നൈസർഗികമായ പ്രേരണയോടൊപ്പം സ്വായത്തമാക്കിയ അറിവുകളുടെയും, അന്തർലീനമായ വികാരങ്ങളുടെയും, പ്രപഞ്ചസത്യങ്ങളിലേക്കുള്ള ഒരുവന്റെ ചിന്താധാരകളുടെയും ആത്മാവിഷ്കാരമാണ് കലയായി പുറത്തേക്ക് വരുന്നത്. അതുകൊണ്ട് തന്നെ ആ സൃഷ്ടിയിൽ അവന്റെ ആത്മാവിന്റെ കയ്യൊപ്പു കൂടിയുണ്ടാകും. ഒരു കല തിരഞ്ഞെടുത്താൽ മാത്രം പോരാ, നമ്മളെ തേടി വരുന്ന നിയോഗത്തെ കൂടി അറിയണം. കലാകാരനിൽ ഒരുകലയുടെ സഞ്ചാരദിശ മനസ്സിന്റെ ഉള്ളറകളിലൂടെ പുറത്തേയ്ക്കാണ്. ആസ്വാദകനിൽ തിരിച്ചും. കല അഭ്യസിച്ചത് കൊണ്ട് ആരും കലാകാരനാവുന്നില്ല. ഈ ഭൂമിയിൽ നിലനിൽക്കുന്ന കർമ്മങ്ങളത്രെയും തന്നെ കലകളാണ്.
സ്കൂളിലെ ഒന്നാമനായി പത്താംക്ലാസ്സ് പാസായ അച്ഛൻ തിരഞ്ഞെടുത്ത വഴി നിറങ്ങളുടേതാണ്. ചിത്രകാരനാവുക എന്നത് മാത്രമായിരുന്നില്ല, വൈദ്യപാരമ്പര്യത്തിന്റെ പ്രശസ്തിയും, കൊയ്ത്തും മെതിയും നിലനിന്നരുന്നെങ്കിലും പണത്തിന്റെ ദാരിദ്ര്യം അകറ്റാൻ കൂടിയാണ് ചിത്രകലയിൽ ഒരു ഡിപ്ലോമയും സമ്പാദിച്ച് സ്വന്തം വിദ്യാഭ്യാസം പൂർത്തിയാക്കിയ പാലക്കാട് ജില്ലയിലെ കുണ്ടൂർക്കുന്ന് ഹൈസ്കൂളിൽ ജോലിക്കായി ഹെഡ്മാസ്റ്ററെ ചെന്നു കണ്ടത്. അന്ന് ആ ജോലിയിൽ പ്രവേശിക്കാനുള്ള പ്രായം ആയിട്ടില്ല എന്ന് പറഞ്ഞ് അദ്ദേഹം അച്ഛനെ മടക്കി അയച്ചു. പ്രായം തികയ്ക്കാൻ വേണ്ടി പ്രീഡിഗ്രിക്ക് ചേർന്ന് അവിടെയും ഒന്നാമനായി വീണ്ടും അവിടെ തിരിച്ചു ചെന്നു.
അന്ന് ഹെഡ്മാഷ് കൊടുത്ത ഉപദേശം അച്ഛന്റെ ജീവിതം വഴിതിരിച്ച് വിട്ടു. ‘കുട്ടീ, നീയൊരു സ്കൂളിലെ ഡ്രോയിങ് മാഷായിട്ട് കഴിയേണ്ട ആളല്ല. ചിത്രകലയെ സ്നേഹിക്കുന്നുണ്ടെങ്കിലും, പ്രസിദ്ധിയാർജ്ജിച്ച ഒരു വൈദ്യപാരമ്പര്യത്തിന്റെ കണ്ണികൂടിയാണ് നീ. ഇനി ഈ തലമുറയിൽ മറ്റാരും അത് ഏറ്റെടുക്കാനില്ല. ആ പാരമ്പര്യവും അറിവുകളും അന്യം നിന്നു പോകരുത്. അച്ഛന്റെ വഴി തിരഞ്ഞെടുത്തുകൂടെ. ഈ നാടിനപ്പുറത്ത് ഒരു ലോകം ഉണ്ട്. അവിടെ വലിയ സ്വപ്നങ്ങളൊക്കെ യാഥാർഥ്യമാവും. മനസ്സിനെ ഈ മണ്ണിൽ തളച്ചിടരുത്.’
