മടങ്ങിയെത്തുന്ന ഭീതിയുടെ കുളമ്പടികൾ

സിനിമയും റേഡിയോയും പ്രധാന വിനോദോപാധികളായി നിലനിന്നിരുന്ന ഒരു കാലത്താണ് ഇന്നത്തെ ജനപ്രിയ ടെലിവിഷൻ ചാനലുകളെ വെല്ലുന്ന രീതിയിൽ കോട്ടയം കേന്ദ്രീകരിച്ചു ഒരു കൂട്ടം വാരികകൾ വായനക്കാരന്റെ സ്വപ്നലോകങ്ങൾക്കു പുതുനിറങ്ങളേകിയത്. പത്തും പതിനഞ്ചും ലക്ഷം കോപ്പികൾ വിറ്റിരുന്ന നിരവധി വാരികകൾ അന്ന് കേരളത്തിലെ ചെറുഗ്രാമങ്ങളിൽ പോലും ലഭ്യമായിരുന്നു. മറ്റു വായനകളിൽ നിന്നും വിഭിന്നമായി വിനോദങ്ങൾക്കു മുൻതൂക്കം നൽകി എല്ലാ പ്രായക്കാർക്കും ആസ്വാദ്യകരമായ രീതിയിൽ വായനയെ മാറ്റിമറിച്ച ഇത്തരം ആഴ്ചപ്പതിപ്പുകൾ വായനക്കാരുടെ മനസ്സിൽ ആഴത്തിൽ ഇടം പിടിച്ചിരുന്നു. അതോടൊപ്പം ഒരു സംഘം പുതിയ എഴുത്തുകാർ മലയാള സാഹിത്യലോകത്തേയ്ക്കു രംഗപ്രവേശം ചെയ്തു.

ഒരേസമയം ഏഴിലധികം വാരികകളിൽ എഴുതി തിരക്കിൽ നിന്ന് തിരക്കിലേക്ക് ഓടിക്കൊണ്ടിരുന്ന അവരിൽ ഏറ്റവും മുൻനിരയിൽ ആയിരുന്നു കോട്ടയം പുഷ്പനാഥ്‌ എന്ന കുറ്റാന്വേഷണ നോവലിസ്റ്റ്. മലയാള കുറ്റാന്വേഷണ നോവൽ രംഗത്തെ മുടിചൂടാമന്നൻ എന്ന പട്ടം അദ്ദേഹത്തിന് മുൻപോ ശേഷമോ മറ്റാർക്കും അവകാശപ്പെടാൻ പറ്റിയിട്ടില്ല. വായനക്കാരുടെ മനസ്സിൽ ഭീതിയുടേയും സാഹസികതയുടേയും അടയാളങ്ങൾ ബാക്കിയാക്കി കോട്ടയം പുഷ്പനാഥ് കടന്നുപോയിട്ട് മൂന്നു വർഷങ്ങൾ പിന്നിടുന്നു. മുന്നൂറ്റമ്പതിൽപരം നോവലുകൾ എഴുതിയ അദ്ദേഹത്തിന്റെ പലകൃതികളും ഇന്ന് ലഭ്യമല്ല. വായനക്കാരെ ആകാംക്ഷയുടെയും ഭീതിയുടെയും നിഴലിൽ നിർത്തിയിരുന്ന പുഷ്പനാഥ് കൃതികൾ ഇപ്പോൾ അദ്ദേഹത്തിന്റെ കൊച്ചുമകൻ റയാൻ പുഷ്പനാഥ് വീണ്ടും കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷൻസിൽ കൂടി വിപണിയിൽ എത്തിച്ചിരിക്കുന്നു. പുതിയകാല വിപണന സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി വായനയുടെ ആ പഴയകാലം പുനഃസൃഷ്ടിക്കുവാൻ നടത്തുന്ന ശ്രമങ്ങളെപ്പറ്റി റയാൻ പുഷ്പനാഥ് തസറാക്ക്.കോം എഡിറ്റർ ബിനു ബാലനുമായി സംസാരിക്കുന്നു.

മലയാളിക്ക് മുഖവുര ആവശ്യമില്ലാത്ത എഴുത്തുകാരനാണ് കോട്ടയം പുഷ്പനാഥ്. അതുതന്നെയല്ലേ ആ പേരിൽ ഒരു പബ്ലിഷിംഗ് സ്ഥാപനം തുടങ്ങുവാനുള്ള കാരണവും? എന്തൊക്കെയാണ് കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷൻസിന്റെ ലക്ഷ്യങ്ങൾ ?

കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷൻസ് ആദ്യമായി നിലവിൽ വന്നത് 1977-ൽ ആണ്. സ്വന്തമായി പുസ്തകങ്ങൾ വിപണിയിൽ എത്തിക്കുവാൻ തീരുമാനിച്ചു കൊണ്ടായിരുന്നു അന്ന് അതിനു കോട്ടയം പുഷ്പനാഥ് തുടക്കം കുറിച്ചത്. സ്വന്തം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുവാൻ സ്വന്തമായി ഒരു പബ്ലിക്കേഷൻസ് തുടങ്ങിയ കേരളത്തിലെ എന്നല്ല ഇന്ത്യയിലെതന്നെ ആദ്യത്തെ വ്യക്തിയാകും അദ്ദേഹം. കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷൻസ് പിന്നീട് പുഷ്പനാഥ് വാരികയും, പുഷ്പനാഥ് കോമിക്‌സും ഇറക്കി. അദ്ദേഹത്തിന്റെ ഡിറ്റക്റ്റീവ് നോവലുകൾ പലതും കോമിക്‌സ് രൂപേണ ഇറങ്ങി. അധ്യാപകനായിരുന്ന അദ്ദേഹത്തിന്റെ ജോലിത്തിരക്ക് കാരണം പിന്നീടെന്നോ നിന്നുപോയ പുഷ്പനാഥ് പബ്ലിക്കേഷൻസ് അദ്ദേഹത്തിന്റെ കാലശേഷം ഞാൻ പുനഃസ്ഥാപിച്ചു. അദ്ദേഹത്തിന്റെ 350 ഓളം പുസ്തകങ്ങൾ കണ്ടെത്തുവാനും പുനഃപ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. അതിനായി കോട്ടയം പുഷ്പനാഥ് ഫൌണ്ടേഷൻ രൂപീകരിക്കുകയും ചെയ്തു. ഫൗണ്ടേഷനിൽ, അദ്ദേഹത്തിന്റെ ആദ്യകാലങ്ങളിൽ ഇറങ്ങിയ കൃതികൾ കണ്ടെത്തുക, അവ ഡിജിറ്റിലൈസ് ചെയ്യുക, പുതിയ വിപണന മേഖലകളിൽ കൂടി വായനക്കാരിലേക്ക് പുസ്തകങ്ങൾ എത്തിക്കുക തുടങ്ങിയുള്ള പ്രവർത്തനങ്ങൾ ഓരോ വിഭാഗങ്ങളിലായി നടക്കുന്നു. അതുപോലെ കലാലയങ്ങളിൽ കുട്ടികളുടെ സർഗ്ഗസൃഷ്ടിയും എഴുത്തിനോടും വായനയോടുമുള്ള അഭിരുചി വളർത്തുവാനുതകുന്ന വിവിധതരം സാഹിത്യ സംബന്ധമായ പരിപാടികൾ സംഘടിപ്പിക്കുക, സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കുട്ടികളെ കണ്ടെത്തി അവരുടെ പഠനാവശ്യങ്ങളിൽ സഹായിക്കുക തുടങ്ങിയ കാര്യങ്ങളും ഫൌണ്ടേഷൻ ചെയ്തു വരുന്നു.

കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷൻസിൽകൂടി എത്ര പുസ്തകങ്ങൾ ഇതുവരെ പ്രസിദ്ധീകരിച്ചു?

ഇരുപതു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. എഴുതുപതുകളിലും എൺപതുകളിലും അദ്ദേഹം എഴുതിയ പുസ്തകങ്ങളാണ് പ്രസിദ്ധീകരിച്ചത്. ഇവയെല്ലാം തന്നെ കേരളത്തിലുള്ള പഴയ ലൈബ്രറികൾ സന്ദർശിച്ചാണ് കണ്ടെത്തിയത്. ഡിറ്റക്റ്റീവ് മാർക്സിൻ സീരീസ്‌, ഡിറ്റക്റ്റീവ് പുഷ്പരാജ് സീരീസ്‌, ഡ്രാക്കുള സീരീസ്‌, ഹൊറർ സീരീസ്‌ എന്നിങ്ങനെയാണ് പ്രസിദ്ധീകരിച്ചത്. അദ്ദേഹത്തിന്റെ മാന്ത്രിക സീരീസ്‌ ഉടൻ പ്രസിദ്ധീകരിക്കും.

350-ൽ പരം നോവലുകൾ ഒരു റെക്കോർഡല്ലേ ? ഇത്രയധികം നോവലുകളെഴുതിയ ഏതെങ്കിലും എഴുത്തുകാർ ഇന്ത്യയിലോ വിദേശത്തോ ഉണ്ടോ ?

റെക്കോർഡ് ആണോ എന്നതിൽ ഒരു വ്യക്തതയില്ല. അതിനെപ്പറ്റി അങ്ങനെ അന്വേഷിച്ചിട്ടില്ല എന്നതാണ് സത്യം. 350-ൽ കൂടുതൽ നോവലുകൾ മലയാളത്തിൽ മാത്രം എഴുതിയിട്ടുണ്ട്. പഴയ കാലത്തു അദ്ദേഹത്തിന്റെ നോവലുകൾ പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായി കൊടുത്തിരുന്ന നിരവധി പരസ്യങ്ങൾ അക്കാലത്തുള്ള വായനക്കാർ ഞങ്ങൾക്ക് അയച്ചു തന്നിട്ടുണ്ട്. അതിൽ ഇതുവരെ കണ്ടെത്താൻ പറ്റാത്തവയുമുണ്ട്. അവയ്ക്കായുള്ള അന്വേഷണങ്ങൾ തുടരുന്നു.

എഴുതിയ എല്ലാ നോവലുകളുടെയും കയ്യെഴുത്തുപ്രതികൾ കണ്ടുകിട്ടിയിട്ടുണ്ടോ?

