“അടിയന്തിരാവസ്ഥക്കാലത്തെ പോലീസു പിടിച്ചാ ഗാന്ധിജിയാണങ്കിപ്പോലും ചെയ്യാത്ത കുറ്റം സമ്മതിക്കേണ്ടി വരും.. ഞങ്ങളാരേം കൊന്നില്ല. വെള്ളത്തിൽ ചാടി ചത്ത ഏതോ പെണ്ണിന്റെ ശവം . അതിന്റെ കൈയിൽ കെടന്ന ഒരു വള ഞങ്ങളൂരിയെടുത്തു .. ഗതികേടുകൊണ്ടാ.. അതിനാണ് ഈ ശിക്ഷയൊക്കെ.വേദന സഹിക്കാൻ പറ്റാതെ വന്നപ്പം അവനോടൊള്ള ദേഷ്യത്തിന് ഞാനവനെ ഒറ്റുകൊടുത്തു. വളേടെ കാര്യം പറഞ്ഞില്ലായിരുന്നെങ്കിൽ ഇത് വെറും അടിപിടിക്കേസായി തീർന്നേനേ.. ” അയാൾ ഇടക്കിടെ ചുമയ്ക്കുന്നുണ്ടായിരുന്നു.
പപ്പുണ്ണിനായരെ ആശുപത്രിയിലേയ്ക്കു കൊണ്ടുപോയത് കനാൽ ബണ്ടിലൂടെ നടത്തിയാണ്. അവർ പോയ വഴികളിലെല്ലാം ചോരത്തുള്ളികൾ ഇറ്റുവീഴുന്നുണ്ടായിരുന്നു.പപ്പുണ്ണിനായരുടെ വെളുത്തു തുടുത്ത മുഖത്തും ശരീരത്തിലുമൊക്കെ ചോര കിനിയുന്ന പോറലുകൾ കണ്ടു. നാലഞ്ചു ലുങ്കികൾ അടുക്കിയടുക്കി തറ്റുടുപ്പിച്ചതിനാൽ അരക്കെട്ട് കഥകളി വേഷത്തിന്റേതു പോലെ തോന്നി. വളരെ ബുദ്ധിമുട്ടി, കാലുകൾ അകറ്റി വച്ച് ശബ്ദം താഴ്ത്തി കരഞ്ഞുകൊണ്ടാണ് അയാൾ നടന്നു പോയത്. ഒരു മൈൽ ദൂരത്തുള്ള കടത്തു കടവിൽ ചെന്ന് തോണിയിൽ അക്കര കടന്ന് വല്ല ജീപ്പും വിളിച്ച് പട്ടണത്തിലുള്ള സർക്കാർ ആശുപത്രിയിലെത്തണം.
പപ്പുണ്ണി നായർക്ക് എന്തു പറ്റി എന്നറിയാൻ കനാൽ ബണ്ടിൽ ചിതറി വീണ ചോരത്തുള്ളികളിലൂടെ പിറകോട്ടു സഞ്ചരിക്കേണ്ടിയിരുന്നു. പക്ഷെ, ഞങ്ങളപ്പോൾ അതിനു ശ്രമിച്ചില്ല.അതിനേക്കാൾ വലിയ മറ്റൊരു സംഭവത്തിന്റെ പിന്നാലെയായിരുന്നു നാട്ടുകാർ.
പുഴയോരത്തെ പുല്ലാനിപ്പടർപ്പിനടിയിൽ ഒരു ശവം വന്നടിഞ്ഞിരിക്കുന്നു. അമ്പതു വയസ്സു തോന്നിക്കുന്ന ഒരു സ്ത്രീയുടെ ചീർത്ത ശവം. ചുറ്റും ചാകരപോലെ മീനുകളുടെ തിരക്ക്. ചൂണ്ടയിടാൻ വന്ന എം.ജി.ആറാണ് ശവം ആദ്യമായി കണ്ടത്.
“ചത്തിട്ട് മൂന്നാലു ദെവസമായിട്ടൊണ്ട്.. ഫയങ്കര വാടയടിക്കണു .. ” തലയിലെ കുരുവിക്കൂട് ഇടം കൈയാൽ ഒന്നുകൂടി ശരിയാക്കി, വലിച്ചു തീർത്ത കാജാ ബീഡി പുഴയിലേക്കെറിഞ്ഞ് മാങ്കൂട്ടിൽ ഗോവിന്ദന്റെ മകൻ രാജപ്പൻ എന്ന എം.ജി.രാജപ്പൻ മൂക്കുപൊത്തി.
