“ഞങ്ങളെല്ലാരും ഒരുപോലെയാ..തിരിച്ചു നടക്കാൻ പറ്റാത്ത വഴിയിലൂടെ നടന്നു തളരുന്നവർ….. ഓർമ്മകളിൽ മേഞ്ഞു മടുക്കുമ്പോ.. ഭഗവാനെ തൊഴാൻ വരുന്ന ആളുകളെ വെറുതേ നോക്കിയിരിക്കും. പരിചയമുള്ള ആരെങ്കിലും അക്കൂട്ടത്തിലുണ്ടോന്ന്..
ഒണ്ടെങ്കിൽ .. അവരു കാണാതെ ഈ തൂണിനു പൊറകിൽ നിന്ന് അവരെ നോക്കും. കണ്ടാൽ പിന്നെ.. സഹതാപമായി.. ഔദാര്യമായി .. വേണ്ട.. അതൊന്നും വേണ്ട.”
ആ മനുഷ്യൻ എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. എവിടെയോ കണ്ടു മറന്നപോലെ.
തിമിരം തിരശ്ശീലയിട്ട മിഴികൾ തിരുമ്മിത്തെളിച്ച് അയാൾ തിരിഞ്ഞു തിരിഞ്ഞു നോക്കി.
ആവശ്യങ്ങളെ അടിമകിടത്താൻ വന്ന ഭക്തമാനസങ്ങൾ ശ്രീകോവിലിലേക്കു മാത്രം ശ്രദ്ധിച്ചു നടന്നു നീങ്ങുമ്പോൾ, തിരസ്കരിക്കപ്പെട്ടവരുടെ തുരുത്തു പോലെ ഇരുവശത്തും വൃദ്ധരുടെ ഒരു ലോകം തളർന്നു കിടക്കുന്നുണ്ടായിരുന്നു. അവരെ ആരും ശ്രദ്ധിച്ചില്ല. അവരിലോരോരുത്തരും, നടന്നു നീങ്ങുന്നവരെ ഉറ്റുനോക്കുന്നുണ്ട്. പരിചിതമുഖങ്ങളെ പ്രതീക്ഷയോടെ തേടുന്നുണ്ട്.
ഞാനൊന്നു നിന്നു..
പിന്നെ. നാലടി പിന്നോട്ടു നടന്നു.
എനിക്കും ആ മനുഷ്യനുമിടയിൽ ഓർമ്മകളുടെ അദൃശ്യമായൊരു ചരട്, കാലം കെട്ടിയിട്ടുണ്ട്. അതു കണ്ടെത്തണം.
അര നൂറ്റാണ്ടോളം നടന്നു തീർത്ത ജീവിതവഴികളിൽ, എവിടെ… എന്ന് .. ?
ഞാൻ അയാളുടെ അടുത്തേക്കു നടന്നു. എന്നെക്കണ്ടതും ആ മനുഷ്യൻ അല്പം മുന്നോട്ടു നീങ്ങി.
അപ്പോഴാണ് ഞാനതു കണ്ടത്.
പലകകൾ ദ്രവിച്ചടർന്നു തുടങ്ങിയ ആ പഴയ ഹർമ്മോണിയം.
പാവന
ഗുരുപവനപുരാധീശമാശ്രയേ ..
ഗുരുപവനപുരാധീശം ആശ്രയേ ..
ഉള്ളുലയ്ക്കുന്ന സ്വരം.. തളർന്നു പെയ്യുന്ന മഴപോലെ..
ഉണ്ട്.. ഞാൻ ഇദ്ദേഹത്തെ കണ്ടിട്ടുണ്ട് ..
ഈ ഹർമ്മോണിയത്തിന്റെ സ്വരമാധുരിക്കൊപ്പം ഒഴുകി വരുന്ന ആ സംഗീതധാരയിൽ സ്വയം മറന്ന് തൊഴുതു നിന്നിട്ടുണ്ട്.
ഓർക്കുന്നു..ഞാനോർക്കുന്നു ..
നിരാശയുടെ ഇരുണ്ട ദ്വീപിൽ ഏകാന്തവാസത്തിനു വിധിക്കപ്പെട്ട കാലത്ത്, ചിതൽ തിന്ന ഓർമ്മത്താളുകൾ പെറുക്കിയടുക്കിക്കൊണ്ട് പൂമുഖത്തെ ചാരുകസേരയിൽ കിടന്ന ഒരു മദ്ധ്യാഹ്നത്തിൽ, തോളിൽ തൂക്കിയ ഹർമ്മോണിയവുമായി പടി കടന്നു വന്ന ആ വൃദ്ധനെ.
