ചലിക്കാത്ത ചലച്ചിത്രങ്ങൾ – 2 : പ്ലസ്‌ ടൂ

ഒന്ന്.
[ഹൈറേഞ്ച്/സന്ധ്യ]
[ഉണ്ണി, മിത്ര, ടാക്സിഡ്രൈവർ] [ഹൈറേഞ്ചിനു മുകളിലേയ്ക്ക് തേയിലക്കാടുകളിൽക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന, ടാറിട്ട റോഡ്‌. കുറച്ചകലെ ചെരിച്ചു വാർത്ത ഒറ്റനിലയുള്ള ഒരു കോണ്‍ക്രീറ്റ്കെട്ടിടം. ടാക്സി വന്നുനിന്നു. പുറത്തിറങ്ങിയ ഉണ്ണി ബാഗെടുത്തു തോളത്തിട്ടു]

ഉണ്ണി:- മിത്ര ഇറങ്ങൂ, സ്ഥലമെത്തി.
മിത്ര:- ഇതെവിടാ, ഉണ്ണിയേട്ടാ?
ഉണ്ണി:- ഇതാണ് ഒറ്റയാൻപാറ. ഈ ഭാഗം മുഴുവൻ തേയിലത്തോട്ടമാണ്. ദേ, ആ കാണുന്നത്, പീ.ഡബ്ല്യു.ഡി
ഗസ്റ്റ്ഹൗസാണ്. ഇവിടാണ്‌ നമ്മളിന്നു സ്റ്റേ. ഇവിടുത്തെ മാനേജർ എൻറെ സുഹൃത്താണ്. ഞാൻ
ഫോണ്‍ ചെയ്തു പറഞ്ഞിട്ടുണ്ട്. മിത്ര ഇറങ്ങിക്കോളൂ. ടാക്സിക്കു തിരിച്ചുപോണം.

[മിത്ര ഇറങ്ങി. അവളുടെ കണ്ണുകളിൽ ആശങ്കയുണ്ട്. പ്രകൃതി വല്ലാതെ കറുത്ത് കഴിഞ്ഞിരിക്കുന്നു. തിരികെപ്പോകുന്ന ടാക്സികാർ. കെട്ടിടത്തിലെ ലൈറ്റുകളൊന്നും തെളിഞ്ഞിട്ടില്ല. ഗേറ്റിലേയ്ക്കു നടക്കുന്ന ഉണ്ണി.ഗേറ്റ് പുറത്തു നിന്നും പൂട്ടിയിരിക്കുന്നു]

ഉണ്ണി:- ഈശ്വരാ, ജമാല് ഗേറ്റുംപൂട്ടിക്കൊണ്ട് പോയോ?
മിത്ര:- ഫോണ്‍ ചെയ്തിരുന്നൂന്നു പറഞ്ഞതോ?
ഉണ്ണി:- ചെയ്തായിരുന്നു. ഇതിനുമുൻപ് പലപ്പോഴും ഞാനിതുപോലെ ഫോണ്‍ ചെയ്തിട്ട് വന്നിട്ടില്ല. ഇനി ജമാല്
വിശ്വസിച്ചില്ലേന്നറിയില്ല.
മിത്ര:- ഇനിയിപ്പോ എന്ത് ചെയ്യും ഉണ്ണിയേട്ടാ?
ഉണ്ണി:- അതാണ്‌ ഞാനും ആലോചിക്കുന്നത്. ഈ ഭാഗത്ത്‌ വാഹനങ്ങളും കിട്ടില്ല.
മിത്ര:- എന്താ ഉണ്ണിയേട്ടാ ഇത്? ഒളിച്ചോടി വരുമ്പോഴെങ്കിലും ഒരുത്തരവാദിത്വമൊക്കെ വേണ്ടേ?
ഉണ്ണി:- പറ്റിപ്പോയി, മിത്രേ.. ആകെ ഒരമ്പരപ്പിലായിരുന്നു ഞാൻ. ഇവിടെ മൊബൈലിന് റേഞ്ചും കിട്ടുന്നില്ല.
ടാക്സിയെ വിട്ടതാണ് മണ്ടത്തരമായിപ്പോയത്.

[താഴ്ന്നിറങ്ങുന്ന കോടമഞ്ഞ്‌. അത്ര അകലെയല്ലാതെ, ഒറ്റയാൻ ചിന്നം വിളിക്കുന്ന ഒച്ച]
-Cut to-

ഇവരെ ഇനി എന്ത് ചെയ്യും??
കഥ, ഹൈറേഞ്ചിൽ, ഇരുട്ടത്ത്‌ നില്ക്കുന്നു.

ഒരാണും പെണ്ണും കൂടി ഒളിച്ചോടുന്നു. അവിടുന്നാണ് കഥ തുടങ്ങുന്നത്. പിന്നീട് കഥയെ സൗകര്യം പോലെ വളർത്താം. എഴുതാൻ തുടങ്ങുമ്പോൾ എന്റെ മനസ്സിൽ ആകെയുണ്ടായിരുന്ന കഥാതന്തു അത്രമാത്രമായിരുന്നു.
അടുത്തയാഴ്ച ആരംഭിക്കാൻ പോകുന്ന ടെലിവിഷൻ പരമ്പരയിലെ രണ്ടു കഥാപാത്രങ്ങളാണ്, ഉണ്ണിയും മിത്രയും. കുറേ സിനിമ പിടിച്ച് ഒരുപാട് കാശുപൊടിച്ച ഹമീദ് സായ്‌വാണ് നിർമ്മാതാവ്. പേരും പെരുമയുമുള്ള, നാസർ സംവിധായകനും. നന്ദഗോപന് കിട്ടിയ വലിയൊരു ഒഫറാണ് ഈ രചന. വണ്‍ലൈൻ കൊടുക്കുകയും ചെയ്തു. പക്ഷെ, എഴുത്തിന് ഒരൊഴുക്കു കിട്ടുന്നില്ല. റേറ്റിങിൽ താഴ്ന്നുപോയില്ലെങ്കിൽ പത്തു മുന്നൂറ് എപ്പിസോഡുകൾ പോകാവുന്ന പരമ്പരയാണ്. തിരക്കഥയിലാണ് വിജയം കാണേണ്ടത്.

…. ഈ ഉണ്ണിയേയും മിത്രയേയും, ഇന്ന് രാത്രി എവിടെ കയറ്റിക്കിടത്തും?
തേയിലത്തോട്ടത്തിനിടയിൽ, മഞ്ഞിൽക്കുളിച്ച്, ഒരുരാത്രി?
ശരിയാവില്ല, കുടുംബ പ്രേക്ഷകരാണ്.

തല്ക്കാലം, പൂട്ടിക്കിടക്കുന്ന ഒറ്റയാൻപാറ ഗസ്റ്റ്ഹൗസിൻറെ നടയിൽ അവർ രണ്ടാളും ഇത്തിരിനേരം നില്ക്കട്ടെ. ഞാൻ പേന മേശപ്പുറത്തിട്ടു.

