വളഞ്ഞുപുളഞ്ഞു പോകുന്ന മലമ്പാത ചെന്നവസാനിച്ചത്, ഒരു ട്രൈബൽസെറ്റിൽമെൻറ് ഏരിയയിലായിരുന്നു.
“ഇതാണ്ചാത്തൻകോട്.” കോശി പറഞ്ഞു. “പണ്ട് സെക്സ് ചിത്രങ്ങൾ കാടുകയറിയിരുന്ന കാലത്ത് കാനനമോഹിനി പടത്തിൻറെ ഷൂട്ടിങ്ങിന് ഞാനിവിടെ വന്നിട്ടുണ്ട്. അന്ന് ഞാൻ എക്സിക്യൂട്ടീവായിട്ടില്ല. വെറും മാനേജർ.”
പുല്ലുമേഞ്ഞ കുടിലുകളിൽനിന്നും തല പുറത്തിട്ടുനോക്കിയ മനുഷ്യരൂപങ്ങളെ കോശി, വളരെ അടുത്ത പരിചയക്കാരനെപ്പോലെ കൈയുയർത്തി അഭിവാദ്യം ചെയ്തു. അവരാരും തന്നെ പ്രതികരിച്ചില്ല.
“നെറ്റിയിൽ കൊഴുക്കട്ടയുടെ വലിപ്പമുള്ള മുഴയുമായി ഒരു മൂപ്പില്സുണ്ടായിരുന്നു. മുളംകുഴലിൽ വാറ്റുചാരായവുമായി എൻറെ പുറകേ നടക്കുമായിരുന്നു. ഉണ്ടോ… ചത്തോ… അറിയില്ല” കോശി പരിചയമുള്ള മുഖങ്ങൾ തിരയുന്നതിനിടയിൽ കൂട്ടിചേർത്തു. “വർഷം നാലഞ്ചായി” മദംപൊട്ടിയ ആനയെപ്പോലെ കുലുങ്ങിത്തിമിർത്തു പാഞ്ഞ ജീപ്പിലെ ആ യാത്ര എനിക്ക് മടുത്തുകഴിഞ്ഞിരുന്നു. കോശിയെക്കുറിച്ചോർത്ത് എനിക്കത്ഭുതം തോന്നി. എത്ര യാത്ര ചെയ്താലും മടുപ്പില്ല.എത്ര മദ്യപിച്ചാലും മടുക്കില്ല. അഭിനയിക്കാൻ വരുന്ന പെണ്‍കുട്ടികളുടെ അനാശാസ്യക്കഥകൾ എത്രപറഞ്ഞാലും തീരില്ല. ഒരു മുറിയിൽ എത്രദിവസം വേണമെങ്കിലും കെട്ടിക്കിടക്കും. പരാതിപറയില്ല, ഒന്നിലും ഒരു മടുപ്പുമില്ലാതെ എല്ലാം ഒരു ചെറിയകുട്ടിയുടെ അമ്പരപ്പോടെ നോക്കിക്കാണുന്ന.. ഓരോ നിമിഷവും ആസ്വദിച്ച് ജീവിക്കുന്ന ഒരു വിചിത്ര മനുഷ്യൻ.
കോശി!
“കോശീ” ഞാൻ ചോദിച്ചു. “ഇടതൂർന്നുനിൽക്കുന്ന കൂറ്റൻ മരങ്ങൾ, പാറക്കെട്ടുകൾ, അതിലൂടെ സ്ഫടികംപോലെ ഒഴുകുന്ന കാട്ടരുവി… ഇതൊക്കെയല്ലേ, ഞാൻ പറഞ്ഞ ലൊക്കേഷൻ? ഇവിടം മുഴുവൻ റബ്ബറാണല്ലോ. വഴിതെറ്റിയോ കോശിക്ക്?”
“എനിക്കോ?” കോശി ചിരിച്ചു.
“വണ്ടി വിട് മൂർത്തീ”
മൂർത്തി, പ്രൊഡ്യൂസറുടെ ഡ്രൈവറാണ്. എനിക്കവനോട് വെറുപ്പ് തോന്നിത്തുടങ്ങിയിട്ട് മണിക്കൂറുകളായി. വണ്ടിയോടിക്കുന്നതിനെക്കാൾ സ്റ്റീരിയോയിൽ പാട്ട് മാറ്റിയിടുന്നതിലാണ്, അവനു ശ്രദ്ധ! ഒരു പാട്ടുപോലും നാലുവരി കേൾക്കാൻ സമ്മതിക്കില്ല. ഏത് പാട്ടാണാവോ അവന് വേണ്ടത്? അവൻ ഡിഗ്രി കഴിഞ്ഞവനാണത്രേ! അവൻറെ മുതലാളി സ്കൂളിൽ പോയിട്ടില്ലാന്നുള്ള അറിവും, അവൻറെ തലക്കനത്തിന് കാരണമാകാം. ഈ ലോകം മുഴുവനും അവൻ പിടിക്കുന്ന വളയത്താൽ നിയന്ത്രിതമാണെന്നുള്ള ഒരു ധാരണയും അവൻ മനസ്സിൽ സൂക്ഷിക്കുന്നുണ്ടെന്നു തോന്നുന്നു.