തൊഴുകയ്യുമായി അയാൾ മുറ്റത്തു നിന്നപ്പോൾ, കാലം കരിച്ചു കളഞ്ഞ പഴയൊരു വസന്തത്തിൽ വാടാതെ നിന്നൊരു പൂവുപോലെ ഇത്തിരി ചൈതന്യം ആ മുഖത്തു കണ്ടു.
‘യാചിക്കേണ്ടതെങ്ങനെയാണെന്ന് എനിക്കറിയില്ല. ആദ്യായിട്ടാ.. പക്ഷെ ഇപ്പോ.. എന്തെങ്കിലും കഴിച്ചില്ലെങ്കിൽ ഞാൻ വീണുപോകും. ‘ അയാൾ ഹർമ്മോണിയം വരാന്തയിൽ വച്ച് അതിനടുത്തിരുന്നു.
വിളമ്പിക്കൊടുത്ത ഭക്ഷണത്തിലേക്കു നോക്കി അയാൾ ഒരു ദീർഘനിശ്വാസമുതിർത്തു. പിന്നെ ആർത്തിയോടെ അതു കഴിച്ചു തീർത്തു.
‘മതി!’ വീണ്ടും വിളമ്പാൻ തുടങ്ങിയപ്പോൾ അയാൾ തടഞ്ഞു.
‘ജീവൻ നിലനിറുത്താൻ ഇതു ധാരാളം.’
‘എഴുപത്തിരണ്ടു മേളകർത്താരാഗങ്ങളേക്കാൾ തീവ്രമാണ് വിശപ്പിന്റെ രാഗം’
കൈ കഴുകി വന്ന് മുറ്റത്തെ ചാമ്പ മരത്തിൽ ചാരിയിരുന്ന് അയാൾ ചിരിച്ചു.
സംഗീതം ജീവിതമാക്കിയ മനുഷ്യൻ.
ശുദ്ധസംഗീതം കൊണ്ടു മാത്രം പേരും പെരുമയും നേടാനാവില്ലെന്ന സത്യം മനസ്സിലാക്കാതെ പോയ ഒരു പാവം ഭാഗവതർ. പരാജയപ്പെട്ടവന് സ്വന്തം ഭാര്യയും മക്കളും പോലും വില കല്പിക്കില്ലെന്ന് തിരിച്ചറിയാൻ ഏറെ വൈകി. അവഗണനകൾക്കും തിരസ്കാരങ്ങൾക്കുമൊപ്പം കാലമയാൾക്ക് മറ്റൊരു സമ്മാനം കൂടി നല്കി. സോറിയാസിസ്. തൊലി ദ്രവിച്ചടർന്നു വ്രണമാകുന്ന രോഗം.
ഒടുവിൽ, കിടപ്പുമുറിയിൽ നിന്ന് വിറകുപുരയിലേക്ക് എടുത്തെറിയപ്പെട്ടപ്പോൾ, തന്റെ ഹർമ്മോണിയവുമെടുത്ത് യാത്ര പുറപ്പെട്ടതാണ്.
‘ഇന്നോളം ദാനമായി ഒന്നും വാങ്ങിയിട്ടില്ല. ആരോടും. ഈ കനിവിനു പകരം തരാൻ സംഗീതം മാത്രമേ ഉള്ളു. വിരോധമില്ലെങ്കിൽ ഒരു കീർത്തനം പാടാം.’ അയാൾ ഹർമ്മോണിയത്തിനടുത്തു വന്നിരുന്നു.
പാവന ഗുരു പവനപുരാധീശമാശ്രയേ ..
കാലത്തിനു തളർത്താനാവാത്ത മധുര ശബ്ദത്തിൽ ആ മനുഷ്യൻ പാടുമ്പോൾ ഗുരുവായൂരപ്പന്റെ തിരുനടയിലെന്നപോലെ മിഴികളടച്ചു തൊഴുതുനിന്നുപോയി.
‘നേരേ .. ഗുരുവായൂരേയ്ക്ക്. ഭഗവാന്റെ തിരുമുമ്പിൽ പാടിപ്പാടി ജന്മമങ്ങു തീർക്കണം. ‘
വെയിൽ ചിതറിക്കിടക്കുന്ന വഴിയിലേയ്ക്കിറങ്ങുമ്പോൾ അയാൾ വീണ്ടും തൊഴുതു.
