എന്റെ ദേശമെന്ന് ഒരു ദേശത്തെ മാത്രമായി പറയാനാവില്ല. തങ്ങിയ ദേശങ്ങളെല്ലാം മനസ്സിൽ പല ആഴത്തിൽ വേരുകളുറപ്പിച്ചു കൂടെപ്പോന്നവയാണ്. അതുകൊണ്ടുതന്നെ ജനിതകമായ വേരുകളൂന്നിയ പാലക്കാടോ കോഴിക്കോടോ അല്ല എന്റെ ഓർമ്മകൾ തെളിഞ്ഞു തുടങ്ങുന്നത്, പ്രകൃതിയും പൈതൃകവും ചരിത്രവും തീർത്ത സ്മാരകങ്ങളാൽ സമൃദ്ധമായ തലസ്ഥാനനഗരിയിലാണ്. സ്കൂൾ ചുറ്റുമുള്ളവരുടെ ഔദ്യോഗിക ജീവിതത്തിലെ വ്യതിയാനങ്ങളും പഠനവുമാണ് എന്റെ ജീവതയാനത്തിന്റെ ദിശ നിയന്ത്രിച്ചുകൊണ്ടിരുന്നത്.
തിരുവനന്തപുരമെന്നോർക്കുമ്പോൾ താഴേക്ക് നീളുന്ന കല്പടവുകളുടെ ഇരുവശത്തും കൂട്ടിലടച്ച മയിലുകളുണ്ടായിരുന്ന ശ്രീകണ്ഠശ്വരം ക്ഷേത്രമാണ് ഓർമ്മ വരിക. അതോടൊപ്പം പതിഞ്ഞു കിടക്കുന്നത് ക്ഷേത്രങ്ങളിലെ തണുത്ത കരിങ്കൽവീഥികളാണ്. ശ്രീകണ്ഠശ്വരവും പദ്മനാഭസ്വാമിക്ഷേത്രവും എന്നുവേണ്ട ജീവിതത്തിലുടനീളം കണ്ട, എനിക്ക് പ്രിയപ്പെട്ട ഏതു ക്ഷേത്രമോർത്താലും ആദ്യം മനസ്സിൽ നിറയുന്നത് ആ നിലത്ത് കാൽ പതിക്കുമ്പോൾ പാദത്തിലൂടെ പടരുന്ന അതേ തണുപ്പാണ്. കന്യാകുമാരിയും കോവളവും ശംഖ്മുഖവും കടലോരക്കാറ്റുകളും മത്സ്യകന്യകയും മനസ്സിനെ ഇന്നും നഗ്നമാക്കുന്നു. മഴ പെയ്യുമ്പോൾ വെള്ളം വീഴുന്ന, താമസിച്ചിരുന്ന വീടിന്റെ അകത്തളം പോലെ പ്രിയപ്പെട്ട ഓർമ്മയാണ് ആദ്യാക്ഷരം കുറിപ്പിച്ച ഹെഡ്മിസ്ട്രസ്സ് അമ്മൂമ്മ ടീച്ചറും. അഞ്ചാം വയസ്സിൽ പറിച്ചു നട്ടതിനു ശേഷം പതിനേഴു വർഷങ്ങൾക്കിപ്പുറത്തു വീണ്ടും ആറു വർഷം അച്ഛനും അമ്മയും അവിടെ താമസിച്ചു. ലീവിന് ചെല്ലുബോൾ നഗരക്കാഴ്ചൾക്ക് മാത്രമെ എല്ലാവർക്കും സമയം ഉണ്ടായിരുന്നുള്ളു. ഓർമ്മകൾ തുടങ്ങുന്ന ആ ദേശം കണ്ടു കൊതി തീരില്ല.