ജീപ്പ് രണ്ടുവളവുകൾ പിന്നിട്ടതും പ്രകൃതി അടിമുടി മാറി. വൃക്ഷങ്ങളുടെ ഇലകൾക്ക് ഇപ്പോൾ പച്ചനിറം മാത്രമല്ല. വിവിധ വർണങ്ങൾ! മരങ്ങളൊക്കെ പൂത്തുലഞ്ഞ് രജസ്വലകളായി നില്പ്പാണ്. മുൻപ് ഇത്തരം മരങ്ങൾ കണ്ടത് എവിടെയാണ്? അതെ. നെല്ലിയാമ്പതിക്കുന്നുകളുടെ ചെരുവുകളിൽ. അന്ന് നാഴികകളോളം നോക്കിനിന്നത് ഇതുപോലുള്ള പേരറിയാമരങ്ങളെയാണ്.
“ആ വളവിൻറെവിടെ വണ്ടി നിർത്ത് മൂർത്തീ” കോശി പറഞ്ഞു.
ജീപ്പ് നിന്നപ്പോൾ ഞങ്ങള് മൂന്നുപേരും ഇറങ്ങി.
“ദേ.. താഴോട്ട് നോക്കിയേ.., ഉദ്ദേശിച്ചതു പോലെയില്ലേ?” കോശി താഴേയ്ക്ക് ചൂണ്ടിയിട്ട് ചോദിച്ചു.
സത്യമായിരുന്നു!
വൃക്ഷങ്ങളുടെ നിറച്ചാർത്തിനുമപ്പുറത്ത് അകലെയല്ലാതെ ഒരു കാട്ടരുവിയുടെ കിലുകിലാരവം കേൾക്കുന്നുണ്ട്. എൻറെ വിരസതയെല്ലാം നൊടിയിടയിൽ മാറിക്കിട്ടി. മൂർത്തിയും കോശിയും മുൻപേ നടന്നു, പിന്നാലെ ഞാനും. ആൾപ്പാർപ്പില്ലാത്ത പ്രദേശങ്ങളിലൂടെ കുറച്ചുദൂരം നടന്നുകഴിഞ്ഞപ്പോൾ മരങ്ങൾക്കിടയിൽ ഒരു പുല്ലുമേഞ്ഞ കുടിൽ കണ്ടു.
“ഇതാണ് പൊന്നൻകാണിയുടെ വീട്. “കോശി പറഞ്ഞു.
“ആള് ഭയങ്കര ഹെൽപ്പിംഗ് ആണ്.” കുടിലിൻറെ മുറ്റത്ത് നാലഞ്ച് പേരുണ്ടായിരുന്നു. അവർ തേക്കിലകളിൽ എന്തോ മാംസം പൊതിഞ്ഞു കെട്ടുകയാണ്.
“പൊന്നൻ കാണിയേ….”
കോശിയുടെ വിളികേട്ട്, കുടിലിൻറെ മുറ്റത്തിരുന്നവരൊക്കെ, പാതയിലേയ്ക്ക് നോക്കി.
“ഓർമ്മയുണ്ടോ പൊന്നൻ കാണീ?” കോശി മുറ്റത്തേയ്ക്ക് കയറി. കൂടെ ഞങ്ങളും.
കോശിയെ കുറേനേരം സൂക്ഷിച്ച് നോക്കിയിട്ട്, തെളിഞ്ഞുവന്ന പുഞ്ചിരിയോടെ പൊന്നൻകാണി ചോദിച്ചു.
“ഷൂട്ടിങ്ങ്!?”
“അത് തന്നെ.” കോശി ലേശം അഭിമാനത്തോടെ ഞങ്ങളെ നോക്കി, ഈ കാടും പ്രദേശങ്ങളുമൊക്കെ തൻറെ അധീനത്തിലെണെന്ന മട്ടിൽ.
“എൻറെ സാറെ, എത്രകാലമായി?” പൊന്നൻ കാണി ചോദിച്ചു.”അന്ന് പോകാൻ നേരം അടുത്തപടവും നമ്മട കാട്ടിൽ വച്ചാണെന്നല്ലേ പറഞ്ഞത്?”