‘ആരെങ്കിലും സ്റ്റേഷനിച്ചെന്നൊന്നു പറ ..’ മൂക്കിപ്പൊടി മാധവൻപിള്ള വിറയ്ക്കുന്നുണ്ടായിരുന്നു. ശവം വന്നടിഞ്ഞത് അയാളുടെ പറമ്പിനു താഴെയാണ്.
” ഇനിയീ വയസ്സാം കാലത്ത് ഇങ്ങേര് കൊലക്കേസിലും കൂടി പ്രതിയാവേണ്ടിവരുവോ… ?’ എം.ജി ആർ മൂക്കിപ്പൊടിയെ ദയനീയമായി നോക്കി.
പണ്ട്, മനസാ വാചാ കർമ്മണാ അറിയാതെ ഒരു തട്ടിപ്പു കേസിൽ പ്രതിയായ മൂക്കിപ്പൊടിക്ക് ഇതു കേട്ടതോടെ വിറയൽ കൂടി. അടിയന്തിരാവസ്ഥക്കാലമാ .. പോലീസിന് ദൈവത്തിന്റെ പവറാ.. ചുമ്മാ നിക്കണവനെ വരെ അവര് പിടിച്ചകത്തിട്ട് ഇരുമ്പൊലക്ക കൊണ്ട് ഉരുട്ടും. ഉടനെ എന്തെങ്കിലും ചെയ്യണം. അയാൾ പഞ്ചായത്തു മെമ്പർ കറിയാച്ചന്റെ വീട്ടിലേക്കോടി.
ഒരു മണിക്കൂർ കൊണ്ട് പുഴക്കരയിൽ ഉത്സവത്തിനുള്ള ആളുകൂടി. ഒന്നും ചെയ്യാനില്ലാത്തതു കൊണ്ടാവും ശവം വെറുതെ അങ്ങോട്ടുമിങ്ങോട്ടും ഓളത്തിൽ ചാഞ്ചാടിക്കളിച്ചു.
സൈക്കിളിന്റെ മണിയടി കേട്ട് ആളുകൾ പടിഞ്ഞാറോട്ടു തിരിഞ്ഞു് ശാന്തരായി നിന്നു. സൈക്കിൾ തള്ളി പതുക്കെ നടന്നു വരുന്ന പോലീസുകാരനെക്കണ്ടതോടെ അവരുടെ ഭയമകന്നു .
‘ഭീഷ്മരാ .. പേടിക്കണ്ട.’ ആരോ പിറുപിറുത്തു.
വഴിതെറ്റി പോലീസിലെത്തിയ ദിവാകരൻ. ഭീഷ്മർ ദിവാകരൻ. താൻ കല്യാണം കഴിക്കേണ്ട പ്രായത്തിൽ അച്ഛന് രണ്ടാം കല്യാണം നടത്തിക്കൊടുത്ത് ബ്രഹ്മചര്യം സ്വീകരിച്ച സാത്വികൻ. നാട്ടുകാർ അറിഞ്ഞിട്ട പേര് ഭീഷ്മർ.
താഴെ വള്ളവുമായി കാത്തു നിന്ന കേശവൻ കഴുക്കോൽ വെള്ളത്തിലടിച്ച് തന്റെ സാന്നിദ്ധ്യമറിയിച്ചു. ഭീഷ്മർ വള്ളത്തിൽ കയറി കാക്കിനിക്കറിന്റെ കീശയിൽ നിന്നു തൂവാലയെടുത്ത് മൂക്കു മൂടിക്കെട്ടി,കഴുക്കോൽ വാങ്ങി.
ചെടിക്കൂട്ടത്തിൽ ഉടക്കിക്കിടക്കുന്ന ശവത്തിന്റെ മുഖം കാണാൻ പാകത്തിൽ തട്ടിത്തിരിക്കുമ്പോൾ ഛർദ്ദിക്കാതിരിക്കാൻ ഭീഷ്മർ ഏറെ പാടുപെടുന്നുണ്ടായിരുന്നു.
