ചില കാര്യങ്ങളിൽ ഡ്രാക്കുളക്ക് കൊതുക്കളോട് ആശ്ചര്യം തോന്നേണ്ടതാണ്. ആശ്ചര്യം തോന്നിയാൽ, ചോരകുടിയനായ ആ പ്രഭു കുഞ്ചൻ നമ്പ്യാരുടെ പ്രശസ്തമായ രണ്ടു വരികൾക്ക് ഒരു പാരഡി എഴുതും:
“മശകങ്ങൾ മഹാശ്ചര്യം,
നമുക്കും കിട്ടണം നിണം.”
കൂട്ടുകാരുമൊത്ത് ഒരു മുറിയിലോ, പുറത്തൊരു ബാൽക്കണിയിലോ ഇരിക്കുമ്പോൾ കൊതു ക്കൾ നിങ്ങളെ വല്ലാതെ “ലൈക്ക്” ചെയ്യുകയാണെങ്കിൽ, ശക്തമായും വിപുലമായും കൈകൾ വീശുക. അത്രയേ നിങ്ങൾ ചെയ്യാവൂ, നിങ്ങൾക്കു ചെയ്യാൻ കഴിയൂ എന്നൊന്നും ഞാൻ പറയുന്നില്ല. ചിലപ്പോൾ അത്രയും ചെയ്താൽ മതി, കൊതു ക്കളെ സംബന്ധിച്ച് നിങ്ങളുടെ ‘ആധാർ’ പൂർത്തിയാകാൻ.
നിങ്ങളുടെ ശരീരത്തിന്റെ തനതു ഗന്ധം വളരെ ചേരുവകളുള്ളൊരു കോക്ക്റ്റേലാണ് — നാന്നൂറിൽപ്പരം കെമിക്കലുകളുടെ കലർപ്പിൽ ഗന്ധരൂപമായ വിരലടയാളം. കൊതു ക്കൾ നിങ്ങളെ അതുമായി ബന്ധപ്പെടുത്തുന്നു; പിന്നെ ആ ബന്ധവുമായി നിങ്ങളുടെ പ്രതികരണത്തെ ബന്ധപ്പെടുത്തുന്നു. നിങ്ങളുടെ പ്രതികരണം ശക്തമായാൽ കൊതു ക്കൾ നിങ്ങളെ വിട്ട് മറ്റൊരാളുടെ നേർക്ക് പറന്നേക്കാം.
റിസേർച്ച് ഗേറ്റിൽ വെച്ച് പരിചയപ്പെടാൻ ഇടയായ റിച്ചാഡ് ബോംഫ്രേ, സോഫിയ ചാങ് എന്നിവരുമായുള്ള ആശയ വിനിമയങ്ങളാണ് ഈ കുറിപ്പെഴുതാൻ എന്നെ പ്രേരിപ്പിക്കുന്നത്. (ലോകത്തെങ്ങുമുള്ള ഗവേഷകരെ ഉദ്ദേശിച്ചുള്ളൊരു സാമൂഹിക നെറ്റ് വർക്കാണ് റിസേർച്ച് ഗേറ്റ്. വളരെ വർഷങ്ങൾക്കു മുൻപ് ഷഡ്പദ ചലന/സ്വഭാവ രീതികളെക്കുറിച്ചു ഞാനെഴുതിയ പ്രബന്ധങ്ങളുടെ അടിസ്ഥാനത്തിൽ, റിസേർച്ച് ഗേറ്റിൽ എനിക്ക് അംഗത്വമുണ്ട്.)
പറക്കൽ സ്വയമൊരു മഹാശ്ചര്യമാണ്, പക്ഷികളിലും ആറുകാലികളിലും. പക്ഷേ , കൊതുക്കളുടെ പറക്കൽ? ഭൗതിക ശാസ്ത്രമനുസരിച്ചോ, ശരീര ശാസ്ത്രമനുസരിച്ചോ, കൊതുക്കൾക്ക് പറക്കാൻ കഴിയില്ല, കൊതുക്കൾ പറക്കരുത്. പക്ഷേ, കൊതുക്കൾ പറക്കുന്നു!
