നാട്ടുവഴിയിലെ നന്ത്യാർവട്ടങ്ങൾ – 2 മരിക്കാതിരിക്കാനുള്ള മരുന്ന്

പട്ടിണിക്ക് നെല്ലിക്കയുടെ രുചിയാണെന്നു ഞാനറിഞ്ഞത് സദാനന്ദനിലൂടെയാണ്. കയ്പ്പും ചവർപ്പും വിമ്മിഷ്ടത്തോടെ അനുഭവിക്കുകയും പിന്നീട് ഓർമ്മയുടെ തണുത്ത വെള്ളം കുടിക്കുമ്പോൾ മധുരിക്കുകയും ചെയ്യുമത്രെ. മുപ്പതുവർഷങ്ങൾക്കു ശേഷം ഇളവെയിൽപോലെ ചിരിച്ചുകൊണ്ട് അയാൾ ആ കഥ പറഞ്ഞു. പ്രാണൻ അടർന്നു വീഴാതെ ഓരോ ചുവടും വേച്ചു വേച്ചു നടന്ന ഒരു പട്ടിണിക്കാലത്തിന്റെ കഥ. വിശപ്പ് ഒരു വിഷയമേ ആകാത്ത പുതിയ കാലത്തിനു മുന്നിലേയ്ക്ക് സദാനന്ദനെറിയുന്ന പഴങ്കഥ വാക്കുകളിൽ നനവു പരത്തുന്നു.

ഭോപ്പാൽ വിഷവായു ദുരന്തത്തിന്റെ കറുത്തചിത്രങ്ങളും വാർത്തകളും നിറഞ്ഞ മാതൃഭൂമിപ്പേപ്പറിലാണ് അന്നു ഞാൻ കിടന്നത്. എന്റെ തളർന്ന ശരീരത്തിൽ നിന്ന് ഒഴുകിയിറങ്ങിയ വിയർപ്പിന് യൂണിയൻ കാർബൈഡിലെ വിഷവാതകത്തെക്കാൾ കടുത്ത ഗന്ധമായിരുന്നു. മദ്രാസ് സെൻട്രൽ റെയിൽവേ സ്റ്റേഷനു പുറത്തെ തിരക്കിലേയ്ക്കു നോക്കി, പണി തീരാത്ത ഒരു പുതിയ കെട്ടിടത്തിന്റെ വരാന്തയിൽ വിശന്നു തളർന്നു കിടക്കുമ്പോൾ ഞാൻ ഭക്ഷണത്തെപ്പറ്റി മാത്രമാണോർത്തത്.

ഓനച്ചന്റെ കടയിലെ പുട്ടും കടലക്കറിയും ഓർമ്മയിലേയ്ക്കെത്തുന്നു. വെളുത്ത നിറമുള്ള പുട്ടിനു ചുറ്റും പരന്നു കിടക്കുന്ന വറുത്തരച്ച കറുത്ത കടലക്കറി. മംഗലത്തെ ഭാസിപ്പിള്ളയുടെ സുന്ദരിയായ മകൾ  വനജയുടെ മടിയിൽ കിടക്കുന്ന അവളുടെ ഭർത്താവ് പട്ടാളക്കാരൻ കേശവൻകുട്ടിയെപ്പോലെ. ഭാസിപ്പിള്ളയ്ക്ക് വർണ്ണബോധം ഒട്ടുമില്ലെന്നു തോന്നിയിട്ടുണ്ട്, പലപ്പോഴും. അല്ലെങ്കിൽ ചെമ്പകപ്പൂപോലൊരു പെണ്ണിനെ ഇരുട്ടു പോലെ കറുത്ത ഈ തടിയന് ..