കയ്യെഴുത്തുപ്രതികൾ സൂക്ഷിക്കുന്ന രീതി അദ്ദേഹത്തിനില്ലായിരുന്നു. എന്നാൽ പല നോവലുകളുടേയും കയ്യെഴുത്തു പ്രതികൾ അമ്മച്ചി സൂക്ഷിച്ചു വച്ചിരുന്നു.

അദ്ദേഹത്തിന്റെ ബുക്കുകൾ ഒന്നിൽ കൂടുതൽ പ്രസാധകർ പ്രസിദ്ധീകരിച്ചതായി കാണുന്നു. യഥാർത്ഥത്തിൽ ഈ ബുക്കുകളുടെ കോപ്പിറൈറ്റ് ആർക്കാണ് ?

അദ്ദേഹത്തിന്റെ എല്ലാ ബുക്കുകളും ഒരു വർഷത്തേക്ക് അല്ലെങ്കിൽ രണ്ട് വർഷത്തേക്ക് എന്ന എഗ്രിമെന്റിലായിരുന്നു മറ്റു പ്രസാധകർക്ക് നൽകിയിരുന്നത്. കോട്ടയം പുഷ്പനാഥിന്റെ എല്ലാ പുസ്തകങ്ങളുടെയും കോപ്പിറൈറ്റ് ഇപ്പോൾ എനിക്കാണ്. അദ്ദേഹം മരിക്കുന്നതിന് മുമ്പ് അവയെല്ലാം എന്റെ പേരിൽ എഴുതിവച്ചിരുന്നു. നിലവിൽ മറ്റു പ്രസാധകരുമായുള്ള കാലാവധികളെല്ലാം അവസാനിച്ചു.

അദ്ദേഹം ഏതൊക്കെ കാറ്റഗറിയിൽ നോവലുകൾ എഴുതിയിട്ടുണ്ട് ?

അപസർപ്പക നോവലുകൾ മാത്രമല്ല മറിച്ച് മാന്ത്രികം, ഹൊറർ, ബാലസാഹിത്യം, സാമൂഹിക നോവലുകൾ, കൂടാതെ വിവർത്തനങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്. ആർതർ കോനൻ ഡോയലിന്റെ ദ ഹൗണ്ട് ഓഫ് ദി ബാസ്കർവിൽസ് (The Hounds of Baskerville), ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള തുടങ്ങിയവ വിവർത്തനം ചെയ്തവയിൽ പ്രധാനപ്പെട്ടവയാണ്.

1968 ൽ മനോരാജ്യം ആഴ്ചപ്പതിപ്പിലാണ് കോട്ടയം പുഷ്പനാഥിന്റെ ആദ്യ ഡിക്റ്റക്റ്റീവ് നോവലായ “ചുവന്ന മനുഷ്യൻ ” പ്രസിദ്ധീകരിച്ചത്. അതിന്നു ശേഷം ഏതാണ്ട് രണ്ടു പതിറ്റാണ്ടുകൾ മലയാള കുറ്റാന്വേഷണ – മാന്ത്രിക നോവൽ രംഗത്ത് എഴുതപ്പെട്ട നോവലുകളിൽ ഭൂരിഭാഗവും അദ്ദേഹത്തിന്റേതായിരുന്നു. നിരൂപകരോ മുഖ്യധാരാ എഴുത്തുകാരോ അവാർഡ് സമിതികളോ ഒന്നും അംഗീകരിച്ചില്ലെങ്കിലും കോട്ടയം പുഷ്പനാഥ് എന്നത് മലയാള കുറ്റാന്വേഷണ നോവൽ സാഹിത്യത്തിലെ ഏറ്റവും വലിയ ബ്രാൻഡായിത്തീർന്നു. കഥാപാത്രങ്ങളുടെ പേരുകൾ തന്റെ പേരിനൊപ്പം വായനക്കാരുടെ മനസ്സിലേക്ക് ആഴത്തിൽ പതിപ്പിച്ചു കൊണ്ടായിരുന്നു അദ്ദേഹം ഈ രംഗത്ത് കാലങ്ങളോളം എതിരാളികളില്ലാതെ നിലനിന്നത്. അന്ന് വാരികകളുടെ സർക്കുലേഷൻ ഗ്രാഫിന്റെ ഉയർച്ചയിൽ അദ്ദേഹത്തിന്റെ പേരിനുള്ള സ്വാധീനം ഒരു രഹസ്യമല്ലായിരുന്നു.

കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷൻസ് എന്ന സംരംഭത്തിന് പിന്നിൽ ആരൊക്കെയാണ്?

അദ്ദേഹത്തിന്റെ കാലശേഷം അദ്ദേഹത്തിന്റെ ലെഗസി എന്നും നിലനിർത്താനും മുന്നോട്ട് കൊണ്ടുപോകുവാനും വേണ്ടിയാണ് ഞാൻ ഈ സംരഭം ആരംഭിച്ചത്. കുടുംബത്തിൽ എല്ലാവരുടെയും പിന്തുണ ഇക്കാര്യത്തിൽ എനിക്കൊപ്പമുണ്ട് .

കോട്ടയം പുഷ്പനാഥിന്റെ കൃതികളുടെ ദൗർലഭ്യം പരിഹരിക്കാനായി എന്തൊക്കെ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് ?

കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷസ് പുനഃപ്രസിദ്ധീകരിച്ച പുസ്തകങ്ങളെല്ലാം കേരളത്തിൽ അങ്ങോളമിങ്ങോളം ലഭ്യമാക്കി. കേരളത്തിലും പുറത്തുമുള്ള പുസ്തക വില്പനശാലകളിൽ നേരിട്ടും, വിതരണക്കാർ വഴിയും പുസ്തങ്ങൾ എത്തിച്ചു വരുന്നു. കേരളത്തിൽ നടക്കുന്ന എല്ലാ ബുക്ക് എക്സിബിഷൻസിലും ഞങ്ങൾ പങ്കെടുക്കാറുണ്ട്.

ഡിജിറ്റൽ പ്ലാറ്റുഫോമുകളിൽ ബുക്കുകൾ ലഭ്യമാണോ?

100 ബുക്കുകൾ ഇപ്പോൾ ഡിജിറ്റൽ പ്ലാറ്റുഫോമുകളിൽ ലഭ്യമാണ്. ഇ-ബുക്സ്, ഓഡിയോ ബുക്സ്, ഇന്ററാക്ടിവ് ബുക്സ് എന്നിങ്ങനെയാണ് ഇപ്പോൾ പുസ്തകങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. Amazon Kindle, Lone Thread Books, Overdrive, Scribd, KoBo, Storytel, Pusthaka Digital എന്നിങ്ങനെയുള്ള പ്ലാറ്റ്‌ഫോമുകളിലാണ് പുസ്തകങ്ങൾ ലഭ്യമാക്കിയിട്ടുള്ളത്. ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ് പോലുള്ള വീഡിയോ സ്ട്രീമിംഗ് പ്ലാറ്റുഫോമുകളിൽ കഥകളെത്തിക്കുവാനുമുള്ള ചർച്ചകളും ശ്രമങ്ങളും നടക്കുന്നു.

ഓൺലൈൻ വിൽപ്പന സജീവമാണോ ?

വായനയുടെ രീതിയും, അതുപോലെ പുസ്തകങ്ങൾ വാങ്ങുന്ന രീതിയും മാറിക്കഴിഞ്ഞിരിക്കുന്നു. താരതമ്യേന ഓൺലൈനിലാണ് കൂടുതൽ വിൽപ്പന നടക്കുന്നത്. വെബ്സൈറ്റ് വഴിയാണ് (www.kottayampushpanath.com) കൂടുതൽ അന്വേഷണങ്ങളും ഓർഡറുകളും ലഭിക്കുന്നത്.

മറ്റു ഇന്ത്യൻ ഭാഷകളിലും അദ്ദേഹത്തിന്റെ ബുക്കുകൾ വായിക്കപ്പെടുന്നുണ്ട്. വിവർത്തനങ്ങൾ ഏതൊക്കെ ഭാഷകളിൽ നടന്നിട്ടുണ്ട് ?

തമിഴ്, ഹിന്ദി, ഗുജറാത്തി, ബംഗാളി, രാജസ്ഥാനി, കന്നഡ, തെലുഗ് ഭാഷകളിലേയ്ക്ക് നൂറു പുസ്തകങ്ങൾ ഇതുവരെ വിവർത്തനം ചെയ്തു.

മറ്റ് ഭാഷകളിലേക്ക് വിവർത്തങ്ങൾ ഉദ്ദേശിക്കുണ്ടോ ?

ചില കൃതികൾ ഇംഗ്ളഷിലേയ്ക്ക് വിവർത്തനം ചെയ്തുകൊണ്ടിരിക്കുന്നു. അതുപോലെ വിദേശ വിതരണക്കാരുടെ സഹകരണത്തിനും ശ്രമിക്കുന്നുണ്ട്. ആദ്യ നോവലായ “ചുവന്ന മനുഷ്യൻ” ഞാൻ ഇംഗ്ലീഷിൽ വിവർത്തനം ചെയ്തിരുന്നു.


വായനക്കാരുടെ മനസ്സിൽ വിശ്വാസവും സ്നേഹവും നേടിയെടുക്കാൻ കഴിഞ്ഞുവെന്നതാണ് കോട്ടയം പുഷ്പനാഥിന്റെ വിജയം. മലയാളി വായനക്കാർക്ക് അന്നുവരെ അന്യമായിരുന്ന പുതിയ ദേശങ്ങൾ ഒരു വെള്ളിത്തിരയിൽ എന്നവണ്ണം തന്റെ വായനക്കാർക്ക് മുന്നിൽ അവതരിപ്പിച്ച പുഷ്പനാഥ് ഒരിക്കൽപോലും വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടില്ല. വിദേശ ഭൂപ്രകൃതി, കാലാവസ്ഥ, അവർ ഉപയോഗിക്കുന്ന വാഹനങ്ങൾ, കറൻസി, മദ്യം, സിഗരറ്റ് ഇവയൊക്കെ തൻ്റെ കഥകളിലൂടെ വായനക്കാരന്റെ മനസ്സിൽ ആഴത്തിൽ പതിപ്പിക്കാൻ ഈ ഭൂമിശാസ്ത്ര അദ്ധ്യാപകന് കഴിഞ്ഞു. ഓരോ ലക്കവും വായനക്കാരെ ആകാംക്ഷയുടേയും ഭീതിയുടേയും മുൾമുനയിൽ നിർത്തി അടുത്ത ആഴ്ചയിലേയ്ക്ക് ആവേശപൂർവ്വം കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന എഴുത്തുരീതിയായിരുന്നു കോട്ടയം പുഷ്പനാഥിന്റെ പ്രത്യേകത. ബ്രാം സ്റ്റോക്കറിന്റെ ഡ്രാക്കുള ഒരുപക്ഷെ മലയാളികൾ അടുത്ത് പരിചയപ്പെട്ടത് കോട്ടയം പുഷ്പനാഥ് എന്ന എഴുത്തുകാരനിൽകൂടിയാവും. ഡ്രാക്കുള മലയാളത്തിൽ വിവർത്തനം ചെയ്‌തതടക്കം ധാരാളം ഡ്രാക്കുളക്കഥകൾ അദ്ദേഹം എഴുതി.

