പോലീസ് ഡയറി-6 : മാനസാന്തരം വന്ന ഒരടി

പോലീസ് ജീവിതത്തിലെ രസകരമായ സംഭവങ്ങൾ ഓർത്തെടുക്കുന്നത് ഒരു നിയോഗം പോലെ, സമാന സംഭവങ്ങളുടെ അകമ്പടിയിൽ കുസൃതിയുടെ മേലെഴുത്തുമായി അവ മനസ്സിലേക്ക് കടന്നു വരുമ്പോഴാണ്. അത്തരമൊരു കുഞ്ഞു (സംഭവ)കഥ ഇതാ…

2006 നവംബർ മാസം. പാടിച്ചാലിൽ ഒരു വലിയ വോളിബോൾ ടൂർണമെന്റ് നടക്കുന്നു. എല്ലാ വർഷവും നടക്കുന്ന ആ ടൂർണമെന്റിന്റെ ഭാഗമാകുവാൻ അന്നത്തെ പെരിങ്ങോം എസ്ഐ ആയിരുന്ന എനിക്കും സാധിച്ചു. സന്ധ്യയോടെ തുടങ്ങുന്ന കളി പാതിരാത്രിയോടെയാണ് അവസാനിക്കുന്നത്. വോളിബോൾ ആത്മാവിന്റെ അംശമായതിനാൽ ടൂർണമെന്റ് ഡ്യൂട്ടി വളരെ സന്തോഷത്തോടെയാണ് ചെയ്തു വന്നത്.

ഒരു ദിവസം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോൾ എതിരെ വന്ന ഒരു ഓട്ടോ ഞങ്ങളുടെ ഭാഗ്യം കൊണ്ടും പോലീസ് ഡ്രൈവറുടെ മികവ് കൊണ്ടും മാത്രമാണ് ജീപ്പിൽ ഇടിച്ചുകയറാതിരുന്നത്. (ലവൻ നമ്മക്കിട്ട് പണി തരാൻ ഓട്ടി വന്നതാണോന്ന് ഒരു സംശം ഇല്ലാതില്ല…) റിക്ഷയുടെ പോക്കിൽ പന്തികേട് കണ്ട് ഞങ്ങൾ വണ്ടി തിരിച്ച് അതിന്റെ പുറകെ വച്ചുപിടിച്ചു.

ടൂർണമെന്റ് കഴിഞ്ഞുള്ള വാഹനത്തിരക്കിനിടയിലൂടെ കത്തിച്ചുവിട്ട വാണം പോലെ വളഞ്ഞുപുളഞ്ഞ് ‘എന്നാ എന്നെ ഒന്ന് പിടിക്കെടാ പുല്ലേ’ എന്ന മാതിരി നല്ല സ്പീഡിൽ ഓട്ടോ കുതിച്ചുപാഞ്ഞു. അവന്റെ വരവ് കണ്ടിട്ടോ, പുറകിലെ പോലീസ് വാഹനം കണ്ടിട്ടോ എന്തോ, മറ്റു വാഹനങ്ങൾ വേഗം വഴിമാറിക്കൊടുത്തുകൊണ്ടിരുന്നു. തൊട്ടു പിന്നിൽ ഉണ്ടായിരുന്ന ഞങ്ങൾ ഒരു ഗ്യാപ്പ് കിട്ടിയപ്പോൾ അതിനെ ഓവർടേക്ക് ചെയ്ത് ദൂരമിട്ട് വണ്ടിനിർത്തി. വേഗം ഞാനിറങ്ങി ഓട്ടോറിക്ഷയുടെ അടുത്തെത്തിയപ്പോൾ എന്നെ കണ്ട് ഓട്ടോ വലത്തോട്ട് വെട്ടിച്ച് മുന്നോട്ടെടുത്തു. മുൻ പിൻ ആലോചിക്കാതെ ഞാൻ ഓട്ടോറിക്ഷയുടെ സൈഡ് കമ്പിയിൽ ചാടിപ്പിടിച്ച് കാലുറപ്പിക്കാൻ പറ്റാതെ അതിൽ തൂങ്ങിക്കിടന്നു.