റോഡിനപ്പുറം കേശവൻകുട്ടിയെപ്പോലെ കറുത്ത ഒരു നായകന്റെ  കൂറ്റൻ സിനിമാ കട്ടൗട്ടിനു ചുവട്ടിൽ കിട്ടിയ ഇത്തിരിത്തണലത്ത് രണ്ടു മൂന്നു തെരുവുപട്ടികൾ എന്നെപ്പോലെ ഒന്നും ചെയ്യാനില്ലാതെ കിടക്കുന്നുണ്ട്. നാട്ടിലേയ്ക്ക് മടങ്ങിപ്പോയാലോ എന്ന് മനസ്സ് പലവട്ടം ചോദിച്ചു. വേണ്ട .. പോലീസ് സ്റ്റേഷനിലെ ലോക്കപ്പുമുറിയിൽ മണിയൻ എസ്.ഐയുടെ  ഇടികൊണ്ട് ചോര തുപ്പിച്ചാവാൻ വയ്യ. വാദിയും പോലീസും ഒരാളാകുമ്പോൾ പ്രതിക്ക് കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടിവരില്ല.

പെട്ടന്ന് … മണിയൻ വലിച്ചടച്ച കതകുകൾ തള്ളിത്തുറന്ന്, ഹേമ മനസ്സിലേക്കോടിക്കയറിവന്നു. അവളുടെ കാലടികളിൽ എന്റെ വിശപ്പ് ചതഞ്ഞരഞ്ഞു. അവൾ എന്നെയുംകൂട്ടി പാടവരമ്പിലൂടെ ഓടാൻ തുടങ്ങി. എന്റെ മനസ്സിൽ മദിരാശിയിലെ തീവെയിൽത്തിളക്കം മായുന്നതും ഇരുവശത്തുമുള്ള വയലിന്റെ പച്ച നിറം നിറയുന്നതും ഞാനറിഞ്ഞു. അപ്പോൾ പാടത്തിനപ്പുറത്തെ റോഡരുകിൽ ഇന്ദിരാഗാന്ധിയുടെ ഫോട്ടോയ്ക്കു മുന്നിൽ നാട്ടിലെ കോൺഗ്രസ്സുകാർ വെറുതേ നിന്നു കരയുന്നുണ്ടായിരുന്നു. രാവിലെ ഇന്ദിരയെ ആരോ വെടിവച്ചു കൊന്നത്രെ. ഹേമയുടെ ഇരുപതാം പിറന്നാളായിരുന്നു അന്ന്. ഞങ്ങളുടെ പ്രണയത്തിന്റെ നാലാം പിറന്നാളും.

കോരപ്പന്റെ വാഴത്തോട്ടത്തിൽ, നിറഞ്ഞൊഴുകുന്ന സന്ധ്യയിൽ അവൾ തന്ന മൂന്നു ലഡ്ഢുവും ഞാൻ ആർത്തിയോടെ തിന്നു. രാവിലെ മുതൽ വയറ്റിൽ ദഹിക്കാതെ കിടന്ന ഉണക്കക്കപ്പയ്ക്കു മുകളിൽ ലഡുവിന്റെ മധുരം. അന്നവൾ വിവാഹത്തെപ്പറ്റിയും ഒളിച്ചോട്ടത്തെപ്പറ്റിയും സംസാരിച്ചു. പക്ഷെ.. ഞാനപ്പോൾ എന്റെ മറുപടികൾ ലഡ്ഢു കൊണ്ടടച്ച് കിഴക്കേ പാടത്ത് കൂടണയാൻ പറക്കുന്ന പക്ഷികളെ നോക്കിയിരിക്കുകയായിരുന്നു. പ്രീഡിഗ്രി തോറ്റ് ആറേഴു വർഷമായി തെക്കു വടക്കു നടക്കുന്ന ഞാൻ മറ്റെന്തു ചെയ്യാൻ ?!

