ഛായാപഥങ്ങളിലെ ഏകാകി

വിരൽ തൊട്ടാൽ വിരിയുന്ന വസന്തത്തിൽ,
വേരറ്റ ജലാശയങ്ങൾ നമ്മെ കാത്തിരിപ്പൂ.
കൂട്ടായ ഘോഷയാത്ര തൻ നിഴലുകളിൽ,
മുഖമില്ലാത്ത മുഖംമൂടികൾ ചിരിക്കുന്നു.

ആഴിയിൽ തനിയെ തുഴഞ്ഞവന്റെ തോണിയിൽ,
നക്ഷത്രങ്ങൾ വന്നു കൂടുകൂട്ടുന്നു.
സ്വന്തം നിഴലിനെ വെളിച്ചമാക്കിയവൻ,
മരുഭൂമിയിലും ഒരു പുഴയായി ഒഴുകുന്നു.

അഗ്നി സ്വയം ദഹിച്ചടങ്ങുമ്പോൾ,
ചാരത്തിൽ നിന്നും ചിറകടിച്ചുയരുന്നൂ ചിലർ.
അപ്പോഴാണ് ശൂന്യതയിൽ നിന്നും,
തീർത്ഥാടകർ നിൻ പാതയിൽ വന്നുചേരുന്നത്.

കാലം മായ്ക്കാത്ത ആ കയ്യൊപ്പിൽ,
അനന്തതയുടെ മൗനം മാത്രം ബാക്കിയാവുന്നു.

ഒ. എം ജാബിർ,എന്നാണ് യഥാർത്ഥ പേര് . "അമിത്രജിത്ത്"എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നു. തൃശൂർ ജില്ലയിലെ പുന്നയൂർക്കുളത്ത് ജനിച്ചു. നിലവിൽ വടക്കേക്കാട് സ്വദേശി. കലാസാഹിത്യ മേഖലകളിൽ സജീവമായി ഇടപെടുന്നു. മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിലും നവമാധ്യമങ്ങളിലും രചനകൾ പ്രസിദ്ധീകരിച്ചു വരുന്നു.."ഓർമ്മച്ചെപ്പ്" , "മറവിപ്പുറത്ത് മഴ വീഴുന്ന നേരം", "വെയിലൂറ്റിയ പ്രഭാതങ്ങൾ"തുടങ്ങിയ കവിത സമാഹാരങ്ങളും, "ഞാനാകും കൃതി" (കഥ സമാഹാരം), "ഒരു സുരക്ഷാ ജീവനക്കാരൻ്റെ ദശ വർഷങ്ങൾ" (ആത്മകഥ), "തീയ്യമ്പ്' (ചിന്താ വിഷയങ്ങൾ), "തെരഞ്ഞെടുത്ത ലേഖനങ്ങൾ" തുടങ്ങിയ കൃതികളും പുറത്തിറങ്ങിയിട്ടുണ്ട്.