വേരുകൾ സംരക്ഷിക്കാൻ, ഉയരങ്ങൾ കീഴടക്കാൻ, ആത്മാവിൽ കലർന്ന നിറങ്ങളെ ഉണങ്ങാനനുവദിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ഹെഡ്മാഷുടെ ഉപദേശം സ്വീകരിച്ച് വീണ്ടും പല കടമ്പകളും കടന്ന് കോട്ടക്കൽ ആയുർവേദ കോളേജിൽ ബിരുദപഠനത്തിന് ചേർന്ന അച്ഛൻ പ്രാണനോളം സ്നേഹിച്ച ആ ജന്മവാസനയെ ഉപേക്ഷിച്ചില്ല. പഠിച്ചിരുന്ന കാലത്ത് യൂണിവേഴ്‌സിറ്റി ബെസ്റ്റ് ആർട്ടിസ്റ്റ് ആയിരുന്നു അച്ഛൻ എന്ന് സർട്ടിഫിക്കറ്റുകളിൽ ഇന്നും അടയാളപ്പെട്ടു കിടക്കുന്നു.
ഞാൻ കണ്ടിട്ടില്ല അച്ഛൻ ചിത്രം വരയ്ക്കുന്നത്. കാരണം എന്റെ ജനനത്തിനു മുൻപ് തന്നെ എപ്പോഴോ അച്ഛൻ അത് നിർത്തി. അമ്മയാണ് അതിനു കാരണം എന്ന് അച്ഛൻ പറയുമ്പോൾ, അച്ഛന്റെ ശാസ്ത്രപ്രതിബദ്ധതയാണ് കാരണം എന്നായിരുന്നു അമ്മയുടെ വാദം. കലാസ്വാദനശേഷി വളരെ കുറച്ചുള്ള, ചട്ടക്കൂടുകൾക്കുള്ളിൽ വളർന്ന, ഒരു മിലിറ്ററിക്കാരന്റെ മകളായ അമ്മയ്ക്ക് വിദ്യാഭ്യാസവും ജോലിയും കുടുംബവും അതിനുള്ളിലെ നിബന്ധനകളും നിർബന്ധങ്ങളും ഒഴിച്ച് മറ്റെല്ലാം അപ്രധാനമായിരുന്നു. കലയും ഉദ്യോഗവും ഒന്നിച്ചു കൊണ്ടുപോകാനാവില്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരാളുടെ കൂടെയുള്ള ജീവിതം കലാമോഹങ്ങൾക്ക് വിരാമം കുറിച്ചെങ്കിലും, ആ കടിഞ്ഞാണാണ് ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷന്റെ ഡയറക്ടറിൽ പൂർത്തീകരിച്ച അച്ഛന്റെ വിജയകരമായ ഔദ്യോഗികജീവിതത്തിന്റെ നട്ടെല്ല് എന്ന് മാത്രമേ അച്ഛൻ ഞങ്ങളോട് പറഞ്ഞിട്ടുള്ളൂ. പക്ഷേ, വരച്ചിടാത്ത ചിത്രങ്ങൾക്കായി അച്ഛന്റെ മനസ്സിലൊരു മുറി എന്നും ഒഴിഞ്ഞു കിടപ്പുണ്ടായിരുന്നു.