അവളെ വിവാഹം കഴിക്കുക എന്നത് ഒട്ടും പ്രായോഗികമല്ല എന്നെനിക്കുറപ്പായിരുന്നു. പഴയ തറവാടിന്റെ ഉണങ്ങിവീണ ചില്ലകൾ കുത്തിക്കെട്ടിയുണ്ടാക്കിയ ഓലപ്പുരയ്ക്കടിയിലും നാലുകെട്ടിന്റെ ആഢ്യത്വമഭിനയിച്ച വാശിക്കാരനായ അച്ഛൻ. പറമ്പു കിളയ്ക്കാൻ വന്ന കറമ്പൻ പുലയൻ നീട്ടിയ രണ്ടു ചുള ചക്കപ്പഴം വാങ്ങിത്തിന്നതിന് നാലു വയസ്സുള്ള ചേട്ടനെ പൊതിരെത്തല്ലിയ ജാതിഗർവിന്റെ പഴവടിയും കുത്തി നടക്കുന്ന മുത്തശ്ശൻ. ചോർന്നൊലിക്കുന്ന അടുക്കളയിൽ കണങ്കാലോളം വെള്ളത്തിൽ നിന്ന്, പുകയുന്ന അടുപ്പിൽ നനഞ്ഞ വിറക്  ഊതിക്കത്തിച്ച് കണ്ണും നെഞ്ചും കലങ്ങുമ്പൊഴും തറവാട്ടിലെ അടുക്കളയിൽ അരനൂറ്റാണ്ടു മുമ്പ് ഓരോ നേരവും വച്ചു വിളമ്പിയ ഒന്നരപ്പറ അരിയുടെ കണക്കു പറഞ്ഞ് ആശ്വസിക്കുന്ന അമ്മയുടെ ഓർമ്മത്തഴമ്പുകൾ.

ചോരുന്ന മഴവെള്ളം വീണുനിറഞ്ഞ പഴയൊരുവാർപ്പ്, ഇതെല്ലാംകണ്ട് തുളുമ്പിച്ചിരിച്ച് പരിഹസിച്ചു. വീതം വച്ചപ്പോൾ അമ്മയ്ക്ക് ആകെക്കിട്ടിയ ധനം. ചുറ്റും വ്യവസ്ഥിതി കെട്ടിയ വേലി പൊളിക്കാൻ എനിക്കന്ന് ആവുമായിരുന്നില്ല. അതിനെക്കാൾ  ഭയപ്പെടുത്തിയത് പഴയ സിനിമാനടൻ വിൻസൻറിന്റെ സൗന്ദര്യവും ബാലൻ കെ.നായരുടെ വില്ലത്തരവുമുള്ള ഹേമയുടെ അച്ഛൻ എസ്.ഐ.മണിയനെയായിരുന്നു. മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് അടിവയറ്റിൽ ചവിട്ടുന്ന മണിയൻ. ചോദ്യചിഹ്നം പോലെ ശരീരം വളഞ്ഞുപോയ കിലുക്കിക്കുത്തുകാരൻ വറുഗീസിന്റെ മുഖത്തെ മായാത്ത വിമ്മിഷ്ടം മണിയന്റെ പഴയ ചവിട്ടിന്റെ വേദനയിൽ പിറന്നതാണ്.

“തെങ്ങുകേറ്റക്കാരൻ പരമൂന്റേം അലക്കുകാരി പാറൂന്റേം മകൻ മണിയൻ എസ്.ഐ ആയത് നിന്റെയൊന്നും ഓശാരം കൊണ്ടല്ലടാ… കഷ്ടപ്പെട്ടിട്ടാ..”  ഓരോ ചവിട്ടിനും പശ്ചാത്തലസംഗീതമായി ഈ വായ്ത്താരിയുമുണ്ടാവും.

വാർക്ക വീട്.. ബജാജ് സ്കൂട്ടർ.. സമൂഹത്തിൽ ഭയം കലർന്ന മാന്യത.. വലിയ വലിയ പണക്കാരിൽ നിന്ന് ഹേമയ്ക്കു വരുന്ന കല്യാണാലോചനകൾ .. ഞങ്ങളുടെ പ്രണയത്തെ ചവിട്ടിക്കലക്കാൻ ഇതൊക്കെ ധാരാളമായിരുന്നു, മണിയന്.എന്നിട്ടും ഞാനവളെ പ്രേമിച്ചു. ഒരിക്കലും നടക്കില്ലെന്നറിയാമെങ്കിലും.