“നിർത്ത്ടാ…നിർത്ത്ടാ…” എന്ന് വിളിച്ചു കൂവിയെങ്കിലും അവൻ വണ്ടി നിർത്തിയില്ല. കാൽ നിലത്തുരയുന്നത് ഞാൻ പേടിയോടെ അറിഞ്ഞു . ജീവഭയത്താൽ രക്ഷപ്പെടാനായി ശരീരത്തിലെ ബലമെല്ലാം കൈകളിലേക്ക് ആവാഹിച്ച് ഞാൻ കമ്പിയിൽ അള്ളിപ്പിടിച്ചു കിടന്നു. ആ അര മിനിറ്റ്, ഉറ്റവരുടെ സങ്കടമുഖങ്ങൾ ഒരു ആന്തലായി അന്തരംഗത്തിൽ മിന്നിത്തെളിഞ്ഞു.

കഷ്ടപ്പെട്ട് ഒരു വിധത്തിൽ ഒരു ജിംനാസ്റ്റിനെപ്പോലെ ബാലൻസ് നേരെയാക്കിനിന്ന്, അവന്റെ കോളറിന് പിടിച്ച് ശക്തമായി വലിച്ചു. പെട്ടെന്ന് അവൻ ഓട്ടോറിക്ഷ റോഡിന് നടുക്ക്‌ നിർത്തി. ഞാൻ വണ്ടിയിൽ നിന്ന് ചാടിയിറങ്ങി അവന്റെ മുഖമടച്ച് ഒന്നു കൊടുത്തു.

അപ്രതീക്ഷിതമായത് കിട്ടിയപ്പോഴാവാം അവന്റെ സുബോധത്തിന്റെ സൂചി അർദ്ധബോധാവസ്ഥയിൽ നിന്നും ബോധത്തിലേക്ക് കറങ്ങി വിറയലോടെ നിന്നത്. അപകടം മണത്ത അവൻ, പൊടുന്നനെ വലതുവശത്തെ ഇരുളിലേക്ക് ഊളിയിട്ടു.

പുറകെ വന്ന പോലീസ് ജീപ്പിന്റെ ഡ്രൈവർ ഓട്ടോ സ്റ്റേഷനിൽ കൊണ്ടുപോയി ഇട്ടു. സ്റ്റേഷനിലെത്തി നോക്കിയപ്പോഴാണ് ഷൂ ഉരഞ്ഞു കീറിയതായി കാണുന്നത്.

പിറ്റേന്ന് രാവിലെ തന്നെ, ഓട്ടോ വിട്ടുകിട്ടാൻ സ്ഥലത്തെ ‘പ്രമുഖർ’ എത്തി. കൈയ്യോടെ ആളെ കിട്ടാത്തതിനാൽ 185 (of MV Act — മദ്യപിച്ച് വാഹനമോടിക്കൽ) പറ്റില്ല. രേഖകൾ നോക്കിയപ്പോൾ എല്ലാം ശരി.

“ഡ്രൈവറെവിടെ?” ഞാൻ ചോദിച്ചു.

“അമ്പലത്തിൽ പോയി” മറുപടി.

ലൈസൻസ് ചോദിച്ചപ്പോൾ ആരുടെയോ ഒരെണ്ണം എടുത്തു കാണിച്ചത് ഞാൻ വിശദമായി നോക്കിയില്ല.

കേസെടുത്ത് വണ്ടി കോടതിയിൽ ഹാജരാക്കുമെന്ന് ഞാൻ ചുമ്മാ വാശി പിടിച്ചു. കേസ് ഇല്ലെങ്കിൽ ഫൈൻ എത്ര വേണമെങ്കിലും അടക്കാമെന്ന് അവർ കെഞ്ചി.

അവസാനം, “അശ്രദ്ധഡ്രൈവിംഗ്”ന് ആയിരം രൂപ ഫൈനാക്കി വണ്ടി വിട്ടുകൊടുക്കാമെന്ന് സമ്മതിച്ചു. ഡ്രൈവർ വരില്ലെന്നറിയാം, പക്ഷേ ആർ സി ഉടമയും വരുന്നില്ല. ഡ്രൈവർക്കോ ആർ സി ഉടമക്കോ അല്ലാതെ വിട്ടു കൊടുക്കാൻ പറ്റില്ലല്ലോ.