എന്റെ പൈതൃകമുണർന്നിരിക്കുന്നത് പാലക്കാട് ജില്ലയിലെ കൊടക്കാട് ഗ്രാമത്തിലാണ്. തറവാട്ടിലേക്കുള്ള ഓരോ യാത്രയും എനിക്കെന്റെ ബാല്യത്തിലേക്കുള്ള മടക്കയാത്രയാണ്. നാടിന്റെ അടയാളമായി തലയുയർത്തി നിൽക്കുന്ന വലിയ ആൽമരമുള്ള ബസ് സ്റ്റോപ്പിൽ ചെന്നിറങ്ങി അച്ഛന്റെ വിരൽത്തതുമ്പിൽ തൂങ്ങി നടന്നിരുന്ന, സഹ്യപർവ്വതനിരകളെ ഹിമാലയമെന്ന് തെറ്റിദ്ധരിച്ചിരുന്ന, വഴിയരികിൽ കരടിയുണ്ടാകുമെന്ന് ഭയന്നിരുന്ന നിഷ്കളങ്കമായ ബാല്യത്തിലേക്ക്. വൈദ്യപാരമ്പര്യമുറങ്ങുന്ന തറവാട്ടിലെ കോലായിൽ മരുന്നിടുന്ന വലിയ കള്ളിപ്പെട്ടിയുണ്ട്. അച്ഛച്ഛനെ കണ്ടിട്ടില്ല, അച്ഛമ്മയും എട്ടാം വയസ്സിൽ മായ്ഞ്ഞ ഓർമ്മയാണ്. അവിടെ വല്യച്ഛനും വല്യമ്മയും പാടത്തും പറമ്പിലും തോളത്തെടുത്ത് നടക്കുന്ന ഏട്ടന്മാരും കളിക്കൂട്ടുകാരും അമ്മായിമാരും മക്കളും ഒക്കെയുണ്ട്. ഒട്ടിച്ചേർന്നു വളർന്ന പുളി-പന -ആലും, തൊഴുത്തും പശുക്കിടാവും വയലും തോടും പരൽമീനുകളുമുള്ള നാട്. അവിടത്തെ ഓർമ്മകൾക്ക് വല്ലാത്ത ഒരു സുഗന്ധമാണ്. തേക്കാത്ത ചുമരുകളുടെ മനം മയക്കുന്ന ഗന്ധം. വയലിലെ കാറ്റിന്റെ ഗന്ധമാണ് പകലിന്. രാത്രികൾക്ക് മഞ്ഞുവീണ മണ്ണിന്റെ മാദകമായ ഗന്ധം. മഴപെയ്യുമ്പോൾ ഓട്ടിൻപുറത്ത് വീഴുന്ന ആലിപ്പഴത്തിന്റെ ഗന്ധം. ഇരുട്ടത്ത് മുറ്റത്തെ മാവിൽ പാറിപ്പറക്കുന്ന മിന്നാമിനുങ്ങുകളെ കാണാൻ നല്ല ഭംഗിയാണ്. മുറ്റത്തെ കരിമ്പനയിലും പാലമരത്തിലും മറ്റാരെങ്കിലുമുണ്ടോയെന്നറിയില്ല, പക്ഷേ, എന്റെ മനസ്സ് എപ്പോഴും ഉണ്ടാവും. മാമ്പഴപുളിശ്ശേരിയ്ക്കും കടുമാങ്ങാ അച്ചാറിനും വെല്ലക്കാപ്പിയ്ക്കും ലോകത്തെവിടെയും ആ രുചിയില്ല. ആ നാടിനെക്കുറിച്ചു പറഞ്ഞാൽ ഒരിക്കലും മതി വരില്ല. പക്ഷേ, അച്ഛനുണ്ടായിരുന്നെങ്കിൽ, ഇന്നാ ഓർമ്മകളുടെ വഴികളിൽ ഹൃദയത്തിൽ തറയ്ക്കുന്ന മുള്ളുകളുണ്ടാവുമായിരുന്നില്ല.
തൃപ്പൂണിത്തുറയിലാണ് ഞാൻ എന്റെ എൽ പി സ്കൂൾ കാലഘട്ടം കഴിച്ചത്. പെന്റഗൺ ഷേപ്പിൽ ചില്ലുവാതിലുകളുള്ള പള്ളിയും രാവിലെ വർണചില്ലു ജനാലയിലൂടെ മഴവില്ല് വീണുകിടക്കുന്ന അൽത്താരയും ഗ്രൗണ്ടിലെ ഒരറ്റത്ത് ചെന്നു നിന്നു നോക്കിയാൽ കാണുന്ന ഹിൽപാലസും പെൻസിൽ ബോക്സിൽ അടച്ചിടാൻ പിടിക്കുന്ന പച്ചത്തുള്ളനും നിറഞ്ഞ ഓർമ്മകൾ ജോർജിയൻ അക്കാദമി സ്കൂളിന്റെ സംഭാവനകളാണ്. യേശുക്രിസ്തുവും ബൈബിളും പള്ളികളും ജീവിതത്തിന്റെ ഭാഗമായി മാറിയതും അവിടെ വെച്ചാണ്. പൂർണത്രയീശന്റെ അമ്പലത്തിലെ ഉത്സവവും ചോറ്റാനിക്കര തൊഴലും, അത്തച്ചമയവും കലാലയത്തിലെ കഥകളി രാവുകളുമെല്ലാം മനസ്സിൽ ആഴത്തിൽ പതിയാനുള്ള കാരണം അച്ഛന് കലകളോടുള്ള അടങ്ങാത്ത അഭിനിവേശവും അമ്മയുടെ കളങ്കമറ്റ ഭക്തിയും ആണ്.