ഒടുവിൽ, ഭയന്നതുപോലെ തന്നെ സംഭവിച്ചു. ഞാനെഴുതിയ കത്തുകളുമായി മണിയൻ ഒരു ദിവസം വീട്ടിൽ വന്നു. വായിച്ചിട്ട് കത്തിച്ചു കളയണം എന്ന നിബന്ധനയോടെ അവൾക്കു കൊടുത്ത കവിത തുളുമ്പുന്ന പ്രണയ ലേഖനങ്ങൾ.

വാക്കുകളിൽ മലം കലക്കി മണിയൻ അച്ഛന്റെ മുഖത്തേക്കൊഴിച്ചു. അമ്മ മുറ്റത്തെ അടയ്ക്കാമരത്തിൽ കെട്ടിപ്പിടിച്ചു കരഞ്ഞു. ഊന്നുവടി കൈവിട്ട മുത്തശ്ശൻ, ചാണകം മെഴുകിയ തറയിൽ തളർന്നു കിടന്നു.

മുത്തശ്ശന്റെ ഊന്നുവടി കൊണ്ട്, മണിയന്റെ മുന്നിലിട്ട് അച്ഛനെന്നെ നിറുത്താതെ തല്ലി.

“ഇനി.. എന്റെ കൊച്ചിന്റെ പൊറകെ ചെന്നാലൊണ്ടല്ലോ…. ഇവനെ നിങ്ങളങ്ങു മറന്നേച്ചാ മതി..” തിരിച്ചു നടക്കുമ്പോൾ മണിയൻ മുരണ്ടു.

അന്നു രാത്രി ഞാൻ വീട്ടിൽ നിന്നിറങ്ങി. കൈയിൽ പത്തു പൈസ പോലുമില്ലാതെ.

‘ഇതിലെന്താ പുതുമ ..? ഇത്തരം നഷ്ടപ്രണയങ്ങളുടെ കഥകൾ നിങ്ങൾ ധാരാളം കേട്ടിട്ടുണ്ടാവും. ബോറടിച്ചു തുടങ്ങി അല്ലേ..?’ സദാനന്ദന്റെ മുഖത്തെ ഇളവെയിൽ മാഞ്ഞു. പകരം കറുത്ത ഓർമ്മകളുടെ കരിമേഘക്കെട്ടുകൾ നിഴൽ വിരിച്ചു. കഷണ്ടി കയറിയ തല കസേരയിലേയ്ക്കു ചാരി അയാൾ കർക്കിടക്കാറുപോലെ നിറുത്താതെ പെയ്യാൻ തുടങ്ങി. സങ്കടങ്ങളുടെ ഓർമ്മപ്പെയ്ത്ത്.

മദിരാശി നഗരത്തിൽ അത് കൊടുംവെയിൽക്കാലമായിരുന്നു. വംഗക്കടലിൽ മുങ്ങിക്കയറി വന്ന കാറ്റു പോലും വിയർക്കുന്ന കാലം. ഇത്, പട്ടിണിയുടെ മൂന്നാം നാൾ. അമ്മ വിളമ്പിത്തന്ന റേഷനരിച്ചോറ് ചേമ്പിൻ താളും പരിപ്പും ചേർത്ത പുളിങ്കറിയും കൂട്ടി  ഉണ്ടെഴുന്നേൽക്കുമ്പോഴാണ് മണിയൻ അന്ന് വീട്ടിലേക്കു കയറി വന്നത്. അതിനു ശേഷം വെള്ളമല്ലാതെ ഒന്നും കഴിച്ചിട്ടില്ല. ഇനിയും വൈകിയാൽ ഞാൻ ചത്തുപോയേക്കും.