ധാരാളം വന്മരങ്ങൾ നിറഞ്ഞുനില്ക്കുന്ന ഒരു വിസ്തൃതമായ പറമ്പിലാണ് ഹമീദ് സായ്‌വിൻറെ കൂറ്റൻ ഗസ്റ്റ്ഹൗസ്. അതിൻറെ പടിഞ്ഞാറുള്ള ഔട്ട്‌ഹൗസിലാണ്‌ എനിക്ക് എല്ലാവിധ സൗകര്യങ്ങളുമുള്ള താമസമൊരുക്കിയിരിക്കുന്നത്. ജാലകത്തിന്പുറത്ത് സന്ധ്യ കനക്കുന്നു. ഇടവപ്പാതി വരാൻ പോകുന്നതിൻറെ ഒരു ലഹരിയുമുണ്ട് പ്രകൃതിയ്ക്ക്. രഥപ്പുരക്കുന്നിലെ ഈ ഒറ്റപ്പെട്ടബംഗ്ലാവ് പണ്ട് ഏതോ രാജകുടുംബാംഗത്തിൻറെ വകയായിരുന്നുവത്രേ! ഹമീദ് സായ്‌വ്, ഒരു ചതിയിലൂടെയാണ് അത് കൈവശപ്പെടുത്തിയതെന്ന് ഒരു കഥ പരന്നിട്ടുണ്ടായിരുന്നു. നാല് സിനിമകൾ അടുപ്പിച്ച് പൊട്ടിയിട്ടും സായ്‌വിൻറെ സമ്പത്തിന് ഒരൽപംപോലും അനക്കം തട്ടിയിട്ടില്ലെന്നാണ് പ്രചാരം. എന്തായാലും ഒരു രസികൻ നിഗൂഢതയാണ് ഹമീദ് സായ്‌വെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

മഹാഗണിയുടെ ചോട്ടിൽ നിന്ന് പുകവലിക്കുന്നതാരാണ്? സെക്യൂരിറ്റി നാരായണൻ.
“നാരായണേട്ടാ” ഞാൻ വിളിച്ചു.
“എന്താ സാറേ?” നാരായണൻ ഓടിവന്നു.
“എഴുതണോണ്ടാണ് ശല്യപ്പെടുത്താത്തത്. സാറിനു എന്തെങ്കിലും വേണോ?” നാരായണൻ സാദാ വിനീതനാണ്.
“ഒരു ബീഡി താ, നാരായണേട്ടാ”
“തണുപ്പത്ത്, ബീഡി തന്നെയാണ്, സാറേ നല്ലത്. ദാ” നാരായണൻ നീട്ടിയ ബീഡിവാങ്ങി ഞാൻ വലിച്ചു.
സാറിൻറെ ഉണ്ണിസാറും മിത്രക്കുഞ്ഞും എവിടംവരെയായി സാറേ? കല്യാണം കഴിഞ്ഞോ?
നാലഞ്ചുദിവസം മുൻപ്, ഒരു രാത്രി,വളരെ ചുരുക്കി നാരായണന് എഴുതാൻ പോകുന്ന കഥ പറഞ്ഞുകൊടുത്തത് ഞാനോർത്തു. നാരായണൻ കഥാപത്രങ്ങളെയൊന്നും മറന്നിട്ടില്ലെന്ന് മാത്രമല്ല അവർക്ക് ബഹുമാനവും ചാർത്തിക്കൊടുത്തിരിക്കുന്നു. “ഉണ്ണി സാറും മിത്രക്കുഞ്ഞും’

“അവർ ഒളിച്ചോടി.. നാരയണേട്ടാ. ഒറ്റയാൻപാറ എന്ന സ്ഥലത്ത് ഒരു തേയിലക്കാട്ടിൽ അവർ നില്പ്പുണ്ട്. ഇരുട്ടത്ത്‌ എന്ത്ചെയ്യണമെന്നറിയാതെ” ഞാൻ കൂട്ടിച്ചേർത്തു
“ഒറ്റയാൻ വന്നാൽ എന്ത്ചെയ്യും…. അതാപേടി.”
“അത് ഫോറസ്റ്റ്കാര് വന്നു മയക്കുവെടി വച്ചോളും” നാരായണൻ പറഞ്ഞു, ഞാനും.
“സാറിന് ഞാൻ കുറച്ചു വാറ്റുകൊണ്ടത്തരട്ടെ?” നാരായണൻ ചോദിച്ചു.
“കഥയൊക്കെ താനേ ഇറങ്ങിവരും” നാരായണൻ എത്ര പെട്ടെന്നാണ് ഉൽസാഹഭരിതനായത്!
“ഇവിടെ സിനിമയ്ക്ക് കഥ എഴുതാൻ വന്നവർക്കൊക്കെ ഞാൻ ഒന്നാംതരം വാറ്റ് കൊടുത്തിട്ടുണ്ട്‌. നല്ല നല്ല കഥകളും എഴുതീട്ടൊണ്ട്. പക്ഷെ, എന്താണെന്നറിയില്ല സാറെ, സായിപ്പ് പിടിച്ച കഴിഞ്ഞ നാല് പടങ്ങളും പൊട്ടി. നല്ല ബെസ്റ്റ് കഥകളായിരുന്നു. ഈ ഡയറക്ടർമാര് ശരിയല്ല സാറെ. ഈ കാണുന്ന ജാഡയേ ഒള്ളൂ. പിന്നെ ഗ്രഹനിലകളിൽ ചില യോഗങ്ങളൊക്കെ ഉള്ളതുകൊണ്ട് പലരും പിടിച്ചു നില്ക്കുന്നു. മിക്കതിൻറെയും തലയ്ക്കകത്ത് വേപ്പിൻപിണ്ണാക്കാണ്”

വ്യത്യസ്ഥനായ സെക്യൂരിറ്റിയുടെ പ്രസരിപ്പ് കളയാതിരിക്കാൻ ഞാൻ വെറുതേ ചിരിച്ചു കൊടുത്തു.

