പ്രശാന്തം

ചൊല്ലികൊടുത്തതും പകുത്തുകൊടുത്തതും പകർന്നാടിയതുമായ വേഷങ്ങൾ അഴിച്ചുവെച്ച് പ്രശാന്ത് നാരായൺ എന്ന അതുല്യ പ്രതിഭ ഇന്നലെ യാത്രയായി. താൻ നിൽക്കുന്ന ഭൂമികയെപ്പറ്റി എന്നും ആത്മവിശ്വാസത്തോടെ മാത്രം സംസാരിച്ചിരുന്ന വ്യക്തിയായിരുന്നു പ്രശാന്ത് നാരായൺ. അറിവും അനുഭവങ്ങളും ആറ്റിക്കുറുക്കി അരങ്ങിൽ ജ്വലിക്കുകയും ജ്വലിപ്പിക്കുകയും ചെയ്ത പ്രശാന്ത് നാരായൺ അണിയറയിലേക്കു മടങ്ങുന്നു. അണിഞ്ഞതും അണിയിച്ചതുമായ വേഷങ്ങളും ചമയങ്ങളും അഴിച്ചുവെച്ച് അദ്ദേഹം ‘ശാന്തികവാടം’ കടക്കുമ്പോൾ ആ പ്രതിഭയുടെ മുന്നിൽ മലയാളത്തിനൊപ്പം തസറാക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു.

2018 ഏപ്രിൽ മാസത്തെ തസറാക് മാഗസിന് വേണ്ടി ശ്രീമതി കല സാവിത്രി പ്രശാന്ത് നാരായണനുമായി നടത്തിയ ദീർഘമായ അഭിമുഖം ആദരപൂർവ്വം ആ ഓർമ്മയ്ക്ക്‌ മുൻപിൽ സമർപ്പിക്കുന്നു.

മുപ്പത് വര്‍ഷക്കാലമായി രംഗ വേദിയിലെ ശക്തമായ സാന്നിദ്ധ്യം ആണ് നാടകകൃത്തും സംവിധായകനുമായ പ്രശാന്ത് നാരായണന്‍. പതിനഞ്ചാമത്തെ വയസ് മുതല്‍ നാടകങ്ങള്‍ എഴുതിത്തുടങ്ങി. ഇതുവരെ മുപ്പതോളം നാടകങ്ങള്‍ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. കഥകളി നടന്‍, കഥകളി സാഹിത്യകാരന്‍, അദ്ധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, നാടക രചിതാവ്, സംവിധായകന്‍, നടന്‍ എന്നീ നിലകളില്‍ പ്രശസ്തനുമാണ്. ‘പ്രശാന്ത് നാരായണന്‍സ് കളം’ എന്ന അഭിനയ വിദ്യാലയത്തിന്‍റെ തലവനുമാണ്.

പ്രശസ്ത കഥകളി സാഹിത്യകാരന്‍ വെള്ളായണി നാരായണന്‍ നായരുടെ മകനാണ് താങ്കള്‍, മുത്തശ്ശനും അതേ മേഖല. പതിനേഴോളം ആട്ടക്കഥകള്‍ മനഃപാഠമാണ്. താങ്കള്‍ പതിനേഴാം വയസ്സില്‍ ഒരു ആട്ടക്കഥ എഴുതുക പോലും ചെയ്തു. എന്നിട്ടും നാടക സംവിധാനം ഇഷ്ടമേഖലയായി തെരഞ്ഞെടുത്തത് എന്തുകൊണ്ടാണ് ?

കഥകളി എന്ന കലാരൂപം യഥാര്‍ത്ഥത്തില്‍ കേരളീയ നാടകമാണ്. കേരളീയന്‍റെ നാടക രൂപമായിത്തന്നെയാണ് കഴിഞ്ഞ കാലത്തിന്‍റെ നാടകപണ്ഡിതന്മാര്‍ എല്ലാവരും, സി എന്‍ ശ്രീകണ്ഠന്‍ നായര്‍ സാറുള്‍പ്പെടെ, കാവാലത്തിനെ പോലുള്ളവരുള്‍പ്പെടെ കഥകളിയെ പരിഗണിച്ചിരിക്കുന്നത്. അതിനകത്തെ വാചികാഭിനയ പദ്ധതി സംവേദനത്തിലെ ഒരു ന്യൂനതയായി പറയപ്പെടുന്നുണ്ടെങ്കിലും ആത്യന്തികമായി കഥകളി കേരളീയന്‍റെ നാടകരൂപമാണ്. വളരെ ശാസ്ത്രീയമായ ഒരു നാടക പദ്ധതിയാണ് കഥകളി. അതിന്‍റെ പരിമിതി എന്ന് പറയുന്നത് തിന്മയ്ക്കു മേല്‍ നന്മ വിജയിക്കുന്നു എന്നപോലെയുള്ള പ്രമേയങ്ങളും ഹൈന്ദവ പുരാണകഥാപരിസരങ്ങളും മാത്രമേ അവതരിപ്പിക്കാന്‍ കഴിയു എന്നുള്ളതാണ്. ആധുനിക കാലനാടകപ്രവര്‍ത്തകന്‍റെ മുന്നില്‍ നില്‍ക്കുന്ന കഥകളിയുടെ ന്യൂനത ഇതാണ്.

അപ്പോള്‍ നമ്മുടെ സാമൂഹ്യ പരിസരത്ത് ഇന്ന് നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളെ പോര്‍ട്രെയ്റ്റ് ചെയ്യാന്‍ അല്ലങ്കില്‍ അത്തരത്തിലുള്ള വര്‍ത്തമാനകാല കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കഥകളി എന്ന നാടകരൂപത്തിനേക്കാള്‍ സ്വാതന്ത്ര്യമുള്ള മറ്റൊരു രൂപാന്വേഷണമാണ് എന്‍റെ നാടക ജീവിതം.

എന്‍റെ അച്ഛന്‍, മുത്തച്ഛന്‍ മുതലായവര്‍ കഥകളി പോലെയുള്ള കലാരൂപത്തില്‍ വ്യാപൃതരായിരുന്നതിന് സമാനമായ ഒരു പ്രവര്‍ത്തിയാണ് ഞാന്‍ തുടര്‍ന്നുകോണ്ടിരിക്കുന്നത്. അവര്‍ ചെയ്തിരുന്ന കര്‍മ്മത്തില്‍ നിന്ന് വലിയ മാറ്റമൊന്നും വന്നിട്ടില്ല, അവരില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടുകൊണ്ട് ഏറ്റവും മോഡേണ്‍ ആയിട്ടുള്ള അല്ലങ്കില്‍ ഉത്തരാധുനികമോ ആയിരിക്കുന്ന ഒരു തീയേറ്റര്‍ മേഖലയില്‍ തന്നെയാണ് ഞാന്‍ നില്‍ക്കുന്നത്.

കഥകളിയുടെ ലിമിറ്റേഷന്‍സിനെ മറികടക്കാന്‍ പ്രാപ്തിയുള്ള നാടകത്തിലായിരുന്നു താല്പര്യം എന്ന് പറഞ്ഞു. അങ്ങനെയെങ്കില്‍ താങ്കള്‍ പതിനേഴാം വയസ്സില്‍ ആട്ടക്കഥ എഴുതിയതെങ്ങനെ ?