പരിചയക്കാർ ആരുമില്ലാത്ത മഹാനഗരം. ഇവിടെ വന്നെത്തിയതു തന്നെ അത്ഭുതമായി തോന്നുന്നു. ലക്ഷ്യമില്ലാത്ത കാലുകൾ കൊണ്ടെത്തിച്ചത് വീടിനടുത്തുള്ള റെയിൽവേ സ്റ്റേഷനിലാണ്. അവിടെ നിന്ന് ഏതൊക്കെയോ തീവണ്ടികളിൽ കയറി. പിറ്റേന്ന് ഈ നഗരസാഗരത്തിലിറങ്ങി. പലയിടത്തും നടന്നു. പലരോടും ജോലിയന്വേഷിച്ചു. പരിഹാസത്തിന്റെ നിറവും അവഗണനയുടെ മണവുമറിഞ്ഞു.

ഞാൻ മെല്ലെ എഴുന്നേറ്റു. കാലുകൾ തളരുന്നുണ്ട്. വെയിൽക്കടലിലേക്കിറങ്ങാൻ പേടി തോന്നുന്നു. പക്ഷെ.. ഇങ്ങനെ കിടന്നാൽ..? രണ്ടും കല്പിച്ച് സ്റ്റേഷനു പുറത്തേയ്ക്കിറങ്ങി. പ്ലാറ്റ്ഫോമിലെ ചായക്കടകളും ഹോട്ടലുകളും മാത്രമാണു കണ്ടത്. അടുക്കി വച്ച, നിറമുള്ള പലഹാരങ്ങളും. ഒരു ചായയെങ്കിലും കിട്ടിയെങ്കിൽ. കടം തരാനാളില്ല. പിച്ചയെടുത്തു ശീലമില്ല. മോഷ്ടിക്കാൻ ധൈര്യമില്ല.

ഇനി വയ്യ. വീഴുന്നതിനു മുമ്പ് എവിടെയെങ്കിലും ഇരിക്കണം. ഞാൻ തണലുതേടി മെല്ലെ നടന്നു തുടങ്ങി. മെയിൻ റോഡിൽ നിന്ന് ഇരുവശത്തേക്കും നീളുന്ന ചെറുപാതകൾക്കരികിൽ പേരറിയാത്ത മരങ്ങൾ തണൽ ചൊരിയുന്നുണ്ട്. മരച്ചുവട്ടിൽ കിടന്ന ഒരു കല്ലിൽ ഞാനിരുന്നു. ഇത്തിരി വെള്ളമെങ്കിലും കിട്ടിയില്ലെങ്കിൽ ഞാനിവിടെ വീണു മരിക്കും.

കുറച്ചപ്പുറത്ത് പ്രായം ചെന്ന ഒരു സ്ത്രീ അടുപ്പു കത്തിച്ച് എന്തോ പാകം ചെയ്യുന്നുണ്ട്. അടുപ്പത്ത് വച്ച കലത്തിലേക്കവർ അരി കഴുകിയിടുന്നു. ചെന്നു ചോദിച്ചാലോ.. ? ഇത്തിരി കഞ്ഞിവെള്ളമെങ്കിലും കിട്ടിയാൽ!

വരട്ടെ.. അരി തിളയ്ക്കുന്നതുവരെ കാത്തിരിക്കാം.

ആ സ്ത്രീക്ക് പത്തെഴുപതു വയസ്സുണ്ടാകും. അടുപ്പിനു വലതു വശത്ത് ഒരു വയസ്സൻ  കിടന്നുറങ്ങുന്നുണ്ട്. അവരുടെ ഭർത്താവായിരിക്കും. ഞാൻ മരത്തിൽ ചാരി അവരെത്തന്നെ നോക്കിയിരുന്നു. ഇടക്കെപ്പൊഴോ ആ സ്ത്രീ എന്നെക്കണ്ടു. പിന്നെ ഒന്നു രണ്ടു തവണ തിരിഞ്ഞു നോക്കി.