മറ്റു ഭാഷകളിലെ മാർക്കറ്റിംഗ് എങ്ങനെയാണ് ?

മറ്റു ഭാഷകളിലെ പുസ്തകങ്ങൾ വിതരണക്കാർ വഴിയാണ് പുസ്തകശാലകളിൽ എത്തിക്കുന്നത്. കൂടാതെ ഒരു വിതരണ ശൃംഖല തന്നെ ഞങ്ങൾ പ്ലാൻ ചെയ്യുന്നു.

പുതിയകാല എഴുത്തുകൾ ലോകവിപണി കൂടി മുന്നിൽ കണ്ടുകൊണ്ടാണ് പലപ്പോഴും തയ്യാറാക്കുന്നത്. എന്നാൽ കോട്ടയം പുഷ്പനാഥിന്റെ കൃതികൾ മലയാളി സമൂഹത്തെ മാത്രം മുന്നിൽ കണ്ടുകൊണ്ടു എഴുതപ്പെട്ടവയാണ്. മറ്റു ഭാഷകളിൽ മാർക്കറ്റിംഗ് രംഗത്ത് ഈ ഘടകം ഒരു പോരായ്മയാണോ?

ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ല. അതിനുകാരണം മറ്റുഭാഷകളിൽ ആ കൃതികൾക്കുള്ള ഡിമാൻഡാണ്. കൂടുതൽ ആളുകൾക്കും അദ്ദേഹത്തിന്റെ ഹൊറർ അല്ലെങ്കിൽ മാന്ത്രിക നോവലുകളാണ് താല്പര്യപ്പെടുന്നത്. മാന്ത്രിക കഥകളും മിത്തുകളുമെല്ലാം ഇന്നും പല നാടുകളിലും നിലനിൽക്കുന്നു. പ്രത്യേകിച്ച് നമ്മുടെ അയൽസംസ്ഥാനമായ തമിഴ്നാട്ടിൽ. അതുകൊണ്ടുതന്നെയാകണം തമിഴിൽ അദ്ദേഹത്തിന്റെ “സൗപർണിക” എന്ന കൃതി സീരിയൽ ആയത്.

കേരളത്തിലെ മിക്ക ബുക്ക് എക്സിബിഷനുകളിലും കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷൻസ് ഇപ്പോഴൊരു സ്ഥിരസാന്നിധ്യമാണ്. പുസ്തകപ്രേമികളുടെ പ്രതികരണം എങ്ങനെയാണ് ?

വളരെ മികച്ച പ്രതികരണവും സപ്പോർട്ടുമാണ് വായനക്കാരിൽ നിന്ന് ലഭിക്കുന്നത്. ഒരു കാലഘട്ടത്തിൽ കോട്ടയം പുഷ്പനാഥ് ബുക്കുകൾ വളരെ ജനപ്രീതി നേടിയിരുന്നു. പഴയ തലമുറയ്ക്ക് ഇതൊരു ഓർമ്മപുതുക്കലും പുതിയ തലമുറയ്ക്ക് നവീനമായൊരു വായനാനുഭവുമാണ് ഈ പുസ്തകങ്ങൾ സൃഷ്ടിക്കുന്നത്. അതിനാലാവാം ഈ പുസ്തകങ്ങൾ എല്ലാ പ്രായത്തിലുമുള്ള വായനക്കാർ വാങ്ങുന്നതും വായിക്കുന്നതും.

എന്തൊക്കെയാണ് കോട്ടയം പുഷ്പനാഥ് ബുക്ക് ക്ലബിന്റെ പ്രവർത്തനങ്ങൾ ?

1977-ൽ ആണ് കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷൻസ് ആദ്യമായി രൂപം കൊണ്ടത്. ആ വർഷം തന്നെ കോട്ടയം പുഷ്പനാഥ് ബുക്ക്ക്ലബും പ്രവർത്തനമാരംഭിച്ചു. കോട്ടയം പുഷ്പനാഥ് പുസ്തകങ്ങൾ പ്രീ ബുക്ക് ചെയ്യുക, ഡിസ്‌കൗണ്ട് അനുവദിക്കുക എന്നിവയായിരുന്നു ബുക്ക്ക്ലബ്ബിന്റെ ലക്‌ഷ്യം. അന്ന് അതിന്റെ മേൽനോട്ടം അദ്ദേഹത്തിന്റെ ഭാര്യ മറിയാമ്മ പുഷ്പനാഥിനായിരുന്നു. വർഷങ്ങൾക്ക് ശേഷം കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷൻസ് പുനരാംഭിച്ചപ്പോൾ അന്നുണ്ടായിരുന്ന ബുക്ക്ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. പതിനായിരത്തിലേറെ അംഗങ്ങളുള്ള ഗ്രൂപ്പ് ഇന്ന് വളരെ സജീവമാണ്.