കൊതുക്കളുടെ ചിറകടിയുടെ ആകൃതി പോലും വളരെ വ്യത്യസ്തമാണ്. ചിറകടിയെ ഒരു വൃത്തത്തിനകത്തെ പ്രവർത്തനമായി മനസ്സിൽ സങ്കൽപ്പിക്കുക. കൊതുക്കളുടെ ചിറകടിയുടെ വ്യാപ്തി ഈ വൃത്തത്തിൽ ശരാശരി വെറും 44 ഡിഗ്രികളിൽ ഒതുങ്ങുന്നു (തേനീച്ചയുടെ ചിറകടിക്ക് ഇതിന്റെ ഇരട്ടി വ്യാപ്തിയുണ്ട്). ചിറകുകൾ കറങ്ങിക്കൊണ്ടേയിരിക്കുന്നൊരു ഹെലികോപ്റ്ററുമായോ, ചിറകടിയില്ലാതെ എത്രയോ ദൂരം തെന്നിപ്പറക്കുന്ന സാധാരണ വിമാനങ്ങളുമായോ താരതമ്യപ്പെടുത്തിയാൽ ഇതൊരു അസാധ്യ വൈപരീത്യമാണ്. ആരോഹണം ഇങ്ങനെയല്ല സംഭവിക്കുക. പരിചിത/അംഗീകൃത വ്യോമയാന വിദ്യയിലെ നിയമങ്ങൾ ഇവിടെ തകരുന്നു.
റിച്ചാഡ് ബോംഫ്രേ പറഞ്ഞു, ഇടയിലെവിടെയോ വളരെ വിചിത്രമായ എന്തോ ഒന്ന് സംഭവിക്കുന്നുണ്ട്. പറക്കലിനാവശ്യമായ പൊന്തൽ (ലിഫ്റ്റ്) സാധിക്കാൻ കൊതുക്കൾ എന്തോ ചെയ്യുന്നുണ്ട്. ചുവട്ടിലേക്കും മുകളിലേക്കുമുള്ള ചിറകടികൾക്കിടയിലെ ത്വരിതമായ ദിശാമാറ്റങ്ങളാണ് കൊതുക്കൾ ഉത്പാദിപ്പിക്കുന്ന ആരോഹണ ഊർജത്തിന്റെ ഉറവിടം. നിലവിലുള്ള വിമാന മാതൃകകൾ പ്രവചിച്ചിട്ടില്ലാത്ത ചില അധിക ശക്തികൾ കൊതുക്കളുടെ അതിവേഗത്തിലുള്ള ചിറകടിയെ തുണയ്ക്കുന്നു! ഈ അധിക ശക്തികൾ, പക്ഷേ, ഇതേ വരെ നിരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത രണ്ടു മാതൃകകളുമായി/പ്രതിഭാസങ്ങളുമായി ഒത്തു പോകുന്നു.
ഒന്നാമത്തെ പ്രതിഭാസം: ചിറകടി സ്വയം സൃഷ്ടിക്കുന്ന വലിവുരേഖയിലൂടെയുള്ള പൊന്തൽ. രണ്ടാമത്തെ പ്രതിഭാസം: അന്യഥാ അന്തരീക്ഷത്തിൽ നഷ്ടപ്പെടുമായിരുന്ന ഊർജ്ജത്തെ കുറച്ചെങ്കിലും തിരിച്ചുപിടിക്കൽ (സാങ്കേതികമായി പറഞ്ഞാൽ ട്രെയ്ലിങ് -എഡ്ജ് വോർറ്റെക്സ്). ഊർജ്ജത്തിന്റെ നാളം കാറ്റിൽ കെടാതിരിക്കാൻ ചുറ്റുമായി മറ പിടിക്കുന്ന രണ്ടു കൈപ്പടങ്ങളുടെ ബിംബമാണ് ഇവിടെ എന്റെ മനസ്സിൽ തെളിയുന്നത്. ഈ രണ്ടാം പ്രതിഭാസം ആവാഹിക്കാൻ കഴിഞ്ഞില്ലെങ്കിൽ കൊതുകിന് പറക്കാൻ കഴിയില്ലെന്ന് റിച്ചാഡ് ഉറപ്പിച്ചു പറയുന്നു.
സ്വന്തം ചോര കുടിക്കാൻ കൊതുക്കളെ അനവദിച്ചുകൊണ്ട് ഗവേഷണം തുടങ്ങിയ സോഫിയ ചാങ് അവയുടെ റ്റേക്-ഓഫ് നിരീക്ഷിച്ചാണ് ആശ്ചര്യപ്പെട്ടത്. ബൃഹത്തായൊരു യത്നം, 600 കൊതുക്കൾ. ഛായാഗ്രഹണത്തിൽ സോഫിയയുടെ വേഗം: സെക്കൻഡിൽ 125,000 ചതുരങ്ങൾ (റിച്ചാഡിന്റെ വേഗം സെക്കൻഡിൽ 10,000 ചതുരങ്ങൾ മാത്രമായിരുന്നു).