എന്തിനിങ്ങനെ ഒരു ആട്ടക്കഥ എഴുതി എന്ന് ചോദിക്കുന്നതിന് ഒരു ഉത്തരം പറയാന്‍ സത്യത്തില്‍ സാങ്കേതികമായി ബുദ്ധിമുട്ടുണ്ട്. ആട്ടക്കഥയെഴുതാനുള്ള സാഹചര്യമെല്ലാം എന്‍റെ പൂര്‍വ്വികരുമായി ബന്ധപ്പെട്ട, അവര്‍ക്കവകാശപ്പെട്ടതാണ്. ഞാന്‍ കഥകളിയുടെ ഒരു മഹാപാരമ്പര്യമുള്ള പശ്ചാത്തലത്തില്‍ ജനിക്കാനിടയായ ആളാണ്. ഞാനെന്‍റെ ശൈശവം മുതല്‍ കാണുന്നതും ഇടപഴകുന്നതും കേള്‍ക്കുന്നതുമൊക്കെ കഥകളിയുമായി റിലേറ്റ് ചെയ്ത അല്ലങ്കില്‍ അന്നത്തെ ക്ലാസ്സിക്കല്‍ രൂപങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. അപ്പോള്‍ ഏറ്റവും കൂടുതല്‍ അടുപ്പമുണ്ടായിരുന്ന സാഹിത്യശാഖ എനിക്ക് ചെറുകഥയോ നോവലോ ഒന്നുമല്ല. ആട്ടക്കഥാസാഹിത്യവുമായിട്ടാണ് ബന്ധമുണ്ടായിരുന്നത് ഇണക്കമുണ്ടായിരുന്നത്. ആ ഇണക്കം എന്നെ കഥകളി പഠനത്തിലേക്ക് നയിച്ചു. ചന്ദ്രമനയെ പോലെയുള്ള ഒരു ഗുരുനാഥന്‍റെ കീഴില്‍ കഥകളി അഭ്യസിക്കാന്‍ അവസരം വന്നു. അങ്ങനെ ചിന്തിക്കുമ്പോള്‍ എനിക്ക് എഴുത്തിനോട് ഒരു കമ്പം ഉണ്ടാായിരുന്നത് കൊണ്ടും എന്‍റെ ഒരു എക്സ്പ്രഷന്‍ എന്ന നിലയില്‍ ഒട്ടും ബുദ്ധിപരമല്ലാത്ത ഒരു ഹൃദയപരമായ കര്‍മ്മമായിട്ടാണ് ഞാന്‍ ഒരു ആട്ടക്കഥ എഴുതുന്നത്. രണ്ട് ആട്ടക്കഥ ഞാന്‍ എഴുതിയിട്ടുണ്ട്. ഒരു ഇന്‍ഡോ ജര്‍മ്മന്‍ പ്രോജെക്റ്റുമായി ബന്ധപ്പെട്ട് മീഡിയ എന്ന യുറിപ്പിഡിസിന്‍റെ നാടകത്തിനെ കഥകളി രൂപമാക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. അതിനു മുന്‍പ് അച്ഛന്‍റെ മരണശേഷം ഒന്നാം ചരമ വാര്‍ഷികം ആചരിക്കുന്നതിന്‍റെ ഭാഗമായി അച്ഛനെഴുതിയ മാര്‍ക്കണ്ഡേയചരിതം അവതരിപ്പിച്ചു. അതിനു ശേഷം അടുത്ത കൊല്ലം എന്തവതരിപ്പിക്കും എന്ന ഡിസ്കഷന്‍ വന്നു. അടുത്ത തവണ അച്ഛന്‍റെ കഥ വേണ്ടാ എന്ന രീതിയിലൊക്കെ ചര്‍ച്ച വന്നു. അങ്ങനെയിരിക്കുമ്പോഴാണ് മനസ്സിലിങ്ങനെ വന്നത് എന്തുകൊണ്ട് എനിക്കൊരു ആട്ടക്കഥ എഴുതിക്കൂടാ. ശ്ലോകങ്ങളെക്കുറിച്ചും സംസ്കൃതവൃത്തങ്ങളെ കുറിച്ചും ഒക്കെ എനിക്ക് ഏകദേശ ധാരണയുണ്ട് . പിന്നെ കഥാപരിസരത്തെ കുറിച്ച് കഥ തെരഞ്ഞെടുക്കേണ്ട ഔചിത്യത്തെക്കുറിച്ച് ഒക്കെ ആലോചന വന്നു. അങ്ങനെ വളരെ ഭീതിയോടു കൂടിയാണ് അശ്വത്ഥാമാവിന്‍റെ മാനസികാവസ്ഥ, ഗാന്ധാരിയുടെ, മഹാഭാരതയുദ്ധത്തിന് ശേഷമുണ്ടാകുന്ന സംഭവപരമ്പരകള്‍ എല്ലാം കോര്‍ത്തിണക്കി ഒരു ആട്ടക്കഥയാവാം എന്ന് തീരുമാനിക്കുന്നത്. അങ്ങനെയാണ് ഭാരതാന്തം എന്ന ആട്ടക്കഥ എഴുതുന്നത്.

ഒരു ആട്ടക്കഥ എന്തിനെഴുതി എന്ന ചോദ്യത്തിന് മുന്നില്‍ ഒരു പകപ്പ് എനിക്കുണ്ടാകുന്നതിന് കാരണം ഞാനിന്നും ആ മേഖല പൂര്‍ണ്ണമായിട്ട് വിട്ട് മോഡേണ്‍ തീയേറ്ററിലോട്ട് വന്നു എന്ന് വിശ്വസിക്കുന്നില്ല. അതിന്‍റെ എക്സ്ടെന്‍ഷന്‍ ആണ് ഞാനിപ്പോള്‍ ചെയ്യുന്നത്. കഥകളി എന്ന് പറയുന്നത് നിയത നിയമങ്ങളും സങ്കേതജടിലവുമായിട്ടുള്ള ഒരു അസാമാന്യ കലയാണ്. അത് ആസ്വദിക്കപ്പെടാന്‍ പോലും പരിശീലനം ആവശ്യമുള്ളതാണ്. ഇന്ന് അത്രയൊന്നും കഥകളിയുടെ ഗ്രാമര്‍ പരിചയമില്ലാത്ത അരങ്ങുഭാഷ പരിചയമില്ലാത്തവരാണല്ലോ നമുക്കിടയില്‍ കൂടുതലും. കഥകളി പോലെയുള്ള ഒരു രാജകലയില്‍ തുടങ്ങിയത് കൊണ്ടാണ് എനിക്ക് എന്തെങ്കിലും തീയേറ്ററില്‍, ആധുനികകാല നാടക വ്യവസ്ഥയില്‍ ചില ഇടപെടലുകള്‍ ചെയ്യാന്‍ സാധിക്കുന്നത്. കഥകളി സകലകലകളുടെയും സമഞ്ജസ ലയനമാണ്. കഥകളിയെ ആശ്രയിച്ചുകൊണ്ടുള്ള അരങ്ങു വിന്യാസങ്ങളല്ലേ ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

അതുകൊണ്ടു ആട്ടക്കഥയെഴുതി, അതിനുമുമ്പും ഞാന്‍ നാടകങ്ങള്‍ എഴുതിയിട്ടുണ്ട്, കവിതയെഴുതിയിട്ടുണ്ട്, അച്ഛനപ്പൂപ്പന്മാര്‍ തുടങ്ങിയിട്ടുള്ള ഫലഭൂയിഷ്ഠമായ മണ്ണില്‍ നിന്നും വളര്‍ന്നുവന്ന നമ്മുടെ ഒരു ഉത്തമ ബോധ്യത്തിന്‍റെ തായ്ത്തടിയുണ്ടല്ലോ ആ തായ്ത്തടിയിലെ ശിഖരമാണ് ഓരോന്നും. ലേഖനങ്ങള്‍ എഴുതുന്നു. അതിലേറ്റവും ശക്തിമത്തായിട്ടുള്ള ശിഖരമായിരിക്കാം നാടകമെന്ന് പറയുന്നത്. തായ്ത്തടി ഇപ്പോഴും എപ്പോഴും നാളെയും കഥകളി എന്ന് പറയുന്ന ബൃഹത് കലാരൂപം തന്നെയായിരിക്കും.

പ്രഭാവര്‍മ്മയുടെ വയലാര്‍ അവാര്‍ഡ് നേടിയ കൃതി ശ്യാമ മാധവത്തിന്‍റെ ദൃശ്യവിഷ്കാരമാണല്ലോ പുതിയതായി ചെയ്യാന്‍ പോകുന്നത്. ദൈവിക പരിവേഷം ഇല്ലാത്ത കൃഷ്ണനെ ദൃശ്യവല്‍ക്കരിക്കേണ്ടി വരുമ്പോള്‍ എന്ത് തോന്നുന്നു ?

ശ്യാമ മാധവം വളരെ വേറിട്ട ഈ കാലഘട്ടത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു കൃതിയാണ്. ക്ലാസിക് സ്വഭാവമുള്ള ചിരകാല സമ്മതത്ത്വം നേടാന്‍ പ്രാപ്തിയുള്ള കൃതികളിലേക്ക് ശ്യാമമാധവം ഉള്‍പ്പെടുത്താം. കൃഷ്ണനെ സ്നേഹിച്ചു
കൊണ്ടുതന്നെ കൃഷ്ണനെ വിമര്‍ശിക്കുകയാണ് കവി ചെയ്യുന്നത്.