അദ്ദേഹത്തിന്റെ ആദ്യകാല പുസ്തകങ്ങൾ കണ്ടെത്തുക എന്നതായിരുന്നു ബുക്ക്ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം. ഇന്ന് ബുക്ക്ക്ലബ്ബിലൂടെ അദ്ദേഹത്തിന്റെ പുസ്തകങ്ങളെപറ്റിയും എഴുത്തിനെപ്പറ്റിയും സെമിനാറുകളും മറ്റും സംഘടിപ്പിച്ചുവരുന്നു. അതുപോലെ ഗവേഷണ വിദ്യാർത്ഥികളും ബുക്ക്ക്ലബ് പ്രയോജനപ്പെടുത്തുണ്ട്. പുസ്തകങ്ങൾ പുനഃപ്രസിദ്ധീകരിക്കുമ്പോൾ പ്രീ-ബുക്ക് ചെയ്യുവാനും ഡിസ്‌കൗണ്ടുകൾ ലഭ്യമാക്കുവാനും ബുക്ക്ക്ലബ് ശ്രദ്ധിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പുസ്തകങ്ങളിൽ ഏതെങ്കിലുമൊരു സീരീസ് മൊത്തമായി വാങ്ങുമ്പോഴാണ് മെമ്പർഷിപ്പ് ലഭിക്കുക. ഇന്നും അത് തുടരുന്നു.

പുന:പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ ഏതൊക്കെയാണ്? പുതിയവ തയ്യാറാവുന്നുണ്ടോ ?

അദ്ദേഹത്തിന്റെ ആദ്യ നോവലായ “ചുവന്ന മനുഷ്യൻ” അടങ്ങുന്ന ഡിറ്റക്റ്റീവ് മാർക്സിനെ കേന്ദ്രകഥാപാത്രമാക്കി രചിച്ചിട്ടുള്ള പുസ്തകങ്ങൾ അടങ്ങിയ മാർക്സിൻ സീരീസാണ് ആദ്യമായി കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷൻസ് പുനഃപ്രസിദ്ധീകരിച്ചത്. അതിനു ശേഷം ഡിറ്റക്റ്റീവ് പുഷ്പരാജിനെ കേന്ദ്രകഥാപാത്രമാക്കിയിട്ടുള്ള പുഷ്പരാജ് സീരീസ്, ഡ്രാക്കുള സീരീസ്, ഹൊറർ സീരീസ് ഇവയെല്ലാം പ്രീപബ്ലിക്കേഷൻ വഴി ധാരാളം വായനക്കാരിൽ എത്തി.

ഇപ്പോൾ അദ്ദേഹത്തിന്റെ മാന്ത്രിക നോവലുകളാണ് മാന്ത്രികം സീരീസ് എന്ന പേരിൽ പുനഃപ്രസിദ്ധീകരണത്തിന് തയ്യാറെടുക്കുന്നത്. മാന്ത്രികം സീരിസിൽ അദ്ദേഹത്തിന്റെ പ്രസിദ്ധ നോവലുകളായ ബ്രഹ്മരക്ഷസ്സ്, പടകാളിമുറ്റം, സൂര്യരഥം, ദുർഗ്ഗാക്ഷേത്രം, യക്ഷിമന എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മാന്ത്രികം സീരീസ് ഇപ്പോൾ പ്രീ-പബ്ലിക്കേഷൻസ് വഴി ബുക്ക് ചെയ്യാവുന്നതാണ്. മാന്ത്രിക നോവലുകൾ എഴുതുമ്പോൾ അതിലുപയോഗിക്കുന്ന മന്ത്രങ്ങളെപ്പറ്റി അദ്ദേഹം അന്വേഷണങ്ങൾ നടത്താറുണ്ടായിരുന്നു, എഴുതുമ്പോൾ തെറ്റുണ്ടാകുവാൻ പാടില്ലായെന്നു അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. അതിനായി അദ്ദേഹം ധാരാളം ഇല്ലങ്ങളും ക്ഷേത്രങ്ങളും സന്ദർശിക്കുമായിരുന്നു. താന്ത്രികരോടും പൂജാരികളോടും ഇതുസംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുക പതിവായിരുന്നു.

കോട്ടയം പുഷ്പനാഥിന്റെ കുടുംബം ?

