എവിടെനിന്നൊക്കെയാണ് അവർ ഞങ്ങളുടെ അരികിലേക്ക് എത്തിയത്.
വടിയും പത്തലുകളുമായി ഒരു കൂട്ടം ഞങ്ങളെ വളഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആ വീടുകളുടെ ഇരുളിൽ പതിയിരുന്നവർ നരഭോജികളെപ്പോലെ അക്രോശിച്ച് ഞങ്ങൾക്ക് മുമ്പിൽ ഉറഞ്ഞ് തുള്ളി. ആണും പെണ്ണും വൃദ്ധരും കുട്ടികളും എല്ലാം ചേർന്ന് അവർ ഞങ്ങളെ പച്ചക്ക് തിന്നുമോ എന്ന് തോന്നിപ്പിച്ചു.
ഞങ്ങൾ പോലീസാണ്, നൂർജമാലിനെ അന്വേഷിച്ചു വന്നതാണ് എന്ന് പറഞ്ഞ് തീരും മുമ്പെ മുഖത്ത് അടിയേറ്റു. മരത്തണലിലെ കട്ടിലിലേക്ക് അവർ ഞങ്ങളെ എറിഞ്ഞിടുകയായിരുന്നു. അവിടെ നിന്ന് എഴുന്നേൽക്കുവാൻ അവർ സമ്മതിച്ചില്ല. അവരെല്ലാം ചേർന്ന് ഞങ്ങളെ തല്ലിക്കൊല്ലുമെന്ന് തോന്നി. ഏറെനേരം ആ കിടപ്പ് തുടർന്നു. അക്രോശങ്ങളുമായി അവർ കട്ടിലുകൾക്ക് ചുറ്റും ഉറഞ്ഞ് തുള്ളി.
ആളുകൾ ചുറ്റും കൂടിനിന്ന് ബഹളം വെക്കുന്നതേയുള്ളു. അക്രമിക്കാനൊന്നും പിന്നെ മുതിർന്നില്ല. ഞങ്ങൾ പതിയെ എഴുന്നേറ്റിരുന്നു.
ആളുകൾ പിന്നെയും വന്നുകൊണ്ടിരുന്നു. ബൈക്കുകളിലും മറ്റുമായി രണ്ടും മൂന്നും പേർ വീതം നൂറുനൂറു ചോദ്യങ്ങളുമായി അവർ ഞങ്ങൾക്ക് ചുറ്റും നിന്ന് ബഹളം വെച്ചു. ആ ബഹളത്തിൽ അറിയാവുന്ന ഹിന്ദി വാക്കുകളെല്ലാം ഞാൻ മറന്നുപോയി. ഞങ്ങൾ ഒരു വലിയ കെണിയിൽ പെട്ടതു പോലെയായി. വലിയ ഒരാപത്തിൽ ഇങ്ങനെയൊന്നും പ്രതീക്ഷിച്ചില്ല.
രക്ഷപെടുവാൻ വഴിയില്ല. രക്ഷിക്കുവാൻ ആരുമില്ല. യൂണിഫോമിൽ പോലുമല്ല. തങ്ങൾ ഇവിടേക്ക് എത്തിയതായി ആർക്കും അറിയുകപോലും ഇല്ല. വിശപ്പും ദാഹവും ഭയവും ഞങ്ങളെ വിഴുങ്ങിക്കഴിഞ്ഞു.
ഇവർ കള്ളന്മാരോ നക്സലൈറ്റ്സോ? തങ്ങളെ ബന്ദികളാക്കിയതാണോ?
കൈയിലുള്ളതെല്ലാം കൊടുക്കാമെന്ന് പറഞ്ഞ് ഹരീഷ് കൈകൂപ്പി കരയാൻ തുടങ്ങി. വിനു അടികൊണ്ട് ചുവന്ന മുഖത്ത് തടവി തല കുമ്പിട്ട് അരികിലിരുന്ന വിത്സനെ ക്രൂരമായി നോക്കി.