സ്വതവേ എനിക്ക് നോവലിനെയും കവിതയെയും ഒക്കെ അരങ്ങത്ത് തിയേറ്ററിന്‍റെ ഭാഷയില്‍ അവതരിപ്പിക്കുന്നതിനോട് വിയോജിപ്പ് ഉള്ള ആളാണ്. ബഷീറിനെ ആയാലും വിജയനെയായാലും, വാക്കുകള്‍ കൊണ്ട് അവരുണ്ടാക്കിയിട്ടുള്ള വലിയ വലിയ സര്‍ഗ്ഗവ്യപാരങ്ങള്‍ക്ക് ചോര്‍ച്ച സംഭവിക്കുന്നത് പോലെ എനിക്ക് തോന്നിയിട്ടുണ്ട്. വായനാനുഭവത്വം അരങ്ങനുഭവം ആകുമ്പോഴുണ്ടാകുന്ന ചോര്‍ച്ച. പക്ഷെ എനിക്ക് തോന്നിയ ഒരു കാര്യം ഒരു സാഹിത്യകൃതി എത്തരത്തില്‍ സൊസൈറ്റി ചര്‍ച്ച ചെയ്യപ്പെടണം എന്നതിന് ഒരു ചൂണ്ടു പലക പോലെ തീയേറ്ററിനു കൂടി ഇടപെടാന്‍ കഴിയും. അങ്ങനെ തീയേറ്റര്‍ കൂടി ഇടപെടുന്നിടത്ത് ഇതൊരു വലിയ ചര്‍ച്ചയ്ക്ക്, സാമൂഹ്യ ശ്രദ്ധയ്ക്ക് ഒക്കെ കാരണമാകുന്നു. അതൊരു നാടകകാരന്‍റെ ഉത്തരവാദിത്തമാണ് എന്ന് മനസ്സിലാക്കികൊണ്ടാണ് ശ്യാമമാധവത്തിനെ തീയേറ്ററിക്കല്‍ ആയി സമീപിക്കാന്‍ എനിക്ക് തോന്നിയത്.

കൃഷ്ണനെ ആരാധാനാംശം കുറച്ചുകൊണ്ട് ഭക്തിസാന്ദ്രതയുടെ അളവ് കുറച്ച് മനുഷ്യനായി കാണുന്നു എന്ന വലിയ പ്രത്യേകത ശ്യാമമാധവത്തിനുണ്ട്. വലിയ ഉത്തരവാദിത്തവും അതേസമയം സര്‍ഗ്ഗാത്മകതയെ പരിമിതപ്പെടുത്താതെ
ഇത് അരങ്ങിലെത്തിക്കുക എന്ന ദൗത്യവുമാണ് എന്‍റെ മുന്നിലുള്ളത്.

കര്‍ണ്ണാടക സര്‍ക്കാരിന്‍റെ ക്ഷണപ്രകാരം രംഗായണയ്ക്ക് വേണ്ടി ഭാസ മഹാകവിയുടെ സ്വപ്നവാസവദത്തം ചെയ്തുവല്ലോ. സംസ്കൃത നാടകങ്ങള്‍ ചെയ്യാന്‍ മികച്ച ചോയ്സ് ഇന്ത്യന്‍ തീയേറ്റര്‍ രംഗത്ത് താങ്കള്‍ തന്നെയാണ്. ആ അനുഭവം ഒന്ന് വിശദീകരിക്കാമോ ?

സംസ്കൃത നാടകം ചെയ്യുക എന്ന് പറയുന്നത് ഇന്നത്തെ കാലത്ത് ഒരു വെല്ലുവിളി തന്നെയാണ്. കാരണം ഭാഷകളെല്ലാം നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് സംസ്കൃതം. ഒരു ഭാഷയുടെ ഗുണനിലവാരവും അതിലടക്കാവുന്നത്, അതായത് ഒരു വാക്കില്‍ ഉള്‍ച്ചേര്‍ക്കാവുന്ന ആശയത്തിന്‍റെ സ്ഫോടക സ്വഭാവം വളരെ കരുത്താര്‍ജ്ജിച്ചതുമാണ് സംസ്കൃത ഭാഷ. അതൊക്കെ അന്യരാജ്യങ്ങള്‍ മനസിലാക്കി തുടങ്ങിയിട്ടുണ്ട്. നാമതില്‍ നിന്നൊക്കെ ഒരുപാട് അകന്നുപോയി. അതിനെ ഒരു പ്രത്യേകതരം മതത്തിന്‍റെ ഭാഷയായി വ്യാഖ്യാനിച്ചു വച്ചിരുന്നു. കര്‍ണ്ണാടകയിലൊക്കെ കുറച്ചുകൂടി സംസ്കൃതത്തോട് അടുപ്പമുള്ളവര്‍ ഉണ്ടെന്നാണ് ഞാനവിടെ പോയതില്‍ നിന്ന് മനസ്സിലാക്കുന്നത്. സംസ്കൃത നാടകങ്ങള്‍ എഴുതപ്പെട്ടിരിക്കുന്ന കാലം വളരെ പുരാതനമാണ്. അതിന്‍റെ ശൈലി ഭേദങ്ങള്‍ ഒക്കെ വളരെ രസകരമാണ്. കൂടിയാട്ടം എന്ന് പറയുന്ന ഒരു കലാരൂപത്തിനോട് ചേര്‍ത്ത് വെക്കാവുന്ന കൂടിയാട്ടത്തിന്‍റെ സാഹിത്യകൃതിയായി തന്നെ വേണം സംസ്കൃത നാടകങ്ങളെ പരിഗണിക്കാന്‍. സംസ്കൃത നാടകങ്ങള്‍ അവതരിപ്പിക്കുന്ന രീതി കൂടിയാട്ടത്തിന്‍റേതാണെങ്കില്‍ ആധുനിക കാല നാടകകാരന്‍ എങ്ങിനെയാണ് കൂടിയാട്ടത്തിന്‍റെ ലിമിറ്റേഷനെ, അതായത് കൂടിയാട്ടം വളരെ മനോഹരമായ കലാരൂപമാണ്, പക്ഷെ ആധുനിക മനുഷ്യന്‍റെ കാഴ്ചപ്പാടില്‍ എങ്ങനെയാണതിനെ അപഗ്രഥനം നടത്തിക്കൊണ്ട് പുതിയതായി ഒരു കാഴ്ചപ്പാട് മുന്നോട്ടുവെക്കുക എന്നുള്ളതാണ് എന്നെ ചിന്തിപ്പിക്കുന്ന ഒരു കാര്യം. പ്രത്യേകിച്ച് രംഗായണയിലേക്ക് എന്നെ പരിഗണിക്കുന്ന കാര്യം തന്നെ വളരെ യാദൃശ്ചികമായിട്ടാണെന്നാണ് എന്‍റെ തോന്നല്‍. എന്നെ രണ്ടുമൂന്നു പ്രാവശ്യം വിളിച്ചു, അപ്പോഴൊക്കെ നമ്മള് മാത്രേ ഉള്ളോ ഇത് ചെയ്യാന്‍ എന്ന ഒരു ചിന്ത ഉണ്ടായി. പിന്നീട് ആലോചിച്ചപ്പോള്‍ തോന്നിയ ഒരു കാര്യം നമ്മളെന്തിനാണ് സ്വയം ചുരുങ്ങുന്നത്? എന്തിനാണ് നമ്മളെ തന്നെ ലിമിറ്റ് ചെയ്യുന്നത് ? എന്ന് വിചാരിച്ചിട്ടാണ് അസൈന്‍ ചെയ്യുന്നത്. മോഡേണ്‍ തീയേറ്ററിലേക്ക് ഒരു സംസ്കൃത കൃതി എടുത്തു വെയ്ക്കുക എന്ന് പറയുന്നത് ഒരുപാട് ഹോം വര്‍ക്ക് ആവശ്യമുള്ള ഒരുപാട് മാനസികമായ തയ്യാറെടുപ്പുകളും പഠനവും ആവശ്യമുള്ള പ്രവര്‍ത്തിയാണ്. നല്ല ഒരു അനുഭവം ആയിരുന്നു. സംസ്കൃത നാടകങ്ങള്‍ ഇതിനുമുന്‍പും ചെയ്തിട്ടുണ്ട് . ഭാസന്‍റെ നാടകങ്ങള്‍ തന്നെ രണ്ടുമൂന്നെണ്ണം വളരെ ചെറുപ്രായത്തിലേ ചെയ്തിട്ടുണ്ട്.

