മുഖമുരുകിപോയവർ…

ജീവിത രാസത്വരകങ്ങളുടെ
നിർധാരണത്തിൽ
മുഖമുരുകിപ്പോയ
എൻ്റെയും
നിൻ്റെയും
വ്യാജ വ്യാകരണച്ചുമരെഴുത്തുകൾ.

തളിരിലകളുടെ
ഭ്രൂണമുണങ്ങിയ
ഗർഭപാത്രത്തിൽ
ഉദിക്കാതെപോയ
എത്രയെത്ര സൂര്യപുത്രൻമാർ
സൂര്യനെതിരെ
വിഷവില്ലുകുലയ്ക്കുന്നുണ്ടാകും.

നീറിയെരിയുന്ന
പകലിൻ്റെ ഉഛ്വാസങ്ങളിൽ
നേർ സാക്ഷ്യത്തിനായി
കാലം വാക്കുകളുടെ
വേലി കെട്ടുന്നു.

വികാരമറ്റ
നമ്മുടെ നിറുകയിൽ
പ്രണയപക്ഷികളുടെ
അന്ത്യചുംബനം.

ഒരോർമ്മ
തൂവലും
കൂടുമുപേക്ഷിച്ചകലുന്നു.

ചുളിവുപടർന്ന തൊലിയിൽ
തണുപ്പിൻ സൂചികോർത്ത്
മരണം
ഒളിച്ചിരിയ്ക്കുന്നത്
എത് ഉപ്പുഗുഹയ്ക്കുള്ളിലാണ് ?

തൃഷ്‌ണകൾ വിടവാങ്ങിയ
നിശ്വാസങ്ങളിൽ, ഉണങ്ങിയ
വേരുകളിൽ ജലഘടികാരം
മിടിയ്ക്കുന്നത് കേൾക്കുന്നില്ലേ?

എങ്കിൽ,
ചുവന്ന പരവതാനിയിൽ
നെയ്യുറുമ്പിൻ കൂട്ടം
വരിയിട്ടു തേടുന്നത്
എന്റെ ജീവനറ്റ
പ്രണയഫോസിലിനെ .

അപ്പോൾ
നിറം മങ്ങാത്തൊരു
മഞ്ഞപ്പട്ടുകൊണ്ട്
എന്നെ പുതപ്പിയ്ക്കാൻ
നീ കാത്തുനിൽക്കുമ്പോൾ
ചുമരിൽ
ഒളിഞ്ഞിരുന്നൊരു
ഗൗളി ചിലയ്ക്കുന്നുണ്ടാകാം.

എന്റെ എല്ലുകൾ കൊണ്ടു തീർത്ത
കൂട്ടിൽ
നീ രണ്ട് കിളികളെ വളർത്തണം.

അവ
ജലത്തിന്റെ സ്വരത്തിൽ
ഒരു ജ്വരിത രാമായണം
ഭൂമിയെ പാടിക്കേൾപ്പിക്കട്ടെ

തൃശൂർ ജില്ലയിലെ താഴെക്കാട് സ്വദേശി. കേരള പോലീസിൽ നിന്ന് സബ് ഇൻസ്‌പെക്ടറായി വിരമിച്ചു. ആനുക്കാലികങ്ങളിലും നവമാധ്യമങ്ങളിലും എഴുതുന്നു. അഭിനയം, കഥ, തിരക്കഥ എന്നിവയിലും താൽപര്യം. പത്തോളം സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു. ഷോർട്ട്ഫിംലിമുകളിലും 2023ലെ ഇറ്റ്ഫോക്കിന്റെ ഇൻറർനാഷണൽ നാടകോൽസവത്തിലും അഭിനയിച്ചു. രണ്ട് സിനിമയ്ക്ക് വേണ്ടി പാട്ടെഴുതി . ആദ്യ കവിതാസമാഹാരം "ബോധിവൃക്ഷച്ചുവട്ടിൽ വീണ പഴുത്തരണ്ടിലകൾ".