“ഒന്നും പറയണ്ടെൻറെ പൊന്നാ. അങ്ങനത്തെ പടങ്ങൾക്കൊന്നും ഇപ്പൊ മാർക്കറ്റില്ല. ഇതാണ് നമ്മട പുതിയ ഡയറക്ടർ സാറ്.” കോശി എന്നെ ചൂണ്ടി. “ഉടൻ തുടങ്ങുന്നുണ്ട്. ഒരാറേഴു ദിവസം ഞങ്ങളീ ഭാഗത്ത് കാണും. പഴയതു പോലത്തതല്ല, നല്ല പടമാ.”
പൊന്നൻ കാണി തൊഴുതു.
“ഇതെന്താണ് പൊന്നാ?” മാംസപ്പൊതികളെ നോക്കി, കോശി ചോദിച്ചു, “ആടോ കാളക്കുട്ടിയോ?”
“ഒന്നും പറയണ്ട സാറേ” പൊന്നൻകാണി പറഞ്ഞു. “കാലത്തെ തോല് വെട്ടാൻ പോയതാ. “ദോണ്ടേ, ആ കുറ്റിക്കാട്ടില്. എന്നെ കണ്ടതും ഒരു സാധനം കുന്താലം പുല്ലിൻറെ എടേലോട്ട് പതുങ്ങി. ഞാൻ പൊറക്കൂട ചെന്ന് നോക്കുമ്പം, ഒരു തടിയൻ പുള്ളിമാൻ! എൻറെ വെട്ടുകത്തിയ്ക്ക് വാളിൻറെ മൂർച്ചയാണ്. ഒറ്റ വെട്ട്! അലറിക്കൊണ്ട് പത്തടി ഓടി. ദേ കിടക്കുന്നു. കൊണ്ട്വന്നു നോക്കിയപ്പം വയറ്റിക്കണ്ണി!. പെറാൻ വന്നിരുന്നതാണ്.”
രാജകുമാരൻറെയും രാജകുമാരിയുടേയും കഥ കേൾക്കുന്ന കൗതുകത്തിലാണ് മൂർത്തിയും കോശിയും.
“അതാ കെടക്കണ് കുട്ടി.” പൊന്നൻ കാണി ചൂണ്ടിയ ഭാഗത്തേയ്ക്ക് ഞാൻനോക്കി. ഒരു വാഴയിലയിൽ കിടക്കുന്നു, പിറക്കും മുൻപേ കൊല്ലപ്പെട്ട മാൻകിടാവ്! നാല് കാലുകൾ… കുഞ്ഞുവാല്… വലിയ ചെവികൾ… ദേഹം നിറയെ സ്വർണപ്പുള്ളികൾ… ഒരു വലിയ പുള്ളിമാനിൻറെ ‘മിനിയേച്ചർ’! തുറിച്ചുനില്ക്കുന്ന രണ്ടുകണ്ണുകൾ വൈരക്കല്ലുകൾ പോലെ… അവ എന്നെത്തന്നെ നോക്കുന്നു.
‘ഈ ഭൂമിയുടെ ഹരിതാഭ, ഒന്ന് കാണാൻപോലും അനുവദിക്കാതെ, എന്നെ എന്തിനാണ് കൊന്നത് ? ഞാനും എൻറെ അമ്മയും എന്ത് ദ്രോഹമാണ് നിങ്ങളോട് ചെയ്തത്?’ ആ രത്നക്കണ്ണുകൾ എന്നോട് ചോദിക്കുന്നു.
ഞാനും എൻറെ അമ്മയും എന്ത് ദ്രോഹമാണ് നിങ്ങളോട് ചെയ്തത്?”
ആ പിഞ്ചുഹൃദയം കൂട്ടത്തിലലിവുള്ള വേറൊരു ഹൃദയത്തെ തിരിച്ചറിഞ്ഞ്, വീണ്ടും തുടിച്ചുവോ?