കാലുകളുടെ ബലതന്ത്രത്തിൽ, ഒരു കുതിയിൽ (push-off) ഏറെക്കുറെ ഉയരത്തിൽ എത്തിയതിനു ശേഷമാണ് ഷഡ്പദങ്ങൾ പൊതുവേ ചിറകടിക്കാൻ തുടങ്ങുന്നത്. പക്ഷേ, പറന്നുയരലിൽ ആദ്യം തൊട്ടേ ചിറകടിയാണ് കൊതുക്കളുടെ രീതി. ഇതര ഷഡ്പദങ്ങൾക്കുള്ള “ക്വിക്ക്-കിക്ക്” പേശികൾ കൊതുക്കൾക്കില്ല. പറന്നുയരാൻ തുടങ്ങുന്നതിനു 30 മില്ലി സെക്കന്റുകൾക്ക് മുൻപ് അവ ചിറകടിക്കാൻ തുടങ്ങുന്നു. ഏറ്റവും ആപൽക്കരമായ റ്റേക്-ഓഫ് (പ്രത്യേകിച്ചും സമൃദ്ധമായൊരു ചോരകുടിക്കു ശേഷം ശരീരത്തിന്റെ തൂക്കം ഇരട്ടിയാകുമ്പോൾ). അപ്പോൾ അവയുടെ ചിറകടിയുടെ വേഗം സെക്കൻഡിൽ 600 പ്രാവശ്യം. കൊതുക്കളുടെ വലുപ്പമുള്ള മറ്റു ഷഡ്പദങ്ങളുടെ വേഗം സെക്കൻഡിൽ 200 ചിറകടി.
എന്തിനീ ആത്മഹത്യാപരമായ ആത്യന്തികങ്ങൾ? നേർത്ത ചിറകുകളുള്ള ഈ ചെറുജീവികൾ എന്തുകൊണ്ടാണ് ധൂർത്തമായ ചലന വേഗങ്ങളിലേക്ക് പരിണമിച്ചത്? ഒരു പക്ഷേ, അതിന്റെ ഉദ്ദേശ്യം പറക്കലുമായി ബന്ധപ്പെട്ടതു പോലും ആയിരിക്കില്ല. ഒരു പക്ഷേ, അത് ശബ്ദ വിനിമയം പോലെ മറ്റേതെങ്കിലും പ്രവൃത്തിയുടെ നിർവഹണമാകാം.
അപ്ഡേറ്റ് :
കൊതുകുകളോടൊപ്പം മഴയിൽ കളി
വായുവിലൂടെ പറക്കുന്നൊരു കൊതുവിന് മേൽ ഒരു മഴത്തുള്ളി വീഴുന്നത്, ഒറ്റ നോട്ടത്തിൽ, ഏതാണ്ട് മൂന്നു ടൺ ഘനവും ഏറെക്കുറെ നല്ല വേഗവുമുള്ളൊരു വാഹനം നിങ്ങളെ ഇടിക്കുന്നതിനു തുല്യമാണ്. പക്ഷേ, ആദ്യത്തേത് കുത്തനെയുള്ള ആഘാതം, രണ്ടാമത്തേത് വിലങ്ങനെയുള്ള ആഘാതം. ഈ അസമത ചില സമവാക്യങ്ങൾ തെറ്റിക്കുന്നു. എങ്കിലും, അതേ സമയത്തത് എനിക്ക് അപരിചിതനായ ഡേവിഡ് ഹൂയുടെ അസാധാരണമായൊരു നിരീക്ഷണവുമായി പൊരുത്തപ്പെടുന്നു.
ഏതെങ്കിലും മനുഷ്യൻ ഒരു ഹൈവേയ്ക്കു കുറുകെ ഏതാനും ചുവടുകൾ വെച്ചയുടനെ പെട്ടെന്ന് അവിടെയുണ്ടാകുന്ന അതിവേഗത്തിലുള്ള വാഹന പ്രവാഹം കൈകാര്യം ചെയ്യുന്നതിനേക്കാൾ എത്രയോ സമര്ത്ഥമായ രീതിയിൽ ഓർക്കാപ്പുറത്തൊരു മഴയിൽ കുടുങ്ങിയ കൊതുക്കൾക്ക് സാഹചര്യം കൈകാര്യം ചെയ്യാൻ കഴിയും.
