ആനന്ദം പകരുന്നതെന്നതെന്തും ലഹരിയാണ്. ഏതൊരു ലഹരിയ്ക്കും മനുഷ്യനെ അടിമപ്പെടുത്താനുള്ള കഴിവുണ്ട്. വീണ്ടും തേടിച്ചെല്ലാനുള്ള ഒരു മോഹത്തിന്റെ വിത്ത് വിജയകരമായി ആഴത്തിൽ നടാൻ ലഹരിയ്ക്കു സാധിക്കുന്നു. സ്ഥിരമായി തേടിച്ചെല്ലുന്നവനെ, അവന്റെ ബോധതലങ്ങൾ കയ്യടക്കി സ്വന്തം വരുതിയിലാക്കാനും. പക്ഷേ, ഒരു സ്വയം തിരിച്ചറിവിലേക്ക്, ആത്മബോധത്തിലേക്ക്, സ്വാതന്ത്ര്യത്തിലേക്ക്, നയിക്കുന്ന ലഹരികളും ഉണ്ട്. ഉപാസനയ്ക്കായി ഏത് ലഹരി തിരഞ്ഞെടുക്കണമെന്നുള്ളത് വ്യക്തിപരമായ തീരുമാനം മാത്രം.
എനിക്ക് ഏഴോ എട്ടോ വയസുള്ള സമയത്തു നടന്ന ഒരു സംഭവം. അച്ഛൻ തൃപ്പൂണിത്തുറ ആയുർവേദ കോളേജിൽ പഠിപ്പിച്ചിരുന്ന കാലം. പുതിയകാവിൽ നിന്നും രണ്ടു മൂന്ന് സ്റ്റോപ്പ് കഴിഞ്ഞാൽ ഞങ്ങളുടെ കിണർ ബസ്സ്റ്റോപ്പ് എത്തി. (ആരെങ്കിലും താമസിക്കുന്ന സ്ഥലത്തിന്റെ പേരു ചോദിച്ചാൽ, അടുത്തുള്ള സ്റ്റോപ്പിന്റെ പേരാണ് ഞാൻ പറഞ്ഞിരുന്നത്) ഹൈവേയിൽ മതിലിനോട് ചേർത്ത് ടെറസിട്ട വാടക വീട്ടിലാണ് അന്ന് ഞങ്ങൾ താമസിച്ചിരുന്നത്. ഒറ്റ ഗേറ്റുള്ള ഒരു വലിയ കോമ്പൗണ്ടിൽ, തൊട്ടടുത്തായി കുറച്ച് പിറകിലേക്ക് മാറി, ഉടമസ്ഥരായ റിട്ടയേർഡ് മാഷും ടീച്ചറും താമസിക്കുന്ന വീട്. ഉയർന്ന മതിലിനു ചേർന്നുകൊണ്ടാണ് ഞങ്ങളുടെ വീടെങ്കിലും ഗേറ്റ് തുറന്നാൽ ആദ്യം ശ്രദ്ധയിൽപ്പെടുക പിറകിലേക്കെങ്കിലും, നേരെയുള്ള, ഗേറ്റ് മുതൽ സിറ്റ്ഔട്ട് വരെ രണ്ടു ഭാഗത്തും വരിയായി ഭംഗിയുള്ള ചെടിച്ചട്ടികൾ നിരത്തിവെച്ചിട്ടുള്ള ഹൌസ്ഓണറുടെ വീടാണ്.
