ഞാനുമെന്റെ കൂട്ടുകാരിയും കുടകിൽ പോയപ്പോള്‍

ഞാനുമെന്റെ കൂട്ടുകാരിയും
കുടകിൽ പോയപ്പോള്‍
മലമ്പാതകളിൽനിന്ന്
കോടമഞ്ഞ് മാഞ്ഞുപോയി

വാനിൽ ചിതറിക്കിടന്ന
കാര്‍മേഘച്ചീളുകള്‍ അടിച്ചുവാരി
വിവര്‍ണ്ണമുഖനായ സൂര്യൻ
ഞങ്ങളോട് പുഞ്ചിരിച്ചു.

കുരങ്ങന്മാരൊഴികെ
മറ്റു വന്യമൃഗങ്ങളെല്ലാം
കാണാമറയത്തൊളിച്ചുനിന്നു.
മന്ദപ്പന്റെ മെയ്യിലുറന്ന ചോരയ്ക്ക്
പകരം ചോദിക്കാനാണോ
നീ വരുന്നതെന്ന്
കരങ്ങന്മാര്‍ അന്തംവിട്ടുനോക്കി.

കാട്ടിലെ പറവകളുടെ
ചിറകടിയൊച്ചകള്‍ അകന്നുപോയി
സുവര്‍ണ്ണക്ഷേത്രത്തിലെ
ചിത്രാങ്കിതച്ചുമരുകള്‍ക്ക്
മങ്ങിയനിറം ബാക്കിയാവുന്നു.

ഉറങ്ങുന്ന ഭാര്യയെ ഉപേക്ഷിച്ച്
ഉണ്മതേടിയിറങ്ങിയ ബുദ്ധൻ
ക്ഷേത്രത്തിനുള്ളിൽ
വെറും പ്രതിമയായി നിൽക്കുന്നു.

കാവേരിയിലുരുവപ്പെടുത്തിയ
നിസര്‍ഗ്ഗധാമ ദ്വീപിൽ
നട്ടുവളര്‍ത്തിയ മുളങ്കാടുകളിൽ
ഉറങ്ങിക്കിടക്കുന്നൊരു കാറ്റിന്റെ
കൂര്‍ക്കംവലിയൊച്ച.

ഈ മെയ് മാസപ്പകലുകളിൽ
കുടകിന്റെ ചൈതന്യം
എങ്ങോ ഒളിച്ചുപോയിരിക്കുന്നു

റീലുകളിൽ സ്പന്ദിക്കുന്ന
സഹയാത്രികര്‍ക്കുചുറ്റും
ഉണങ്ങിയ മുളയിലകള്‍ വീണുകിടക്കുന്നു.

ഇതാണോ
കഥകളിൽ പൊലിയുന്ന കുടകെന്ന്
കൂട്ടുകാരിയോടു ചോദിച്ചപ്പോള്‍,
അവള്‍
മലഞ്ചെരിവിലെ കാട്ടിനുനടുവിലൂടെ
ഒഴുകിയിറങ്ങുന്ന
ശാന്തമായ ചുരങ്ങള്‍ ചൂണ്ടിക്കാട്ടി
എന്നോടു പറയുന്നു
ആ സുന്ദരമായ വഴികള്‍ നോക്കൂ
അതുതന്നെയാണ് കുടക്.

ലക്ഷ്യമെപ്പോഴും ഇതുപോലെ
പൊള്ളയായൊരു തിളക്കം മാത്രം
അവശേഷിപ്പിക്കുമ്പോള്‍
വഴികള്‍തന്നെ ലക്ഷ്യമാകുന്നു.

ഞാനുമെന്റെ കൂട്ടുകാരിയും
കുടകുമലകളിൽനിന്ന്
രാത്രിയോടൊപ്പം തിരിച്ചിറങ്ങുന്നു !

കോഴിക്കോട് ജില്ലയിലെ മൊകേരി സ്വദേശി. ഇപ്പോള്‍ ചൊക്ലിയിൽ താമസിക്കുന്നു. നരിപ്പറ്റ, രാമർനമ്പ്യാർസ്മാരക ഹയർ സെക്കന്ററി സ്കൂളിൽ അദ്ധ്യാപകനായിരുന്നു. ആനുകാലികങ്ങളിലും,നവമാധ്യമങ്ങളിലും എഴുതുന്നു. കന്യാസ്ത്രീകള്‍,ഓർമ്മമരം എന്നീ കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.