നൂർജമാലിനെ അക്കൂട്ടത്തിലെങ്ങും കണ്ടില്ല. അവൻ ഈ കള്ളന്മാരുടെ ഗ്രാമത്തിൽ മറഞ്ഞിരിക്കയാവും. അവൻ എവിടെയെങ്കിലും പോകട്ടെ. ഇവിടെ നിന്ന് ഒന്ന് രക്ഷപെട്ടാൽ മതിയായിരുന്നു. വലിയ തലപ്പാവിന് താഴെ വട്ടക്കണ്ണുകളും നീണ്ട മൂക്കും വലിയ മീശയും പരുക്കൻ മുഖഭാവങ്ങളുമുള്ള മനുഷ്യർ ഞങ്ങൾക്ക് ചുറ്റും വിറപൂണ്ട് നടന്നു. ഞങ്ങളെ വിടാനുള്ള അപേക്ഷയോ യാചനയോ ഒന്നും അവരുടെ കാതുകളിൽ സ്പർശിക്കുന്നതേയില്ല എന്ന് തോന്നി.
വയലുകളിലെ വെയിൽ മങ്ങിത്തുടങ്ങി. പേടിപ്പെടുത്തിക്കൊണ്ട് രാത്രിയും വരികയാണ്. കരണ്ടും വെളിച്ചവുമൊന്നുമില്ല. തൊട്ടടുത്ത കട്ടിലിൽ ഇരിപ്പുറപ്പിച്ചവർ മുന്നിലെ ഹുക്കയിൽ നിന്ന് മാറിമാറി പുകയൂതി നിറയക്കുകയാണ്. വീടിൻ്റെ ഭിത്തിയിൽ കുത്തിവെച്ച തീപ്പന്തങ്ങൾ കത്തിച്ച് അതിൻ്റെ ചുവട്ടിലെ അടുപ്പിൽ സ്ത്രീകൾ വട്ടം കൂടിയിരുന്ന് കലപില കൂട്ടി റൊട്ടി ചുട്ടെടുക്കുന്നു. ഞങ്ങൾക്ക് ചുറ്റിലും ഓടിക്കളിക്കുന്ന കുട്ടികൾ ഇടയ്ക്കിടെ ഞങ്ങളെ തോണ്ടിയും പിച്ചിയും അസ്വസ്ഥരാക്കിക്കൊണ്ടിരുന്നു.
എത്ര നേരമായി അവിടെ അങ്ങനെ ഇരിക്കുന്നു! മുന്നിലെ ചാമ്പ് പൈപ്പിൽ നിന്ന് ഉപ്പും തുരുമ്പും ഇറ്റുവീണ കലങ്ങിയ വെള്ളം കുടിച്ച് രക്ഷപ്പെടുവാനുള്ള വഴികളാലോചിച്ച് ഞങ്ങളിരുന്നു. കവടിപ്പാത്രത്തിൽ തന്ന റൊട്ടിയും പരിപ്പുകറിയും രുചിയോടെ ഞങ്ങൾ കഴിച്ചു. അതിൻ്റെ വൃത്തികേടുകളോ അരുചിയോ ഒന്നും ഞങ്ങളുടെ വിശപ്പിനും ദാഹത്തിനും മേലെയായിരുന്നില്ല.
പണം വേണം. തന്നാൽ വിടാം. അവർ ആവശ്യവുമായി വന്നത് രാത്രിയിലാണ്. പണം കിട്ടിയില്ലെങ്കിൽ നാളെ കാട്ടിലേക്ക് കൊണ്ടു പോകും. നിങ്ങളെ കഠിനമായി ഉപദ്രവിക്കും. അവരുടെ വാക്കുകളിൽ ദയയില്ലായിരുന്നു. അതവർ ചെയ്യുമെന്ന് ഉറപ്പുമുണ്ടായിരുന്നു.
എത്ര എത്ര രൂപ?
മൂന്ന് ലക്ഷം!
മൂന്ന് ലക്ഷമോ? ഞങ്ങൾ വാപിളർന്ന് ഇരുന്നു പോയി.
ഉറക്കം ഞങ്ങളെ വിട്ടകന്നിരുന്നു. തീപ്പന്തങ്ങളുടെ അരണ്ട വെളിച്ചത്തിൽ നടുങ്ങിത്തരിച്ച് ഞങ്ങളിരുന്നു. ഹുക്കകളിലെ പുകയൂതിപ്പടർത്തി ഞങ്ങളെ ചുറ്റി കാവലിരിക്കുന്നവർ അവരുടെ സാന്നിദ്ധ്യം അറിയിച്ചു കൊണ്ടേയിരുന്നു.