നോക്കിക്കേ.. അറിയണവരു വല്ലതും ആണോന്ന്? അയാൾ വിളിച്ചു പറഞ്ഞു. ആ മുഖം തിരിച്ചറിയാനാവാത്ത വിധം വികൃതമായിരുന്നു.
ആരും പ്രതികരിക്കാത്തതിനാൽ ഭീഷ്മർ അടുത്ത നടപടിയിലേക്കു കടന്നു. ശവം പുറത്തേക്കു തള്ളി നീക്കി. ഒഴുക്കിലെത്തിയതോടെ അത് താഴേക്ക് വേഗത്തിൽ നീങ്ങി. വള്ളം പിന്നാലെയും.
ശവത്തെ കഴുക്കോൽ കൊണ്ട് കിഴക്കോട്ടു തള്ളി നീക്കി വേഗത്തിൽ അക്കരയെത്തിച്ച് തന്റെ ഡ്യൂട്ടി പൂർത്തിയാക്കണം.പുഴയുടെ മറുകര മറ്റൊരു ജില്ലയാണ്. ഇനിയുള്ളത് അവിടത്തെ പോലീസ് നോക്കിക്കൊള്ളും.
ശവം അങ്ങേക്കരയിലൂടെ താഴേയ്ക്കൊഴുകുന്നത് കുറച്ചു നേരം നോക്കി നിന്നശേഷം ഭീഷ്മർ തിരിച്ചുവന്ന് സൈക്കിളിൽ കയറിപ്പോയി. എം.ജി.ആർ ചൂണ്ടയുമായി കടവിലേക്കിറങ്ങി.
ആളുകൾ പിരിഞ്ഞു തുടങ്ങി ..
ശവം പോയിട്ടും തങ്ങി നിന്ന ദുർഗന്ധത്തിനൊപ്പം ആ സ്ത്രീയുടെ ചീർത്ത മുഖം ഞങ്ങളുടെ മനസ്സിൽ ഒരു വിങ്ങലായി നിന്നു.
ഞങ്ങളപ്പോൾ പപ്പുണ്ണിനായരുടെ കാര്യമാണോർത്തത്. അയാളുടെ അരക്കെട്ടിൽ നിന്നും ഊർന്നു വീണ ചോരത്തുള്ളികൾ കനാൽ ബണ്ടിൽ വരച്ച ചുവന്ന രേഖകൾ… എന്തു പറ്റിയതാവും അയാൾക്ക്.?! ആർക്കും ഒന്നും അറിയില്ലായിരുന്നു.
…… ……. ……. ……
ചാക്കപ്പനെ പോലീസു പിടിച്ചു.!
പിറ്റേന്നു സന്ധ്യക്ക് കടത്തുവള്ളം പൂട്ടി മടങ്ങി വന്ന മാത്തനാണ് വാർത്ത കൊണ്ടുവന്നത്.
”ചാക്കപ്പൻ, പപ്പുണ്ണിനായരുടെ കിടുങ്ങാമണി കടിച്ചു മുറിച്ചു. ” മാത്തൻ തല തല്ലിച്ചിരിക്കുകയായിരുന്നു.
”നായര് ചാവണ്ടതാ .. ഭാഗ്യം കൊണ്ടാ രക്ഷപ്പെട്ടത് ” അയാൾ സംഭവം വിശദീകരിക്കാൻ തുടങ്ങി.
പപ്പുണ്ണി നായരും ചാക്കപ്പനും നാട്ടിലെ പ്രധാന കള്ളന്മാരായിരുന്നു.
ഇണ പിരിയാത്ത മിത്രങ്ങളും.
പണ്ടൊക്കെ ..നാട്ടുമ്പുറത്തെ കള്ളന്മാർ നിഷ്കളങ്കരായിരുന്നു. വെറും പാവങ്ങൾ. ഭാര്യയെ ആശുപത്രിയിൽ കൊണ്ടു പോകാൻ ..കുട്ടികളുടെ വിശപ്പു മാറ്റാൻ.. അവരുടെ ഉടുപ്പുകൾ കീറിത്തുടങ്ങുമ്പോൾ പുതിയ ഒരെണ്ണം വാങ്ങിക്കൊടുക്കാൻ ..വല്ലപ്പോഴും ഒരു കുപ്പിക്കള്ളുകുടിക്കാൻ. അവർ ഗതികേടുകൊണ്ട് മോഷണം നടത്തിയവരായിരുന്നു.