ഒരു വർഷക്കാലത്തെ കോട്ടയത്തെ പാലായിലെ എൻട്രൻസ് കോച്ചിംഗ് പരാജയമായതു കൊണ്ടാണ് ആയുർവേദപഠനവുമായി കർണാടകത്തിലേക്ക് കടന്നത്. ബി എ എം എസ്സുമായി അഞ്ചര വർഷം ഉഡുപ്പി എസ് ഡി എമിലും, മൂന്നു വർഷം പിജിയ്ക്ക് മൂഡബദ്രി ആൽവാസിലും. പൊതുവെ ആരോടും സംസാരിക്കാത്ത ഞാൻ ആളുകളോട് സംസാരിച്ചു തുടങ്ങിയത് തന്നെ ഉഡുപ്പിയിൽ വെച്ചാണ്. എഴുപത്തഞ്ചുപേരുള്ള ക്ലാസ്സിൽ ഏകദേശം തുല്യ അക്കത്തിൽ മലയാളികളും നോർത്തിന്ത്യക്കാരും കന്നഡിഗകളും. ഭാഷകളുടെയും സംസ്കാരങ്ങളുടെയും സങ്കലിതമായ ഒരാഘോഷകാലമാണ് ഉഡുപ്പിയിലേത്. മഹാജ്ഞാനികളായ അധ്യാപകരും, സൗഹൃദം പുലർത്തുന്ന സീനിയേഴ്സും, രോഗികളും കഡാവറുകളും, തലയ്ക്കരികിൽ വെച്ചുറങ്ങുന്ന തലയോട്ടികളും ഹെർബൽ ഗാർഡനും ആയുർവേദ മരുന്നുകളും മാത്രമല്ല ഓർമ്മകളിൽ നിറയുന്നത് നൃത്തവേദികളും സുഹൃത്തുക്കളൊത്തുള്ള വിനോദയാത്രകളും ബൈക്ക്റൈഡുകളും മണിപാൽ സന്ദർശനങ്ങളും ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രവും മൂകാംബിക ദേവീക്ഷേത്രവുമൊക്കെ ഉഡുപ്പിയിലെ കാലത്തിന്റെ ഭാഗമാണ്.
മംഗലാപുരമായിരുന്നു പിജി ക്കാലത്തെ പ്രധാന വിഹാര കേന്ദ്രം. എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സൗഹൃദം എനിക്ക് സമ്മാനിച്ചത് ആ കാലഘട്ടമാണ്. മൂഡബിദ്രിയിലെ ഓർമ്മകൾക്ക് ആൽവാസ് കോളേജിലെ സർജറി ഡിപ്പാർട്മെന്റിലെ സുശ്രുതന്റെ വിവരണത്തിനൊത്തത് നിർമിച്ച യന്ത്രശസ്ത്രങ്ങളുടെ രൂപവും അലോപ്പതി ഹോസ്പിറ്റലിലെ ഓപ്പറേഷൻ തീയേറ്ററിലെ പച്ച ഗൗണിന്റെ നിറവും സ്പിരിറ്റിന്റെയും രക്തത്തിന്റെയും മണവുമാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും കലാരൂപങ്ങളും പ്രശസ്തരായ കലാകാരന്മാരും അണിനിരക്കുന്ന ആൽവാസിലെ ‘വിരാസത് ‘ വലിയ ഒരു അനുഭവമാണ്. എനിക്കെന്നും പ്രിയപ്പെട്ട ബാലാഭാസ്കറിന്റെ വയലിൻ മാസ്മരികത നേരിട്ടനുഭവിച്ചറിയാൻ അവസരമൊരുക്കിത്തന്നത് മൂഡബിദ്രിയാണ്. പ്രീഡിഗ്രി കാലഘട്ടത്തിന് പതിനഞ്ചുവർഷങ്ങൾക്ക് ശേഷം ഞാൻ വീണ്ടും എഴുതിത്തുടങ്ങിയതും അതേ മൂഡബിദ്രിയിൽ വെച്ചാണ്.
