
ആകാശം അതിരുവിട്ട്
പെയ്തിറങ്ങിയ രാവിൽ
“ന്റെ ബദ്രീങ്ങളേ…” ന്നുള്ള
ഉമ്മാന്റെ വിളി
ഇന്നും ചെവീല് കിടക്ക്ണ്…
മഴക്കോള് പേമാരി
കരയും കടലും
കെട്ടിപിണച്ചേന്നാള്
തൊട്ടാണ് ഞാൻ
പട്ടിണ്യാക്ണത്…
കടല് കുറുമ്പ് കാട്ടി
ഞങ്ങടെ കുടിലും,
കുടുംബത്താണിയെയും,
കൂടെപ്പിറപ്പുകളെയും
കൂട്ടിക്കൊണ്ടുപോയില്ലെ…
കരയോരം കെട്ടിവെച്ച
സ്വപ്നങ്ങളൊക്കെയും
തിരമാല വന്ന്
ചവിട്ടിക്കീറിയ പോലെ…
മീനിന്റെ മണവും
ഉമ്മാന്റെ കൈച്ചോറും
കുട്ട്യോളുടെ ചിരിയും
ഒറ്റ രാത്രികൊണ്ട്
കടല് വിഴുങ്ങിക്കളഞ്ഞു…
അന്ന്തൊട്ട് ഇന്നുവരെ
വയറ്നെറച്ചൊന്നുണ്ണീറ്റില്ല്യാ…
മനസ്നെറഞ്ഞൊന്നൊറങ്ങീറ്റില്ല്യാ…
എന്തിന്,
ആർത്തൊന്ന് കരയാൻ
വരെ പറ്റീട്ടില്ല്യാ…
അല്ലേലും,
ചിലതങ്ങനെയാ
അത് നമ്മളെ ഒറ്റക്കാക്കി
അലഞ്ഞു തിരിഞ്ഞങ്ങനെ
നടക്കും
നമ്മുടെ അന്ത്യം വരെ..









