പകലിൻ്റെ ‘തെളിച്ചം കണ്ണുകളിലേക്കടിച്ചു .. എവിടെയാണ് …
നിറഞ്ഞ് കിടക്കുന്ന പാടങ്ങൾക്ക് നടുവിലുടെ ട്രെയിൻ താളമിട്ട് പോകയാണ് . ഉറക്കം അത് വല്ലാതായി പോയി. ചെങ്ങാതി നൂർജമാൽ മുകളിൽ തന്നെ കിടപ്പുണ്ട്
ഹരീഷിനെ കാവലിരുത്തി വിൽസനും വിനുവും ഉറക്കമാണ്. യാത്രക്കാർ ഉറക്കമുണർന്ന് തുടങ്ങി.
തിരക്കിന് മുമ്പെ എഴുന്നേറ്റ് ഫ്രെഷ് ആയി. രാവിലെ കിട്ടിയ ചൂട് ചായ ഒരു ഉന്മേഷം നൽകി. ഏതോ സ്റ്റേഷനിൽ അൽപസമയം നിർത്തിയതിന് ശേഷം ട്രെയിൻ പിന്നെയും കുതിക്കയാണ്. എത്രയോ കിലോമീറ്ററുകൾക്ക് ശേഷമാണ് ഒരു സ്റ്റോപ്പ്. പുറത്തെ വെയിലിന് മങ്ങൽ. ട്രെയിൻ ഏതോ കാട്ട് പ്രദേശത്തു എത്തിയിരിക്കുന്നു
. ചാറ്റൽ മഴ പുറത്തെ കാഴ്ചകൾ മറച്ചു. വിത്സനും വിനുവും എഴുന്നേറ്റ് റെഡിയായി. നൂർജമാലിനെയും ഒരുക്കി എടുത്തിട്ടുണ്ട് .. പാൻട്രിയിൽ നിന്ന് ഉച്ചഭക്ഷണമെത്തി.
എനിക്കതത്ര ഇഷ്ടമല്ല എങ്കിലും ട്രെയിനിലെ ദീർഘയാത്രകളും കിടപ്പും ഉറക്കവും ഭക്ഷണ രീതികളും ഒക്കെ ഞാൻ വല്ലാതെ ആസ്വദിക്കുന്നു.
വിനുവും വിൽസനും അയാളെ ചോദ്യം ചെയ്യുകയാണ് അവനെന്തെക്കെയോ മറുപടി പറയുന്നു… വീട്ടിലെ പ്രാരാബ്ദങ്ങളുടെ കെട്ടഴിക്കയാണ്. ജോലി തേടി കേരളത്തിൽ എത്തിയതാണ്. കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ആദ്യമായ് മോഷ്ടിക്കാനിറങ്ങിയതാണ്. വീട്ടിൽ അച്ഛനും അമ്മയും വയ്യാത്ത സഹോദരിയും
പിന്നെ ഭാര്യയും ചെറിയ രണ്ട് കുട്ടികളും. അവൻ കരയുകയാണ് … കൈയിലെ വിലങ്ങ് കാരണം ഒലിച്ചിറങ്ങുന്ന കണ്ണുനീർ തുടക്കാനാവുന്നില്ല. പാവം.
എല്ലാം ശരിയാക്കാം എന്ന് ഞാൻ അവനോട് പറഞ്ഞു …
കൈ വല്ലാതെ വേദനിക്കുന്നു അവൻ പറഞ്ഞു.
അവൻ്റെ വിലങ്ങ് അൽപ്പം ലൂസാക്കട്ടെ എന്ന് വിൽസൻ.
ശരി ….
ഡെൽഹിയിലെത്തിയാൽ ഇവൻ വിറ്റിട്ടുള്ള സ്വർണാഭരണങ്ങൾ കണ്ടെടുക്കണം. പിന്നെ ഇവനെ ഏതെങ്കിലും പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് … വിത്സനെ കാവൽ ഇരുത്തി രണ്ട് മൂന്ന് ദിവസം കൊണ്ട് ഡെൽഹി കാണണം …. വിത്സൻ സിബിഐ ഡെപ്യൂട്ടേഷനായിരുന്നപ്പോൾ ഡെൽഹിയിൽ കുറെ നാൾ താമസിച്ചിട്ടുണ്ട് …
രാത്രി പെട്ടെന്ന് എത്തി .
