പുറത്തുള്ളത്

പതിവുപോലെ
രാത്രിയായി
ചോദ്യങ്ങളൊക്കെ
ഇരുട്ടിൽ നിർത്തി
ഞാൻ ലഹരി തേടുന്നു

പറയാൻ വിട്ടുപോയി
ഇന്നും കീശയിൽ ഒന്നുമില്ല

എഴുതിയ വാക്കുകൾ
വിറ്റു പോകില്ലെന്ന് അറിഞ്ഞിട്ടും
കരുതിയിട്ടുണ്ട്
കുറച്ച് ഏറെ ദുരിതങ്ങൾ

വിശപ്പിന്റെ പാത്രത്തിലേക്ക്
കാലിയായ വയറിൽ
ഇന്നലെ അവളോട് പിണങ്ങി ഇറങ്ങിയ
പകലിനെ വിഴുങ്ങി

കറിക്കാരിയെന്നു
തൊട്ടപ്പോൾ
കരയാൻ തുടങ്ങി
തീരുന്നില്ല
കരഞ്ഞു കരഞ്ഞു
തളർന്നപ്പോൾ

ചോദ്യങ്ങൾ
കാത്തിരിക്കുന്ന
ഇടവഴിയിലേക്ക്
ആരോ തള്ളി വിട്ടു

ഇനി
ചോദ്യങ്ങൾ
കൂട്ടിരിക്കുന്ന
രാത്രിയിൽ
പുലരിയെത്തും
വരെ കരയാം

തെളിയുമ്പോൾ
അവനെപ്പോലെ
വെളുക്കാം

എന്നെ വിഴുങ്ങിയ
ജീവിതത്തിന്റെ
വായിൽ കിടന്ന്
പുറത്തുള്ളത്
കാണാം —
അത്
വായടക്കുവോളം

കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത് കാങ്കോൽ താമസം. കണ്ണൂർ ആകാശവാണിയിൽ ഡോക്കുമെന്ററി സ്ക്രിപ്റ്റുകൾ ചെയ്തിട്ടുണ്ട്. ആനുകാലികങ്ങളിൽ എഴുതുന്നു. ഒറ്റ വാതിലുള്ള വീട് എന്ന കവിതാ സമാഹാരം പ്രസാധനത്തിന് ഒരുങ്ങുന്നു