ഈശ്വരൻ പരമ ദയാലുവും, മൃദുലഹൃദയനും,സൗന്ദര്യാരാധകനും ആയിരുന്ന നേരത്ത്, ഒരു സൃഷ്ടി നടത്തണമെന്ന് മോഹിച്ചു. നാലുകാലുകളും വാലും വലിയ ചെവികളും രത്നക്കണ്ണുകളും സ്വർണപ്പുള്ളികളുമുള്ള ഒരു ജീവിയെ സൃഷ്ടിച്ചു. അവൾക്ക് പുള്ളിമാനെന്നു പേരിട്ടു. അവളുടെ പേടിച്ചരണ്ട മിഴികളിൽ സ്വപ്നങ്ങളെ മയക്കിക്കിടത്തി. ഇല വീഴുന്ന ശബ്ദത്തിൽ പോലും ഞെട്ടി, പുല്ലാനിപ്പൊന്തകളിൽ ഓടിമറഞ്ഞ്, തളിരിലകൾ കടിച്ച്, കാട്ടരുവിയിലെ വെള്ളം കുടിച്ച്, അവൾ പച്ചക്കുന്നുകൾക്കിടയിൽ വിഹരിച്ചു. ശിഖരങ്ങളുള്ള കൊമ്പുകളുമായി, ഒരു സുന്ദരൻ അവളുടെ മുൻപിൽ മുട്ടുകുത്തി. അവനെ ഇണയായി സ്വീകരിക്കാമോ എന്നറിയാൻ, അവൾ തൻറെ കണ്‍പീലികളെ അവൻറെ കൊമ്പുകളുടെ കൂർത്ത അഗ്രത്തിലുരസി. ആ സുന്ദരമിഴികൾക്ക് ക്ഷതമേല്ക്കാതെ അവൻ വിശ്വസ്തനായി. അവൾ ഗർഭിണിയായി. കാട്ടിലെ ഋതുക്കൾ, അവളുടെ ഉദരത്തിൽ മറ്റൊരു സുന്ദരിയെ വാർത്തെടുത്തു. ഇണ അടുത്തില്ലാത്ത നേരത്ത്, അവളുടെ അടിവയറ്റിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു. കാട്ടുപൊന്തകളുടെ മറവിൽ അവൾ പ്രാർത്ഥനയോടെ മുട്ടുകുത്തിയിരുന്നു. തൻറെ കാമുകൻ വരുമ്പോൾ സമർപ്പിക്കാൻ അവളുടെ പക്കൽ ഒരു സമ്മാനമുണ്ട്. സ്വർണപ്പുള്ളികളും വൈരക്കല്ലിൻറെ കണ്ണുകളുമുള്ള, അവരുടെ വിശുദ്ധപ്രണയത്തിൻറെ ഉല്പ്പന്നം! സുരക്ഷിതമായ കൂട്ടിൽ വഴുവഴുപ്പുള്ള ദ്രാവകം നിറഞ്ഞു. ഒരു പുതിയ ലോകത്തിലേയ്ക്ക് തെന്നിയിറങ്ങാനുള്ള തിമിർപ്പിലായിരുന്നു ആ മാൻകുരുന്ന്. ഒരാഘാതത്തിൽ അമ്മയുടെ പേശികൾ വലിഞ്ഞുമുറുകി. സർവ്വതും തലകീഴായ് മറിഞ്ഞു. ഇടയ്ക്ക് ഒരു നിമിഷാർദ്ധം മാത്രം കണ്ട പ്രകാശഗോപുരം അടഞ്ഞു. ഇരുട്ടുമാത്രം! ആ ഇരുട്ടിൽ, തൻറെ കുഞ്ഞുഹൃദയം നിലച്ച ശബ്ദം ആ കുരുന്ന് കേട്ടു.
ആ സുന്ദരസൃഷ്ടി ഇതാ കിടക്കുന്നു, ഒരു വാഴയിലയിൽ.
എൻറെ കണ്ണുകളിൽ ഇരുട്ട് കയറും പോലെ തോന്നി. എൻറെ ഹൃദയമിടിപ്പിൻറെ ശബ്ദം പുറത്തുകേൾക്കാം. തലചുറ്റുംപോലെ തോന്നിയത്കൊണ്ട് ഞാൻ തിരിഞ്ഞുനടന്നു. പിന്നാലെയെത്തിയ കോശിയും മൂർത്തിയും എന്നെ ആശങ്കയോടെ നോക്കി.
“എന്താ മാഷേ?” കോശി ചോദിച്ചു.
“ഒന്നുമില്ല”
“പൊന്നൻ കാണീട വീട്ടിൻറെ അപ്പുറത്താണ് നമ്മട അരുവി. ജനറേറ്ററ് എവിടെ വേണോ പോവും. കാണണ്ടേ?”
“വേണ്ട. ഇന്നിനി ഒന്നും കാണണ്ട. ഈ ഭാഗത്ത് ഒന്നുംവേണ്ട. വണ്ടി വിടൂ.” ഞാൻ പറഞ്ഞു.
ഹോട്ടലിൻറെ മുറ്റത്ത് മരത്തണലിൽ വിശ്രമിക്കുകയാണ് നീർമ്മാതാവിൻറെ പുതിയ മോഡൽ ബെൻസ് കാറ്. അതിനെ കൊതിയോടെ നോക്കിയിട്ട് മൂർത്തി പറഞ്ഞു.”രണ്ട് ദിവസം ആരേം തൊടീക്കാതെ കൊണ്ട് നടക്കും. മൂന്നിന്റന്ന് താക്കോലെറിഞ്ഞുതന്നിട്ട് പറയും, ‘മൂർത്തീ വണ്ടിയെടടാന്ന്’ പിന്നീട് ഇവള് എൻറെ കയ്യിൽത്തന്നെ”. കാറിനെയാണ്!