ഒരു വാഴക്കുല.. പത്തു തേങ്ങ .. രണ്ടു കിണ്ടി ..വിളക്ക് ..ഉരുളി.. ഇങ്ങനെ വല്ലതുമൊക്കെ അടിച്ചുമാറ്റി ടൗണിലെ കടകളിൽ കൊണ്ടുപോയിക്കൊടുത്ത് അത്യാവശ്യങ്ങൾ നടത്തിയിരുന്ന നിരാലംബ ജന്മങ്ങളായിരുന്നു അവർ.ഇന്നത്തെപ്പോലെ തൊഴിലുറപ്പോ കുടുംബശ്രീയോ സൗജന്യ റേഷനോ ഒക്കെ ഉണ്ടായിരുന്നെങ്കിൽ അവരും അന്തസ്സോടെ ജീവിക്കുമായിരുന്നു. മാന്യന്മാർ എന്ന പേരെടുത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും മത്സരിക്കുമായിരുന്നു.
പപ്പുണ്ണിയും ചാക്കപ്പനും അല്ലറ ചില്ലറ മോഷണങ്ങളുമായി ജീവിതം തുടർന്നു.കിട്ടുന്നതു പങ്കിട്ടെടുത്തും ഉള്ളതു കഴിച്ചും രണ്ടു കുടുംബങ്ങളും പുറമ്പോക്കിലെ നാലു സെന്റിൽ കുത്തിക്കെട്ടിയ അടുത്തടുത്ത ഓലക്കുടിലുകളിൽ ജീവിച്ചു. ഒരിക്കലും പിണങ്ങാതെ.
അത്രയ്ക്ക് സ്നേഹിതന്മാരായിരുന്ന ഇവർ തമ്മിൽ എന്തിനു വഴക്കുണ്ടാക്കി.? പപ്പുണ്ണിയുടെ വൃഷണങ്ങൾ കടിച്ചു മുറിക്കാൻ തക്ക ദേഷ്യം ചാക്കപ്പനുണ്ടാകാൻ കാരണമെന്ത് ..?
ഞങ്ങൾ നാട്ടുകാർ പുതിയ വിവരങ്ങൾക്കായി കാത്തു കാത്തിരുന്നു.
ഒടുവിൽ അതിനും ഉത്തരം കിട്ടി.
….. ….. ….. ……
ഒരു സ്വർണ്ണവളയും രണ്ടു പെണ്ണുങ്ങളുമാണ് പ്രശ്നങ്ങൾക്കു കാരണമെന്ന് ഞങ്ങളറിഞ്ഞു. കനകം മൂലം കാമിനി മൂലം.. കലഹം എന്ന ചൊല്ല് സത്യമായി.
വഴക്കുണ്ടാവുന്നതിന്റെ തലേന്ന് വൈകുന്നേരം ചാക്കപ്പൻ ഒരു സ്വർണവളയുമായി വീട്ടിൽ ചെന്നു.
വള കണ്ടതോടെ ചാക്കപ്പന്റെ ഭാര്യ അതു കൈക്കലാക്കി. സ്നേഹം മൂത്ത് കെട്ടിയോന് രണ്ടുമ്മയും കൊടുത്തു.
അത് രണ്ടു പേരും കൂടി കട്ടതാണെന്നും വിറ്റു കിട്ടുന്നതിൽ പാതി പപ്പുണ്ണിക്കു കൊടുക്കണമെന്നും എത്ര വിശദീകരിച്ചിട്ടും അവൾ കേട്ടില്ല.
“അങ്ങനെയിപ്പം അവളു മാത്രം സ്വർണ്ണവളയിടണ്ട.. എനിക്കും വേണം ഒരണ്ണം ” എന്നു പപ്പുണ്ണിയുടെ ഭാര്യയും വാശി പിടിച്ചതോടെ, പ്രശ്നം ഗുരുതരമായി.
പെൺ ചൊല്ലു കേട്ടു പെരുവഴിയിലിറങ്ങിയ ഭർത്താക്കന്മാർ ഒന്നും രണ്ടും പറഞ്ഞിടഞ്ഞു. വാക്കേറ്റം മൂത്തപ്പോൾ പല മോഷണ രഹസ്യങ്ങളും പരസ്യമായി. കേട്ടു നിന്നവർ ഞെട്ടി.