കൃത്യസമയത്തു പോയി, സമയംതെറ്റി വരുന്ന ഒരു പവർകട്ട് കാലം. കറണ്ട് പോയാൽ ഞങ്ങൾ സിറ്റ്ഔട്ടിൽ ചെന്നിരിക്കും. നല്ല കാറ്റാണ് അവിടെ. മെഴുകുതിരിയോ മണ്ണെണ്ണ വിളക്കോ കത്തിക്കാതെ ഇരുട്ടത്തിരുന്ന, അങ്ങനെയൊരു ദിവസം. ഏകദേശം കറന്റ് വരാൻ ഒരു അഞ്ചു മിനിറ്റ് ബാക്കി. വലിയ മതിലിനപ്പുറത്ത് നിന്നും വളരെ ശബ്ദം കുറഞ്ഞ ഒരു മൂളൽ. മതിലും ടെറസും മൂടിനിൽക്കുന്ന സിറ്റ്ഔട്ടിനു മുറ്റവുമായി അതിര് തീർക്കുന്ന സിമെന്റ് കൈവരികളുണ്ട് രണ്ടുവശത്തും. അതിൽ കയറി എത്തിനോക്കിയാൽ റോഡ് കാണാം. ചേച്ചി കയറി എത്തി നോക്കി. ഒന്നും കണ്ടില്ല. അച്ഛൻ അന്ന് അവളെ ശാസിച്ചത് എന്തിനെന്നു മനസ്സിലായില്ലെങ്കിലും, പറഞ്ഞതോർമ്മയുണ്ട്. റോഡ്സൈഡ് ആവുമ്പോൾ അങ്ങനെ പല ശബ്ദങ്ങളും ഉണ്ടാകും. റോഡ് സൈഡ് അല്ലെങ്കിലും ആവശ്യമില്ലാത്ത ഒന്നിലേക്കും നമ്മൾ ശ്രദ്ധകൊടുക്കരുത്, ചിലപ്പോൾ കാണാനാഗ്രഹിക്കാത്ത പലതും കാണേണ്ടി വരും.
മൂളൽ ഇടയ്ക്കിടെ ശബ്ദം കൂടിയും കുറഞ്ഞും ഇരുന്നു. പെട്ടന്ന് കറന്റ് വന്നു. പക്ഷേ ഞങ്ങളുടെ വീട്, ലൈറ്റിന്റെ സ്വിച്ച് ഓഫാക്കിയത് കാരണം അപ്പോഴും ഇരുട്ടിലായിരുന്നു. അഞ്ചു സെക്കന്റിനുള്ളിൽ ഗേറ്റ് തള്ളിത്തുറന്ന് ഒരു വെളുത്തരൂപം ഉള്ളിലേക്ക് വന്നു. എന്താണെന്ന് ആദ്യം മനസ്സിലായില്ല. പെട്ടന്ന്, പ്രേതം എന്ന് മനസ്സു പറഞ്ഞു. കാരണം, തൊട്ടു മുൻപുള്ള വെക്കേഷന് അമ്മയുടെ അനിയത്തിയുടെ വീട്ടിൽ പോയി നിന്നപ്പോൾ ‘ഈവിൾ ഡെഡ് ‘ എന്ന ഇംഗ്ലീഷ് പ്രേതസിനിമ കണ്ടിരുന്നു. അതുവരെ ഇല്ലെന്ന് പലരും എന്നെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നതാണ്. ആ വിശ്വാസമാണ് ഒരു ക്ഷണം കൊണ്ട് തകർന്നു വീണത്. എന്തായാലും ഞാൻ ഒരു പ്രേതത്തെ കാണുന്നത് ആദ്യമായിട്ടാണ്. നേരിട്ട് കണ്ടാൽ വിശദമായി പ്രേതത്തെ നോക്കിനിൽക്കാനുള്ള ധൈര്യം ഇന്നും ഇല്ലെന്നാണ് വിശ്വാസം. എന്റെ ശ്വാസം നിലച്ചു, ശരീരം മഞ്ഞിലുറച്ച ഒരു പ്രതിമപോലെയായി. വേഗം അകത്തു കയറാൻ പറഞ്ഞ അച്ഛന്റെ നിർദേശം കേട്ടു ഞാൻ കയറിയതാണോ അമ്മ നിന്നിടത്തു നിന്നും പറിച്ചെടുത്തു കൊണ്ടുപോയതാണോ എന്നോർമ്മയില്ല.