“ഈ നേരത്ത് ഇനി വാറ്റ് എവിടെ കിട്ടും?” വലിയ താല്പര്യമില്ലാത്തത് പോലെയാണ് ഞാൻ ചോദിച്ചതെങ്കിലും ചെറിയൊരു മോഹമുണ്ടായിരുന്നു.
“സാറേ” നാരായണൻ പറഞ്ഞു.
“സാറ് വന്ന് കമ്പനി കമാന്റർ. ഞാൻ ലാൻസ്നായിക്. വാറ്റിന് ഓർഡർ ഇട്ടിട്ടു് സാറ് അമ്പത് വരെ എണ്ണണം. മാല്‌ റെഡി.” നാരായണൻ കൂന് നിവർത്തി തല ഉയർത്തിപ്പിടിച്ച് നീന്നു.
“നാരായണേട്ടൻ പട്ടാളത്തിലായിരുന്നോ..?
“ആറു് വർഷം സാറെ” നാരായണൻ ഉദാസീന ഭാവത്തിൽ തുടർന്നു.
“ഒരുപാട് കള്ളങ്ങളൊക്കെ പറഞ്ഞ് ഞാൻ കളഞ്ഞിട്ടിങ്ങു പോന്നു. പാവപ്പെട്ട പാക്കിസ്ഥാൻ പട്ടാളക്കാരുടെ നെഞ്ചിലോട്ട്‌ ഉണ്ട പായിക്കാൻ എന്നെക്കൊണ്ടാവൂല്ല. അവരും ഞങ്ങളെപ്പോലെ കുടുംബം പുലർത്താൻ വരുന്ന സാധുക്കളാണ്‌.” ഒരു ബീഡി കത്തിച്ചുകൊണ്ട് നാരായണൻ തുടർന്നു.
“എനിക്ക് പാകിസ്ഥാനോട് ശത്രുതയില്ല. ഞാൻ പരിചയപെട്ട പാകിസ്ഥാൻ പട്ടാളക്കാർക്ക് ഇന്ത്യയോടും ശത്രുതയില്ല. ഞാൻ ബോർഡറിലായിരുന്നപ്പോൾ ഒരു പാക്കിസ്ഥാൻ പട്ടാളക്കാരൻ റസാഖ്, എൻറെ ദോസ്തായിരുന്നു. അവൻ നമ്മട ഉസതാദിൻറെ പാട്ടുകൾ മനോഹരമായി പാടുമായിരുന്നു. ഞങ്ങൾ കള്ളും പുകയും പരസ്പരം പങ്കുവയ്ക്കാറുണ്ട്. ഒരു ദിവസം മാറിവന്ന ഒരു സിഗ്നലിനെ തുടർന്ന് ബോർഡറിൽ വെടിവയ്പ്പുണ്ടായി. ഒരു ഇന്ത്യൻ വെടിയുണ്ട എൻറെ പാവം റസാഖിൻറെ നെഞ്ച്തുളച്ചു. അന്ന് ഞാൻ ആർമി വിടാൻ തീരുമാനിച്ചു. റസാഖിൻറെ ഓർമ്മയിലാവണം നാരായണൻ മനോഹരമായ ഈണത്തിൽ പാടി.
“സൗ സാൽ പഹലേ, മുജ്ഛെ തുംസെ പ്യാർ ഥാ….” ഒരു ബ്ലാക്ക്‌ & വൈറ്റ് ഫോട്ടോയിലെ സുന്ദരിയെ നോക്കി റസാഖ് പാടാറുള്ള പാട്ട് ഇപ്പോഴും എൻറെ കാതിൽ മുഴങ്ങുന്നുണ്ട് സാറെ… വേണ്ട, ഞാനൊന്നും ഓർക്കുന്നില്ല. വാറ്റുമായി ഇതാ എത്തി.” നാരായണൻ ഇരുട്ടിലേയ്ക്കു മറഞ്ഞു.

എന്റെ തലയ്ക്കുള്ളിൽ വെളിച്ചം പരന്നു. ഒരു പുതിയ കഥാപാത്രത്തെ കിട്ടിയിരിക്കുന്നു. പട്ടാളം വിട്ടോടിപ്പോന്ന നാരായണേട്ടൻ!
അണഞ്ഞുപോയ ബീഡിക്കുറ്റി എറിഞ്ഞത് നാരായണൻറെ ദേഹത്തേയ്ക്കായിരുന്നു. അത്ര പെട്ടെന്നായിരുന്നു ഒരുകുപ്പി വാറ്റുചാരായവുമായി ഒരു മായ പോലെ അയാളെവിടുന്നോ പ്രക്ത്യക്ഷപ്പെട്ടത്‌. ജാലകത്തിലൂടെ കുപ്പിനീട്ടിയിട്ട് നാരായണൻ പറഞ്ഞു.
“വെള്ളമൊഴിക്കരുത് പൊള്ളിയിറങ്ങും. തോറ്റുകൊടുക്കരുത്” നാരായണൻറെ ചിരി വശ്യതയാർന്നതാണ്.
“ഉണ്ണിസാറും മിത്രക്കുഞ്ഞും ഇപ്പോഴും ഹൈറേഞ്ചിൽ ഇരുട്ടത്ത്‌ തന്നെ നില്ക്കുകയാണോ സാറെ?”
നാരായണൻ ചോദിച്ചു.
“അതെ നാരായണേട്ടാ”. ഞാൻ പറഞ്ഞു. “പേന, ദേ… മേശപ്പുറത്ത് കിടക്കുന്നു”
“സാറിൻറെ മിത്രക്കുഞ്ഞിന് എത്ര വയസ്സായി?”
“ഇരുപത് കഴിഞ്ഞു”
“വേണ്ട സാറെ… പതിനഞ്ച് മതി. എസ്റ്റേറ്റിൽ വച്ച് അന്ന് രാത്രി മിത്രക്കുഞ്ഞ് കൊല്ലപ്പെടുന്നു. ഉണ്ണിസാറിനെ പരിക്കുകളോടെ ഒരാദിവാസിപ്പെണ്ണ് കൊക്കയിൽ നിന്നും രക്ഷപ്പെടുത്തുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മിത്രക്കുഞ്ഞിനെ ഒരുപാട്പേര് ചേർന്ന് പീഡിപ്പിച്ചിരിക്കുന്നു. പോലീസ്… പത്രക്കാർ… അന്വേഷണം..! പതിനഞ്ചു വയസ്സുള്ള പെണ്‍കുട്ടി, പതിനഞ്ചിൽ കൂടുതൽ പ്രതികൾ… പോരെ പൊടിപൂരം!? പ്രതികളുടെ കുടുംബങ്ങളിലൂടെ ക്യാമറ സഞ്ചരിക്കുന്നു. അഞ്ഞൂറ് എപ്പിസോഡുകൾ റെഡി.. എങ്ങനുണ്ട്?” നാരായണൻറെ ചിരിയിൽ ഡിജിറ്റൽ എഫെക്ടിലുള്ള എക്കോ ഉണ്ടായിരുന്നു. ഞാൻ അമ്പരന്നു നിന്നു.

ഗസ്റ്റ്ഹൗസിൻറെ നേർക്ക്‌, ഒരു വാഹനത്തിൻറെ ഹെഡ് ലൈറ്റ് നീണ്ടുവരുന്നത് കണ്ട് നാരായണൻ പറഞ്ഞു.
“കഥയിലെടുത്ത സ്വാതന്ത്ര്യം ഒരു കഥയില്ലാത്തവൻറെ വിവരക്കേടാണെന്ന് കരുതി പൊറുക്കണേ സാറേ. മുല്ലപ്പൂമ്പൊടിയേറ്റ് കിടക്കുന്ന ഒരു പാവം പാറക്കല്ലാണ് ഈ നാരായണൻ.” ലേശം നടന്നിട്ട് തിരിച്ചുവന്ന് നാരായണൻ പറഞ്ഞു, “വാറ്റിൻറെ കാര്യം മുതലാളി അറിയരുത്. എന്നെ പിരിച്ചുവിടും.” വശ്യമായ അതേചിരിയോടെ നാരായണൻ ഗേറ്റിലേയ്ക്കോടി.

പ്രണയത്തിൽ ചാലിച്ച ഒരു കുടുംബകഥയെഴുതാൻ തുടങ്ങിയ എന്റെ ചിന്തകളിൽ പ്രതികാരം മുറ്റി നില്ക്കുന്ന ആക്ഷൻ ക്രൈം ത്രില്ലെറിൻറെ തീ കോരിയിട്ടിരിക്കുന്നു, നാരായണൻ!
വെള്ളം ചേർക്കാത്ത വാറ്റ് നാരായണൻ സൂചിപ്പിച്ചത്പോലെ പൊള്ളിയിറങ്ങി. തലച്ചോറിൽ നിലാവ് പരന്നു. ഞാൻ ഉണ്ണിയേയും മിത്രയേയും കുറിച്ചോർത്തു, പാവങ്ങൾ!