ഞാൻ പ്രീഡിഗ്രി കഴിഞ്ഞ സമയത്താണ് അമ്മയുടെ ക്ലാസ്സ്‌മേറ്റും അച്ഛന്റെ സുഹൃത്തും ആയിരുന്ന മുത്തുമാമൻ (ഡോ. മുത്തുക്കോയ തങ്ങൾ) ലക്ഷദ്വീപിൽ നിന്നും കോഴിക്കോട് വന്നു താമസം തുടങ്ങിയത്. ഒരു നോമ്പുതുറയ്ക്ക് അവരുടെ വീട്ടിലിരിക്കുമ്പോഴാണ്, എന്റെ സമപ്രായക്കാരിയായ മകൾ മുനീറയോട് ‘മോളെ മുകളിലെ മുറീന്ന് വലിയുപ്പാന്റെ ആ ഫോട്ടോ ഒന്നെടുത്തിട്ട് വാ’ എന്ന് പറഞ്ഞത്. ഫോട്ടോ വന്നു. അത് അച്ഛന്റെ കയ്യിൽ കൊടുത്തു. എന്തിനാണ് ആ മുഖത്ത് സന്തോഷവും കണ്ണിൽ വെള്ളവും നിറഞ്ഞത് എന്ന് ആശ്ചര്യപ്പെട്ടിരിക്കുമ്പോളാണ്, വർത്തമാനകാലത്തെ മറന്നിരുന്ന അച്ഛനെ കാണിച്ച് മുത്തുമാമൻ പറഞ്ഞത്, ‘ഇത് അച്ഛൻ വരച്ചതാണ്.’ ഞങ്ങളോടൊപ്പം ആ വീട്ടിലുള്ളവരും അസ്തപ്രജ്ഞരായി. കറുത്തമഷിയും വെള്ള പെയിന്റും ഉപയോഗിച്ച് വരച്ച ആ ചിത്രം, അത്രയും കാലം ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ആണെന്നാണ് ആ വീട്ടിലെല്ലാവരും കരുതിയിരുന്നത്.
ഞാൻ വരച്ചു തുടങ്ങിയത് യു പി ക്ലാസ്സുകളിൽ എവിടെയോ വെച്ചാണ്. പക്ഷെ നിറങ്ങളോട് എനിക്ക് ഒരിക്കലും പ്രിയം തോന്നിയിരുന്നില്ല. ആഴത്തിൽ ചിന്തിച്ചാൽ ചിത്രരചനയോടും. ചേച്ചിയ്ക്കായിരുന്നു നിറങ്ങളോടും ചിത്രരചനയോടും പ്രിയം. മനസ്സ് തൊട്ടിരുന്നില്ലെങ്കിൽ ശൂന്യത, അല്ലെങ്കിൽ എന്തോ നഷ്ടപ്പെട്ട തോന്നൽ ഉള്ള ഒന്നിനോട് മാത്രമേ പ്രണയം സാധ്യമാകൂ, ആത്മസമർപ്പണവും. ഞാൻ വരച്ച ചിത്രങ്ങളത്രെയും പെൻസിലോ കറുത്ത പേനയോ ക്രയോൺസോ ഉപയോഗിച്ചായിരുന്നു. കറുപ്പിനും വെളുപ്പിനും തന്നെ എണ്ണിയാലൊടുങ്ങാത്ത വകഭേദങ്ങളുണ്ടെന്നുള്ളത് തന്നെ മറ്റു നിറങ്ങളിലേക്ക് കടന്നു ചെല്ലാൻ വിലക്കി. നിറങ്ങളുള്ള ചിത്രങ്ങൾക്ക് ആഴക്കുറവുണ്ടെന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്.
ഇന്റേൺഷിപ്പിന്റെ തുടക്കത്തിലാണ് എന്റെ സുഹൃത്തുക്കളിൽ പലരും ആധ്യാത്മികമായ അറിവുകൾ തേടി, ഒരു ആർട്ടിസ്റ്റ് കൂടിയായ, എന്റെ പില്കാലത്തെ ഗുരുവായ ശ്രീപതി കൃഷ്‌ണാചാര്യരുടെ അടുത്ത് ചെന്നത്. സുഹൃത്തുക്കളുടെ നിർബന്ധം എന്നെയും അവിടെ എത്തിച്ചു. ആദ്യമായി ഒരു പോട്രെയ്റ്റിന്റെ ബേസ് വരച്ചു കാണിച്ചപ്പോൾ ഗുരുജി പറഞ്ഞു, ‘ Your hands are made for potraits. Colors are in your blood. They are waiting for a grooming, to come out. ‘ അങ്ങനെ ഗുരുജിയോടൊപ്പം നിറങ്ങളും എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു. ‘Creating an art is a meditation’ എന്ന ഗുരുജിയുടെ വാക്കുകൾ യാഥാർഥ്യമാകുന്നത് വർഷങ്ങൾക്കിപ്പുറത്ത് മറ്റൊരു ചിത്രം നോക്കി വരയ്ക്കുന്നതിൽ നിന്നും മാറി, ആശയങ്ങളെ ചിത്രങ്ങളാക്കി മാറ്റാൻ പഠിച്ചപ്പോഴാണ്. പക്ഷേ, തൊട്ടിരിക്കുമ്പോഴല്ലാതെ ആ കലയെ ഞാൻ സ്നേഹിച്ചിട്ടില്ല.
