ജിതയായവൾ

ജിതയായവൾ.
കരളുറപ്പിലും ചങ്കുറപ്പിലും
മുറ്റിത്തെഴുത്തവൾ!

മനുഷ്യത്വമൊരു
കാടുപോൽ നിന്നിൽ.

മുൻപേ നടന്നവർതൻ
വഴിയിലെ ചോരത്തുള്ളികളിൽ,
ഓരോ കാലടിവയ്ക്കുമ്പോഴും
കാതിൽ മുഴങ്ങും
നിലവിളികളിൽ,
രാകിമിനുക്കിയെടുത്ത
മനസ്സ്!

ഏതു വിപ്ലവത്തിൻ്റെ
ചുരം കയറുമ്പോഴാണ്
നിന്നിലൊരു കടൽ
തിളച്ചുമറിഞ്ഞത്?

തുണ്ടടർന്നുപോയ മേഘക്കീറിനുള്ളിൽ
നിന്നുമൊരു കരച്ചിൽ നിന്നെ
വന്നുതൊടാറുണ്ടോ?

ഉണ്ടാവണം,
വേദനയിൽ ഒരു
ഭൂപടത്തെ വരച്ചിട്ടിട്ടുണ്ട്,
ഹൃദയത്തിൽ –
ചോരകറുത്ത മഷിയാലെ.

ചൂഴ്ന്നെടുത്ത കണ്ണുകൾ
സത്യം വിളിച്ചുപറഞ്ഞില്ലല്ലോ.

ആ കണ്ണുകൾ തന്നെയാവണം
വെളിച്ചമായത്!

പൊള്ളിപ്പിടഞ്ഞ
ആ പാദങ്ങൾ തന്നെയാവണം
വഴിനടത്തിയത് !

എത്ര കിനാക്കൾ
കരിഞ്ഞുപോയി?
എത്ര യൗവനങ്ങൾ
പൊലിഞ്ഞുപോയി?

ആർത്തനാദത്തിൻ്റെ
മാറ്റൊലികളല്ലാതെ
തിരുനെല്ലിക്കാടുകൾക്ക്
എന്തു കഥകളാണ്
പറയാനുണ്ടാവുക?

ആത്മാവുകൾക്കൊപ്പം
പുതിയൊരാകാശം
തേടിനടന്നവർ!

കാലമേതോ കണക്കുപുസ്തകം
നിവർത്തിവച്ചിരിപ്പാണ്!

സമത്വമെന്ന സ്വപ്നത്തിനുമേൽ
അധികാരത്തിൻ്റെ
അടിച്ചമർത്തലുകൾ
തന്നെയാണന്നും, ഇന്നും.

മറവികൾക്ക്
കൊടുക്കരുത്‌ ഒന്നും .

ജീവിതമെന്നത് ,
അതിജീവനമെന്നത്,
പോരാട്ടമെന്നത്,
ഇതാ നോക്കൂ,
ഉറക്കെപ്പറയാൻ
ഒരു വാക്കുണ്ട്,
പേരുണ്ട്,

അജിത!

സ്നേഹത്തിനിപ്പോൾ
കാപ്പിപ്പൂവിൻ്റെ മണമാണ്..

കണ്ണൂർ ജില്ലയിലെ പരിയാരം താമസം. കോഴിക്കോട് ജയിൽ ഡി.ഐ.ജി. ഓഫീസിൽ സീനിയർ ക്ലാർക്ക്. 'കവിയെ പ്രണയിക്കുമ്പോൾ ' എന്നൊരു കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ എഴുതുന്നു.