രണ്ട്‌ കമിതാക്കളെ ഇരുട്ടും മഞ്ഞും നിറഞ്ഞ ഹൈറേഞ്ചിലെ കൊടുംതണുപ്പത്ത് ആളനക്കമില്ലാത്ത ഒറ്റയാനിറങ്ങുന്ന റോഡിലുപേക്ഷിച്ച് ഹമീദ് സായ്‌വിൻറെ ഗസ്റ്റ്ഹൗസിലിരുന്ന് വാറ്റുചാരായം കുടിച്ച് ഉന്മാദം കൊള്ളുന്ന ഒരു കശ്മലനാവാൻ തനിക്കെങ്ങനെ കഴിയുന്നു?
മേശയ്ക്കരികിൽ പകുതിയെഴുതി നിർത്തിയ പേപ്പറിനടുത്തേയ്ക്ക്‌ നടന്നു. അന്നേരം വാതില്ക്കൽ മുട്ട്കേട്ടു.
ഹമീദ് സായ്വായിരുന്നു.
കൂടെ പച്ചകളർ പാവാടയും ബ്ലൗസും ധരിച്ച ഒരു പെണ്‍കുട്ടിയുമുണ്ട്.
“റൈറ്റരേ” ഹമീദ്സായ്‌വ് എഴുതുന്നവരെയൊക്കെ അങ്ങനെയാണ് വിളിക്കുന്നത്‌. എന്തെഴുതുന്നവരാണെങ്കിലും ‘റൈറ്റരാ’ണ്.
“ങ്ങള് ഒറങ്വാരുന്നോ റൈറ്റരേ? അല്ലാ, ങ്ങള് എഴുതണ സാറന്മാരെക്കൊന്നും ഒന്നിനും ഒരു നേരോം കാലോം കാണൂലല്ലോ”
ഞാനും എന്റെ പ്രൊഡ്യൂസറിനോടൊപ്പം ചിരിച്ചു.
“കഥ ജോറാക്കണം റൈറ്റരേ. ഞമ്മളീ ടീവീല് കായിമൊടക്കണത് ആദ്യായിട്ടാണ്‌.

ഞങ്ങളെ രണ്ടുപേരെയും മാറിമാറി നോക്കി പകച്ചുനില്പ്പാണ്‌ പാവാടക്കാരി.
“ങാ, റൈറ്റരേ” സായ്‌വ് പറഞ്ഞു. “മ്മക്ക് ഒരു ഫ്രെണ്ടുണ്ടായിരുന്നു, സോമൻ വാര്യര്. പഹയൻ മരിച്ചുപോയി. ആള്ടെ മോളാണ്, ഈ മിടുക്കത്തി. ഇവളുടെ അഡ്മിഷൻ കാര്യങ്ങള് ശരിയാക്കണം. നമ്മള അച്ചൻകുഞ്ഞച്ചായനെ കേട്ടിട്ടില്ലേ? കോടീശ്വരനാണ്. ചില ബിസിനസ്സുകൾ ഞങ്ങളൊന്നിച്ചും ചെയ്യുന്നുണ്ടെന്ന് വച്ചോളീൻ. അച്ചായന് ഹയർസെക്കന്ററി ഉസ്കൂളും നേഴ്സിംഗ് പഠിപ്പിക്കണ കാളേജും ഒക്കെയുണ്ട്. ഇവളെ അവിടെ ചേർക്കണം. ഒക്കേറ്റിനും ഇപ്പൊ എന്താ ചെലവ്? ഞമ്മക്ക് ഒരു ട്രസ്ടുണ്ട്. അതുവഴി കാര്യങ്ങള് സലാമത്താക്കണം. ഇവൾടെ ഉമ്മ വാരസ്യാര് വന്നിട്ടുണ്ട്. ഒക്കെ പറഞ്ഞ് ഒരു വഴിക്കാക്കണം. കുറച്ച് നേരം ഇബളിവ്ടെ ഇരുന്നോട്ടെ. ചാരിറ്റീം സൌജന്യോം പറയുന്നത് കിടാങ്ങള് കേക്കണ്ടല്ലോ,ഏത്?” ഹമീദ്സായ്‌വ് പെണ്‍കുട്ടിയെ നോക്കിയിട്ട് ചോദിച്ചു. “അൻറെ പേരമ്മള് മറന്നല്ലോ മൊഞ്ചത്തീ?”
“വൃന്ദാ വാര്യർ.” വീണയിൽ വിരലോടിക്കുമ്പോഴുണ്ടാകുന്ന ഒരു ശബ്ദത്തിൽ പെണ്‍കുട്ടി പറഞ്ഞു.
“ങാ, എന്തുട്ട് വാര്യരാണെങ്കിലും നിയ്യ്‌ ഇബട ഇരുന്നോളീൻ. ഈ മാമൻ വലിയ കഥയൊക്കെ എഴുതണ ആളാണ്‌.
പെണ്‍കുട്ടി എന്നെ നോക്കി.
“നെനക്ക് അഭിനയിക്കണോങ്കീ, ഒരു ചാൻസ് ചോയിച്ചോളീൻ. മാമൻ എഴുതി കേറ്റിക്കോളും. ന്താ റൈറ്റരേ? നമ്മട സ്വന്തം കുട്ടിയാണ്. അപ്പൊ വാതിലടച്ചോളിൻ”
ഹമീദ് സായ്‌വ്, ഔട്ട്‌ഹൗസിൽ നിന്നുമിറങ്ങി ഗസ്റ്റ്ഹൗസിൻറെ നേർക്ക്‌ നടന്നു. ഒന്നും മനസ്സിലായില്ല.
അഡ്മിഷൻറെ കാര്യത്തിനാണ് വന്നതെങ്കിൽ കുട്ടിയെ എന്തിനാണ് ഇവിടെ കൊണ്ടിരുത്തിയത്?
വാരസ്യാർ?
ഒരു വല്ലാത്ത ഗന്ധം അവിടമാകെ തങ്ങിനിൽപ്പുണ്ടായിരുന്നു. അത് കുടിച്ച വാറ്റു ചാരായത്തിൻറെതായിരുന്നില്ല. സായ്‌വ് സ്ഥിരം കുടിക്കുന്ന വിസ്കിയുടേതുമല്ല. പിന്നെ?
ഒരു… ഒരമ്പലത്തിൻറെ സുഗന്ധം!
പവിത്രമായ എന്തോ ഒന്ന്… പനിനീരിൻറെ…. തുളസിപ്പൂവിൻറെ…. കർപ്പൂരത്തിൻറെ… അങ്ങനെ എല്ലാംചേർന്ന, ഒരു സമ്മിശ്ര സുഗന്ധം..!