റിസപ്‌ഷൻ കൗണ്ടറിലെ,സ്ത്രൈണഭാവമുള്ള ചെക്കൻ കോശിയോട് എന്തോ രഹസ്യംപറഞ്ഞ്, ശബ്ദം പുറത്തുവരാതെ ചിരിച്ചു. അവൻറെ രോമം കിളിർക്കാത്ത വെളുത്ത കവിളുകൾ നാണിച്ച് ചുവന്നിരുന്നു.
“ഇവളെന്തിനാ ഇപ്പോഴേ കയറിവന്നത്? എന്നെ വിളിച്ചിട്ട് വരനാണല്ലോ പറഞ്ഞിരുന്നത്” ലിഫ്റ്റിൽ കയറാൻ നേരം ആരോടെന്നില്ലതെയാണ്, കോശി പറഞ്ഞത്.
“ആരാ കോശീ?” ലിഫ്റ്റ് ഉയർന്നപ്പോൾ ഞാൻ ചോദിച്ചു.
“ഒരു പെങ്കൊച്ചിന് അഭിനയിക്കണം. അതിൻറെ തള്ള എന്നെക്കിടന്നു വിളിയോടുവിളി. തള്ള നമ്മള ഒരു കുറ്റിയാണ്. കക്ഷി, ഒരു മഹാസംഭവമാണ്. സിനിമാനടന്മാർക്ക് സ്വയം സമർപ്പിക്കലാണ് ജീവിതലക്‌ഷ്യം. പൈസയൊന്നും വേണ്ട. ഞാനാണ് ഇടനില. പക്ഷെ, ഈ മോളുകൊച്ചിനെ ഞാനിതുവരെ കണ്ടിട്ടില്ല. അവള് വന്നിട്ടുണ്ടെന്നാണ് റിസപ്‌ഷനിലെ റഫീഖ് പറഞ്ഞത്.” ലിഫ്റ്റിറങ്ങി, ഞങ്ങൾ എനിക്കായി എടുത്തിട്ടിട്ടുള്ള മുറിയിലേയ്ക്ക് നടന്നു. അവിടെയാണ് പഞ്ചായത്ത് നടക്കുന്നത്. ബില്ല് കൊടുക്കുന്നത് നിർമ്മാതാവാണെങ്കിലും എന്നോട് ചോദിക്കാതെ മുറിതുറന്നകത്ത് കയറിയത് എനിക്കിഷ്ട്ടപ്പെട്ടില്ല. അതും സ്ത്രീകളോടൊപ്പം!
ഒരു കാരണവുമില്ലാതെ എനിക്ക്ദേഷ്യം വന്നു. ഒരു കാരണവുമില്ലാതെയെന്ന് പറയാൻ പറ്റില്ല. ഗർഭിണിമാനിനെ കൊന്നത് പൊന്നൻകാണിയാണെങ്കിലും സർവ്വത്ര മനുഷ്യരും എൻറെ ശത്രുക്കളായി മാറിക്കഴിഞ്ഞിരുന്നു.
“ഡയറക്ടർ ശാറേ, വരണം” മുറിയിലേയ്ക്ക് കടന്ന എന്നോട് നിർമ്മാതാവ് പറഞ്ഞു. അയാൾക്ക് ‘സ’ വഴങ്ങില്ല. “നിങ്ങളേയും കാത്താണ് ഞങ്ങളിരുന്നത്”. അയാളുടെ കൈയ്യിലിരുന്ന ഗ്ലാസിൽ വിലകൂടിയ മദ്യം നുരയുന്നുണ്ട്.
ഏകദേശം നാൽപ്പത്തിയഞ്ച് – അമ്പത് വയസ്സ് തോന്നിക്കുന്ന ഒരു മനുഷ്യനും തൊട്ടടുത്ത്, ഒരു കസേരയിലിരുന്ന്, മദ്യപിക്കുന്നുണ്ട്. തുടങ്ങിയിട്ട് കുറച്ചുനേരമായിയെന്ന് തോന്നുന്നു. കലങ്ങിമറിഞ്ഞ കണ്ണുകൾ കൊണ്ട്, ആ മനുഷ്യൻ എന്നെ നോക്കി ചിരിച്ചു.
“മിനീ, നീ എപ്പോ എത്തി?” എൻറെ കട്ടിലിലിരിപ്പുള്ള സുന്ദരിയും പ്രൌഢയുമായ സ്ത്രീയോട് കോശി ചോദിക്കുന്നു.
“ഒരു മണിക്കൂർ കഴിഞ്ഞു” മറുപടി കോശിയോടാണെങ്കിലും വല്ലാത്തൊരു നോട്ടം എൻറെ നേർക്കാണ്.