ഭാസന്‍റെ കൃതികളുടെ ഏറ്റവും മനോഹരമായ പ്രത്യേകത എന്ന് പറയുന്നത് നാടകാവതരണത്തിനും വായിച്ചു രസിക്കുന്നതിനും പ്രയോജനപ്പെടുന്ന രീതിയിലാണ് രചനാരീതി എന്നതാണ്. ദൃശ്യമാധ്യമത്തിന് ഉതകുന്ന രീതിയിലുള്ള രചനാരീതി എന്നും വിലയിരുത്താം. കാളിദാസന്‍ കാവ്യാത്മകമായി കാര്യങ്ങളെ സമീപിക്കുമ്പോള്‍ ഭാസന്‍ ദൃശ്യാത്മകമായി കാര്യങ്ങളെ സമീപിക്കുന്നു എന്ന് മനസ്സിലാക്കാം. അത്തരത്തില്‍ സ്വപ്നവാസവദത്തം ഒരു ബൃഹത്തായ കൃതിയാണ്. സുദീര്‍ഘമായ രംഗങ്ങള്‍ ഒക്കെ. മനുഷ്യന് ബോറടിക്കത്തക്ക എല്ലാ കാര്യങ്ങളും അതിലുണ്ട്. പ്രണയത്തിന്‍റെ ഡൈമന്‍ഷന്‍സ്, സ്വപ്നത്തിനെക്കുറിച്ചുള്ള വ്യാഖ്യാനങ്ങള്‍ അങ്ങനെ അന്നത്തെ കാലഘട്ടത്തില്‍ എങ്ങനെയാണോ ദൃശ്യകലകള്‍ അരങ്ങത്ത് വ്യാഖ്യാനിച്ചിരുന്നത് അതിനു അനുഗുണമായും അത്തരത്തിലെ രചനകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുമുള്ള രീതി ഭാസനുണ്ട്. പക്ഷെ ഭാസനിപ്പോഴും പഴഞ്ചനല്ല. മനുഷ്യരുള്ളടത്തോളംകാലം സ്വപ്നം എന്നുള്ളത് വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്ന് തന്നെയാണ്. സ്വപ്നങ്ങളില്ലാത്ത മനുഷ്യരെകുറിച്ച്, സ്വപ്നങ്ങളില്ലാത്ത സമൂഹത്തെക്കുറിച്ച്, അതിസ്വപ്നങ്ങള്‍ കാണുന്ന സമൂഹത്തിനെക്കുറിച്ച് ഏറ്റവും ഒരു ഉള്‍ക്കാഴ്ച നല്‍കുന്ന വലിയ വലിയ മാനങ്ങള്‍ സ്വപ്നവാസവദത്തത്തിനുണ്ട് . സ്വപ്നവാസവദത്തം ചെയ്യുമ്പോള്‍ ഒരു പക്ഷെ രംഗായണയുടെ അല്ലങ്കില്‍ കര്‍ണ്ണാടകത്തില്‍ നിലവിലുള്ള രംഗശീലങ്ങളില്‍ നിന്ന് വിഭിന്നമായ ഒരു പരിശീലന രീതിയാണ് അവര്‍ക്കു ഫീല്‍ ചെയ്തത് എന്നാണ് അവര്‍ എന്നോട് പറഞ്ഞത്. എല്ലാവരും തന്നെ വളരെ എക്സ്പീരിയന്‍സ്ഡ് ആക്ടേഴ്സ് ആണ്. രംഗായണ പോലെ വളരെ പ്രഫഷണല്‍ ആയിട്ട് സര്‍ക്കാരിന്‍റെ ശമ്പളം വാങ്ങി അഭിനയിക്കുന്ന അവരുമായിട്ടു ഇന്‍ററാക്ട് ചെയ്യുമ്പോഴൊക്കെ തന്നെ സംസ്കൃതനാടകങ്ങള്‍ ഇങ്ങനെ ചെയ്യുന്നതിന്‍റെ സാധ്യത എന്താണ് എന്നത് ചര്‍ച്ച ആവാറുണ്ട്. അപ്പോഴൊക്കെ തന്നെ എനിക്ക് മുന്നോട്ടു വയ്ക്കാനുള്ളത് കഥകളിയും കൂടിയാ ട്ടവും ഒക്കെ തന്നെയാണ്. എന്നാല്‍ ഈ കഥകളിയെ ഡീകോഡ് ചെയ്യുന്നിടത്താണ്, ഇഴതിരിച്ച് ആധുനിക നാടകം കഥകളിയല്ലാതെ കഥകളിയു ടെ ഊര്‍ജ്ജം എടുത്തുകൊണ്ടു മറ്റൊന്നായിത്തീരുക എന്ന കാര്യത്തിനാണ് ലക്ഷ്യം വയ്ക്കുന്നത്. വളരെ വലിയ എക്സ്പീരിയന്‍സ് ആണ്.

നമ്മളിന്നലെ വരെ ചെയ്ത കാര്യങ്ങളില്‍ നിന്നും വ്യത്യസ്തമായ വഴികളിലൂടെ യാത്ര ചെയ്യാന്‍ സാധിച്ചു. ഒന്നൊന്നര മാസം കൊണ്ട് സ്വപ്നവാസവദത്തം അരങ്ങിലെത്തിക്കാന്‍ സാധിച്ചു. അവര്‍ പരക്കെ നാടകങ്ങള്‍ ചെയ്യുന്ന ഒരു സംഘമാണ്. കേരളത്തില്‍ എന്‍റെ പ്രൊഡക്ഷസിനു സംഭവിച്ചിരിക്കുന്നത് പോലെ രണ്ടോ മൂന്നോ കളികള്‍ കൊണ്ട് അത് അവസാനിച്ചുപോകുന്നില്ല എന്ന ആശാവഹമായ ഒരു കാര്യം കൂടി അതിനുണ്ട്. വിദേശ രാജ്യങ്ങളിലൊക്കെ കളിക്കാന്‍ സാധ്യത കൂടിയുണ്ട്. മറ്റൊരു സംസ്ഥാനത്തിലേക്ക് ഒരു സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്ന് സര്‍ക്കാരിന്‍റെ സപ്പോര്‍ട്ടോട് കൂടി ചെയ്യാന്‍ കഴിയുക പ്രോത്സാഹനപരമാണ്. ഇവിടെ അത് കളിച്ചു 2017 ലെ ദേശീയ നാടകോത്സവത്തില്‍, വലിയ സദസ്സായിരുന്നു. സംസ്കൃതമറിയില്ലാത്തതു കൊണ്ട് പഴയ ടെക്സ്റ്റുകളെ തള്ളിക്കളയുന്ന പ്രവണതയില്‍ നിന്ന് മാറി കൂടുതല്‍ പഴയ ടെക്സ്റ്റുകളില്‍ നിന്ന് പുതിയകാഴ്ചപ്പാടുകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പുതിയ പ്രൊഡക്ഷന്‍സ് ഉണ്ടാവാനുള്ള പ്രേരണയാകുവാന്‍ സാധിക്കുമെങ്കില്‍ വളരെ സന്തോഷം.

മഹാസാഗരം എന്ന വര്‍ക്ക് എം ടി യുടെ കഥാപാത്രങ്ങളെ ഒരൊറ്റ നാടകത്തിലേക്ക് കോര്‍ത്തിണക്കികൊണ്ടാണല്ലോ. ആ അനുഭവം ഒന്ന് പങ്കുവയ്ക്കാമോ ?