പല ഒഴികഴിവുകൾ പറഞ്ഞെങ്കിലും അവസാനം അവർ ആർസി ഓണറെ വിളിച്ചുവരുത്തി. കറുത്ത ഷർട്ടും കറുത്ത മുണ്ടും ധരിച്ച്, തോളിൽ കറുത്ത തോർത്തും ചുറ്റി, നെറ്റിയിൽ വീതിയേറിയ ചന്ദനക്കുറിയും ചാർത്തി, ഷേവ് ചെയ്ത മുഖവുമായി ഒരു പാവം സ്വാമി. ശ്രദ്ധിച്ചു നോക്കുമ്പോൾ ഇന്നലെ ഓട്ടോ ഓടിച്ചിരുന്ന പയ്യൻ ആണോന്നൊരു സംശയം. ലൈസൻസിലെ ഫോട്ടോയോട് ഒരു സാമ്യവും.

“ഇന്നലെ രാത്രി ഓട്ടോ ഓടിച്ചത് നീയാണല്ലേ?”

ഞാൻ ചോദിച്ചു.

“അതെ”

എന്റെ സംശയം തെറ്റിയില്ല, അവൻ തന്നെ, നമ്മടെ ആള്…

പെട്ടെന്ന് ഞാനൊരു നമ്പറിട്ടു.

അവന്റെ തോളത്ത് കൈയ്യിട്ടു കൊണ്ട് ഞാൻ പറഞ്ഞു, “എന്നാപ്പിന്നെ മോൻ സെല്ലിനകത്തേയ്ക്ക് കേറിക്കോ, എന്നെ വണ്ടിയിടിച്ച് കൊല്ലാൻ ശ്രമിച്ചതിന് ഞാൻ കേസെടുത്തിട്ടുണ്ട് “

പയ്യൻ ഞെട്ടിയത്, തോളത്തിരുന്ന കൈയ്യിലൂടെ ഒരു പ്രകമ്പനമായി ഞാൻ അറിഞ്ഞു. അവന്റെ മുഖഭാവം മാറി, ഒരു കരച്ചിൽ വന്ന് ഉള്ളിലെവിടെയോ തിക്കുമുട്ടി നിന്നു. അവനെ വിളിച്ചു വരുത്തിയവർ ഷോക്കേറ്റ പോലെ സ്തബ്ധരായി…

അവനെ സെല്ലിനകത്തു കയറ്റാതെ പുറത്തെ ബെഞ്ചിൽ ഇരുത്തി, നോക്കാൻ പാറാവിനെ ഏൽപ്പിച്ചു. ആർക്കും മുഖം കൊടുക്കാതെ ഗൗരവം നടിച്ച് ഉള്ളിലൂറിയ ചിരിയുമായി ഞാനെന്റെ കാബിനിൽ പോയി ഇരുന്നു.

അല്പം കഴിഞ്ഞപ്പോൾ അവന്റെ അച്ഛൻ വന്നു. അദ്ദേഹത്തെ കണ്ടതോടെ എന്റെ വാശിയത്രയും അലിഞ്ഞു പോയി. ഇതുപോലെ, മടിയിൽ വെക്കാൻ പറ്റാത്തത്രയും ഒരെണ്ണത്തെ പടച്ച് വലുതാക്കിയതിന്റെ വേവലാതിയുമായി പ്രാരാബ്ദങ്ങളുടെ ഒരു നേർരൂപം. നൈരാശ്യം ബാധിച്ച മുഖവും കുഴിയിലാണ്ടുപോയ കണ്ണുകളും മെലിഞ്ഞുവളഞ്ഞ ശരീരവും.

ചെക്കന് കുടിയും അലമ്പും ഇത്തിരി കൂടുതലായതിനാൽ ശബരിമലയ്ക്ക് പോകാൻ നേർന്ന് നിർബന്ധിക്കുന്നുണ്ടായിരുന്നത്രെ. ഇന്ന് രാവിലെ അപ്രതീക്ഷിതമായി മാലയിടുകയായിരുന്നു. ജയിലിൽ പോയാൽ ശബരിമല ദർശനം…??? അയാൾ ആകെ സങ്കടത്തിലായിരുന്നു.