കോട്ടയമാണ് അദ്ദേഹത്തിന്റെ സ്വദേശം. അമ്മയായിരുന്നു അദ്ദേഹത്തെ വായനയിലേക്കും എഴുത്തിലേക്കും കൂട്ടികൊണ്ട് പോയത്. കോട്ടയം എം ടി സെമിനാരി സ്കൂളിൽ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ “തിരമാല” എന്ന ആദ്യ കഥ എഴുതി. അധ്യാപകനായി ജോലി ചെയ്യുമ്പോയായിരുന്നു വിവാഹം. ഭാര്യ മറിയാമ്മ പുഷ്പനാഥ്. മൂന്ന് മക്കളാണ് അദ്ദേഹത്തിന്. സലിം പുഷ്പനാഥ്, ജെമീല പുഷ്പനാഥ്, സീനു പുഷ്പനാഥ്. അമ്മയും ഭാര്യയും ആയിരുന്നു അദ്ദേഹത്തിന്റെ എഴുത്തിനുള്ള പ്രചോദനം.

അച്ഛനെപ്പോലെ തന്നെ പ്രശസ്തനായിരുന്നു മകൻ സലിം പുഷ്പനാഥും. അവരുടെ അടുത്തടുത്തുള്ള വേർപാട് ഏവരെയും ഞെട്ടിച്ചു. സലിം പുഷ്പനാഥിനെ എങ്ങനെ ഓർക്കുന്നു ?

ജീവിതത്തിൽ എന്നെ ഏറ്റവും സ്വാധീനിച്ച വ്യക്തികളിൽ ഒരാളായിരുന്നു സലിം അങ്കിൾ. അദ്ദേഹത്തിന്റെ ഫോട്ടോഗ്രഫിയോടുള്ള പാഷൻ എന്നെ ചെറുപ്പത്തിലെ അത്ഭുതപ്പെടുത്തിയിരുന്നു. ഞങ്ങൾ ഒരുമിച്ച് യാത്രകൾ നടത്തിയിരുന്നു. ഫോട്ടോഗ്രാഫിയെയും പുസ്തകങ്ങളെപറ്റിയും ഒരുപാട് സംസാരിക്കും. അങ്കിൾ എടുത്ത പ്രധാന ചിത്രങ്ങൾ ഉൾപ്പെടുത്തി ഒരു കോഫി ടേബിൾ ബുക്ക് കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷൻസിന്റെ imprint ആയ Lone Thread Books ഉടൻ പ്രസിദ്ധീകരിക്കും.

സലിം പുഷ്പനാഥ്

വൈൽഡ് ലൈഫ് – ഫുഡ് – ട്രാവൽ ഫോട്ടോഗ്രാഫിയിൽ കൂടി ലോകശ്രദ്ധ പിടിച്ചുപറ്റിയ സലിം പുഷ്പനാഥ് കോട്ടയം പുഷ്പനാഥിന്റെ മൂത്ത മകനായിരുന്നു. കേരളത്തിന്റെ പ്രകൃതി സൗന്ദര്യം തന്റെ ക്യാമറയിലേക്ക് ആവാഹിച്ച സലിം കേരളത്തെപറ്റി ഫോട്ടോകൾ അടിസ്ഥാനമാക്കി നിരവധി ബുക്കുകൾ രചിച്ചു. വിദേശ രാജ്യങ്ങളിൽ ഉയർന്ന ഗുണമേന്മയിൽ പ്രിന്റ് ചെയ്ത ബുക്കുകൾ കേരളം സന്ദർശിക്കുന്ന വിനോദ സഞ്ചാരികൾ മടക്കയാത്രയിൽ തങ്ങളുടെ യാത്രാ സുവനീറായി ഒപ്പം കൂട്ടി. കോർപ്പറേറ്റ് ഗിഫ്റ്റ് എന്ന നിലയിൽ അദ്ദേഹത്തിന്റെ ബുക്കുകൾ നിരവധി കമ്പിനികൾ വാങ്ങിക്കൂട്ടി. അണ്‍സീന്‍ കേരള, സൗത്ത് ഇന്ത്യ, റൊമാന്‍സിങ് കേരള, ഫ്‌ളവേഴ്‌സ് ഓഫ് കേരള, സിറിയന്‍ ക്രിസ്റ്റ്യന്‍ ഫേവറിറ്റ്‌സ്, ഫ്‌ളവേഴ്‌സ് ഓഫ് ദി രാജ്, ഇന്ത്യന്‍ സ്‌പൈസസ് എന്നിവയടക്കം ഇരുപതോളം ബുക്കുകൾ അദ്ദേഹം രചിച്ചിട്ടുണ്ട്. 2018 ഏപ്രിൽ 11നു തന്റെ റിസോർട്ടായ ആനവിലാസം ലക്‌ഷ്വറി പ്ലാന്റേഷൻ ഹൗസിൽ കുഴഞ്ഞുവീണ അദ്ദേഹം ആശുപത്രിയിലേയ്ക്കുള്ള യാത്രാമദ്ധ്യേ അന്തരിച്ചു. സലീമിന്റെ വേർപാടിന്റെ ഇരുപത്തിയൊന്നാം ദിവസം തന്റെ എൺപതാമത്തെ വയസ്സിൽ കോട്ടയം പുഷ്പനാഥും യാത്രയായി.

 റയാൻ എങ്ങനെയാണ് പബ്ലിഷിങ് രംഗത്തേക്ക് വന്നത് ?