കഞ്ഞി തിളച്ചു തെറിക്കുന്നത് എനിക്കു കാണാം. അവർ മടിയിൽ വച്ച അലൂമിനിയ പ്ലേറ്റിൽ തക്കാളിയും സവാളയും പച്ചമുളകും അരിയുകയാണ്.  മനസ്സിൽ വിശപ്പ് ആയിരം ഫണം വിടർത്തി നൃത്തമാടുകയാണ്. ചോദിച്ചാൽ അവർ ഇത്തിരി കഞ്ഞി തരുമായിരിക്കും. പക്ഷെ.. ചോദിക്കാൻ മനസ്സു വരുന്നില്ല. ഇന്നോളം ആരോടും ഒന്നും യാചിച്ചിട്ടില്ല. കണ്ണുകളടച്ച് ഇരുട്ടു വിഴുങ്ങി വിശപ്പടക്കാൻ ശ്രമിച്ചു.

കടലയെണ്ണയിൽ സവാളയും ഇഞ്ചിയും പച്ചമുളകും  മൊരിയുന്ന മണമാണ്  വിളിച്ചുണർത്തിയത്. ചോറ് വെള്ളമൂറ്റാൻ ചെരിച്ചു വച്ചിരിക്കുന്നു. അടുപ്പത്തിപ്പോൾ, അവരെപ്പോലെ ചുളിവു വീണ ഒരു അലൂമിനിയ പാത്രമുണ്ട്. ഇപ്പോൾ മല്ലിപ്പൊടിയും മുളകുപൊടിയും എണ്ണയിൽ പടരുന്ന ഗന്ധം എന്റെ സമനില തെറ്റിക്കുന്നു. ചോദിക്കണം. തന്നില്ലെങ്കിൽ ഒറ്റച്ചവിട്ടിന് ആ തള്ളയെ കൊന്നിട്ട് ചോറെടുത്തുണ്ണണം. വിശന്ന മനസ്സിലെ ചെകുത്താൻ വിളിച്ചു പറയുന്നു. നാട്ടിൻ പുറത്തിന്റെ നീതിശാസ്ത്രങ്ങൾ കൊണ്ട് ഞാനവനെ കെട്ടിയിടാൻ ശ്രമിക്കുന്നു.

അവർ രണ്ടു പ്ലേറ്റുകളിൽ ചോറുവിളമ്പി. കലം ശൂന്യം. രണ്ടിലും കറിയൊഴിച്ചു. ചട്ടിയും ശൂന്യം.

ഇനി അവർ ഭർത്താവിനെ വിളിച്ചുണർത്തും.ഇരുവരും ചോറുണ്ണും. അതിനു മുമ്പ് ..?

ഞാൻ സമസ്ത ശക്തിയും സമാഹരിച്ച് ചാടിയെഴുന്നേറ്റു.

“വാ..തമ്പീ. .ഇന്ത, ശോറ് ശാപ്പിട്” എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവർ പ്ലേറ്റു നീട്ടുന്നു.

“രൊമ്പ പശിക്ക്ത് ഇല്ലേ..? പാർത്താലേ തെരിയ്ത്..വാ.. ഒക്കാര് ”  ആ സ്ത്രീ എന്റെ കുറ്റബോധത്തിനു മുന്നിലേക്ക് ഒരു കല്ലു നീക്കിയിട്ടു. ഞാനതിലിരുന്നു.

“ഉലകത്തിലേ പെരിയ വ്യാധി ഏതു തെരിയുമാ ..? പശി.. അതൈവിട പെരിശാ.. എതുവുമേയില്ല. ” ഒരു നിരർത്ഥക ജീവിതത്തിന്റെ പാഠങ്ങൾ സംഗ്രഹിച്ച് അവർ തളർന്നു ചിരിച്ചു.