ഞാൻ സിനിമാനടനല്ല സ്ത്രീയേ…
സ്വർണനിറമുള്ള ശരീരം പച്ചപ്പട്ടുസാരിയിൽ പൊതിഞ്ഞിരിക്കുന്നു. കാതിൽ ജിമിക്കി, കഴുത്തിൽ കട്ടികൂടിയ സ്വർണമാല, കൈയിൽ സ്വർണ്ണക്കാപ്പുകൾ… ഒക്കെക്കൂടി, ഒരു തമ്പുരാട്ടിയുടെ പരിവേഷം.
“ലൊക്കേഷൻ നമ്മട ഡയറക്ടർക്ക് ഇശ്ട്ടമായോ കോശീ?” സിനിമ ഉടനെ തുടങ്ങുന്നുവെന്ന് അവരെ ധരിപ്പിക്കണം നിർമ്മാതാവിന്. അത്രമാത്രമെയുള്ളൂ ആ ചോദ്യത്തിന് പിന്നിൽ.
“ദൂരം കൂടുതലാണ്. അക്കോമഡേഷനും പാടാണ്. വേറൊരെണ്ണം ഇവിടടുത്തുണ്ട്, പോയിനോക്കാം” കോശി, ഒക്കെ പൊതിഞ്ഞാണ് സംസാരിക്കുന്നത്.
“ഡയറക്ടറേ…” നിർമ്മാതാവ് വിളിച്ചു. “ഇതാണ്കുട്ടി. നമ്മട ശിനിമയ്ക്ക്പറ്റ്വോ? നായികയൊന്നും ആക്കണ്ട. ശംഭാശണമൊള്ള അഞ്ചാറു ശീൻ കൊടുത്താൽ മതി.”
നിർമ്മാതാവിൻറെ ഭാവത്തിൽ ഒക്കെ തീരുമാനിച്ചുറപ്പിച്ചതുപോലെ!
പിന്നീടാണ്, ഞാൻ ആ കുട്ടിയെ ശ്രദ്ധിച്ചത്. മുറിയിലെ ടീവിയിൽ കാർട്ടൂണ്‍ നോക്കി ഞാനിരുന്ന് എഴുതുന്ന കസേരയിൽ, എനിക്കെതിർദിശയിലേയ്ക്ക് നോക്കിയിരിപ്പാണ്.
“എണീറ്റ് നില്ക്കു മോളെ. അങ്കിൾ കാണട്ടെ” മിനിയാണ്. തമ്മിൽ കണ്ട് രണ്ടുമിനിറ്റ് കഴിഞ്ഞില്ല, എന്നെ അങ്കിൾ ആക്കി.
“കർത്തികേ, എണീല്ക്കാൻ പറഞ്ഞ കേട്ടില്ലേ?” മിനി മകളെ ചട്ടം പഠിപ്പിക്കുകയാണ്. മകൾ എണീറ്റു.
“കാർത്തിക ഒരുപാടെണ്ണമൊണ്ട്, നമ്മക്കിവൾടെ പേര് മാറ്റാം… ന്താ, കോശീ? നല്ല ശ്റ്റൈലൊള്ള ഒരു പേര് നമ്മട ഡയറക്ടർ ഇട്ടോളും” നിർമ്മാതാവ് ജ്ഞാനിയായി
എല്ലാരേയും മാറിമാറി നോക്കിയിട്ട് ഒടുവിൽ കുട്ടി നോട്ടം എന്നിൽ സ്ഥിരപ്പെടുത്തി.
പതിനഞ്ചുതികയില്ല. ധാരാളം മുടി, അമ്മയെപ്പോലെ കനമുള്ള ശരീരം, ഒരു തമ്പുരാട്ടിയ്ക്കു വേണ്ട കുലീനത്വം.
ദൃശ്യങ്ങളുടെ ആവർത്തനം !
വാഴയിലയിൽ, നിശ്ച്ചേതനമായി കിടന്ന മാൻകിടാവിനെപ്പോലെ വേറൊരു കുരുന്ന്.
ഇവളുടെ സ്വർണനിറമുള്ള ദേഹത്ത് വട്ടപ്പുള്ളികളില്ല. പക്ഷെ,കണ്ണുകൾ വൈരക്കല്ലുകൾ തന്നെയാണ്. അവൾ മന്ദഹസിക്കുമ്പോൾ കവിളിൽ വിരിയുന്ന നുണക്കുഴികൾ, ഒരുപക്ഷെ ആ മാൻകിടാവിനുണ്ടാവില്ല. മറ്റ് വ്യത്യാസങ്ങളുണ്ടോ? ഉണ്ട്, ഇവൾക്ക് ജീവനുണ്ട്.