ബാല്യ കൗമാരത്തിലൂടെയും യൗവ്വനത്തിലൂടെയും നാം കടന്നുപോകുമ്പോള്‍ നമ്മുടെ അക്ഷരവഴിയമ്പലത്തിലെ എഴുത്തിന്‍റെ ആള്‍രൂപമാണ് എം.ടി. എഴുത്തിന്‍റെ ലോകമായാലും സിനിമയുടെ ലോകമായാലും ഭാഷകൊണ്ട് ഇത്രയും നമ്മളെ ഭ്രമിപ്പിച്ച ഒരു കലാകാരന്‍ വേറെയില്ല എന്ന് തന്നെ പറയാം. അത് പാശ്ചാത്യമായ ചിലതിനെ പരിചയപ്പെടുത്തിയത് കൊ?ല്ല. എം.ടിക്ക് ശേഷം വന്ന മറ്റു പലരും നമ്മളിലേക്ക് ശ്രദ്ധേയരായത്. പക്ഷെ എം.ടി നമ്മളിലേക്ക് എത്തിച്ചേര്‍ന്നത് കേരളീയ ജനസമൂഹത്തിന്‍റെ ഏറ്റവും കൈമോശം വരാന്‍ അക്കാലത്ത് സാധ്യത
ഉണ്ടായിരുന്ന കാര്യങ്ങളെ ക്രമപ്പെടുത്തുകയും വ്യക്തി സംഘര്‍ഷങ്ങളും വര്‍ഗ്ഗ സംഘര്‍ഷങ്ങളും സാമൂഹ്യ സംഘര്‍ഷങ്ങളും അതതിന്‍റെ രാഷ്ട്രീയ അവബോധത്തോടു കൂടി നമ്മളെ ഓര്‍മിപ്പിക്കുകയും ചെയ്താണ്. അത്തരം കൃതികളെ എല്ലാം ഒന്നുകൂടി പരിചയപ്പെടാനും അദ്ദേഹത്തിന്‍റെ നാലുകെട്ടിന്‍റെ മുന്നിലൂടെ നടന്ന് മഞ്ഞിലൂടെ അദ്ദേഹത്തിന്‍റെ കാലത്തിലേക്ക് നമ്മള്‍ പ്രവേശിച്ചു. അദ്ദേഹത്തിന്‍റെ എഴുത്തിന്‍റെ കാലവും നമ്മുടെ ഇപ്പോഴത്തെ വര്‍ത്തമാനകാലവും തമ്മിലുരഞ്ഞുരഞ്ഞ് നമ്മളിലെ കലാകാരനെ അല്ലങ്കില്‍ നമ്മുടെ ഈ സര്‍ഗ്ഗയാത്രയെ എങ്ങനെ രമ്യപ്പെടുത്തി അരങ്ങിന്‍റെ ഭാഷയിലേക്ക് എത്തിക്കാമെന്നുള്ളതായിരുന്നു എന്‍റെ മുന്നിലുള്ള ഏറ്റവും വലിയ ഒരു ചോദ്യം. വി.ആര്‍. സുധീഷ് സത്യത്തില്‍ എം.ടി യുടെ ആത്മാവ് സൂക്ഷിപ്പുകാരനായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതുകൊണ്ടു തന്നെ വി.ആര്‍ സുധീഷുമായിട്ടുള്ള ഒരു ഡിസ്കഷനിലൂടെയാണ് ഏതൊക്കെ കൃതികള്‍ നമ്മള്‍ തെരഞ്ഞെടുക്കണം ഏതൊക്കെ ഫോക്കസ് ചെയ്യണം എന്നുള്ള ഒരു തീരുമാനം വരുന്നത്. അതിനു ശേഷം വിത്തൗട്ട് ഡയലോഗ് ഒരു പ്രോസസ്സിലേക്ക് കയറുകയായിരുന്നു. ആദ്യംവിഷ്വല്‍സ് ഉണ്ടാാകുകയും പിന്നെ ആ വിഷ്വല്‍സില്‍ ഡയലോഗ് വയ്ക്കുകയാണ് ചെയ്തത്. വി.ആര്‍ സുധീഷിന്‍റെ സ്ക്രിപ്റ്റിങ്ങോട് കൂടിയാണ് ആ ക്രിയാംശത്തിന് വേണ്ടുന്ന ഡയലോഗുകള്‍ ഉള്‍ക്കൊള്ളിച്ചത്. നമ്മളിതുവരെ വായിച്ചറിഞ്ഞ എം.ടി അല്ലങ്കില്‍ എഴുത്തുകാരനായ എം. ടി യെ വളരെ ദൂരെ നിന്ന് നോക്കിക്കാണാനുള്ള അവസരമേ എന്നെപ്പോലുള്ള ഒരാള്‍ക്ക് കിട്ടിയിരുന്നുള്ളു. എം.ടിയുടെ മുന്നില്‍ പോയി ഇരിക്കാനുള്ള അവസരം ആദ്യം കിട്ടി. പിന്നെ അദ്ദേഹവുമായി സംസാരിക്കാനും. ഇത്രയും മിതഭാഷിയും ചിരിപ്പിശുക്കനുമായ ഒരാളുടെ മുന്നില്‍ നാലുകെട്ടിലെ ആ കൊച്ചുകുട്ടിയെപോലെ നമ്മളദ്ദേഹത്തിന്‍റെ ഭാവനയുടെ ആകാശത്തിന്‍റെ കുടക്കീഴില്‍ ഇരുന്നു. നമ്മുടെ വിനയമാണ് നമ്മള്‍ക്കദ്ദേഹത്തിന് കൊടുക്കാനാവുന്ന സമ്മാനം എന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹത്തിന്‍റെ മുന്നില്‍ വിനയപ്പെടാതെ തരമില്ല. അത്രയും മഹാനുഭാവങ്ങളുടെ ഭണ്ഡാരമായി ആധുനിക കാല വ്യാസ ഗുണം പോലെ എം.ടി യുടെ ഭാവനാകാശം നമ്മുടെ മുന്നില്‍ കുടനിവര്‍ത്തി നില്‍ക്കുന്നത് കാണാന്‍ പറ്റും.

നാടകത്തിലെ നറേഷന്‍ അദ്ദേഹത്തിന്‍റെ ശബ്ദത്തില്‍ തന്നെ ചെയ്യണമെന്ന് തീരുമാനിച്ചിരുന്നു. റെക്കോര്‍ഡ് ചെയ്യാനായി ചെല്ലുമ്പോള്‍ എന്‍റെ ശബ്ദം ഇപ്പോള്‍ വളരെ മോശമാണ് എന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞു മാറി. അതിനു മറുപടി നമ്മള്‍ പറയുന്നു, പ്രേം നസീറിനെ ഡബ്ബ് ചെയ്യാനല്ല സാറിന്‍റെ ശബ്ദം ചോദിച്ചത് സാറിന്‍റെ ശബ്ദം റിക്കോര്‍ഡ് ചെയ്യാനാണ് വന്നതെന്ന്. അതുകേട്ട് ഒരിക്കലും ചിരിച്ചു കണ്ടിട്ടില്ലാത്ത ആള്‍ ചിരിക്കുന്നത് കാണാന്‍ പറ്റി.