പയ്യനെ വിളിച്ച് ഞാൻ സംസാരിച്ചു, എന്താ സംഭവിച്ചതെന്ന്.
കൂട്ട് ഇത്തിരി വഷളായതാണ്. ഇന്നലെ രാത്രി പയ്യന്നൂർ ഓട്ടം പോയി, കൂട്ടുകാരന്റെ വീട്ടിൽ ‘കുടികൂടലി’ന് ശേഷമാണ് വന്നത്. കുടി, കൂടിപ്പോയതിനാൽ പോലീസിനെ കണ്ട് പേടിച്ചു പോയത്രേ, വീട്ടിൽ പറയാനും പറ്റില്ല. വെളുപ്പിന് എഴുന്നേറ്റ് കുളിച്ച് കുട്ടപ്പനായി അമ്പലത്തിൽ പോയി മുദ്ര ധരിച്ചു വന്നിരിക്കുകയാണ്.

“എന്താണ് പെട്ടെന്നൊരു മാനസാന്തരം?”

“അത് സാറിനെ പേടിച്ച് തന്നെയാ, ഇനി ഒരിക്കലും കള്ളുകുടിക്കില്ല സാറേ…”

“എന്നാ, നീയൊരു കാര്യം ചെയ്യ്. ഇപ്രാവശ്യത്തെ മണ്ഡലകാലത്തോ മകരവിളക്കിനോ പോകണ്ട. അടുത്ത വിഷുവിന് മലയ്ക്ക് പോയിട്ട് വന്ന് ഓട്ടോറിക്ഷ കൊണ്ടുപോയാ മതി. കേസും ഒഴിവാക്കാം ഫൈനും അടയ്ക്കേണ്ട”

ഞാൻ തീർപ്പ്‌ കൽപ്പിച്ചു.

അവസാനം ‘പ്രമുഖരുടെ’ സാന്നിധ്യത്തിൽ ലവനെ ഒന്നു കൂടി പേടിപ്പിച്ച് ഒത്തുതീർപ്പാക്കി. കക്ഷി, മകരവിളക്കിന് മാത്രേ പോകൂ എന്ന് ഉറപ്പു പറഞ്ഞ്, ഫൈനും അടച്ച്, ഓട്ടോറിക്ഷയും എടുത്ത് വൈകുന്നേരത്തോടെയാണ് സ്റ്റേഷനിൽനിന്നും വിട്ട്പോയത്.

(ദോഷം പറയരുതല്ലോ, മകരവിളക്കിന് ശേഷം എനിക്ക് ഏറെ ഇഷ്ടമായ അയ്യന്റെ പ്രസാദം, അരവണ അവൻ സ്റ്റേഷനിൽ കൊണ്ടുവന്ന് തന്നിരുന്നു)

അഞ്ചാറു മാസത്തിനുശേഷം, ഒത്തുതീർപ്പാക്കിയ നാട്ടുപ്രമാണിയെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു

“അവൻ കുടി നിർത്തി സാറേ, നല്ലൊരു ചികിത്സയായിരുന്നു അത്”.

ഒരൊറ്റ അടി,
ഒരു ചെറിയ നമ്പരും…
അവന് ഒത്തിരി സന്തോഷം.
അവന്റെ കുടുംബത്തിന് അതിലും സന്തോഷം.
ഷൂ പോയില്ലായിരുന്നെങ്കിൽ എനിക്കും ബഹുസന്തോഷം. (എന്റെ 700 രൂപ ആവിയായി…)

പക്ഷേ, ഇന്നെങ്ങാനുമായിരുന്നെങ്കിൽ എനിക്ക് പകരം ബ്ലോഗർമാരും വ്ലോഗർമാരും മൊബൈൽഫോൺ കയ്യിലുള്ള നിങ്ങ എല്ലാരും ഒത്തിരി സന്തോഷിച്ചേനെ …

കാസർഗോഡ് സ്വദേശി. കേരള പോലീസിൽ നർക്കോട്ടിക് സെൽ ഡി വൈ എസ് പി. സമൂഹ മാധ്യമങ്ങളിൽ എഴുതുന്നു .