ഡെൽഹിയുടെ തെരുവീഥികൾ മുന്നിലേക്ക് എത്തി. എൻ്റെ കണ്ണുകൾ മയങ്ങി ത്തുടങ്ങി ഹരീഷ് കാവലിനുണ്ട്
ഒരു വലിയ കുഴിയിലേക്ക് എന്നെ ആരോ എടുത്തെറിഞ്ഞത് പോലെ! താഴേക്ക് വീഴും മുമ്പ് കുഴിയിലേക്ക് ആഴ്ന്നിറങ്ങിയ ഒരു വേരിൽ ഞാൻ പിടുത്തമിട്ട് പതിയെ പതിയെ ഞാൻ മുകളിലേക്ക് വലിഞ്ഞ് കയറി. ഞാൻ കണ്ണു തുറന്നു. ട്രെയിനിനുള്ളിലാണ് ഞാനെന്ന ബോധം എന്നിലേക്ക് പെട്ടെന്ന് എത്തി. വല്ലാതെ ഇളകിയാടി ട്രെയിൻ ഇരുളിലൂടെ മുന്നോട്ട് പോവുകയാണ്.
അരണ്ട വെളിച്ചത്തിൽ ഞാൻ ചുറ്റിലും നോക്കി. ഹരീഷും വിനുവും പുതച്ചുമൂടി ഉറങ്ങുന്നു.
പ്രതിയെ നോക്കേണ്ട വിത്സൻ ചാരിയിരുന്ന് ഉറങ്ങുന്നു. മുകളിൽ ബർത്തിലെ തൂക്കിലേക്ക് ഉറപ്പിച്ചിരുന്ന കൈവിലങ്ങണിഞ്ഞ് അവൻ നൂർ ജമാലും പുതച്ചുറങ്ങുന്നു. എൻ്റെ കണ്ണുകൾ പതിയെ അടഞ്ഞു.
ഞാൻ വീണ്ടും കണ്ണുകൾ തുറന്ന് എഴുന്നേറ്റ് ബർത്തിൽ ചാരിയിരുന്ന് കണ്ണുകൾ തിരുമ്മി.
വിത്സൻ നല്ല ഉറക്കത്തിലാണ്. പ്രതിയെ നോക്കാനിരിക്കുന്നവനാ, യാതൊരു ഉത്തരവാദിത്വവുമില്ലാതെ! എനിക്ക് അവനോട് വല്ലാതെ അമർഷം തോന്നി.
മുകളിൽ കിടന്നുറങ്ങുന്ന നൂർ ജമാലിനെ നോക്കി. അവൻ പുതച്ച് മൂടി കിടക്കുകയാണ്. ഞാൻ അവനെത്തന്നെ നോക്കി കുറച്ച് നേരം ഇരുന്നു. പിന്നെ പതിയെ എഴുന്നേറ്റ് അവനരികിലേക്ക് നടന്നു. അവൻ പുതച്ചിരുന്ന പുതപ്പ് മെല്ലെ മാറ്റി. വിത്സാ!!! ആ അലർച്ച പോലുള്ള ശബ്ദം എന്നിൽ നിന്നായിരുന്നോ???
എൻ്റെ അലർച്ച എ.സി. യുടെ കുളിരിൽ പുതച്ചുറങ്ങുന്ന എല്ലാ യാത്രികരെയും ഉണർത്താൻ പാകത്തിലായിരുന്നു. അതൊരു മുഴക്കമായിരുന്നു. അവിടവിടെ ലൈറ്റുകൾ തെളിഞ്ഞു. എല്ലാവരും എൻ്റെ ചുറ്റിനുമായി ഓടിക്കൂടി.
