
ഈറൻ സന്ധ്യയണഞ്ഞകാലം
ലവണസാഗരം കടന്ന്
മനമുഴുതെറിഞ്ഞ്
ഓർമ്മിക്കാൻ പ്രത്യേകിച്ച്
കാരണങ്ങളില്ലാത്ത
വീട്ടുമുറ്റത്തെ മഴയത്ത്
നന്ത്യാർവട്ടച്ചെടികൾക്കിടയിൽ
ആരും കണ്ടാൽ പ്രേമിച്ചുപോകുന്ന
നിറയെ ചുരുണ്ട മുടിയുള്ള
തലയുമായി
മുളച്ചുപൊന്തി അയാൾ.
കെട്ടിക്കിടക്കുന്ന
വെള്ളത്തിൽ നോക്കി
തലകുനിച്ചുനിൽക്കുന്ന
ആൾതാമസമില്ലാത്ത
വീടിന്റെ ജലച്ചായ ചിത്രത്തിൽ
അയാൾ നോക്കിനിന്നു.
ആകാശത്താരോ
തൂക്കിയിട്ടതുപോലെ
മരിച്ചവീടിളകുന്നു,
ഭിത്തിയിൽ
ഫ്രെയിം ചെയ്തുവെച്ച കണക്കെ
അയാളും.
വിഭ്രാന്തിയുടെ
നിശ്ചലതയ്ക്കൊടുവിൽ
സംത്രാസത്തോടെ
ഹാളിലെ സോഫയുടെ ഓരത്ത്
തറഞ്ഞിരുന്നയാൾ.
പേനിരിയുന്ന
ചുരുണ്ട മുടിയിൽ
ജന്തുസ്നേഹത്താലെന്നപോലെ
ഏതോ ഓർമ്മയെ തപ്പുന്നതുപോലെ
അരുമയോടെ തടവി.
പ്രജ്ഞാവബോധത്താൽ
തൂങ്ങിയ കാതുകളിൽ
ഇടയ്ക്കിടെ നുള്ളിപ്പിടിച്ചുകൊണ്ടിരുന്നു
ചിലപ്പോഴൊക്കെ വേദിയിൽ
വാക്കുകൾ നഷ്ടമാകുന്ന
ഉത്തരം മുട്ടിപ്പോകുന്ന
സൈദ്ധാന്തികനെപ്പോലെ.
മറ്റുചിലപ്പോൾ നൃത്തശാലയിൽ
ചുവടിടറിയ ബൃഹന്നളയെപ്പോലെയോ
ദിശതെറ്റിയ സഞ്ചാരിയെപ്പോലെയോ
വീടിനെ വലംവയ്ക്കുന്നു.
ഇടവേളകളിൽ
കോവിലിലെ നോട്ടം പതറിയ
ദാരുശിൽപത്തിന്റെ അചേതനരൂപം.
ഹാളിലെ സോഫയുടെ ഓരത്ത്
തറഞ്ഞിരുന്ന്
വാക്കുതിരയുന്ന പരമസാത്വികനായ
നിരക്ഷരബുദ്ധനെത്തേടി
വീടുണർന്ന പോലെ.
വീടിന്റെ ശബ്ദം
പല്ലിയുടെ ചിലപ്പാണ്
മണം കൂറയുടെയും.
നിസ്തുലമായ
അപശബ്ദങ്ങളിൽ
പരിക്ഷീണമായ വാക്കുകളുമായി
ഒരിക്കൽ അപരാഹ്നത്തിൽ
ഇറങ്ങിപ്പോയ ഉദയ ബുദ്ധനാണത്.
അവസാനനാളം പോലെ
അണയാനായി വന്ന
അസ്തമയ ബുദ്ധൻ.
വെളിച്ചത്തെ ഭയന്ന്
ജമന്തിപോലെ വിരിഞ്ഞ പകലിന്റെ
കടുത്ത മഞ്ഞയിൽ
കറുത്ത ചായം തൂവിയ സന്ധ്യയിൽ
അയാളിരുന്നു.
ഈ ഹാളിൽ
ചിലന്തിവലക്കൊട്ടയിൽ
ബന്ധിക്കപ്പെട്ട്
മണിപ്ലാന്റിനു ചുവട്ടിൽ
നൂറ്റാണ്ടുകൾ പഴക്കമുള്ള
അയാളിരിപ്പുണ്ട്,
ആർക്കുവേണ്ടിയും
ഉരുകാതെ
ഉറച്ചുപോയ
മെഴുകുപ്രതിമ കണക്കെ
ഉമ്മറത്തുറച്ചു,
തീർത്തും
അഭിനവ ബുദ്ധനായി.