എന്റെ കുട്ടികാലം മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ കോട്ടയത്തായിരുന്നു. എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കി ബാംഗ്ലൂരിൽ ജോലി ചെയ്യുമ്പോഴാണ് മുത്തശ്ശന്റെ പഴയകാല പുസ്തകങ്ങൾ കണ്ടെത്തുന്നതും അവ ഡിജിറ്റിലൈസ് ചെയ്യുന്നതും. അദ്ദേഹത്തിന്റെ പേരിൽ ആരംഭിച്ച സോഷ്യൽ മീഡിയ പേജിലൂടെയുള്ള ആരാധകരുടെ അഭ്യർത്ഥന പ്രകാരമാണ് ഏതാനും നോവലുകൾ ഇ- ബുക്കായി ചില പ്ലാറ്റുഫോമുകളിൽ ലഭ്യമാക്കിയത്.

വായനക്കാരിൽനിന്നുള്ള ആവശ്യപ്രകാരം എല്ലാ പുസ്തകങ്ങളും പുനഃ പ്രസിദ്ധീകരിക്കണം എന്ന ആശയം മുത്തശ്ശനോട് പങ്കുവെച്ചു. അതിനായി ഞാൻ ആ സമയം തിരുവനന്തപുരം ടെക്നോപാർക്കിലേക്ക് ട്രാൻസ്ഫർ വാങ്ങിവന്നു. എന്നാൽ അദ്ദേഹത്തിന്റെ പ്രായാധിക്യം മൂലമുള്ള അവശതകൾ കാരണം അതിനുള്ള പ്രവർത്തനങ്ങളിൽ മുഴുവൻ ശ്രദ്ധയും കൊടുക്കുവാൻ സാധിച്ചില്ല. ആ വർഷം മെയ്‌ മാസം അദ്ദേഹം നമ്മളെ വിട്ടു പോയി. അതിനു ശേഷമാണ് കോട്ടയം പുഷ്പനാഥിന്റെ എല്ലാ കൃതികളുടെയും അവകാശം അദ്ദേഹം എന്റെ പേരിൽ എഴുതിവച്ചിരുന്നു എന്നറിഞ്ഞത്. പിന്നീട് ഞാൻ മുത്തശ്ശന്റെ നാമധേയത്തിലുള്ള കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷൻസ് പുനഃരാരംഭിക്കുകയായിരുന്നു.

റയാൻ പുഷ്പനാഥ് കോട്ടയം പുഷ്പനാഥിനൊപ്പം

എന്തൊക്കെയാണ് കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷന്സിന്റെ ഭാവി പദ്ധതികൾ ?

കോട്ടയം പുഷ്പനാഥിന്റെ കൃതികൾ എല്ലാം തന്നെ പുനഃ പ്രസിദ്ധീകരിക്കുക എന്നതാണ് പ്രഥമ ഗണനീയം. അതോടൊപ്പം തന്നെ പുഷ്പനാഥ് മാഗസിന്റെ പുനഃപ്രസിദ്ധീകരണം, ഇംഗ്ലീഷ്-മലയാളം ഭാഷകളിൽ കോട്ടയം പുഷ്പനാഥ് നോവലുകളുടെ കോമിക്‌സ് ബുക്കുകൾ പ്രസിദ്ധീകരിക്കുക, പുഷ്പരാജ്, മാർക്സിൻ സീരീസുകളുടെ ഹിന്ദി വെബ്സീരീസ്, മറ്റ് എഴുത്തുകാരുടെ ഇംഗ്ലീഷ് ബുക്കുകളുടെ മലയാളം തർജ്ജമകൾ, അവയുടെ ഇ-ബുക്കും ഓഡിയോ ബുക്കും ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുക, ഇന്ത്യയുടെ പൈതൃകം, സംസ്‍കാരം, ടൂറിസം, വൈൽഡ് ലൈഫ് ഇവയെല്ലാം തന്നെ മുൻനിർത്തി വിവിധ കോഫീ ടേബിൾ ബുക്കുകൾ പ്രസിദ്ധീകരിക്കുക എന്നിവയാണ് ഇപ്പോൾ ഞങ്ങളുടെ മുന്നിലുള്ള ലക്ഷ്യങ്ങൾ. വരും നാളുകളിൽ കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷൻസിൽ നിന്നും കൂടുതൽ ആവേശകരമായ വാർത്തകൾ വായനക്കാർക്ക് ലഭിക്കും എന്ന് ഉറപ്പുനൽകുന്നു.

മലയാളത്തിലെ ജനപ്രിയ എഴുത്തിന്റേയും വായനയുടേയും വസന്തകാലമായിരുന്നു എഴുപതുകളും എൺപതുകളും. അന്ന് തന്റെ സമകാലികർക്കൊപ്പം വായനക്കാരുടെ പ്രിയപ്പെട്ട കഥാകാരനായിരുന്ന കോട്ടയം പുഷ്പനാഥ്, 53 വർഷങ്ങൾക്കിപ്പുറവും തന്റെ കൃതികളിലൂടെ, മലയാളിക്ക് നൊസ്റ്റാൾജിയ ഉണർത്തുന്ന ഒരു ദീപ്തസ്മരണയാവുന്നു.

സോഫ്റ്റ്‌വെയർ കൺസൾട്ടൻറ്. ആക്സന്റാസ് സോഫ്റ്റ്‌വെയർ ടെക്നൊളജിസ് മാനേജിങ്ങ് ഡയറക്ടർ. ദുബായിൽ താമസം