ആ പാട്ടു കേട്ടു പഠിച്ചതു പോലെ, അപ്പോൾ തെക്കേമുറ്റത്തെ ചെമ്പകക്കൊമ്പിലിരുന്ന് ഒരു കുയിൽ പാടുന്നുണ്ടായിരുന്നു, മധുരമായി.
“ഇവിടെത്തന്നെ കൂടി.. അല്ലേ..?” അയാളുടെ ആശങ്കകളെ പുഞ്ചിരി പുതപ്പിച്ച് ഞാൻ അടുത്തുചെന്നു.
“ആലംബമറ്റവർക്ക് ഇവിടമല്ലാതെ … ” അയാളും ചിരിക്കാൻ ശ്രമിച്ചു.
“ആരാണെന്ന്.. ശരിക്കങ്ങു മനസ്സിലായില്ല. പക്ഷെ ഒരു കാര്യം ഉറപ്പാ.. നമ്മളു തമ്മിൽ ഒരു പിടിച്ചോറിന്റെ ബന്ധമുണ്ട്. ഈ യാത്രയ്ക്കിടയിൽ എവിടെയോ ..” അയാൾ തുടർന്നു.
“ചോറിന്റെയല്ല… സംഗീതത്തിന്റെ… .ആറേഴു വർഷക്കാലം എന്റെ വേദനകളിൽ തേൻ പുരട്ടിയ മധുരമായ ഒരു കീർത്തനത്തിന്റെ.” പറയാൻ വന്നത് ഞാൻ മുഴുവനാക്കിയില്ല.
“പകരം കൊടുക്കാൻ എനിക്കീ സംഗീതമേയുള്ളൂ.” അയാൾ നിലത്തിരുന്ന് ഹാർമോണിയത്തിൽ മെല്ലെ തലോടി.
”ബന്ധങ്ങളെല്ലാം നഷ്ടപ്പെട്ടവന് ഓർമ്മകളുമാത്രമാ കൂട്ട് .. പിന്നെ, വേണ്ടപ്പെട്ടോരു നടതള്ളിയ കൊറേ അനാഥ ജന്മങ്ങളും.”
ക്ഷേത്ര ഗോപുരങ്ങളിൽ കൂടുകൂട്ടിയ പ്രാവുകളിലൊന്ന്, കാണാതായ കുഞ്ഞിനെ തേടി നടക്കുന്ന അമ്മയുടെ പരിഭ്രാന്തിയോടെ ആ തിരക്കിനിടയിലൂടെ താഴ്ന്നു പറക്കുന്നു. തെല്ലുനേരം അതു നോക്കിയിരുന്ന ശേഷം അയാൾ തുടർന്നു.
“ഞങ്ങളെല്ലാരും ഒരുപോലെയാ..തിരിച്ചു നടക്കാൻ പറ്റാത്ത വഴിയിലൂടെ നടന്നു തളരുന്നവർ….. ഓർമ്മകളിൽ മേഞ്ഞു മടുക്കുമ്പോ.. ഭഗവാനെ തൊഴാൻ വരുന്ന ആളുകളെ വെറുതേ നോക്കിയിരിക്കും. പരിചയമുള്ള ആരെങ്കിലും അക്കൂട്ടത്തിലുണ്ടോന്ന്..
ഒണ്ടെങ്കിൽ .. അവരു കാണാതെ ഈ തൂണിനു പൊറകിൽ നിന്ന് അവരെ നോക്കും. കണ്ടാൽ പിന്നെ.. സഹതാപമായി.. ഔദാര്യമായി .. വേണ്ട.. അതൊന്നും വേണ്ട.”
തമിഴ്നാട്ടിൽ നിന്നെത്തിയ ഒരു ഭക്തജനസംഘമുയർത്തിയ ആരവങ്ങളുടെ ഇടവേളയ്ക്കുശേഷം
അയാൾ വീണ്ടും ചിരിയുടെ പൂ വിടർത്തി.
“ഇവിടെ വന്നേനു ശേഷം ആദ്യായിട്ടാ.. ഒരാള്.. എന്നെത്തേടി .. “
“എനിക്കാ കീർത്തനം ഒന്നുകൂടി കേൾക്കണം” ഒരപേക്ഷയുടെ നനവ് ഞാൻ വാക്കുകളിൽ പുരട്ടി.