മഹാസാഗരം എന്ന ഈ അറ്റെംപ്ടില്‍ സാറിന്‍റെ ഒരു വിടര്‍ന്ന മുഖം കാണാന്‍ സാധിച്ചു, അതും എന്നെപ്പോലെ അദ്ദേഹത്തിന്‍റെ മുന്നില്‍ വളരെ ചെറിയ ഒരു ക്രിയേറ്റര്‍ ആയിട്ടുള്ള ഒരാള്‍ക്ക് കിട്ടുന്ന വലിയ സന്തോഷങ്ങളില്‍ ഒന്നായിട്ടാണ് തോന്നിയത്. പിന്നെ ഈ കൃതികളെയെല്ലാം കോര്‍ത്തിണക്കി ഒരു മണിക്കൂര്‍ മനുഷ്യനെ അലസതയിലേക്ക് പോവ്വാതെ അല്ലങ്കില്‍ എന്‍ഗേജ്ഡ് ആക്കാതെ വിടരുത് എന്നൊരു മോഹം മൊത്തം ടീമിനുണ്ടാായിരുന്നു. ഇത് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മഞ്ഞിനെ കുറിച്ചാണ് വി.ആര്‍ സുധീഷ് എന്നോട് ഡിമാന്‍ഡ് ചെയ്യുന്നത്. മഞ്ഞ് സിനിമ രൂപത്തില്‍ വന്ന് അധികം ശ്രദ്ധിക്കപ്പെടാതെ പോയി. പക്ഷെ നാടകത്തില്‍ എന്താണതിന് ചെയ്യാന്‍ കഴിയുക. അതിനെ ഓവര്‍കം ചെയ്യാന്‍ കഴിയുമോ എന്നൊ ക്കെയുള്ള ഡിസ്കഷന്സ് വന്നു. പിന്നീട് അതിന്‍റെ കമ്പോസിഷന്‍ നടക്കുന്ന സമയത്ത് സുധീഷ് എന്‍റെയടുത്ത് വന്നു പറഞ്ഞത് വളരെ ബ്യൂട്ടിഫുള്‍ ആയിട്ടാണ് ആ സീന്‍ ചെയ്തിരിക്കുന്നത് എന്ന്. അത്തരം നല്ല കോംപ്ലിമെന്‍റ്സുകളും കിട്ടി. പിന്നെ പ്രൊഡക്ഷന് ശേഷം ഓഡിയന്‍സിന് ഇടയില്‍ നിന്ന് വന്ന ഒരു പള്‍സ് വളരെ സന്തോഷമുണ്ടാക്കി. അറ്റംപ്ട് പരാജയപ്പെടാതെ ലക്ഷ്യത്തിലേക്ക് എത്തിയിരിക്കുന്നു എന്ന ഒരു ബോധം വളരെ സന്തോഷം നല്‍കിയ കാര്യമാണ്. പിന്നെ എം.ടി സാര്‍ നിറഞ്ഞു ചിരിക്കുന്നത് കാണാന്‍പറ്റി. സാറിന്‍റെ എക്സ്പ്രഷന്‍സ് വളരെ രസമായിരുന്നു. അദ്ദേഹം മനസ്സുകൊണ്ട് ആ ടീമിലുള്ള എല്ലാവരെയും ബ്ലെസ് ചെയ്തതായിട്ടു എനിക്ക് തോന്നി. അതൊക്കെ തന്നെയാണ് അതിന്‍റെ ഏറ്റവും വലിയ അനുഭവം. മാത്രമല്ല മഹാസാഗരത്തിന് എം.ടി യെ കുറിച്ച് സുധീഷ് ഉള്‍പ്പെടയുള്ളവരുടെ വളരെ വലിയ ഒരു റിസര്‍ച്ച് വര്‍ക്ക് നടന്നിട്ടുണ്ട്. എം.ടി യെ പരിശോധിക്കുക, എം.ടി യെ പഠിക്കുക, പിന്തുടരുക പോലെയുള്ള കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് വളരെ നല്ലൊരു എക്സ്പീരിയന്‍സ് തന്നെ യായിരിക്കും മഹാസാഗരം എന്നത് സംശയമില്ലാത്ത കാര്യമാണ്. മഹാസാഗരത്തിന്‍റെ ഓരോ സീന്‍സും ഇമേജറിയായിട്ടാണ് ചെയ്തിരിക്കുന്നത്. ഒരു കൃതിയുടെ മുഴുവന്‍ എസ്സന്‍സ് ആണ് ഒരു സീന്‍. അതെല്ലാം തന്നെ കമ്മ്യൂണിക്കേറ്റിവ് ആയി എന്നുള്ളതാണ് വലിയ സന്തോഷം.

അതുകൊണ്ടുതന്നെ ഈ മഹാസാഗരം എം.ടി എന്ന മഹാസാഗരത്തിനു മുന്നില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും കാണാവുന്ന ഒരു പ്രഭാതമായിട്ട്, ഒരൊറ്റ പ്രഭാതമായിട്ട് ഈ നാടകത്തെ കാണാം. അതിനാലൊക്കെ തന്നെ ഇത് ഒരു ആര്‍ക്കൈവ്സില്‍ സൂക്ഷിക്കപ്പെടേണ്ടുന്ന ആവശ്യകത ഉണ്ടെന്നുതന്നെയാണ് എന്‍റെയും വിശ്വാസം.

പ്രശസ്തിയ്ക്കും പണത്തിനും വേണ്ടി ആയിരുന്നില്ലേ മോഹന്‍ലാലിനെയും മുകേഷിനെയും വച്ച് ഛായാമുഖി എന്ന നാടകം ചെയ്തത് ?

അങ്ങനെ ഒരു ദുരുദ്ദേശമോ ഒന്നും ഇതിനു പിന്നിലില്ലായിരുന്നു എന്നുള്ളതാണ് സത്യം. എല്ലാം സംഭവിച്ചതാണ്. ഛായാമുഖി എന്ന വര്‍ക്ക് ആണ് ആദ്യം ഉണ്ടായത്. മോഹന്‍ലാലിന്‍റെ ഛായാമുഖി അല്ല. മോഹന്‍ലാല്‍ എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഈ നാടകത്തെക്കുറിച്ച് കേള്‍ക്കുന്നതെന്നാണ് എന്‍റെ വിശ്വാസം. 1996 ല്‍ പകുതി എഴുതിയ ഒരു കൃതിയായിരുന്നു ഛായാമുഖി. അവതരിപ്പിക്കാനുള്ള സംഘമോ സാമ്പത്തികചുറ്റുപാടോ ഇല്ലാതിരുന്നകാലത്ത് എന്‍റെ ജീവിത പരിസരത്തില്‍ ഉണ്ടായ ഒരുപാട് ഇന്‍സിഡന്‍സിന്‍റെ ഒരു ബഹിര്‍സ്ഫുരണമായിട്ടാണ് ഇതിന്‍റെ ആദ്യഘട്ടം രചന നടക്കുന്നത്. അതു കഴിഞ്ഞ് 2003 ലാണ് രചന പൂര്‍ത്തിയാകുന്നത്. പ്രകാശ് കലാകേന്ദ്രം ഇത് അവതരിപ്പിക്കാമെന്ന് സമ്മതിച്ചു വരികയും ചെലവെല്ലാം വഹിക്കാന്‍ തയ്യാറാവുകയും ചെയ്യുന്നതോടെയാണ് ഛായാമുഖി അരങ്ങില്‍ എത്തുന്നത്. അല്ലങ്കില്‍ ഇത് ലിഖിതപാഠമായി മാത്രം അവശേഷിക്കേണ്ടിയിരുന്ന ഒരു കൃതിയാണ്. അതിനെ പ്രാക്ടിക്കല്‍ ആക്കികൊണ്ടുവന്ന് രംഗവിന്യാസം നിര്‍മ്മിച്ച് പ്രേക്ഷകരുടെ മുന്നില്‍ എത്തിച്ചതാണ് ആദ്യഘട്ടം. ഇവിടെയൊന്നും പണം ഒരു പ്രശന്മല്ല. ഭാരതാന്തം എന്ന ആട്ടക്കഥ എഴുതുമ്പോഴുള്ള അതേ വികാരം തന്നെയാണ് ഛായാമുഖി
എഴുതുമ്പോഴുണ്ടായിരുന്നത്. ഇതെങ്ങനെയെങ്കിലും കളിക്കണം എന്ന ചിന്തയേ ഉണ്ടായിരുന്നുള്ളു. പിന്നെ നമ്മളിലെ കലാകാരനെ പുറത്തറിയിക്കണമെന്ന ഒരു വെമ്പലുണ്ടല്ലോ പലയിടത്തും തിരസ്കൃതനായിപ്പോയ ഒരാളെന്ന നിലയില്‍ അതൊരു അത്യാവശ്യ ഘടകം ആണ് എന്ന് മനസ്സില്‍ ഉണ്ടായിരുന്നു. അങ്ങനെ അത് പ്രകാശ് കലാകേന്ദ്രം 2005 ല്‍ സോപാനത്തില്‍ അവതരിപ്പിക്കുമ്പോഴാണ് മുകേഷ് ഇത് കാണുന്നത്. അങ്ങനെയാണ് മോഹന്‍ലാലിന്‍റെ ശ്രദ്ധയില്‍ വരുന്നത്. പിന്നീട് അവരത് ഏറ്റെടുക്കുകയാണ് ചെയ്തത്. അപ്പോഴും സാമ്പത്തികമായി ഒരു പേശലും ഞാന്‍ നടത്തിയിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. അങ്ങനെയൊരു സ്കൂളിലല്ല ഞാന്‍ വളര്‍ന്നത്. ധനത്തെക്കുറിച്ച് അച്ഛന്‍ പറഞ്ഞുതന്നിരുന്നത് ധനം ആവശ്യമേയില്ല എന്നരീതിയിലാണ് ഇന്നതില്‍ നിന്നൊക്കെ ഞാന്‍ വ്യത്യാസപ്പെട്ടിട്ടുണ്ട്. പണം അത്യാവശ്യമായ കാര്യമാണ് എന്നും അത് വിനിമയം ചെയ്ത് കൊണ്ട് ജീവിക്കുന്ന ഒരു സൊസെറ്റിയില്‍ അത് ആവശ്യമാണ് എന്നും ഇന്ന് ഞാന്‍ തിരിച്ചറിയുന്നു. പക്ഷേ അന്ന് അങ്ങനെയല്ല. മോഹന്‍ലാലിനെ പോലൊരാള്‍ മലയാള നാടക വേദിയില്‍ ഗൗരവസ്വഭാവമുള്ള ഒരു നാടകത്തില്‍ അഭിനയിക്കാന്‍ വരിക എന്ന് പറഞ്ഞാല്‍ അതില്‍ നിന്നുണ്ടാകാവുന്ന റിസള്‍ട്ട്, പിന്നെ മറ്റുപല കാര്യങ്ങള്‍ ഒക്കെ ഞാന്‍ ഓര്‍ത്തു. ഒന്ന്, തീയേറ്റര്‍ എന്ന് പറയുന്നതിനെക്കുറിച്ച് ഒട്ടും ആശാവഹമല്ലാത്ത ഒരു കാലത്തിലാണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. അതിന് ഒരു മാറ്റം വരണമെങ്കില്‍ ഒരു പബ്ലിക് അവയര്‍നെസ്സ് കൂടി ആവശ്യമാണ്. എത്ര ബുദ്ധിജീവിത്വം പറയുകയും എത്ര അഭിനയ ശാസ്ത്ര ശാഖകളെക്കുറിച്ച് പഠിച്ച് അവതരിപ്പിക്കുകയും ചെയ്താലും ആത്യന്തികമായി ഇതിനെ വിലയിടുന്നത് പൊതു സമൂഹമാണ്. ആ പൊതുസമൂഹത്തിനെ അവയര്‍ ആക്കേണ്ടത് ഗൗരവനാടകവേദിയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളുടെ ഉത്തരവാദിത്തമാണ്.