“ഇരിക്കൂ” ഞാൻ പറഞ്ഞു. ഒന്ന് മന്ദഹസിക്കാൻ അവൾ വിഷമിക്കുന്നത് പോലെ തോന്നി.
“ഇരിക്കിൻ,” ഞാൻ ചിരിച്ചു. “ഏതു ക്ലാസ്സിലാ കുട്ടി പഠിക്കുന്നത്?”
“പത്ത് ജയിച്ചു” കിളിക്കൊഞ്ചൽ പോലുള്ള ശബ്ദം വീണ്ടും.
“ഈ രാത്രിയിലാണോ അഡ്മിഷൻകാര്യം പറയാൻ വരുന്നത്?”
“ഞാൻ അമ്മേടടുത്ത് പറഞ്ഞതാണ്.” വൃന്ദയുടെ മുഖത്ത് നിസ്സഹായത പടർന്നു. “പക്ഷെ, മുതലാളിമാരുടെ സൗകര്യം നോക്കണ്ടേ? ഒരുപാട് തിരക്കുകളുള്ള വല്യ ആൾക്കാരല്ലേ? ഞങ്ങൾക്ക് ഫീസ്‌ കൊടുക്കാനൊന്നും നിവൃത്തിയില്ലാത്തതുകൊണ്ടല്ലേ?”
അവളുടെ സംഭാഷണം ഒരു പ്രത്യേക ശൈലിയിലായിരുന്നു. ഞാൻ അതിൽ അലിഞ്ഞുനിന്നു. അവളുടെ ദയനീയഭാവം സുന്ദരമായ മുഖത്തെ കൂടുതൽ ആകർഷകമാക്കി.
“വൃന്ദയുടെ അച്ഛൻ എങ്ങനാ മരിച്ചത്?”
അവൾ കണ്ണുനിറച്ചു. ചുണ്ടുകൾ വിറയാർന്നു. ഒരു വിതുമ്പലോടെ അവൾ പറഞ്ഞു.
“കടക്കാരെക്കൊണ്ട് നിവൃത്തിയില്ലാതെ വന്നപ്പോൾ ആത്മഹത്യ ചെയ്തതാണ്. പാവമായിരുന്നു എൻറെ അച്ഛൻ. എല്ലാരുംകൂടി ചേർന്ന് എൻറെ അച്ഛനെ പറ്റിച്ചതാ”
ഒരു നിമിഷാർദ്ധം കൊണ്ട് അവളുടെ കണ്ണിലൂടെ ഒരുകുടം കണ്ണീരൊഴുകി.
“സോറി വൃന്ദാ. കരയണ്ട, ഞാനറിഞ്ഞിരുന്നില്ല” ഞാൻ ഉള്ളിലേയ്ക്ക് നടന്നു.
ഡൈനിങ്ങ്‌ടേബിളിൻറെ പുറത്ത് നാരായണേട്ടൻറെ കുപ്പി അറ്റൻഷനായി നില്പ്പുണ്ട്. ഞാൻ അരഗ്ലാസ്സ്ചാരായം കൂടി കുടിച്ചു. അത് നാവിലും തൊണ്ടയിലും ഉരുക്കിയൊഴിച്ച ഈയംപോലെ ഒരു തിളച്ച കാഠിന്യമായി ഒട്ടിനിന്നു. ഒരു പാവം പെണ്ണിനെ വെറുതെ കരയിച്ചു. ഞാൻ അവളിരിപ്പുള്ള മുറിയിലേയ്ക്ക് നടന്നു.

ചുമരിൽ ഉറപ്പിച്ചിട്ടുള്ള പേടമാനിൻറെ ചിത്രത്തിൽ മിഴിനട്ടിരിപ്പാണ്‌, വൃന്ദ. ചില വാരികകളിലെ തുടർക്കഥകളിൽ കാണുന്ന നായികയുടെ രേഖാചിത്രം പോലെ ആരെയും മോഹിപ്പിക്കുന്ന പെണ്‍കുട്ടി. അസൂയപ്പെടുത്തുന്ന മുടി. സുവർണ ശോഭയുള്ള സുന്ദരമായ വട്ടമുഖം. നെറ്റിയിൽ ചന്ദനത്തിൻറെ വരക്കുറിയിൽ കുങ്കുമത്തിൻറെ സമന്വയം. പത്താം ക്ലാസ്സുകഴിഞ്ഞ പെണ്‍കുട്ടിയ്ക്ക് ഇത്രയും ശരീരപുഷ്ടി കാണുമോ? തൻറെ കഥാപാത്രമായ മിത്രയ്ക്ക് ഇരുപതായിട്ടും ഈ വാഴക്കൂമ്പ് പോലുള്ള മാറിടങ്ങൾ ഇല്ലാത്തതെന്തുകൊണ്ടാണ്?
ഇനി ഇവൾ തോറ്റ്തോറ്റ് പഠിച്ചതാവുമൊ? സംശയം തീർക്കാനായി ചോദിച്ചു.
“വൃന്ദ പഠിക്കാനെങ്ങനാ?”
“എല്ലാ ക്ലാസ്സുകളിലും ഞാനാണ് ഫസ്റ്റ്.” അവൾ കണ്ണും കവിളും തുടച്ച്, ഉന്മേഷം കൊണ്ടു.
“പത്തിൽ ഡിസ്ടിങ്ഷനുണ്ട്.”
“ഇത്രയും മാർക്കുള്ള ആൾക്ക് അഡ്മിഷന് ആരുടെയെങ്കിലും സഹായം വേണോ?”
“അഡ്മിഷൻ മാത്രം പോരല്ലോ സാർ. വേറേം ഒരുപാട് ചെലവുകളില്ലേ? ഈ മുതലാളിമാർക്ക് ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങളുണ്ട്” പെട്ടെന്ന് അവളുടെ മുഖത്ത് നിരാശ പടർന്നു. “എല്ലാ സ്കൂളിലും ഇന്നലേ ക്ലാസുകൾ തുടങ്ങി”
തെല്ലുനേരത്തെ നിശ്ശബ്ദതയ്ക്ക്ശേഷം അവൾ തന്നെ തുടർന്നു.
“ഒരു കൊച്ചുവാടക വീട്ടിലാണ് ഞങ്ങൾ താമസം. അച്ഛൻ ഉണ്ടാക്കിവച്ചിട്ടുള്ള കടത്തിൻറെ പേരിൽ ചില കോടതിക്കേസുകൾ അമ്മേട പുറത്തും ഉണ്ട്. ഞാനെന്തെങ്കിലും ആയിട്ടുവേണം ഒക്കെ ഒന്ന് നേരെയാക്കിയെടുക്കാൻ.
“വൃന്ദ ഒരാളേയുള്ളോ?” നന്ദൻ ചോദിച്ചു.
“ഒരന്യത്തി കൂടിയുണ്ട്, എട്ടാംക്ലാസ്സിൽ. അവൾ ചെറ്യമ്മേട വീട്ടില് നിന്നാ പഠിക്കണെ. ഒരുപാട് അംഗങ്ങളുള്ള ഒരു വല്യകുടുംബാ, അത്. എൻറെ കുട്ടി അവിടെ വല്ലാണ്ട് കഷ്ടപ്പെടുന്നുണ്ട്. പഠിക്കാൻ എന്നെക്കാളും മിടുക്ക്യാ.”
ആ ദയനീയതയൊക്കെ ഒന്ന്കുടഞ്ഞുകളഞ്ഞിട്ട്‌ ഒരുവട്ടം അവളൊന്ന്ചിരിച്ചു കാണാൻ മോഹിച്ചു.
അതിനെന്താണൊരു വഴി? ഉടൻ തുടങ്ങാൻ പോകുന്ന പരമ്പരയെക്കുറിച്ചോർത്തു. ഇവൾ അഭിനയിക്കാനിറങ്ങിയാൽ മുറ്റിത്തുടങ്ങിയ ഒരുപാട് താരസുന്ദരിമാരുടെ സിംഹാസനം തെറിക്കും, ഉറപ്പാണ്.