ആ കൈ വിലങ്ങിനുള്ളിൽ, ചുരുണ്ടുകൂടിയ പുതപ്പിനുളളിൽ അവനില്ല. നൂർജമാൽ എന്ന പ്രതി ഇല്ല.
ടോയ്ലറ്റിൽ നോക്ക്. ഞാൻ വീണ്ടും അലറി. ഉറക്കമുണർന്ന ഹരീഷും വിനുവും വൽസനും ഇരുവശങ്ങളിലേക്കും ഓടി, ഞാൻ പുറകെയും. എല്ലായിടത്തും പരതി. തൊട്ടടുത്ത ഒരു കമ്പാർട്ടുമെൻ്റിലേക്ക് മാത്രമെ പാസേജുള്ളു. ഇല്ല, എങ്ങുമില്ല. അവൻ രക്ഷപെട്ടിരിക്കുന്നു. ഞങ്ങളുടെ ഒച്ചപ്പാടും ബഹളവും കേട്ട് എത്തിയ യാത്രക്കാർ പല ഭാഷകളിൽ പിറുപിറുത്ത് അവരവരുടെ സീറ്റുകളിലേക്ക് മടങ്ങി.
വലിയ ഒരു നിസ്സഹായത, നിശബ്ദമായി ഇരുൾ നിറച്ച് എനിക്ക് ചുറ്റുമായി നിന്നു. അടുത്ത് നിന്ന പോലീസുകാരുടെ മുഖങ്ങളിൽ നോക്കാൻ എനിക്കാവുമായിരുന്നില്ല. ജീവനിറങ്ങിപ്പോയ നാല് ശരീരങ്ങളായി പുറത്തെ ഇരുളിലൂടെ കുലുങ്ങിപ്പായുന്ന ട്രെയിനിനുളളിൽ ഞങ്ങൾ വിറങ്ങലിച്ചിരുന്നു.
അവൻ രക്ഷപെട്ടിരിക്കുന്നു. വിശ്വസിക്കാൻ കഴിയാത്തവണ്ണം വിത്സൻ അവൻ്റെ പുതപ്പുകൾ മാറ്റി മാറ്റി നോക്കി!
മോഷണക്കേസിലെ പ്രതി. അവൻ രക്ഷപ്പെട്ടിരിക്കുന്നു. ഒരു എസ്.ഐ. ക്കും മൂന്ന് പോലീസുകാർക്കും അവനെ സൂക്ഷിക്കാൻ കഴിഞ്ഞില്ല. ഉടൻ വാർത്തകൾ വരും.
ട്രെയിൻ ഇറങ്ങുംമുമ്പേ സസ്പെൻഷൻ ഓർഡറെത്തും.
ജോലി ഇല്ലാതാവുന്നു.
പ്രതിയെ പിടിക്കാൻ കഴിയാതിരുന്നാൽ അത് അനിശ്ചിതത്വത്തിൽ ആകും!
എങ്ങനെ കിട്ടാൻ? എവിടുന്ന് കിട്ടാൻ?
അവൻ്റെ രൂപം ഇനി കണ്ടാൽപ്പോലും തിരിച്ചറിയാൻ കഴിയുമോ? ഹിന്ദിക്കാരൻ ! ഒരു പോലെയുള്ള ലക്ഷക്കണക്കിന് പേർ! എവിടെ നിന്ന് കണ്ടെത്തും? നടക്കാത്ത കാര്യം!
ട്രെയിൻ എവിടെയാണ്? സ്ഥലമെവിടെയാണ്? തിരിച്ചറിയുന്ന അടയാളങ്ങളില്ലാതെ പുറത്ത് ഇരുൾ നിറഞ്ഞ് നിന്നു.
ഇരുളിനെ പകുത്തുമാറ്റി ട്രെയിൻ അതിവേഗതയിൽ കുതിക്കയാണ്. ആ രാത്രിയുടെ ഇരുളിൽ ഭോപ്പാൽ എന്ന വലിയ നഗരവും ആ വലിയ റെയിൽവേ സ്റ്റേഷനും പിന്നിട്ട് ട്രെയിൻ കിലോമീറ്റർ കടന്നിരുന്നു.