ചോദ്യത്തിന്‍റെ ഒറ്റവാക്കിലുള്ള ഉത്തരം ഇതാണ് ഒരിക്കലും പ്രശസ്തിക്ക് വേണ്ടി എഴുതിയ കൃതിയല്ല ഛായാമുഖി, ആത്മസമര്‍പ്പണമാണ്. അതിനെന്തോ ക്വാളിറ്റി ഉള്ളത് കൊണ്ട് അതിന്‍റെ രംഗസാധ്യതയും ഭാഷയും ഒക്കെ നിലവാരമുള്ളതായതുകൊണ്ട് അത് പ്രശസ്തമായി. മോഹന്‍ലാലിനെ പോലൊരു നടന്‍ ലോകത്തിലെ തന്നെ പത്ത് പേരെ എടുത്താല്‍ അതിലൊരാളായി വരുന്ന നടന്‍ അതിലിടപെടുമ്പോള്‍ സ്വാഭാവികമായും അത് മാധ്യമങ്ങളെല്ലാം ഏറ്റെടുക്കും. അങ്ങനെ സംഭവിച്ചതാണ്. വലിയ വില്‍പ്പന നടന്നിട്ടുണ്ട് ഈ നാടകത്തില്‍. അതിലെത്രയൊക്കെ ഞാനടക്കമുള്ള നാടക കലാകാരന്മാരുടെ കയ്യിലേക്ക് എത്തിയിട്ടുണ്ട് എന്ന് ചോദിച്ചാല്‍ ഇല്ലന്നു പറയാം. ഒരിക്കലും ധനമോഹമോ പേരിന് വേണ്ടിയുള്ള ഒരൊട്ടമോ ഒന്നും ഛായാമുഖിയുടെ കാര്യത്തില്‍ ഉണ്ടായിട്ടില്ല. അത് സ്വാഭാവികമായും ഒരു ഫലഭൂയിഷ്ഠമായ മരത്തില്‍ നിന്ന് സ്വമേധയാ പൊട്ടിത്തെറിച്ച് ദൂരെ വീണ് കിളിര്‍ത്ത മറ്റൊരു വലിയ മരത്തിന്‍റെ തൈ ആണ്. അപ്പോള്‍ അതില്‍നിന്നുണ്ടായ ഫലങ്ങളെല്ലാം സ്വാഭാവികമായും ഉണ്ടായി വന്ന
ഫലങ്ങളായി തീര്‍ന്നു.

നാടക ലോകത്തെ തലതൊട്ടപ്പന്‍ കാവാലം നാരായണപ്പണിക്കരുടെ വാത്സല്യം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായിട്ടുള്ള ആളാണല്ലോ താങ്കള്‍. അദ്ദേഹം എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട് ?

കാവാലം സാറിന്‍റെ ശൈലിയെ നിരാകരിക്കുന്നതാണ് എനിക്കിഷ്ടം. ആ ദര്‍ശനത്തിനെ സ്വീകരിച്ചുകൊണ്ട് ശൈലിയെ നിരാകരിക്കുന്നു. നിരാകരിക്കുന്നത് കാവാലത്തിന്‍റെ കണ്ടിന്യുഷേന്‍ ആകാന്‍ ഇഷ്ടമല്ലാത്തത് കൊണ്ടാണ്. അദ്ദേഹത്തിന്‍റെ കണ്ടിന്യുഷന്‍ ആവാന്‍ ആര്‍ക്കും പറ്റില്ല. ഞാന്‍ സാറിന്‍റെ നാടകങ്ങളുടെ സ്റ്റൈല്‍ ഓഫ് പ്രെസന്‍റ്റേഷനെ നിരാകരിച്ചുകൊണ്ട് ദര്‍ശനത്തിനെ സ്വീകരിക്കുന്നു, എല്ലാ ആദരവോടും കൂടിത്തന്നെ. അദ്ദേഹത്തിന്‍റെ ദര്‍ശനം ആണ് എന്നെ ആകര്‍ഷിച്ചത്. അദ്ദേഹത്തിനെ അനുകരിക്കാതിരിക്കാന്‍ എന്ത് ചെയ്യണം എന്നന്വേഷിച്ചു കൊണ്ടാണ് അദ്ദേഹത്തിന്‍റെ വര്‍ക്കുകളെ ഞാന്‍ നോക്കിക്കാണുന്നത്. ഒരു സര്‍ഗ്ഗാത്മക നൈസര്‍ഗ്ഗികതയെയും നമുക്ക് അനുകരിക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്‍റെ ചിന്താപദ്ധതികള്‍ എന്നെ സ്വാധിനിച്ചിട്ടുണ്ട്. അതായത് തീയേറ്ററിക്കല്‍ ആയ ടെക്സ്റ്റ് ആണ് എനിക്ക് സ്വാധീനം തോന്നിയിട്ടുള്ളത് പ്രാക്ടിക്കല്‍ സൈഡ് നോട് ഉണ്ടായിട്ടില്ല. സാറിന്‍റെ വളരെ സ്വകാര്യമായ ദുഃഖങ്ങള്‍ വരെ എന്നോട് പങ്കുവച്ച് ഭയങ്കരമായി എന്നെ ചേര്‍ത്ത് പിടിച്ചിട്ടുണ്ട് , തിരുത്തിയിട്ടുണ്ട്, വിമര്‍ശിച്ചിട്ടുണ്ട്. സുഖമില്ലാതെ ഇരിക്കുന്ന സമയത്തും ആരും വിസിറ്റ് ചെയ്യരുതെന്ന് കര്‍ശന നിര്‍ദ്ദേശം വച്ച സമയത്ത് നിര്‍ബന്ധമായി എന്നെ വിളിച്ചുവരുത്തുകപോലും ഉണ്ടായിട്ടുണ്ട്. എന്നെ കണ്ടയുടന്‍ ഓക്സിജന്‍ മാസ്ക് എടുത്ത്മാറ്റി എഴുനേറ്റു. ഞാന്‍ ചോദിച്ചു സാര്‍ എന്തിനാണു എഴുന്നേല്‍ക്കുന്നത് ? എനിക്ക് അതിശയം തോന്നി. അവിടെ വച്ചും നാടകത്തെ കുറിച്ച് തന്നെയാണ് എന്നോട് സംസാരിച്ചത്. അദ്ദേഹം എന്നില്‍ കാണിച്ചിരുന്ന വിശ്വാസത്തിന്‍റെയും വാത്സല്യത്തിന്‍റെയും ഏറ്റവും വലിയ സാക്ഷ്യമാണ് ‘തിരുവരങ്ങ്’ പോലെ അദ്ദേഹത്തിനെ അദ്ദേഹമാക്കിയ ആ ബാനര്‍ എന്നെ ഏല്‍പ്പിച്ചു തന്നു എന്നുള്ളത് . കാവാലം സാര്‍ ഒരിരുപതു കൊല്ലം കഴിഞ്ഞ് ഇതിലുമേറെ പ്രസക്തനാവുമെന്ന കാര്യത്തില്‍ സംശയമില്ല.