മറ്റെന്തിലുമുപരി പഠനത്തിന് പ്രാധാന്യം നില നിന്നിരുന്ന സാഹചര്യത്തിൽ വളർന്നത് കൊണ്ട്, കല ജീവിത്തിന്റെ ഒരു പാതയോ നിയോഗമോ ആണെന്ന് ചിന്തിക്കാനുള്ള പ്രാപ്തി തിരഞ്ഞെടുപ്പുകളുടെ അവസരങ്ങളിലൊന്നും എന്നെത്തേടിയെത്തിയിട്ടില്ല. ബാല്യത്തിൽ അണിഞ്ഞ ചിലങ്കയും, പഠിച്ചു മറന്ന സപ്തസ്വരങ്ങളും, ഉറക്കമിളച്ചു മീട്ടിയിരുന്ന ഗിറ്റാറും ഒന്നും വളർച്ചയെത്താൻ കാത്തുനിന്നില്ല. മഹത്തായ അറിവുകളുടെ സങ്കരമായ ഞാൻ പഠിച്ച ശാസ്ത്രങ്ങൾ അറിവിനോടുള്ള അഭിനിവേശത്തിന് മരുന്നായെങ്കിലും, മനസ്സിലെ ശൂന്യതകളെ നികത്താൻ അവയ്ക്കാവില്ലെന്ന് തിരിച്ചറിഞ്ഞു തുടങ്ങിയത് അച്ഛന്റെ മരണത്തിന് ശേഷമാണ്. വാക്കുകളായി പുറത്തേക്കൊഴുകാൻ വെമ്പി മനസ്സിലേക്കെത്തുന്ന ചിന്തകളോട് എന്നും അഗാധമായ പ്രണയമുണ്ട്. മനുഷ്യൻ തീർക്കുന്ന സൃഷ്ടികളുടെ ബീജം പ്രപഞ്ചമാണ് അവന്റെയുള്ളിൽ നിക്ഷേപിക്കുന്നതെന്ന വിശ്വാസവും. നിയോഗമെന്തെന്നുള്ളത് കാലമാണ് പറയേണ്ടത്.
അച്ഛനായിരുന്നു യഥാർത്ഥ കലാകാരൻ, കാരണം അച്ഛന് ചെയ്ത കർമങ്ങളെല്ലാം തന്നെ സ്നേഹപൂർവ്വം സ്വയം സമർപ്പിച്ച കലകളായായിരുന്നു.
നിറങ്ങൾ പോലെ വ്യത്യസ്തരാണ് മനുഷ്യരും അവരുടെ കഴിവുകളും. ഓരോ നിറത്തിനും അതിന്റേതായ തനിമയുണ്ട്. ലയിക്കാതെ കിടക്കുന്ന ഒരുപാട് നിറങ്ങളുണ്ട് ഓരോ മനുഷ്യന്റെയുമുള്ളിൽ. അതിലേത് തെളിയണമെന്നുള്ളത് നിയോഗമാവാം. ആത്മസമർപ്പണമാണ് ഒരു മനുഷ്യനെ യഥാർത്ഥ കലാകാരനാക്കിത്തീർക്കുന്നത്. ഒരു ജന്മത്തിലെ പ്രണയം എന്തിനോടാണ്, എന്തിനുവേണ്ടിയാണ് എന്നുള്ള തിരിച്ചറിവ് മനുഷ്യന് നൽകുന്നത് പ്രപഞ്ചത്തോട് തന്നെ സല്ലപിക്കാനുള്ള സ്വാതന്ത്ര്യമാണ്.
P. S – An artist is the one who knows his own true colors.