പ്ലേറ്റ് കൈയിൽ വാങ്ങിയതും ആദ്യ രണ്ടുരുളകൾ അകത്തെത്തിയതും നൊടിയിടയിലായിരുന്നു. അപ്പോഴേക്ക് അവരും ചോറുണ്ണാൻ തുടങ്ങി.

“അയാൾക്ക് ചോറു വേണ്ടേ..?”

ഒഴിഞ്ഞ കലത്തിലേക്കും ചട്ടിയിലേക്കും നോക്കി ആ മനുഷ്യനു നേരേ കൈ ചൂണ്ടി ഞാൻ മലയാളത്തിൽ ചോദിച്ചത് അവർക്കു പിടികിട്ടി.

“ഓ..അതുവാ.. അന്ത ആൾക്ക് ഇനിമേ ശാപ്പാടുവേണ്ട.. അതു ശെത്തു പോച്ച്.!”

ഒരു പിടിച്ചോറ് ഉരുട്ടിയെടുക്കുന്നതിനിടെ അവർ നിസ്സാരമട്ടിൽ പറഞ്ഞു.

എന്റെ തൊണ്ടയിൽ നിന്ന് ബോധമണ്ഡലത്തിലേക്ക് ചോറുരുളുകൾ പാഞ്ഞുകയറുന്നു. ശ്വാസനാളങ്ങളെ സ്തംഭിപ്പിക്കുന്നു.

“എൻ പുരുഷൻ താ… പശങ്ക തൊരത്തിവിട്ടാങ്ക.. പത്തു വർഷമാ നാങ്ക തെരുവില താൻ വാഴറോം. ഒരു വാരമാ കൊലപ്പട്ടിണി.. നേറ്റു രാത്തിരി.. പാവം.. ശെത്തു പോച്ച്.. കാർപ്പറേശൻ ആളുങ്ക വന്ത് പൊണത്തെ എടുത്തിടുവാങ്ക”

ബാക്കിയുള്ള ചോറും വാരിത്തിന്ന് പ്ലേറ്റ് വടിച്ചു നക്കി അവർ എഴുന്നേറ്റു.

തൊട്ടടുത്ത് പട്ടിണികിടന്നു മരിച്ചവന്റെ ശവശരീരം.. കൈയ്യിൽ കാത്തിരുന്നു കിട്ടിയ ഭക്ഷണം ..

എന്തു ചെയ്യണമെന്നറിയാതെ രണ്ടിലേക്കും ഞാൻ മാറി മാറി നോക്കുമ്പോൾ അവരുടെ ശബ്ദം കേട്ടു .

“ഉയിരെ കാപ്പാത്ത വേണ്ടാമാ ..? അതാ കാലേയിലിരുന്ന് കുപ്പയെ പൊറുക്കി വിറ്റ് സമ്പാദിച്ച കാശിലെ അരിശി വാങ്കിനേ.. ശാപ്പിടപ്പാ.. ഇല്ലേന്നാ.. നീയും ശെത്തു പോയിടുവേ..”

ശവത്തിലേക്കു നോക്കാതിരിക്കാൻ മനസ്സിനെ പ്രേരിപ്പിച്ച് ഞാൻ ചോറുണ്ണാൻ തുടങ്ങി …

ചത്തുപോകാതിരിക്കാൻ.

മഹാഭാരതം, കഥാ സാഗരം, ചിലപ്പതികാരം എന്നിവയുടെ പുനരാഖ്യാനം, ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രം അടക്കം അഞ്ച് ചരിത ഗ്രന്ഥങ്ങൾ, മൂന്നു നോവലുകൾ, കാലാതിവർത്തികൾ: പ്രാചീന ആധുനിക കവിത്രയങ്ങൾ മുതലായ സാഹിത്യപഠനങ്ങൾ അടക്കം നാൽപ്പത്തിയഞ്ചു പുസ്തകങ്ങളുടെ രചയിതാവ്. എറണാകുളം, കളമ്പൂർ സ്വദേശി.