ഇടയ്ക്കൊക്കെ വർത്തമാനങ്ങളുമായി അരികിലെത്തിയവരോട് പോലീസുകാരായ ഞങ്ങളെ പിടിച്ചു വെച്ചാൽ നിങ്ങൾക്ക് പണം ഒന്നും ആരും തരില്ല, ഞങ്ങളെ വിട്ടയക്കണം എന്നൊക്കെ പറഞ്ഞ് നോക്കി. അതൊന്നും അരികിൽ നിൽക്കുന്ന കാലികളെപ്പോലെ അവരും ശ്രദ്ധിച്ചില്ല.
ഇനി എന്ത് എന്ന് തിട്ടമില്ലാതെ ഇരുളിൽ ഞങ്ങൾക്ക് ചുറ്റും ചലിക്കുന്ന നിഴലുകളെ നോക്കി ഞങ്ങളിരുന്നു. ദാരിദ്ര്യം ഉറങ്ങുന്ന വീടുകൾക്കുള്ളിൽ കത്തിനിന്ന വിളക്കുകൾ ഇപ്പോൾ കാണാനില്ല. ഇരുളിൽ പരന്ന് കിടക്കുന്ന വയലിന് മീതെ ആയിരം നക്ഷത്രങ്ങൾ തിളങ്ങുന്ന ആകാശം ഈ രാത്രി കഴിയുമ്പോൾ ഞങ്ങളുടെ വിധി എന്താവും?
ഈ യാത്ര തന്നെ ദുർവ്വിധിയാണ്. യാതനകൾ കൂടൊഴിഞ്ഞ് ഒന്നൊന്നായി കൂടെക്കൂടിയിരിക്കയാണ്. ആർത്തിപൂണ്ട മനസുമായി ഡൽഹിയുടെ കാഴ്ച തേടി ഇറങ്ങിയതാണ്. വേണ്ടായിരുന്നു! സുന്ദരമായ നമ്മുടെ മണ്ണിനപ്പുറം മനോഹരമായ മറ്റ് കാഴ്ചകളില്ല. വയലുകൾ കടന്നെത്തിയ തണുത്ത കാറ്റ് ചണച്ചാക്കുകൾ വിരിച്ച കട്ടിലിൽ കിടക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു. ശരീരവും മനസും ക്ഷീണിച്ച് ഞങ്ങൾക്ക് അത് ഉറക്കമായി മാറാൻ അധിക സമയമെടുത്തില്ല.
ആത്മാവ് നഷ്ടപ്പെട്ട വലിയ ഉറക്കത്തിന് മേൽ വെളിച്ചം വന്ന് നിറഞ്ഞു. ചുറ്റിലും നിറയുന്ന വലിയ വർത്തമാനങ്ങൾ! നേരം നന്നെ വെളുത്തിരിക്കുന്നു. എന്തുകൊണ്ടോ ഞങ്ങളെ അവർ ഉണർത്തിയില്ല. അവിടവിടെ കുറച്ചുപേർ കൂട്ടംകൂടി നിൽക്കുന്നുണ്ട്. ബൈക്കുകളിൽ മൂന്നുനാല് പേർ വന്ന് അവരോട് എന്തോ പറഞ്ഞു പോയി. ചാമ്പ് പൈപ്പിൽ മുഖം കഴുകി ഇനിയെന്ത് എന്ന ഭാവത്തിൽ ഞങ്ങൾ നിന്നു. അടുപ്പിൽ റൊട്ടിയുണ്ടാക്കിക്കൊണ്ടിരുന്ന സ്ത്രീകൾ മധുരമില്ലാത്ത ചായ കൊണ്ടുവന്ന് തന്നു.
ഞങ്ങളെ ഞെട്ടിച്ചു കൊണ്ടാണ് അയാൾ ബൈക്ക് ഓടിച്ച് അരികിലേക്ക് വന്നത്. അയാൾ അണിഞ്ഞിരുന്ന കാക്കി യൂണിഫോം ഞങ്ങളുടെ സ്വപ്നങ്ങൾക്കും മേലെയായിരുന്നു. വെളള വീശിയ ആകാശത്ത് നിന്ന് പൊട്ടി വീണതു പോലെ ഒരു പോലീസുകാരൻ! രാംഗോപാൽ ബീറ്റ് ഓഫീസർ, നാട്ടുകാരൻ! ഇന്നലെ ഞങ്ങളെ വിട്ടിട്ടുപോയ ട്രാക്ടർ ഡ്രൈവർ പറഞ്ഞറിഞ്ഞ് വന്നതാണ്. ഞങ്ങളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. എന്തിനും മടിക്കാത്ത ഇവരുടെ ഇടയിലേക്ക് സ്റ്റേഷനിലറിയിക്കാതെ വന്നതിന് കുറ്റപ്പെടുത്തി.