‘തുളസി’ എന്ന് പേരടയാളപ്പെടുത്തിയ എന്റെ ജനനസർട്ടിഫിക്കറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിന്റെ സംഭാവനയാണ്. അമ്മവീട് കോഴിക്കോട് മാവൂർ ദേശത്തെ ചെറൂപ്പയിലാണ്. കുട്ടിക്കാലത്ത് വെക്കേഷന് രാത്രി ബസിൽ വന്നിറങ്ങുമ്പോഴുണ്ടാവാറുള്ള, ഞാനേറ്റവും ഭയപ്പെട്ടിരുന്ന ഇടിമിന്നലുകളാണ് ആദ്യം ഓർമ വരിക. മിലിട്ടറി ചിട്ടകളുള്ള അമ്മച്ചനും, ‘ ലോർഡ് ഓഫ് റിംഗ്സിലെ ‘ ‘ഗണ്ടാൽഫ് ദ വൈറ്റിനെ’ അനുസ്മരിപ്പിക്കുന്ന, പാലു പോലെ വെളുത്ത, വെള്ളിനൂൽ തലമുടിയിഴകളുള്ള, സ്നേഹം മാത്രം വിളമ്പുന്ന പതിയെ സംസാരിക്കുന്ന അമ്മമ്മയും മാമനും ആന്റിയും മക്കളും. വലിയ മുസ്ലിം തറവാടുകൾക്കിടയിൽ നിറയെ ജാതിമരവും തെങ്ങും കവുങ്ങും നിറഞ്ഞ വരമ്പുകൾ കെട്ടിത്തിരിച്ച പറമ്പിന്റെ നടുവിലാണ് അമ്മവീട്. പുലർച്ചയ്ക്കുള്ള പുഴയിലെ കുളിയും, പത്തിരിയും ചിക്കനും, രാവിലെ പാലുമായി വരുന്ന വയലറ്റും പച്ചയുമൊക്കെ നിറത്തിലുള്ള റൗക്കയും മുണ്ടും നിറയെ അലുക്കത്തും വെള്ളി അരപ്പട്ടയും ഇടുന്ന നബീസുമ്മയും, കോഴിക്കോട് ബീച്ചുമൊക്കെയാണ് ബാല്യകാലത്തെ കോഴിക്കോടൻ സ്മരണകളിൽ.
യു പി കാലഘട്ടം മുതൽ പ്രീഡിഗ്രി വരെയും, പിന്നെ വിവാഹവും സ്ഥിരതാമസവും, കുട്ടികളുണ്ടായതും ഒക്കെ കോഴിക്കോടാണ്. പണ്ട് ഒരുപോലെ ഒന്നിച്ചാഘോഷിച്ചിരുന്ന ഓണത്തിനും പെരുന്നാളുകൾക്കും ഇന്നും മനസ്സിൽ അതേ സ്നേഹബന്ധങ്ങളുടെ രുചിയാണ്. പട്ടങ്ങൾ പാറിപ്പറക്കുന്ന, കല്ലുമ്മക്കായയും ഐസുരതിയും വിൽക്കുന്ന പെട്ടിക്കടകളുള്ള, കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ അരങ്ങേറുന്ന കോഴിക്കോട് ബീച്ച് പോലെ പ്രിയമാണ് മിട്ടായിത്തെരുവിലെ ഹനുമാൻ ക്ഷേത്രത്തിനും സ്വാമീസ് കാപ്പിപ്പൊടിക്കടയ്ക്കുമിടയിൽ കർപ്പൂരത്തിന്റെയും കാപ്പിയുടെയും ഗന്ധങ്ങളുടെ സമ്മേളനസ്ഥാനം. എന്റെ പര്യവേക്ഷണങ്ങളുടെ പരിമിതികൾ കൊണ്ടാവാം, അല്ലെങ്കിൽ വലിയ നഷ്ടങ്ങളുടെ ഓർമ്മപ്പെടുത്തലുകളുള്ളത് കൊണ്ടാവാം, വേരുകളുണ്ടായിട്ടും വർഷങ്ങളിത്ര കഴിഞ്ഞിട്ടും, ചുറ്റും സ്നേഹിക്കുന്ന മനുഷ്യരുണ്ടായിട്ടും ഒരു അതിഥിയായി മാത്രം മനസ്സ് ഇവിടെ തുടരുന്നത്. പൊട്ടിച്ചെറിയാനാഗ്രഹിക്കുന്ന എന്തോ ഒരു ബന്ധനം, അതോ ശീലമായ പറിച്ചുനടലുകൾക്ക് സമയം വൈകിയതോ, അറിയില്ല.