പിന്നെ..വാക്കേറ്റം കയ്യേറ്റമായി.
കായിക മത്സരത്തിൽ പപ്പുണ്ണിയായിരുന്നു മുന്നിൽ. അയാളുടെ തകർപ്പൻ ഇടികൾക്കു മുന്നിൽ ചാക്കപ്പൻ തളർന്നുവീണു. കഴുത്തിൽ പിടിച്ചെഴുന്നേൽപ്പിച്ച് ഒരു പഞ്ച് ഡയലോഗു പറയാൻ പപ്പുണ്ണി തയ്യാറെടുക്കുമ്പോൾ അറ്റകൈ പ്രയോഗമെന്ന നിലയിൽ അയാളുടെ ഏക വസ്ത്രമായിരുന്ന ലുങ്കി ചാക്കപ്പൻ വലിച്ചു പറിച്ചെടുത്തു.
നാട്ടുകാരുടെ കൂട്ടച്ചിരിക്കു മുന്നിൽ നാണംകെട്ട് ദിഗംബര മൂർത്തിയായി നിന്ന പപ്പുണ്ണിക്ക് കലി കയറി. അയാൾ കുനിഞ്ഞു നിന്ന്, നിലത്തിരിക്കുന്ന ചാക്കപ്പന്റെ കഴുത്തിൽ പിടിച്ചു ഞെക്കിക്കൊല്ലാൻ ശ്രമിച്ചു. ചാക്കപ്പന്റെ മുഖം പപ്പുണ്ണിയുടെ കേന്ദ്ര ഭരണ പ്രദേശത്തിനു നേരേ ..!
കിടുങ്ങാമണി ഇടക്കിടെ മുഖത്തു മുട്ടുന്നുണ്ട്.
പ്രാണൻ പോകുമെന്നായതോടെ ചാക്കപ്പൻ ഒന്നു കുതറി .. പിന്നെ,
പപ്പുണ്ണിയുടെ പുരുഷസൂത്രത്തിൽ ആഞ്ഞു കടിച്ചു…!!
ഒരലർച്ചയോടെ പപ്പുണ്ണി പിടി വിട്ടു.
ചാക്കപ്പൻ പക്ഷെ .. കടി വിട്ടില്ല.
….. …… …… ….. ……
“കൊലക്കേസാ .. കൊലക്കേസ് ..
ഒരു പെണ്ണുമ്പിള്ളേക്കൊന്ന് വളേം മാലേം ഒക്കെ തട്ടിയെടുത്തേനാ കേസ്.. രണ്ടു പേരും കുടുങ്ങും.സ്വർണ്ണത്തിന്റെ കാര്യം പപ്പുണ്ണി സമ്മതിച്ചിട്ടൊണ്ട്. ..”
മാത്തന്റെ വാർത്താ തരംഗിണി കേട്ട് ജനം വീണ്ടും ഞെട്ടി.
രണ്ടു ദിവസം മുമ്പ് അവർ അമ്പതു വയസ്സുള്ള ഒരു സ്ത്രീയെ കൊന്നു. അവരുടെ സ്വർണ്ണം മുഴുവനും അപഹരിച്ചു. ശവം പുഴയിലെറിഞ്ഞു.
പോലീസ് കുറ്റപത്രം തയ്യാറാക്കി.കഴിഞ്ഞ ദിവസം,
അക്കരക്കടവിലേക്ക് തള്ളിവിട്ട ശവം തേടി ഭീഷ്മർ പോലീസ് ഓട്ടം തുടങ്ങി. ശവം അപ്പോഴേക്കും വൈക്കം കായലിലെ മീനുകൾ തിന്നു തീർത്തിരുന്നു. എങ്കിലും ബാക്കി സ്വർണ്ണം എവിടെ എന്നറിയാൻ പോലീസ് ഇടി തുടങ്ങി.