ഇവിടെ പോലീസ് ഒരു കാര്യത്തിനും വരാറില്ല എന്നു പറഞ്ഞു. രാംഗോപാൽ അവരുമായി ഏറെനേരം സംസാരിച്ചു. നിനച്ചിരിക്കാതെ വില പേശാതെ, പണം കൊടുക്കാതെ ഞങ്ങൾ മോചിതരായി. തിരികെ ഒരു ട്രാക്ടറിൽ മടങ്ങുമ്പോൾ ഒരു കരുതലിനെന്നോളം രാംഗോപാലിനെയും കൂടെ കൂട്ടിയിരുന്നു. നൂർജമാൽ അവിടെ ഇല്ല എന്നയാൾ അറിയിച്ചു. അവൻ ഡൽഹിയിലുണ്ടാവും. അവനെ കണ്ടുപിടിക്കാൻ ഡൽഹി ക്യു ബ്രാഞ്ചിൻ്റെ സഹായം തേട്!
ടാക്ടറിൽ നിന്നിറങ്ങി ഡൽഹിയിലേക്ക് ബസ് കയറുമ്പോൾ രാംഗോപാലിന് 2000 രൂപ വണ്ടിക്കൂലിയായി കൊടുത്തു. പകരം അയാൾ ഡൽഹി ക്യൂ ബ്രാഞ്ചിലെ സുഹൃത്ത് ഹിമാൻഷുവിൻ്റെ നമ്പർ തന്നു. താൻ അവനെ വിളിച്ചു പറയാമെന്നും പറഞ്ഞു.
ഡൽഹി ക്യൂ ബ്രാഞ്ചിലെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിലെ പോലീസ് ഓഫീസർ ഹിമാൻഷു തൻ്റെ മൊബൈലിലെ നൂർ ജമാലിൻ്റെ വിവിധ ചിത്രങ്ങൾ ഞങ്ങളെ കാണിച്ചുകൊണ്ട് ആ കഥ പറഞ്ഞു. ആ ചിത്രങ്ങൾ കണ്ട് ഞങ്ങൾ ആശ്ചര്യപ്പെട്ടു. ഞങ്ങൾക്ക് പരിചയമുള്ള ഞങ്ങളോടൊപ്പമുണ്ടായിരുന്ന ഞങ്ങളിൽ നിന്ന് രക്ഷപ്പെട്ട നൂർജമാൽ ആയിരുന്നില്ല അത്.
കൈകാലുകളിൽ ചങ്ങലപ്പൂട്ടിൽ ബന്ധിക്കപ്പെട്ട് ആയുധങ്ങളേന്തിയ പോലീസിന് നടുവിൽ ഒരു ഭീകരനെപ്പോലെ അയാൾ!
മഞ്ഞുവീണ് തണുത്ത ഒരു രാത്രിയിൽ ദ്വാരകയിലെ പോചൻപൂർ ഗ്രാമത്തിലെ ആ ഇരുനില വീട്ടിലേക്ക് വഴികളെല്ലാം അടച്ച് ഇരുളിൻ്റെ മറപറ്റി ജ്വല്ലറി കവർച്ചാകേസിലെ പ്രതികളെത്തേടി പതിയെ പതിയെ പോലിസ് എത്തുമ്പോൾ അകത്ത് വലിയ ആഘോഷം നടക്കുകയായിരുന്നു. ഡൽഹിയിലെ ഗുണ്ടാ ഭീകരൻ ഇരട്ടക്കൊലപാതകക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന ഹരിയാനയിൽ നിന്നുമുള്ള സണ്ണി നന്തി കഴുത്തിൽ വലിയ പൂമാലകൾ അണിഞ്ഞ് അവിടെ ഒരു കസേരയിൽ ഇരുന്നിരുന്നു. സണ്ണി നന്തിക്ക് ജാമ്യം കിട്ടിയത് ആഘോഷിക്കുകയാണ്. മദ്യപിച്ചും ഹുക്കകളിൽ പുകയൂതിയും മറ്റ് ലഹരികൾ നുണഞ്ഞും ഭക്ഷണങ്ങളുടെ കൂമ്പാരമൊരുക്കിയും ചുറ്റും കൂടിയ നജഫ്ഗഡിലെ കുപ്രസിദ്ധമായ നവീൻ ഖട്ടി സംഘത്തിലെ 40 ഓളം അംഗങ്ങൾ!