കൗമാരത്തിലെ അച്ഛനെ വേര്‍പെട്ടു, അച്ഛനോടൊപ്പമുണ്ടായിരുന്ന ബാല്യകാല അനുഭവങ്ങള്‍, വീട്ടിലെ അക്കാലത്തെ അന്തരീക്ഷം ഒക്കെ ഒന്ന് പങ്കു വയ്ക്കാമോ ?

പതിനഞ്ചാമത്തെ വയസ്സില്‍ അച്ഛനെ നഷ്ടപ്പെട്ടു. ആ പതിനഞ്ചു വര്‍ഷങ്ങള്‍ എന്ന് പറയുന്നത് പിന്നീട് ഞാന്‍ മറികടന്ന 30 വര്‍ഷങ്ങളേക്കാള്‍ സംഭവബഹുലമാണ് 45 വയസ്സുള്ള എന്‍റെ 15 വര്‍ഷക്കാലത്തെ വളര്‍ച്ച 200 അടി താഴേക്ക് വേരോടിയ ഒരു വൃക്ഷത്തിന്‍റെ ഒരു ശിഖരം മാത്രമാണ് പിന്നീടുള്ള 30 കൊല്ലം. അത്രമാത്രം അനുഭവ സമ്പന്നമാണ് അത്രത്തോളമത് ജ്ഞാന സമ്പുഷ്ടമാണ്. അച്ഛന്‍ എന്ന് പറയുന്നത് ഒരേ സമയത്ത് സുഹൃത്തും ഗുരുവുമായിരിക്കുന്ന ഒരാളായിരുന്നു. അച്ഛന്‍ സ്കൂളിലെ പാഠ്യ പദ്ധതികളെ നിരാകരിച്ചുകൊണ്ട് വീട്ടില്‍നിന്നുണ്ടാകേണ്ടുന്ന സംസ്കാരത്തെക്കുറിച്ച്, മാനുഷിക മൂല്യങ്ങളെക്കുറിച്ച് ബോധ്യമുണ്ടായിരുന്ന ആള്‍ ആയിരുന്നു. സംസ്കൃതത്തെ സ്നേഹിച്ചുകൊണ്ട് ഇംഗ്ലീഷ് വടിവൊത്ത അക്ഷരത്തില്‍ അച്ചടക്കമുള്ള രീതിയില്‍ കൈകാര്യം ചെയ്തുകൊണ്ട രുന്ന ആളായിരുന്നു അച്ഛന്‍. അടയാളപ്പെടാതെ പോയ ഒരു സാഹിത്യകാരനായിരുന്നതില്‍, വെള്ളായണി നാരായണന്‍ നായര്‍ എന്തായിരുന്നു എന്നത് അച്ഛന്‍ ജീവിച്ചിരിക്കെ പുറംലോകം അറിയാതെ പോയതില്‍ ഒക്കെ ഒരു ദുഃഖം ഇപ്പഴും ഉള്ളിലുണ്ട്. അച്ഛന്‍ കഥകളി സാഹിത്യത്തിലൂടെ ചെയ്തു വച്ചിരിക്കുന്ന കോണ്‍ട്രിബൂഷന്‍സിലേക്ക് ഇവിടുത്തെ പണ്ഡിതന്മാരുടെ കണ്ണെത്തിയിട്ടില്ല.

അച്ഛന്‍ എഴുതി വച്ചിരിക്കുന്ന ഇത്രയും സങ്കേതജടിലമായ കഥകളിക്കു വേണ്ടി ചെയ്തു വെച്ചിട്ടുള്ള കൃതികള്‍ അക്കാദമിക് തലത്തിലൊന്നും വിലയിരുത്തുന്ന നിലയിലേക്ക് അച്ഛനെ പ്രസന്‍റ ് ചെയ്യാന്‍ അതായത് സെല്‍ഫ് മാര്‍ക്കറ്റ് ചെയ്യാനുള്ള ഒരു മനഃശാസ്ത്രം, അച്ഛനിലില്ലായിരുന്നു. അച്ഛനും ഞാനും എന്ന പേരില്‍ ഒരു പുസ്തകം എഴുതാം അത്രമാത്രം സംഭവബഹുലമാണത്. അച്ഛന്‍റെ മകനായതില്‍ ഞാനഭിമാനിക്കുന്നു.

ജീവിതം എന്താകണം എന്നത് പോലെ തന്നെ നാടകം എന്താകണം? ഒന്ന് വിശദീകരിക്കാമോ?

എന്താകണം എന്നത് വിശദീകരിക്കുന്നതിനേക്കാള്‍ എന്താണ് എന്ന് അന്വേഷിക്കുന്നതല്ലേ നല്ലത്. ജീവിതം എന്താണ് എന്ന് അറിഞ്ഞു എന്ന ഭാവം തന്നെ നീതീകരിക്കാനാകാത്ത ന്യായീകരിക്കാനാകാത്ത ഒരു അവകാശവാദമായി പോകും. എന്താണെന്നറിഞ്ഞാല്‍ പിന്നെ എന്താണ് ജീവിതത്തിന്‍റെ ഒരു പോക്കിന് ആധാരമായിത്തീരേണ്ടത്. എന്താണ് എന്നറിയണം എന്ന ഭാവത്തോടെ വേണം ജീവിതത്തെ സമീപിക്കേണ്ടത് എന്ന് ഞാന്‍ ചിന്തിച്ചുറപ്പിച്ചിട്ടുണ്ട്. എന്താ
ണെന്നറിയേണ്ടതിന്‍റെ ഒരു തുടര്‍ക്രിയ പദ്ധതിയാണ് നാടകത്തിലും ഞാന്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഉറപ്പായും ജീവിതത്തിന്‍റെ ഒരു എക്സ്ടെന്‍ഷന്‍ പോലെ, ഒരു റിഫ്ളക്ഷന്‍ പോലെയാണ് അരങ്ങിലെ നാടകാവസ്ഥകളും ജീവിതമില്ലങ്കില്‍ നാടകമുണ്ടാവില്ല. ‘ലോകവൃത്താനുകരണം നാട്യം’ എന്ന നാട്യശാസ്ത്രവാക്യം തന്നെയാണ് അതിന് ലാഭം. ലോകവൃത്താന്വേഷണമാണ് നാടകങ്ങളിലൂടെ ഉണ്ടാകേണ്ടത്. എന്താണ് എന്ന് അറിഞ്ഞ ഭാവത്തിനേക്കാളേറെ എന്താണ് എന്നറിയണമെന്നുള്ള ഭാവം ആണ് എന്നെക്കൊണ്ട് നാടകമെഴുതിക്കുകയും ചെയ്യിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഒക്കെ ചെയ്തുകൊണ്ടിരിക്കുന്നത്. അതൊരു വിശദീകരിക്കത്തക്ക കാര്യമല്ല അന്വേഷണം എന്ന് പറയുന്നത് മരിക്കുന്നത് വരെയും അവസാനിക്കാത്ത ഒരു കാര്യമാണ്. മനുഷ്യന്‍ എത്രയോ നിസ്സാരനായ ആളാണ് മൊത്തം പ്രപഞ്ചത്തിനെ കുറിച്ചാലോചിക്കുമ്പോള്‍. എന്താണ് എന്നറിയണമെന്ന ഭാവത്തോടെ, വിനയത്തോടെ ജീവിതത്തെയും നാടകത്തേയും സമീപിച്ചാല്‍ നന്മ കണ്ടെത്താൻ കഴിയുന്ന ഒന്നായി തീരുമെന്നാണ് എന്‍റെ വിശ്വാസം.

ഹരിപ്പാട് സ്വദേശി. തിരുവനന്തപുരത്തു താമസം. മാധ്യമ പ്രവർത്തക, എഴുത്തുകാരി. പ്രശാന്ത് നാരായൺ കളം അഭിനയ വിദ്യാലയത്തിന്റെ കോ-ഫൗണ്ടറും കളം മാഗസിന്റെ എഡിറ്റർ ഇൻ ചീഫുമാണ്.