എന്താണ് കുട്ടിയുടെ പേര്?” ഒരു ഭംഗിക്ക് വേണ്ടി ചോദിച്ചു.
“മഞ്ജുഷ.” ഒന്ന് പതറിയിട്ട് അവൾ പറഞ്ഞു.
“കാർത്തിക” അമ്മ പറഞ്ഞു,
മഞ്ജുഷാന്ന് മാറ്റാംന്ന്. പേര്, കാർത്തിക.എം.”
‘മഞ്ജുഷ’, കൊഞ്ചുന്ന കുരുന്നു ശബ്ദം. ആ കൊഞ്ചലിൽ മുലപ്പാല് മണക്കുന്നു.
“മന്ശുശ” നിർമ്മാതാവ് അതൊന്ന് ഉരുവിട്ട് വിലയിരുത്തി.
“പഠിക്കുന്നോ?” ഞാൻ ചോദിച്ചു.
“നൈൻന്ത് എക്സാം എഴുതിയിരുക്ക്വാ” ആ പിഞ്ചുപുഞ്ചിരി വീണ്ടും.
ഈശ്വരാ! ഞാൻ വിളിച്ചത് പുറത്തു കേട്ടില്ല. പുറത്തേയ്ക്ക് നടന്നു.
കോറിഡോറിന്റെ കിഴക്കുഭാഗത്ത് ഒരു ജാലകമുണ്ട്. അവടെ നിന്നാൽ വെന്തുപൊള്ളുന്ന നഗരത്തെ കാണാം. ഇരുമ്പുപാളങ്ങളെ ഞെരിച്ചുകൊണ്ട് തീവണ്ടികൾ പായുന്ന ശബ്ദം കേൾക്കാം. മരവിച്ച ആകാശത്തിൽ ഒരു ലക്ഷ്യവുമില്ലാതെ ബലിക്കാക്കകൾ പറക്കുന്നത് കാണാം.
കോശി എൻറെ സമീപത്തെത്തി. കൂടെ ആ മധ്യവയസ്കനും. അയാൾ ധരിച്ചിരുന്നത് വിലകൂടിയ സഫാരിയായിരുന്നു. അയാളുടെ കഴുത്തിൽ സ്വർണമാലയും കൈയിൽ റാഡോ വാച്ചും ഉണ്ടായിരുന്നു. സ്കോച്ച് വിസ്കി കഴിച്ചതിൻറെ ഒരു ആഡ്യത്വം മുഖത്ത് വേറെ.
“എൻറെ കാർത്തിക അഭിനയിക്ക്വോ… സാറേ?” അയാൾ ചോദിച്ചു
“സാർ കൈവച്ചവരൊക്കെ രക്ഷപ്പെട്ടിട്ടുണ്ടെന്നു കേട്ടിട്ടുണ്ട്.”
ഇതെൻറെ ആദ്യത്തെ ചിത്രമാണെന്ന് ഈ തെണ്ടിക്കറിയില്ലേ?
“എന്നാൽ ഞാൻ പോട്ടെ, സാറെ?” അയാള് തൊഴുതുകൊണ്ട് ചോദിച്ചു.
“അവരൊക്കെ?” ഭാര്യയെയും മകളെയും കൂടെക്കാണാത്തത് കൊണ്ടാണ് ഞാൻ ചോദിച്ചുപോയത്.
“എനിക്കിന്ന് ഈവനിംഗ് ഷിഫ്റ്റാണ്. വിജയലക്ഷ്മി മില്ലിലെ ഓവർസിയറാണ് ഞാൻ.” അയാൾ പറഞ്ഞു.
“എന്ത് ശമ്പളം കിട്ടും.”
“ഓ…. എന്തുകിട്ടാനാ സാറേ? പിടിപ്പും തൊലിപ്പും കഴിഞ്ഞ് മുപ്പത്താറായിരത്തിച്ചില്ല്വാനം! അതുകൊണ്ട് എന്താവാനാ?”
ഞാൻ ഞെട്ടി!
പതിനഞ്ചായിരം രൂപയുണ്ടെങ്കിൽ എൻറെ വാടകവീട് സുഭിക്ഷമായി കഴിയും.
“എത്ര കുട്ടികളാണ്?” ഞാൻ വെറുതെ ചോദിച്ചു.
“ഈ ഒരെണ്ണമേയുള്ളൂ.” നടന്നുതുടങ്ങിയ അയാൾ തിരിഞ്ഞുനിന്ന് കോശിയോട് ചോദിച്ചു.
“ടെസ്റ്റിംഗ് കഴിഞ്ഞ്, ഇന്നുതന്നെ വിടൂല്ലേ കോശിസാറേ? നമ്മളത് ക്വാട്ടേഴ്സാണേ”
“അണ്ണന് നൈറ്റല്ലേ? അണ്ണൻ രാവിലെ വീടെത്തുമ്പോൾ ഇവരവിടെ കാണും.”കോശി ഉറപ്പുകൊടുത്തു.