“വൃന്ദയ്ക്ക് ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചൂടെ? ആള് സുന്ദരിയാണല്ലോ. പഠിപ്പും തുടരാം. ഇപ്പോൾ ഒരുമാതിരിപ്പെട്ട കമ്പനികളൊക്കെ നല്ല പ്രതിഫലവും കൊടുക്കുന്നുണ്ട്.”
“ചിലരൊക്കെ പറഞ്ഞിട്ടുണ്ട്. സുന്ദരിയല്ലേ, സിനിമേ പൊക്കൂടെ എന്നൊക്കെ. പക്ഷെ ആ വഴിക്ക് രക്ഷപ്പെടണമെങ്കിൽ നമുക്ക് ആളും പേരുമൊക്കെ വേണം. ചെറുത്തുനിൽക്കാനുള്ള ശക്തിപോലുമില്ലാത്ത എന്നെപ്പോലുള്ളവർ ആ ലോകത്തേയ്ക്ക് എടുത്തുചാടിയാൽ എല്ലാരുംകൂടി ദ്രോഹിക്കില്ലേ സാർ? ചീത്തപ്പേര് മാത്രമാവും മിച്ചം”
വൃന്ദ ഒരുപാട് കടന്നു ചിന്തിച്ചിരിക്കുന്നു. ഒരുപക്ഷെ, ശരിയാവാം. താൻ ഒരു തിരക്കഥാകൃത്ത് മാത്രമാണ്. ഒരു തിരക്കഥാകൃത്ത് വിചാരിച്ചാൽ അയാൾക്കിഷ്ടമുള്ള കഥാപാത്രത്തിൻറെ ചരിത്ര്യവും പാതിവൃത്യവുമൊക്കെ സംരക്ഷിക്കാം. പക്ഷെ അതവതരിപ്പിക്കുന്ന അഭിനേത്രിയുടെ ശരീരം എങ്ങനെ സുരക്ഷിതമാക്കും?
“അപ്പോൾ വൃന്ദയുടെ ഭാവിപരിപാടി എന്തൊക്കെയാണ്?” ചോദിച്ചുകഴിഞ്ഞപ്പോഴാണ്, അതൊരു വരണ്ട ചോദ്യമാണെന്ന് തോന്നിയത്.
“എന്തെങ്കിലും ഒരു ജോലിനേടണം സാർ. അവൾ പറഞ്ഞു. എൻറെ അമ്മേം അനുജത്തിയേം നോക്കണം. പക്ഷെ ഈ പ്രായത്തിൽ ആര് ജോലി തരും? അതുകൊണ്ട് കുറച്ചുകൂടി പഠിക്കും. എങ്ങനെയെങ്കിലും പ്ലസ്‌ടൂ. കൂട്ടത്തിൽ കമ്പ്യൂട്ടറും പഠിക്കും. എല്ലാം ഈശ്വരന്മാരുടെ കൈയിലാണ്”
ഞാൻ വീണ്ടും അകത്തേയ്ക്ക് പോയി. കുപ്പിയിൽ നിന്നും കുറേക്കൂടി വാറ്റ് നേരിട്ടകത്താക്കി. ഇപ്പോൾ പഴയകാഠിന്യമില്ല. നല്ല സുഖം, അപാരമായ ധൈര്യം.
കൊള്ളാം.! അവൾക്ക് പതിനഞ്ചുകഴിഞ്ഞു.എനിക്ക് ഇരുപത്തിനാലും. സ്വാഭാവികം.
അവൾ വാര്യര്, താൻ നായരും.അത് വലിയ കുഴപ്പമില്ല.
ഒന്നും കുഴപ്പമില്ല. സുഗന്ധവും പ്രഭയും പരത്തിനിൽക്കുന്ന ഈ പെണ്‍കൊടി എത്രപെട്ടെന്നാണ് തന്നെ കീഴ്പ്പെടുത്തിയത്?
“വൃന്ദേ”
“എന്തേ?”
“അനിയത്തിക്കുട്ടിയുടെ പേരെന്താണ്?”
“നന്ദ” അവളുടെ ചുണ്ടുകൾ തൻറെ അനുജത്തിയോടുള്ള വൽസല്യാതിരേകത്താലായിരിക്കണം, കൊഞ്ചി. “നന്ദാ വാര്യർ” വൃന്ദ മന്ദഹസിച്ചു.
“എനിക്ക് അത്യാവശ്യം വരുമാനമുണ്ട്. സ്വന്തമായി വീടും കുറച്ചധികം സ്വത്തുക്കളുമുണ്ട്. പ്രാരാബ്ധങ്ങൾ ഒന്നുംതന്നെയില്ല. ഞാൻ വൃന്ദയെ കല്യാണം കഴിച്ചോട്ടെ?” ആത്മാർഥമായിത്തന്നെ ചോദിച്ചു.
“സാറ് ജയിലിലാവും.’ വളരെപ്പെട്ടെന്നാണ് അവൾ മറുപടി കൊടുത്തത്.
“അതെന്താ?”
“എനിക്ക് പതിനഞ്ച് കഴിഞ്ഞതേയുള്ളൂ.” അതുംപറഞ്ഞ് അവൾ ചിരിച്ചു. കുറെയധികം ചിരിച്ചു.
ടൂത്ത്പേസ്റ്റിൻറെ പരസ്യങ്ങളിലെ സുന്ദരിമാർക്ക് മാത്രമേ ഇത്രയും ലക്ഷണമൊത്ത പല്ലുകൾ കാണുള്ളൂ.
ഇവൾ കൈവിട്ടുപോകരുത്.
ഞാൻ അവളുടെ അടുത്തുചെന്ന് കണ്ണുകളിലേയ്ക്കുറ്റുനോക്കിക്കൊണ്ട് ചോദിച്ചു.
“വൃന്ദ ആരെയെങ്കിലും പ്രേമിക്കുന്നുണ്ടോ?”
“സാറിന് വട്ടുണ്ടോ? പതിനഞ്ചു വയസ്സിൽ ആരെങ്കിലും പ്രേമിക്കുമോ? അത് പഠിക്കാനുള്ള കാലമല്ലേ?” അവൾ ചിരിച്ചപ്പോൾ മുറിയിലാകെ നിലാവ് പരന്നു. നാസാരന്ധ്രങ്ങളിൽ ക്ഷേത്രാങ്കണങ്ങളിലെ പവിത്രഗന്ധം.
“സാറ് എന്തോ കുടിച്ചിട്ടുണ്ട്, …ല്ലേ?”
അവളുടെ ചോദ്യം കേട്ട് ഞാൻ പിന്നിലേയ്ക്ക് മാറി. ഒരു മദ്യപാനിയാണ്, താനെന്നു തോന്നിയിട്ടുണ്ടാവുമോ? ഒരു കുറ്റബോധത്തോടെ ഞാൻ അവിടമാകെ നടന്നു. വൃന്ദ ഒരു കൗതുകത്തോടെ എന്നെത്തന്നെ വീക്ഷിക്കുകകയാണ്. ചിലപ്പോൾ സായ്‌വും ഇവളുടെ അമ്മയും കൂടിവന്ന് ഇവളെ വിളിച്ചുകൊണ്ടു പോയീന്നു വരാം. പിന്നീട് പറയാൻ ഒരവസരം ഒത്തുവന്നില്ലെങ്കിലോ?
“നോക്കൂ വൃന്ദാ, നിനക്ക് പ്രേമിക്കാറായീന്നു തോന്നുമ്പോൾ പറഞ്ഞോളൂ, നമുക്ക് പ്രേമിക്കാം. വിവാഹത്തിന് പാകമായീന്നു തോന്നുമ്പോൾ മാത്രം അറിയിക്കൂ. അപ്പോൾ ഞാൻ നിന്നെ വിവാഹം ചെയ്തോളാം. അതുവരെ ഞാൻ നോക്കിക്കോളാം. ഞാൻ പഠിപ്പിച്ചോളാം. അമ്മേം നന്ദേം ഒക്കെ ഞാൻ സംരക്ഷിച്ചോളാം. വൃന്ദ എതിര് പറയരുത്.” ഞാൻ അവളുടെ കൈത്തലമെടുത്ത്‌ അമർത്തി.
“ഈശ്വരനെ ഓർത്ത് കൈവിടൂ സാർ.” അവൾ കൈവിടുവിച്ചു. “നിങ്ങൾ കഥയെഴുത്ത്കാര് ഇങ്ങനാണോ? “നോക്കൂസാർ, ഇതൊക്കെ കഥകളിലും സങ്കൽപ്പത്തിലും മാത്രമേ നടക്കുള്ളൂ. ജീവിതത്തിൽ നമ്മളൊക്കെ പലതരത്തിൽ തടവുകാരാണ്. സാറ് സ്വബോധത്തിലല്ല ഈ പറഞ്ഞതെന്ന് എനിക്കറിയാം. എന്തോ ലഹരിയിലാണ്. നാളെ കുടിച്ചതിൻറെ മയക്കം വിട്ടെണീൽക്കുമ്പോൾ ഈ പാവപ്പെട്ട പെണ്‍കുട്ടിയുടെ മുഖം സാറോർമ്മിച്ചാൽ ഭാഗ്യം!”
ഈശ്വരാ! ഇവൾക്ക് പതിനഞ്ച്‌ വയസ്സോ? ഒരു പതിനഞ്ചുകാരിയ്ക്ക് ഇത്രയും മനോഹരമായ ഭാഷയിൽ കുറ്റപ്പെടുത്താനാവുമോ?
ഇവളെ എനിക്ക് വേണം, ഇവളെ ഞാൻ ആർക്കും കൊടുക്കില്ല.
മനസ്സിൽ പറഞ്ഞത്, ലേശം ഉറക്കെയായിപ്പോയി.
അത്കേട്ട്, ചിരിച്ചുകൊണ്ട് വൃന്ദ പറഞ്ഞു,
“ഈ ആളിനെ എനിക്കിഷ്ടമായി. പക്ഷെ, ഞാനെന്ത് ചെയ്യും സാർ?”
അവളുടെ കൈത്തലം അമർത്തിക്കൊണ്ട് ഞാൻ പറഞ്ഞു.
“നമുക്ക് കാത്തിരിക്കാം”
“സത്യം?” ഇക്കുറി കൈ വിടുവിക്കാൻ ശ്രമിക്കാതെ അവൾ ചോദിച്ചു.
“ആയിരം വട്ടം.” ഒരു കോരിത്തരിപ്പോടെ ഞാൻ ആവർത്തിച്ചു.
“ആയിരംവട്ടം സത്യം”