ഒരു മഴത്തുള്ളിയുടെ പരിമാണം അഥവാ പിണ്ഡം (മാസ്) കൊതുക്ക ളെ അപേക്ഷിച്ച് ഏകദേശം 50 മടങ്ങിലധികമാണ്. സ്ഥിതിവിവര ശരാശരിയനുസരിച്ച് ഒരു മഴത്തുള്ളിയുടെ വേഗം മണിക്കൂറിൽ 22 നാഴികയാണ്. കൊതുക്കൾക്കൊരു ട്രക്കിന്റെ ഇടി പ്രതീക്ഷിക്കാമോ?
കൂട്ടിയിടിക്കുന്ന രണ്ട് വസ്തുക്കൾ അന്യോന്യം ഏൽപ്പിക്കുന്ന ആഘാതം അവയുടെ പിണ്ഡത്തെ ആശ്രയിച്ചിരിക്കും. ലഘു ശരീരിയായ കൊതു ഏൽക്കുന്ന ആഘാതവും ലഘു. പിന്നെ, ഒരു നിമിഷം കൊണ്ട് വെള്ളത്തിൽ നനഞ്ഞൊട്ടാതെ പിടിച്ചു നില്ക്കാനുള്ള ചില സൂക്ഷ്മ ഘടനകൾ ഈ ജീവിയുടെ ഉടലിലുണ്ട്; ‘പ്ളൂമോസ്’ എന്ന രോമാവരണവും മറ്റും. എല്ലാറ്റിലുമുപരി തന്ത്രം: കൊതുവിന്റെ സമീപനം ഒരു തരം “സെൻ” (Zen) സ്വീകരണ/സ്വാംശീകരണ ക്ഷമതയാണ്.
മഴത്തുള്ളിയോടൊപ്പം ചുവട്ടിലേക്ക് പോകുന്ന കൊതുവിന്റ്റെ അവസ്ഥ കുറിക്കാൻ ഡേവിഡ് ഒരു രൂപകം ഉപയോഗിക്കുന്നു: stowaway — യാത്രാ ചോരൻ, കപ്പലിൽ ഒളിച്ചു കടന്ന് യാത്രക്കൂലിയില്ലാതെ സഞ്ചരിക്കുന്നൊരാൾ. അതായത്, ഈ അവസ്ഥയിൽ കൊതു മഴത്തുള്ളിയുടെ തന്നെ ഒരു ഭാഗം. പിന്നെ, ചുവട്ടിലേയ്ക്ക് വീഴുന്ന തുള്ളിയിൽ നിന്ന് കൊതു തന്റെ സ്വതസിദ്ധ ശൈലിയിൽ ചിറകുകൾ മാത്രം ഉപയോഗിച്ചുള്ള റ്റേക്-ഓഫ് സാധിക്കുന്നു. ശ്രദ്ധിക്കുക, ഇവിടെയാണ് സോഫിയ അതിസൂക്ഷ്മമായി രേഖപ്പെടുത്തിയ ആ വിപദ്ജനകമായ റ്റേക്-ഓഫിന്റെ അതിജീവന മൂല്യം ഞാൻ കണ്ടെത്തുന്നത്. വീഴുന്നൊരു മഴത്തുള്ളിയിൽ കാലുകളിലൂന്നി മുകളിലേക്ക് പൊന്തൽ അസാധ്യം.
പക്ഷേ, ഒരു ദുരന്ത സാധ്യതയുണ്ട്. കൊതു തറയോട് വളരെ ചേർന്നാണ് പറക്കുന്നതെങ്കിൽ വിപത്ത് അനിവാര്യം. ഉപായ ബോധം സിരകളിൽ ഉണരും മുൻപ്, കൊതു ഒന്നുകിൽ മഴത്തുളളിയുടെ ഭാരത്തിലും ആവേഗത്തിലും തറയോട് ചേർത്തടിക്കപ്പെടും, അല്ലെങ്കിൽ എവിടെയെങ്കിലും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിച്ചാവും.
അവസാനത്തെ ആശ്ചര്യം (ഒരു കയ്യടിയുടെ നിമിഷം) സോഫിയയുടെ നിരീക്ഷണത്തിൽ ശ്രദ്ധിക്കപ്പെട്ടെന്ന് തോന്നിയില്ല. ഡേവിഡ് അത് ശ്രദ്ധിച്ചതാവട്ടെ സന്ദര്ഭവശാല് മാത്രം. ഏതായാലും, ആശ്ചര്യം ഇതാണ്: മുന്നിലേക്കെന്നതു പോലെ പിന്നിലേക്കും റ്റേക്-ഓഫ് സാധ്യമായൊരു അസംഭവ്യ വ്യോമയന്ത്രമാണ് കൊതു!