അവിവേകിയായ ഒരു സ്ത്രീയുടെ കഥയാണ് ഇന്ന് പറയാൻ പോകുന്നത്. സ്വകാര്യത മാനിച്ച് അവരുടെ പേര് ഞാൻ വെളിപ്പെടുത്തുന്നില്ല.
1991-94 കാലം. ഞാനന്ന് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ ഒരു കോൺസ്റ്റബിളാണ്. മൂവാറ്റുപുഴ സ്റ്റേഷനിലെ പ്രധാന ഡ്യൂട്ടികളിൽ ഒന്ന് പ്രതി എസ്കോർട്ട് ആണ്. ഒന്നുകിൽ വിചാരണ തടവുകാരെ സ്ഥലം സബ്ബ് ജയിലിൽ നിന്ന് കോടതികളിൽ കൊണ്ടു പോകണം. അല്ലെങ്കിൽ ശിക്ഷിച്ച കുറ്റവാളികളെ തിരുവനന്തപുരം, വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിൽ ഹാജരാക്കണം.
അന്നൊരു ദിവസം എനിക്ക് രണ്ടു വനിതാ പോലീസുകാരുടെ കൂടെ തിരുവനന്തപുരം പ്രതി എസ്കോർട്ട് ഡ്യൂട്ടിയായിരുന്നു. ഞങ്ങൾ മൂന്നു പേരും കൂടി സബ്ബ് ജയിലിലെത്തി പ്രതിയായ സ്ത്രീയെ ഏറ്റു വാങ്ങി തിരുവനന്തപുരത്തേക്ക് ബസ്സിൽ യാത്ര തിരിച്ചു.
ബസ്സിലെ യാത്രക്കിടെ അവൾ തന്റെ കഥ പറഞ്ഞു. അതിങ്ങനെയാണ്.
തൊടുപുഴയടുത്താണ് അവളുടെ വീട്. വീട്ടിൽ അല്ലലില്ലാതെ വളർന്ന 20 തികയാത്ത അവൾ അയൽക്കാരനായ യുവാവിന്റെ പ്രണയക്കുരുക്കിൽ വീണു. വിവാഹം കഴിച്ചു കൊള്ളാമെന്ന അയാളുടെ വാക്ക് വിശ്വസിച്ച് അയാൾക്ക് വഴങ്ങിയ അവൾ ഗർഭിണിയായി. .
അവൾ ഗർഭിണിയാണെന്നറിഞ്ഞ ഉടൻ കാമുകൻ നാടുവിട്ടു. വിവരം വീട്ടിൽ അറിഞ്ഞപ്പോൾ കൊടിയ പീഡനം അനുഭവിച്ചെങ്കിലും എന്തുകൊണ്ടോ മാതാപിതാക്കൾ അബോർഷന് ശ്രമിച്ചില്ല. അവളൊരു പെൺകുഞ്ഞിനെ പ്രസവിച്ചു.
മൂന്നു വയസ്സ് വരെ അവൾ കുഞ്ഞിനെ വളർത്തി. അങ്ങനെ ആ കുഞ്ഞുമായി ജീവിക്കുന്ന കാലത്ത് ഒരു ഓട്ടോ റിക്ഷ ഡ്രൈവറുമായി പരിചയമായി. അവളുടെ കഥകൾ കേട്ട് അയാൾക്ക് അവളോട് പ്രണയമായി. കുഞ്ഞിനെ ഒഴിവാക്കി വന്നാൽ അവളെ വിവാഹം കഴിക്കാമെന്നു അയാൾ വാക്ക് കൊടുത്തു. അയാളുടെ വാക്ക് വിശ്വസിച്ച അവൾ കുഞ്ഞിനെ എങ്ങനെയെങ്കിലും ഒഴിവാക്കാനുള്ള ശ്രമമായി.
ഒരു ദിവസം കുഞ്ഞിനെയുമെടുത്തു അവൾ വീട്ടിൽ നിന്നുമിറങ്ങി. തൊടുപുഴക്കടുത്തുള്ള ഒരു ചെറിയ ടൗണിൽ എത്തി. ഒരു ലക്ഷ്യവില്ലാതെ റോഡിലൂടെ നടന്നു. കുറച്ചു നടന്നപ്പോൾ ഒരു സ്കൂളും സ്കൂളിലെ ഫുട്ബോൾ ഗ്രൗണ്ടും കണ്ടു. കുറേ കുട്ടികൾ ഗ്രൗണ്ടിൽ കളിക്കുന്നുണ്ടായിരുന്നു. ഗ്രൗണ്ടിനോട് ചേർന്നോരു പുഴ ഒഴുകുന്നു. പുഴയിലേക്ക് ഇറങ്ങാൻ റോഡിൽ നിന്നും കൽപ്പടവുകളുണ്ട്. അവൾ കുഞ്ഞുമായി മെല്ലെ പടവുകളിറങ്ങി പുഴയുടെ ഓരത്തെത്തി. നിർവികാരയായി കുഞ്ഞിനെ ആ പുഴയിലെ വെള്ളത്തിൽ ഏറെ നേരം മുക്കിപ്പിടിച്ചു. മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം അവിടെത്തന്നെ ഉപേക്ഷിച്ചു. ഒന്നും സംഭവിക്കാത്തത് പോലെ തിരികെ റോഡിലെത്തി.
കുഞ്ഞുമായി അവൾ പുഴയിലേക്ക് ഇറങ്ങുന്നതും തിരികെ ഒറ്റക്ക് കയറി വരുന്നതും സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ കളിച്ചിരുന്ന കുട്ടികൾ ശ്രദ്ധിച്ചിരുന്നു. കുട്ടികൾ ഓടിയെത്തി പുഴയിൽ നോക്കിയപ്പോൾ കുഞ്ഞിന്റെ ജഡം മെല്ലെ ഒഴുകി പോകുന്നതാണ് കണ്ടത്.
കുട്ടികൾ ബഹളം വച്ചു ആളെ കൂട്ടി സ്ത്രീയെ തടഞ്ഞു വച്ച് പോലീസിൽ ഏൽപ്പിച്ചു. വിചാരണ തീരും വരെ ജാമ്യത്തിലെടുക്കാൻ സ്വന്തം വീട്ടുകാർ പോലും തയ്യാറാകാതിരുന്നതിനാൽ വിചാരണ കഴിയും വരെ റിമാന്റിൽ കഴിഞ്ഞു. ജീവപര്യന്തം തടവുശിക്ഷയാണ് അവൾക്ക് ലഭിച്ചത്.
മിന്നുന്നതെല്ലാം പൊന്നെന്ന് കരുതുന്ന എണ്ണത്തിൽ കുറവായ പെൺകുട്ടികൾക്ക് ഇതൊരു മുന്നറിപ്പായിരിക്കട്ടെ!