ഞങ്ങളുടെ വീട് ശ്രദ്ധയിൽപ്പെടാത്ത ആ രൂപം നേരെ ഹൌസ്ഓണറുടെ വീടിന്റെ സിറ്റ്ഔട്ടിലെ കസേരയിൽ ചെന്നിരുന്നു. അച്ഛൻ ആ രൂപത്തെ പിടിക്കാൻ പോയി. അച്ഛനെ പ്രേതം പിടിച്ചു കൊണ്ടു പോകുന്നത് മുതൽക്കുള്ള രംഗങ്ങൾ എന്റെ മനസ്സിലൂടെ കടന്നു പോയി. ശബ്ദം കേട്ട് ആ വീട്ടിലുള്ളവർ വാതിൽ തുറന്നു പുറത്ത് വന്നു. അവരതിനെ പിന്നെ പോലീസിൽ ഏൽപ്പിച്ചു എന്ന് അച്ഛൻ തിരിച്ചു വന്നപ്പോൾ ഉറക്കത്തിടെ അറിഞ്ഞു. പിറ്റേന്ന് രാവിലെയാണ് വിശദവിവരങ്ങൾ അറിഞ്ഞത്. അടുത്തുള്ള ഏതോ പേരുകേട്ട തറവാട്ടിലെ കൗമാരക്കാരിയായ ഒരു പെൺകുട്ടി. അവളെങ്ങനെയോ മയക്കുമരുന്നിന് അടിമയായി. അവളുടെ അപഥസഞ്ചാരങ്ങൾക്കിടയിലെ ഏറ്റവും ദൗർഭാഗ്യകരമായ ഒരു ദിവസമായിരുന്നിരിക്കണം ഞാൻ അവരെ കണ്ടത്.
ആ രൂപം മനസ്സിൽ നിന്നും ഒരിക്കലും മായില്ല. അസ്തമനസൂര്യന്റെ വെയിലടിച്ച പോലെ ചുവപ്പ് കലർന്ന അഴിച്ചിട്ട പാറിപ്പറന്ന തലമുടി, ഇരുട്ടത്ത് പൂർണചന്ദ്രന്റെ നിലാവിനെ തോൽപ്പിക്കുന്ന നിറമുള്ള ശരീരം. പക്ഷേ, മറയ്ക്കാൻ ഒരു നൂല് പോലും ഇല്ലായിരുന്നു ആ രാത്രി അവളുടെ ദേഹത്ത്. ഞങ്ങളുടെ ഹൌസ്ഓണർ ഒരു മുണ്ടെടുത്ത് പുതപ്പിച്ചു കൊടുത്തിരുന്നു. അതുമായാണ് അവളെ പോലീസുകാർ ജീപ്പിൽ കയറ്റി കൊണ്ടുപോയത്. അവൾ എന്തിന് അടിമയായി, എന്തു കൊണ്ട് അടിമയായി എന്നുള്ള ചോദ്യത്തിനൊന്നും പ്രസക്തിയില്ല. ആ അടിമത്തം അവളുടെ ആത്മാഭിമാനത്തെ തന്നെ വിവസ്ത്രമാക്കി. സ്വബോധം തിരിച്ചുകിട്ടിയ ആ നിമിഷം അവൾ മറികടന്നിരിക്കുമോ? പിന്നീടൊരു സാധാരണ ജീവിതം അവൾക്കുണ്ടായിരുന്നിരിക്കുമോ?അറിയില്ല.
എന്തിനു വേണ്ടി മനുഷ്യൻ ലഹരി തേടുന്നു എന്നത് അപ്രസക്തമായ ചോദ്യമാണ്. കാരണം ആനന്ദം അനുഭവിക്കാനായി നേടിയ ജന്മം ആസ്വാദ്യകരമാക്കാൻ മനുഷ്യൻ സ്വീകരിക്കുന്ന മാർഗങ്ങൾ മാത്രമാണ് ഓരോ ലഹരിയും. പക്ഷേ, അതിനു പറയുന്ന കാരണങ്ങൾ, സന്തോഷങ്ങളിൽ തുടങ്ങി ദുഃഖങ്ങൾ വരെ, വ്യത്യസ്തം. മനുഷ്യനെ ഒരു താത്കാലിക വിസ്‌മൃതിയിലേക്ക് നയിക്കുന്ന പുകച്ചുരുളുകളും, മദ്യവും, മയക്കുമരുന്നും, സെക്സും എന്നു വേണ്ട മനസ്സിലൊരാളോട് തോന്നുന്ന പ്രണയത്തിന്റെയും, അന്ധമായ ഭക്തിയുടെയും വിശ്വാസത്തിന്റെയും ലഹരിപോലും തന്നെ അടിമത്തത്തിലേക്ക് കൊണ്ട് ചെന്നെത്തിക്കാതെ നോക്കേണ്ടത് സ്വന്തം ഉത്തരവാദിത്തം.