കണ്മുന്നിൽ അമ്പലത്തിലെ പൊൻബിംബം! മിഴിരണ്ടിലും കത്തിനിന്നിരുന്ന നെയ്ത്തിരികൾ ലക്ഷദീപങ്ങളാകുന്നു. അവളുടെ മേലാസകലം ചൂഴ്ന്നുനില്ക്കുന്ന പുണ്യപദാർത്ഥങ്ങളുടെ സമ്മിശ്രമായ പവിത്ര സുഗന്ധം, മനസ്സിൽ കാമദേവന് ഉയിർ പകരുന്നു. ഞാൻ അവളെ തൊട്ടുകണ്ണിൽ വച്ചു. കദളിക്കൂമ്പുകളെ മാറോട് ചേർത്തമർത്തിയപ്പോൾ, അരക്കെട്ടിലെങ്ങൊ കതിനകൾ പൊട്ടി. ചന്ദ്രകാന്തമലിയുന്ന മിഴികൾ കൂമ്പി. ചൊടിയിതളുകൾ വിടർന്നപ്പോൾ.. വാഴക്കുടപ്പൻറെ തേന്മുത്തുകൾ തിളങ്ങി. അവളുടെ മന്ദഹാസത്തെ ഞാൻ മുത്തിയെടുത്തു.
ഞാൻ വൃന്ദയ്ക്ക് ചുറ്റും ശയനപ്രദക്ഷിണം വച്ചു.

നാരായണേട്ടനാണ് കുലുക്കിയുണർത്തുന്നത്. നേരം ഒരുപാട് വെളുത്തിരിക്കുന്നു.
“ഇന്നലെ രാത്രി, വാതിലടയ്ക്കാതെ കിടന്നുറങ്ങി, അല്ലെ? എങ്ങനുണ്ട് സാറേ.. നമ്മട ഐറ്റം?”
വാറ്റ്ലഹരിയിൽ, താൻ കണ്ട സ്വപ്നം ഇയളെങ്ങനെ അറിഞ്ഞു?
“ഏതൈറ്റം നാരായണേട്ടാ?”
“മറ്റവൻ! സ്കോച്ച് തോറ്റുപോവില്ലേ?”
ഓ, വാറ്റിനെ പറ്റിയാണ്.
തല വെട്ടിപ്പൊളിക്കുന്ന വേദനയുമായി, കട്ടിലിൽ എണീറ്റിരുന്നു.
“ഈ കിക്ക് മാറണമെങ്കിൽ ആ കുപ്പിയിൽ ബാക്കിയിരിക്കുന്നതും കൂടി അങ്ങ് തീർത്തേര് സാറേ. അത് ഞാനിങ്ങെടുക്കട്ടെ”
“വേണ്ട നാരായണേട്ടാ” ഞാൻ ചോദിച്ചു, “ഇന്നലെ രാത്രി, സായ്‌വ് ഒരാളെ ഇവിടെക്കൊണ്ടിരുത്തിയിട്ടുപോയിരുന്നു. ഈ വാറ്റ് വലുതായിട്ട് ശീലമില്ലാത്തതുകൊണ്ട്‌ ഞാനങ്ങ് ഉറങ്ങിപ്പോയി ആ കുട്ടി?”
“അവരൊക്കെ രാത്രി ഒരുമണി കഴിഞ്ഞപ്പോൾ പോയല്ലോ സാറേ.”
“അവരുടെ വീട് നാരായണേട്ടന് അറിയാമോ?”
“ഈ ജില്ലയിലൊക്കെ തന്നെ. പക്ഷെ ഇത്തിരി ദൂരെയാണ്.” വലിയ താല്പ്പര്യമില്ലാത്ത മട്ടിൽ നാരായണൻ പറഞ്ഞു.
“നിങ്ങൾക്ക് അവരെയൊക്കെ അറിയാമോ, നാരായണേട്ടാ?”
“ഒരു പണക്കാരൻറെ വീട്ടിലെ വാച്ച്മേൻ എല്ലാം അറിയും സാറേ, എന്നാൽ ഒന്നും അറിയ്വേം ഇല്ല.” നാരായണൻ പറഞ്ഞു.
“നമുക്കത് വേണ്ട സാറേ. മൊതലാളീട ചെറേലെ മീനാണ്.”
“നാരായണേട്ടാ-?”
“അതേന്ന്… നിങ്ങള് വലിയ ഭാവിയുള്ള ആളാണ്‌, സാറെ. നമുക്കതൊന്നും ശരിയാവില്ല. വലിയ മീനിനെ ഇന്നലെ കരയ്ക്ക്‌ പിടിച്ചിട്ടു. ചെറുത്‌ ഇനി ഒട്ടും വൈകില്ല. പാവങ്ങളാണ് സാറേ അവറ്റകൾ. ഗതിയില്ലാത്തോണ്ടാ.”
എന്റെ മുഖം ചുവന്നു.
ആദ്യമായാണ്, ഒരു പെണ്ണിനോട് പ്രണയം തോന്നിയത്.
“നിങ്ങള് കുളിക്കിൻ സാറേ. ഞാൻ കാപ്പി കൊണ്ടരാം” നാരായണൻ വിഷയം മാറ്റി.
അന്നേരം മേശപ്പുറത്തു കിടപ്പുണ്ടായിരുന്ന മൊബൈൽ ഫോണ്‍ ശബ്ദിച്ചു. അങ്ങേത്തലയ്ക്കൽ നിന്നുമുള്ള വാർത്ത കേട്ടിട്ടാവണം എന്റെ മുഖം അസ്വസ്ഥമാകുന്നത് നാരായണൻ ശ്രദ്ധിച്ചു.
“നാട്ടീന്നു വലിയച്ഛനാണ്, നാരായണേട്ടാ. വലിയമ്മ സുഖമില്ലാതെ കിടക്കുകയായിരുന്നു. മരിച്ചുവത്രേ. അവർക്ക് മക്കളില്ല. കർമ്മങ്ങൾ നടത്താൻ ഞാൻ തന്നെ അങ്ങെത്തണം”
“നാടെത്തുമ്പോൾ സന്ധ്യയാവും അല്ലെ സാർ?”
“ങും. ട്രെയിനിൽ ഏഴെട്ട് മണിക്കൂർ.”
“നിങ്ങൾ കുളിച്ച് വേഷം മാറണം. ഞാൻ കാപ്പി കൊണ്ടരാം. മുതലാളിയെ ഫോണ്‍ വിളിച്ചു പറഞ്ഞാൽ മതി.”

