് കാട്ടിൽ കയറും. ആ കാലത്ത് സ്ഥിരമായി നായാട്ടിനു പോയിരുന്ന ഒരാൾ സ്റ്റേഷൻ അതിർത്തിക്കുള്ളിൽ താമസിച്ചിരുന്നു. ലൈസൻസില്ലാത്ത തോക്ക് ഉപയോഗിച്ചതിനും നായാട്ട് സംബന്ധമായും ഒട്ടേറെ കേസുകൾ അയാളുടെ പേരിൽ ഉണ്ടായിരുന്നു.
കേസുകൾ കുറവായത് കൊണ്ടും വനമേഖലയായത് കൊണ്ടും അവിടെ പോസ്റ്റ് ചെയ്യുന്ന എസ് ഐമാർ അവിടെ ജോലി ചെയ്യാൻ താല്പര്യം കാണിക്കാറില്ല. എങ്ങനെയെങ്കിലും ട്രാൻസ്ഫർ വാങ്ങി സ്ഥലം വിടും. അതു കൊണ്ട് മിക്കവാറും സമയങ്ങളിൽ എ എസ് ഐക്കായിരിക്കും സ്റ്റേഷൻ ചാർജ്.
ഒരു ദിവസം ഈ പ്രതി വീട്ടിൽ ഉണ്ടെന്നുള്ള രഹസ്യ വിവരം കിട്ടി. അന്ന് ചാർജിൽ ഉണ്ടായിരുന്ന എ എസ് ഐ ആ സമയം സ്റ്റേഷനിൽ ഉണ്ടായിരുന്ന ഞാൻ ഉൾപ്പെടെ 5 പോലീസുകാരുമായി അയാളെ പിടിക്കാൻ വീട്ടിലേക്ക് പുറപ്പെട്ടു. യൂണിഫോം ഇല്ലാതെയാണ് ഞങ്ങൾ പോയത്. കാരണം, കാക്കി നിറം കണ്ടാൽ അവൻ കാടു കയറും.
ഞങ്ങൾ വീട്ടിലെത്തിയ സമയത്ത് അവൻ മുൻവശം വരാന്തയിൽ ഇരുന്ന് ടി വി കാണുകയായിരുന്നു. വരാന്ത ഗ്രില്ലിട്ടു കവർ ചെയ്തിരുന്നു. ASI നിർദ്ദേശിച്ചതനുസരിച്ച് ഞങ്ങൾ 3 പേർ മുൻ വാതിലും 2 പേർ പിൻവാതിലും കവർ ചെയ്യാൻ തീരുമാനിച്ചു.
പെട്ടെന്ന് ഞങ്ങളെ കണ്ട് അവൻ വീടിന്റെ പിൻവാതിൽ തുറന്ന് ഓടി. ഞങ്ങൾ കുറച്ചാളുകൾ അവന്റെ പുറകെ ഓടി. പകുതിയാളുകൾ അവൻ ഓടി എത്താൻ സാധ്യതയുള്ള മെയിൻ റോഡ് ലക്ഷ്യമാക്കി ഓടി.
അവന്റെ കൈയ്യിൽ ഒരു ലോക്കൽ കൊല്ലൻ പണിതു കൊടുത്ത 6 റൗണ്ട് ബുള്ളറ്റ് നിറയ്ക്കാവുന്ന ഒരു കൈത്തോക്ക് ഉണ്ടായിരുന്നത് ഞങ്ങൾ അറിഞ്ഞില്ല. ഓടുന്നവഴി, അവൻ പിന്നിൽ ഓടിച്ചെല്ലുന്ന പോലീസുകാർക്ക് നേരെ നിറയൊഴിക്കുന്നുണ്ടായിരുന്നു. വീട്ടിൽ ഇരിക്കുന്ന മക്കളുടെ ഭാഗ്യമായിരിക്കാം, പോലീസിന് നേരെ ഉതിർത്ത ഒരു വെടിയും പൊട്ടിയില്ല.
മറുവശം വഴി ഓടിച്ചെന്നവരുടെ മുൻപിൽ ഞാനായിരുന്നു. എന്നെ കണ്ടയുടനെ അവൻ സ്വന്തം നെറ്റിയിൽ തോക്ക് വച്ച് കാഞ്ചി വലിച്ചു. അവന്റെ ആയുസ് തീരാനുള്ള സമയമായിരുന്നു.
ആ വെടി പൊട്ടി.
അവൻ എന്റെ കാൽച്ചുവട്ടിൽ കമഴ്ന്നു വീണു. അനക്കമില്ലാതെ കിടന്ന അയാളുടെ ശരീരം ഞങ്ങൾ പരിശോധിച്ചു. മരണം സംഭവിച്ചിരിക്കുന്നു.
ഭയന്നു പോയ ഞങ്ങൾ ഉന്നത സ്ഥാനങ്ങളിൽ വിവരമറിയിച്ചു. DySP മുതലുള്ള ഓഫീസർമാർ പാഞ്ഞെത്തി. ബോഡി പൊക്കിയെടുത്ത് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ എത്തിച്ചു.
അന്നത്തെ DySP ബഹുമാന്യനായ എൻ സി ചാക്കോ സാർ ആയിരുന്നു. വലിയ ഒരു ഊരാക്കുടുക്കിൽ നിന്ന് അദ്ദേഹം ഞങ്ങളെ രക്ഷിച്ചു. സസ്പെൻഷൻ, കേസ് ഒക്കെ അദ്ദേഹത്തിന്റെ ഇടപെടൽ കൊണ്ട് ഒഴിവായി.
പക്ഷെ, ഈ ഔദ്യോഗികവീഴ്ചയ്ക്ക് – യൂണിഫോം ഇല്ലാതെ പ്രതിയെ പിടിക്കാൻ പോയതിന് – ഒരു മാസം AR ക്യാമ്പിൽ പരിശീലനത്തിന് അയച്ചു. അതും കാലാവധി പൂർത്തിയാകും മുൻപ് ശിക്ഷ ഇളവ് ചെയ്ത് ഞങ്ങളെ സ്വന്തം സ്റ്റേഷനിലേക്ക് മടക്കി അയച്ചു.
അവസാനം പൊട്ടിയ വെടി എന്റെ നേർക്കായിരുന്നെങ്കിൽ ഇതെഴുതാൻ ഞാൻ ഉണ്ടാകുമായിരുന്നില്ല.