അടിമത്തം ഏതുതരത്തിലായാലും അടിമത്തം തന്നെ. അടിമയ്ക്ക് സ്വന്തം തീരുമാനങ്ങൾക്കുള്ള സ്വാതന്ത്ര്യമില്ല. അവനോട് ചേർന്നു നിൽക്കുന്നതെന്തും ആ ഉടമയ്ക്ക് മുന്പിൽ അടിയറവു വെയ്ക്കാനുള്ള പണയവസ്തുക്കൾ മാത്രം. ലഹരി ആസ്വദിക്കുന്നതിലല്ല മനുഷ്യന് തെറ്റുന്നത്, സ്വയം ഉടമയാകണോ അടിമയാകണോ എന്ന തീരുമാനം ഇല്ലാതിരിക്കുമ്പോഴാണ്. വഴിയറിയാതെയോ വഴിതെറ്റിയോ ലഹരിയുടെ ലോകത്തിൽ അലയുന്നവർ യഥാർത്ഥത്തിൽ തേടുന്നത് കിട്ടുന്നുണ്ടോ? മൗനസമ്മതങ്ങളോ എതിർപ്പുകളോ അല്ല ഒരാളെ അടിമയാക്കിത്തീർക്കുന്നത്. ആഴത്തിൽ പതിച്ച, സ്വയം തീരുമാനങ്ങളെടുക്കാതെ ആരെയെങ്കിലും അനുസരിക്കാൻ മാത്രം ശീലിച്ച മനസ്സിന്റെ, ഉടമയെ തേടലാണ് ഏതൊരു അടിമത്തത്തിലേക്കുമുള്ള വഴി. സ്വാതന്ത്രമായ ജീവിതത്തെ നേരിടാനുള്ള മനോധൈര്യം നേടിത്തുടങ്ങുമ്പോൾ മനസ്സിലെ അടിമത്തത്തിന്റെ ചങ്ങലക്കണ്ണികൾ നേർത്ത് തുടങ്ങും.
ഓർമ്മ തെളിഞ്ഞ കാലങ്ങളിലെപ്പോഴോ അച്ഛന്റെ അപൂർവം മാത്രമായിരുന്ന സൗഹൃദസദസ്സുകളിലൊന്നിലാണ് ആദ്യമായി നുണഞ്ഞ ലഹരി, പിന്നീട് ജീവിതത്തിൽ പല ഘട്ടങ്ങങ്ങളിൽ ആനന്ദമായും ആശ്വാസമായും വന്നു പോയി. മനസ്സിലെ അടങ്ങാത്ത തിരകളെ ശാന്തമാക്കാൻ പഠിക്കുന്നതിനിടയിലാണ് ഏറ്റവും വലിയ ലഹരി ഞാനറിഞ്ഞത്. മനസ്സിന്റെ നിശ്ശബ്ദതയിൽ, ആഹ്ലാദത്തിന്റെ വൻ തിരമാലകളിൽ വാനോളമുയർത്തി ആത്മാവിനെ സ്വതന്ത്രമാക്കുന്ന ധ്യാനത്തിന്റെ ലഹരി.
P. S – ആസ്വദിക്കാനായി മനുഷ്യന് മുൻപിൽ ഒരു ലഹരി എപ്പോഴും കാത്തു കിടപ്പുണ്ട്, ജീവിതമെന്ന സ്വാദിഷ്ടമായ ഒരു ‘കോക്ക്ടെയ്ൽ’.