ഉള്ളിലേയ്ക്ക് നടക്കാൻ നേരം, മേശപ്പുറത്തിരുന്ന കുറിപ്പ് കണ്ണിൽ പെട്ടു. തിരക്കഥ എഴുതുന്ന പേപ്പറിൽ എന്റെ പേന കൊണ്ടാണെഴുതിയിട്ടുള്ളത്.
‘ആദ്യമായാണ്‌, എന്നെ ഒരാൾ തൊട്ടത്‌
എന്നെ കെട്ടിപ്പിടിച്ചത്….. എൻറെ ചുണ്ടിൽ–….
ഒന്നും മറക്കില്ല.’
–വൃന്ദാവാര്യർ

ഉരുണ്ട, മനോഹരമായ അക്ഷരങ്ങൾ.
അപ്പോൾ? അപ്പോൾ, ഒക്കെ സത്യമായിരുന്നു. വാറ്റിൻറെ മായാലീലകളായിരുന്നില്ല. എനിക്ക് ഒരു കൊച്ചുകുട്ടിയെപ്പോലെ തുള്ളിച്ചാടണമെന്നുതോന്നി. അങ്ങനെ ഒരു കാമുകിയെ കിട്ടിയിരിക്കുന്നു. ഒരു ഭാവി വധുവിനെ……

* ***

സഞ്ചയനം കഴിഞ്ഞതിൻറെ പിറ്റേന്ന് തന്നെ, ഞാൻ ഹമീദ് സായ്‌വിൻറെ ഗസ്റ്റ് ഹൗസിലേയ്ക്ക് തിരിച്ചു. മൊബൈൽ ഫോണ്‍ ഔട്ട്‌ ഹൗസിൽ മറന്നിട്ടിട്ടാണ് മരണത്തിന് പോയത്. ഷൂട്ടിങ്ങ് ഒരാഴ്ച തള്ളിയിരിക്കുകയാണ്. ബസ്സിറങ്ങി, ഓട്ടോറിക്ഷ സ്റ്റാന്റിലേയ്ക്ക് നടക്കാൻനേരം പത്രം വില്ക്കുന്ന ചെറുക്കൻറെ വാക്കുകൾ കാതിലുടക്കി.
“പ്ലസ്‌ ടൂ വിദ്യാർഥിനിയുടെ കൊലപാതകം…. ഉന്നതർ വലയിൽ… വായിക്കാം ….. വായിക്കാം….”
പുറംലോകവുമായുള്ള ബന്ധം വിട്ടിട്ട് അഞ്ചാറ് ദിവസം കഴിഞ്ഞിരിക്കുന്നു. ഞാൻ ഒരു പത്രം വാങ്ങി.
മുൻപേജിലെ ചിത്രം കണ്ട് ഞാൻ ഞെട്ടി.
വൃന്ദാ വാര്യർ !
നെഞ്ചിടിപ്പോടെ ഞാനാ പത്രം വായിച്ചു, പല പേജുകളിലായി ചിത്രങ്ങളടക്കം. വൃന്ദാവാര്യർ എന്ന പ്ലസ്‌ ടൂ വിദ്യാർഥിനി കൊല്ലപ്പെട്ടിരിക്കുന്നു. മരണകാരണം മൃഗീയമായ ലൈംഗികപീഡനം. പതിനൊന്നുപേർ പിടിയിൽ. നാലുപേർ ഒളിവിൽ. സിനിമാ നിർമ്മാതാവ്, പ്ലാന്റർ, ഡിവൈഎസ്പി, സ്വാശ്രയ കോളേജ് ഡയറക്ടർ, സീനിയർ അഭിഭാഷകൻ തുടങ്ങി ഉന്നതർ അറസ്റ്റിൽ… കേരളം ലജ്ജിക്കുന്നു.
കൊല്ലപ്പെട്ട വൃന്ദാ വാര്യരുടെ അമ്മ ചന്ദ്രകലാ വാരസ്യാർ ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ.
ഇല്ല!
ഞാൻ പത്രം ചുരുട്ടി ദൂരെയെറിഞ്ഞു.
അത് വൃന്ദയാവില്ല.
ഒരുപക്ഷെ, നാരായണേട്ടൻ കഥയിലെടുത്ത സ്വാതന്ത്ര്യം അറം പറ്റിയാതാവുമോ?
ഇല്ല, ഒരിക്കലുമില്ല.
വൃന്ദ, ചുറ്റും പനിനീർമണമുതിർത്തുകൊണ്ട് ഏതോ പ്ലസ്‌ ടൂ ക്ലാസ്സിലിരുന്ന് മന്ദഹസിക്കുന്നുണ്ടാവും.
അല്ലെങ്കിൽ വല്ല കമ്പ്യൂട്ടറിൻറെയും മുമ്പിലിരുന്ന് പരിഭവിക്കുന്നുണ്ടാവും.
അല്ലെങ്കിൽ… അല്ലെങ്കിൽ…
അവൾ, വൃന്ദാ വാര്യർ…..
അവൾ… അവൾ…….??.

നൊമ്പരങ്ങൾ, ഗന്ധർവ്വൻപാട്ട് , ഏഴാംഭാവം എന്നിവയാണ് പ്രസിദ്ധീകരിച്ച നോവലുകൾ. ആനുകാലികങ്ങളിൽ ചെറുകഥകൾ എഴുതുന്നു. നിരവധി ടെലിവിഷൻ സീരിയലുകളും സിനിമകളും ഡോകുമെന്ററികളും തിരക്കഥ എഴുതുകയും സംവിധാനം നിർവഹിക്കുകയും ചെയ്തു.