പോലീസ് അപ്രതീക്ഷിതമായി മുറിയിലേക്ക് എത്തിയപ്പോൾ എല്ലാവരും മദ്യലഹരിയിലായിരുന്നു. കൈയിൽ തോക്കും മറ്റ് ആയുധങ്ങൾ ഉണ്ടായിട്ടും അവർക്ക് എതിർക്കാൻ കഴിഞ്ഞില്ല. പക്ഷെ ജ്വല്ലറി കവർച്ച കേസിലെ മൂന്ന് പേരും പോലീസിന് നേരെ തിരിഞ്ഞിരുന്നു. നൂർജമാൽ, ജംഗ്ലി പണ്ഡിറ്റ്, ലക്ഷയ് അതായിരുന്നു മൂന്നുപേർ! മൂവരും ഇരുളിലേക്ക് മറയും മുമ്പേ ഇൻസ്പെക്ടർ കൗഷിക്കിനേയും പോലീസുകാരൻ രത്തൻ ലാലിനെയും നൂർജമാൽ വെടിവെച്ച് വീഴ്ത്തിയിരുന്നു. അവർ ഇരുവരും ആ നിമിഷങ്ങളിൽ തന്നെ മരണപ്പെട്ടു.
കവർച്ചക്കാരും പോലീസും തമ്മിൽ വലിയ ഏറ്റുമുട്ടലായി. നൂർജമാലിൻ്റെ കൂട്ടാളി ലക്ഷയ് പോലീസിൻ്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. നൂർജമാലും കൂട്ടാളി ജംഗ്ലീ പണ്ഡിറ്റും പിടിക്കപ്പെട്ടു.
കണ്ടാൽ സൗമ്യനെന്ന് തോന്നുന്ന നൂർജമാലിൻ്റെ കഥകൾ ഏറെയുണ്ടെന്ന് ഹിമാൻഷു പറഞ്ഞു. ഡൽഹിയിലെ ജ്വല്ലറി കവർച്ച കേസിൻ്റെ മുഖ്യ ആസൂത്രകനാണ് നൂർജമാൽ. ആരെയും അക്രമിക്കുന്ന സ്വഭാവക്കാരൻ! കൊലപാതകങ്ങൾ ഉൾപ്പടെ 28 ക്രിമിനൽ കേസിലെ പ്രതി! എപ്പോഴും തോക്കുമായി നടക്കുന്ന ആൾ! ഗുണ്ടകൾക്കിടയിലെ ഭീകരൻ 3 മാസം മുമ്പ് ജയിലിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയ ആൾ!
ആ നൂർജമാലിനെയാണ് സാധാരണ കേസിലെ സാധാരണ പ്രതിയെന്നപോൽ ഞങ്ങൾ കൊണ്ട് നടന്നത്. അവനെ മനസിലാക്കുന്നതിൽ പിഴവ് പറ്റി. വലിയ പിഴവ്! നിങ്ങൾ ഡൽഹിയിൽ തങ്ങൂ! അവനെ നമുക്ക് പിടിക്കാം. മുറിയിൽ നിന്ന് പോകുന്നതിന് മുമ്പ് ഹിമാൻഷു ഉറപ്പിച്ചു പറഞ്ഞു.
തലേരാത്രിയും പകലും നൽകിയ ആധിയും നഷ്ടമായ ഉറക്കവും യാത്രയുടെ ക്ഷീണവും നൂർജമാലെന്ന ഭീകരനും എന്നെ അവശനാക്കിയിരുന്നു. ഹരീഷും വിനുവും വിത്സനും അവരുടെ മുറിയിലേക്ക് പോയി. ഞാൻ ഉറക്കത്തിലേക്കും.
കതകിൽ തട്ടുന്ന ശബ്ദം കേട്ടാണ് ഞാനുണർന്നത്. നേരം നന്നായി വെളുത്തിരിക്കുന്നു. ഞാൻ കതക് തുറന്നു. വിനുവാണ് മുന്നിൽ.
എന്തേ ?
ഹരീഷിനെ കാണാനില്ല.
എന്താ ……?
ഹരീഷിനെ കാണാനില്ല !!!