
മുജ്ജൻമയാഴങ്ങളിൽ നിന്ന്
കുഴിച്ചെടുത്ത
രാശിയില്ലാത്ത
പശിമയറ്റ,വരണ്ട
നീർവാർച്ചയില്ലാത്ത മണ്ണ്.
നീയെന്ന ഭൂമിയുടെ
അച്ചുതണ്ടിനുചുററും
ചുറ്റിച്ചുറ്റി നീരറ്റു
പോയമണ്ണ്.
നിൻ്റെ കൃഷിയിടത്തിലെ
എക്കൽമണ്ണിൽ
വിളഞ്ഞുനിൽക്കുന്ന സ്വപ്നവിത്തുകൾ
എന്നിൽ വിതയ്ക്കാൻ
നീ നോക്കരുത്.
വേനലിൽ കരിഞ്ഞ്
വെട്ടുകിളികൾ വേട്ടയാടി
യജമാനൻമാർ വെറുത്തിട്ടുപോയ
ശാപജൻമത്തിൻ്റെ
നീരറ്റുപോയ മഴ
രുചിക്കാത്ത മണ്ണ്.
ഇരുട്ടിൻ്റെ അന്തരാളത്തിൽ
നദികളെ ഉണക്കി കുറുക്കി
മരങ്ങളെ മണ്ണിനടിയിൽ
ചുവന്ന പാറകളാക്കി
ഉറവവറ്റിയ മരുഭൂമിയെ
ദുരയുറങ്ങും മണ്ണ്…
അർത്ഥമില്ലാത്ത
രൂപം വരയ്ക്കുന്ന
മേഘങ്ങളെ നോക്കി ,
നെടുവീർപ്പിട്ട് നീയെന്ന
ശോണിമയെ
കാത്തിരിയ്ക്കാനല്ലാതെ
നിന്നിൽ അലിഞ്ഞു ചേരാൻ
കഴിയാതെ പോയ മണ്ണ്.









