സ്നേഹത്തിൻറ വാസന

ചിന്തയിലഗ്നിയായ് നീ ജ്വലിക്കുമ്പോൾ
ചന്ദന ഗന്ധം കാറ്റിൽ നിറയുന്നു.
വൻ മതിലെല്ലാം ഭസ്മമായ് തീരുന്നു
സ്നേഹമേ നിൻ വാസന ഞാനറിയുന്നു.
ചിന്തയിൽ വർഷമായ് നീയണയുമ്പോൾ
ചന്തം നിറഞ്ഞു തുടിക്കുന്നെൻ മാനസം
സന്താപമെങ്ങോ പറന്നകലുന്നൂ.

സ്നേഹമേ നിൻ ചേതന ഞാനറിയുന്നു
ചിന്തയിൽ ഹിമകണമായി നീ പടരുമ്പോൾ
സുഖമുള്ള നൊമ്പരം എന്തെന്നറിയുന്നു
എന്നിലെ എന്നെ തിരഞ്ഞു ഞാൻ പോകുന്നു
സ്നേഹമേ നിൻ ഉണ്മയെ ഞാനറിയുന്നു.

ഋതുക്കളെന്നുള്ളിൽ കളിച്ചു നടക്കവേ
മുളക്കുന്നു നീയും അനേകായിരങ്ങളായ്
പിറക്കുന്ന സ്വപ്നം വിടരുന്നെന്നുള്ളിൽ
സ്നേഹമേ നിന്നിൽ ഞാനലിയുന്നു.

വേദനകൾ ചിരിക്കുന്നെൻ മുന്നിൽ
ചേതന പൂക്കൾ നിറയുന്നു ചുറ്റിനും
ചേതസ്സിൻ ആഴം അറിഞ്ഞു ഞാനിന്ന്
നിൻ തിരുമുമ്പിൽ പ്രണമിച്ചു നിൽക്കുന്നു.

ചിന്തയിലഗ്നിയായ് നീ ജ്വലിക്കുമ്പോൾ
ചന്ദന ഗന്ധം കാറ്റിൽ നിറയുന്നു
വൻമതിലെല്ലാം ഭസ്മമായ് തീരുന്നു
സ്നേഹമേ നിൻ വാസന ഞാനറിയുന്നു.

വൈക്കം ടിവി പുരം സ്വദേശി. മഹാരാഷ്ട്രയിൽ സ്ഥിരതാമസം .