“പാട്ട്.. ഇപ്പോ മനസ്സിൽ മാത്രേ ഉള്ളു .. ശബ്ദമൊക്കെ പോയി ..നൂറു കണക്കിനു സ്റ്റേജിൽ പാടിയ ഭാഗവതരാ ..പറഞ്ഞിട്ടെന്തു കാര്യം.. “
പൊട്ടിയടർന്ന വ്രണങ്ങൾക്കു മേൽ വന്നിരുന്ന ഈച്ചകളെ ആട്ടിയോടിക്കുമ്പോൾ അയാൾ പിറുപിറുത്തു.
എന്നാലും പാടാം .. പാട്ട്, അതാഗ്രഹിക്കുന്നവർക്കുള്ളതാ..
അയാൾ ഹർമ്മോണിയത്തിന്റെ കട്ടകളിൽ മെല്ലെ വിരലമർത്തി .. പിന്നെ, പവനപുരേശന്റെ തിരുമെയ് പുണർന്നു വരുന്ന കാറ്റുപോലെ സൗമ്യമായി പാടിത്തുടങ്ങി.
പാവന
ഗുരുപവനപുരാധീശമാശ്രയേ ..
ഗുരുപവനപുരാധീശം ആശ്രയേ ..
ഞാൻ സ്വയം മറന്നു നിന്നു..
സംഗീതത്തിന്റെ പാലാഴിത്തിരമാലകൾ എന്നെ ചൂഴുന്നതു പോലെ ..
സ്വരശലഭങ്ങൾ പാറിപ്പറക്കുന്ന വൃന്ദാവനത്തിൽ ചെന്നെത്തിയതു പോലെ ..
ചുറ്റും കൂടിയ ആളുകളുടെ കരഘോഷം കേട്ടുണരുമ്പോൾ,ഞാൻ ആ മനുഷ്യനെ തൊഴുതു നിൽക്കുകയായിരുന്നു.
ഒന്നുമറിയാതെ, ഒരു സമാധിയിലെന്ന പോലെ അയാൾ ആ തൂണിൽ ചാരി മിഴികളടച്ചിരിക്കുന്നു.
കരഘോഷങ്ങളെ പുതപ്പിച്ചു കിടത്തി, മൂകത അധികാരമേറ്റെടുത്തു കഴിഞ്ഞു.
ഞാൻ കുനിഞ്ഞ്,ആ പാദങ്ങളിൽ തൊട്ടു വന്ദിച്ചു.
എനിക്കെന്തോ സംശയം തോന്നി. !
അയാൾ അനങ്ങുന്നുണ്ടോ..?
ഇല്ല ..! ആ ശരീരമിപ്പോൾ നിശ്ചലമാണ്.
ഒരു പക്ഷെ .. അയാൾ മരിച്ചു പോയിട്ടുണ്ടാവും..
എനിക്ക് സങ്കടം തോന്നിയില്ല.
മരണം അയാൾക്ക് കിട്ടാവുന്നതിൽ ഏറ്റവും വലിയ അനുഗ്രഹമായിരുന്നല്ലോ.
അപ്പോൾ ഞാൻ കേട്ടു…
അച്ഛനമ്മമാരെ ഉപേക്ഷിച്ചു മടങ്ങുന്ന മക്കളുടെ വഴിപാടുകൾ നിറച്ച വെങ്കലപ്പാത്രങ്ങൾ ഭഗവാൻ വലിച്ചെറിയുന്ന ശബ്ദം.
അതിന് അമ്പലമണികളുടെ നാദമായിരുന്നു.
ക്ഷേത്ര ഗോപുരങ്ങളിൽ കൂടുകൂട്ടിയ പ്രാവുകളിലൊന്ന്, കാണാതായ കുഞ്ഞിനെ തേടി നടക്കുന്ന അമ്മയുടെ പരിഭ്രാന്തിയോടെ അപ്പോഴും ആ തിരക്കിനിടയിലൂടെ താഴ്ന്നു പറക്കുന്നുണ്ടായിരുന്നു.
ആട്ടിയോടിക്കാൻ ആരുമില്ലാത്ത ധൈര്യത്തിൽ അയാളുടെ വ്രണങ്ങളിൽ ആധിപത്യം സ്ഥാപിച്ച ഈച്ചകൾ അപ്പോൾ മനുഷ്യരെപ്പോലെ തമ്മിലടിക്കുന്നുണ്ടായിരുന്നു.
അതു കാണാതിരിക്കാൻ ഞാൻ മിഴികളടച്ചു നിന്നു.