പോലീസ് ഒടുവിൽ അവരെ ഇടിച്ചു പിഴിഞ്ഞ് സത്യം പുറത്തെടുത്തു. ബാക്കി സ്വർണ്ണം കിട്ടിയുമില്ല. കലി കയറിയ പോലീസ്, തെളിയാത്ത പല കേസും അവരുടെ തലയിൽ കെട്ടിവച്ചു. രണ്ടു പേരും കൊലക്കുറ്റത്തിന് ജയിലിലുമായി.
ഞങ്ങൾ നാട്ടുകാർ പക്ഷെ, ഇതൊന്നും വിശ്വസിച്ചില്ല. അവർക്ക് ഒരാളെ കൊല്ലാനൊന്നും കഴിയില്ല എന്ന് ഞങ്ങൾക്കുറപ്പുണ്ടായിരുന്നു.
….. ….. ….. …… ….
വർഷം പത്തു പതിനാലു കഴിഞ്ഞു.
ചാക്കപ്പൻ ജയിലിൽ കിടന്നു ചോര തുപ്പി മരിച്ചു.രണ്ടു പേരുടെയും ഭാര്യമാർ നാടുവിട്ടു പോയി.
പപ്പുണ്ണി നാട്ടിൽ മടങ്ങി വന്നു. ചുമച്ചും കുരച്ചും തെണ്ടി നടന്നു.
ഒരിക്കൽ, പുഴക്കരയിൽ വച്ച് അയാളെ കണ്ടു.നീട്ടിയ കൈവെള്ളയിൽ പത്തു രൂപാ നോട്ടുവച്ചു കൊടുത്ത് ഞാനയാളോടു ചോദിച്ചു.
“സത്യം പറ.. അന്ന് ആ പെണ്ണുമ്പിള്ളേ കൊന്നത് നിങ്ങളായിരുന്നോ..?”
പപ്പുണ്ണി ഒന്നു ചിരിച്ചു. തുലാമഴയ്ക്കു ശേഷം എത്തി നോക്കുന്ന അമ്പിളിക്കല പോലെ വിളറിയ ചിരി.
“അടിയന്തിരാവസ്ഥക്കാലത്തെ പോലീസു പിടിച്ചാ ഗാന്ധിജിയാണങ്കിപ്പോലും ചെയ്യാത്ത കുറ്റം സമ്മതിക്കേണ്ടി വരും.. ഞങ്ങളാരേം കൊന്നില്ല. വെള്ളത്തിൽ ചാടി ചത്ത ഏതോ പെണ്ണിന്റെ ശവം . അതിന്റെ കൈയിൽ കെടന്ന ഒരു വള ഞങ്ങളൂരിയെടുത്തു .. ഗതികേടുകൊണ്ടാ.. അതിനാണ് ഈ ശിക്ഷയൊക്കെ.വേദന സഹിക്കാൻ പറ്റാതെ വന്നപ്പം അവനോടൊള്ള ദേഷ്യത്തിന് ഞാനവനെ ഒറ്റുകൊടുത്തു. വളേടെ കാര്യം പറഞ്ഞില്ലായിരുന്നെങ്കിൽ ഇത് വെറും അടിപിടിക്കേസായി തീർന്നേനേ.. “
അയാൾ ഇടക്കിടെ ചുമയ്ക്കുന്നുണ്ടായിരുന്നു.
” ഇങ്ങനെ ചൊമച്ച് ചോര തുപ്പിയാ അവൻ ചത്തത്,… എന്റെ മുന്നിൽ കെടന്ന്. “
ചുമയ്ക്കുമ്പോൾ കുലുങ്ങുന്ന അടിവയറിനു താഴെ, ചാക്കപ്പന്റെ കടിയേറ്റ വൃഷണത്തിൽ അമർത്തിപ്പിടിച്ചു കൊണ്ട് കൂട്ടുകാരനെയോർത്ത് കുറ്റബോധത്തോടെ അയാൾ വിതുമ്പി.
പുഴ അപ്പോഴും പഴങ്കഥകളോർത്ത് തളർന്നു കിടക്കുകയായിരുന്നു.
ഒഴുകിയകന്ന ഭൂതകാലത്തിന്റെ ഓർമ്മകളിൽ സ്വയം മറന്ന് നടന്നു നീങ്ങുന്ന പപ്പുണ്ണി ചുമയ്ക്കുന്ന ശബ്ദം അകന്നകന്ന്… ചെറുതായിച്ചെറുതായി .. പിന്നെ, കേൾക്കാതായി.