പിറവിയിലേക്കൊരു പെൺചിത്രം

എന്തു മനോഹരമായാണ്
ജന്മത്തിലേക്ക്
അവളൊരു ചിത്രം വരച്ചത് !

ആദ്യത്തെ നീണ്ട വരയിൽ
ആകാശത്തേയും
ഭൂമിയേയും വേർതിരിച്ചു;

മണ്ണിനെ സ്വയമെടുത്തണിഞ്ഞ്
ആകാശത്തണലേറി
വിതയ്ക്കപ്പെടുന്ന വിത്തുകൾക്ക്
അമ്മയുമായി;

രണ്ടും മൂന്നും വരകളിൽ
അടയാളങ്ങളൊരുക്കി:
‘നിശബ്ദത’ അവളെടുത്തപ്പോൾ
അവനൊരു
പുരുഷാരമായി ആർത്തിരമ്പി.

എത്ര അനായാസമായാണവൾ
അവയവമോരൊന്നും
വരച്ചെടുത്തത് !
പാദങ്ങൾ,
കൈകൾ,
കണ്ണുകൾ,
നാസിക,
ചുണ്ടുകൾ,
കഴുത്ത്,
മാറിടങ്ങൾ,
അടിവയർ,
അരക്കെട്ട്,
കാർകൂന്തൽ…
എല്ലാം കവിവർണനകളെ തോൽപ്പിക്കുന്നവ !

വരകളേറുംതോറും
അവളുടെ കാൻവാസ്
ഭൂമിക്കടിയിലെവിടെയോ
ആണിയടിച്ചുറപ്പിച്ചുകൊണ്ടിരുന്നു.

വരകൾക്കും
വർണനകൾക്കുമിടയിലാണ്
നിയതമല്ലാത്ത ലിംഗരൂപങ്ങളുടെ
അസമത്വത്തിന്റെ പടുകുഴിയിലേക്ക്
അവളുടെ കൈ
വഴുതിവരച്ചുപോയത്.

മാംസളമായ തുടകൾക്കിടയിലൂടെ
അവളുടേതല്ലാത്തൊരു വര
ആകാശക്കയ്യാൽ
ആരോ നീട്ടി വരച്ചു.

ദൈവത്തിന്റെ പേരുള്ള
മൂർച്ചയുള്ള കത്തികൊണ്ട്
ഒരു ചുവന്ന വര!

മഴവില്ലുകളിലേറിയ
മാനക്കാഴ്ചകളിൽ
അധികാരത്തിന്റെ ആൾരൂപങ്ങൾ
അവളെത്തേടി വന്നുകൊണ്ടിരുന്നു.

മഹത്തായ പിറവിയിലേക്കെത്തുമ്പോഴേക്കും
മാലാഖയെപ്പോലെ സുന്ദരിയായ,
അവളെ
വിലയിട്ടുവിൽക്കുവാനുള്ള
പ്രദർശനം ആരംഭിച്ചിരുന്നു.

ഏറ്റെടുക്കാനാർത്തടുത്തവർ
ചിത്രത്തിന്റെ
മനോഹാരിത നുകർന്ന്
വിലയിട്ടുകൊണ്ടിരുന്നു…

ഒടുവിലത്തെ വരയിലാണവൾ
മരണത്തിന്റെ
അടയാളങ്ങൾ കണ്ടെത്തിയത്;

അപ്പോഴേക്കുമതിൽ
അവളുടെ പേര്
പതിഞ്ഞു കഴിഞ്ഞിരുന്നു –

‘വിലയ്ക്കെടുത്തവരുടെ
അധികാരം.’

കണ്ണൂർ സ്വദേശി. ദുബായിൽ ജോലി ചെയ്യുന്നു. ആനുകാലിക മാഗസിനുകളിലും സോഷ്യൽ മീഡിയകളിലും എഴുതുന്നു. 'ഗുൽമോഹർ ഇത് നിനക്കായ്', 'നീക്കിയിരുപ്പ്', 'നിന്നോർമ്മയിൽ', 'ചില നേരങ്ങളിൽ' തുടങ്ങിയ ആൽബങ്ങൾക്ക് വരികൾ എഴുതി. 'ലേബർ ക്യാമ്പുകളിലെ തലയിണകൾ' എന്ന കവിത സമീപകാലത്തു വളരെ ശ്രദ്ധ നേടുകയുണ്ടായി.