ഭ്രാന്ത്

കൊടുംമഴയിൽ
എന്റെ നാട്ടുകാരൻ
കുഞ്ഞാപ്പി
മുറ്റത്ത്
കസേരയിട്ട്
മഴകൊള്ളും.

പലരും ചോദിക്കും
“ഈയാൾക്ക്
ഭ്രാന്താണോ?”
അതെ,
ഒരു തരത്തിലുള്ള
ഭ്രാന്ത്.

അഞ്ചുവർഷം
കൂടുമ്പോൾ
ശരീരമാകെ
ഭ്രാന്തുപൂക്കും.

കുഞ്ഞാപ്പി
ഉച്ചത്തിൽ
പൊട്ടിച്ചിരിച്ചു കൊണ്ട്
പറഞ്ഞു:
“ഈ ഇരിപ്പിടം
ഞാൻ ആർക്കും കൊടുക്കില്ല.
മഴ വന്നാലും
വെയിൽ വന്നാലും
ഞാൻ
ഇവിടെത്തന്നെയിരിക്കും .

ഒരുനാൾ
രാവിലെ
മുറ്റത്ത് നോക്കുമ്പോൾ
കുഞ്ഞാപ്പിയുടെ
ഇരിപ്പിടം കാണാനില്ല.
ഒടുവിൽ
ഭ്രാന്തുപൂക്കുന്ന
ഇടങ്ങൾ
വളർന്നുപന്തലിച്ചു,
ആകാശമുയരെ
ഉയരുന്നതായി കണ്ടു.

കോഴിക്കോട് ജില്ലയിലെ തൊട്ടിൽപ്പാലം സ്വദേശി. ഹിന്ദി അദ്ധ്യാപകനായി ജോലി ചെയ്യുന്നു. മാസികളിലും ഓൺലൈൻ മാധ്യമങ്ങളിലും കവിതകൾ പ്രസിദ്ധീകരിച്ചു ചെറുകഥകൾ നാടക ഗാനങ്ങൾ ലളിത ഗാനങ്ങൾ എന്നിവയും എഴുതിയിട്ടുണ്ട്.