അയാൾ പടിക്കെട്ടുകളിറങ്ങി മറഞ്ഞുകഴിഞ്ഞപ്പോൾ ഞാൻ കോശിയോട് ചോദിച്ചു.
“അയാളുടെ മകൾക്ക് പറ്റിയ എന്തെങ്കിലും കഥാപാത്രം നമ്മുടെ സിനിമയിലുണ്ടോ? തിരക്കഥ താനും വായിച്ചതല്ലേ?”
“ഒരു കഥാപാത്രവുമില്ല എനിക്കറിയാം.”
“പിന്നെന്തിനാ ഈ നാടകം?”
“അടുത്തതിൽ കൊടുക്കാം”
“ഈ കുട്ടി സിനിമയിൽ ഒന്നുമാകാൻ പോണില്ല. മുഖം സുന്ദരമാണ് പക്ഷെ ഫോട്ടോജെനിക്കല്ല. ഒരു സിലിണ്ടർ ഷെയ്പ്പാണതിന്. പഠിച്ചു വളരട്ടെ. ഒരു കുടുംബമൊക്കെയായി രക്ഷപ്പെടട്ടെ. നാശത്തിലേയ്ക്ക് തള്ളിവിടുന്നത് നമ്മളുടെ കൈകൊണ്ടാവാണോ കോശീ?”
“ഒരു ഡയറക്ടറായ മാഷ് തന്നെ സിനിമയെ ഒരു നാശമെന്നാണോ പറഞ്ഞു വരുന്നത്? ഇന്നത്തെ പല താരങ്ങളും ഇതുപോലെയൊക്കെതന്നെ വന്ന പെണ്‍കുട്ടികളല്ലേ?”
“അതിനുംവേണ്ടി ജനിക്കുന്ന പെണ്‍കുട്ടികൾ വേറെയുണ്ട്, ഇവളതല്ല, കണ്ടാലറിയാം. ഒരു ഡയറക്ടർ, അതും തിരിച്ചറിയണമല്ലോ, ആരൊക്കെ താരമാകുമെന്നും.. ആരൊക്കെ…..”
ഇക്കണക്കിനാണെങ്കിൽ ഞാനൊരു കാലത്തും രക്ഷപ്പെടാൻ പോണില്ലാന്നുള്ള സഹതാപത്തോടെ കോശി എന്നെ നോക്കി.
ചെറിയൊരു നിശബ്ദതയ്ക്ക്ശേഷം കോശി പ്രസരിപ്പ് വീണ്ടെടുത്തുകൊണ്ട് പറഞ്ഞു.
“മാഷേ.. ആ പെണ്ണുമ്പിള്ള കൊച്ചിനെ രാഷ്ട്രത്തിന് സമർപ്പിക്കാനായിട്ട് കൊണ്ട് നടക്ക്വാ. നമ്മളല്ലെങ്കിൽ വേറൊരു ടീം.”
നിർമ്മാതാവ് ഒരുതരം വെപ്രാളത്തോടെ ഞങ്ങൾ നിന്ന ഭാഗത്തേയ്ക്ക് വന്നു.
“കോശ്യെ, അവള് ഭയങ്കര ശാധനമാണ്.” നിർമ്മാതാവിന് ഒരു ഒളീം മറേം ഇല്ല.
“ആരുടെ കാര്യമാ?” കോശി ചോദിച്ചു.
“തള്ള. ശ്പിരിട്ട് കച്ചവടത്തിൽ ഞാനിത്രയും പേശിയിട്ടില്ല. ഇരുപതിനായിരത്തിൽ ചില്ലി കുറയില്ല, ഹരീശ്രീ ആണുപോലും.. എന്തരാണ് കോശീട നോട്ടം?”
കോശി,തെല്ലു ജാള്യതയോടെ എന്നെ നോക്കി.
“കൊടുക്കാം, അല്ലേ?” നിർമ്മാതാവ് ചോദിക്കുന്നു.
“അത്….” കോശി വിക്കി.
“ഹരീശ്രീയല്ലെങ്കിൽ തള്ളേം മോളേം ഞാൻ നമ്മള ഏതെങ്കിലും ഗോഡൗണിലിട്ട് പൂട്ടും.” വാവടുക്കുന്ന വേളകളിലെ വിത്തുകാളകളെപ്പോലെ വിജ്രംഭിച്ചുനില്പ്പാണ് നിർമ്മാതാവ്.
“ഞാൻ സംസാരിക്കാം.” എൻറെ മുൻപിൽ നിന്ന് രക്ഷപ്പെടാനാവണം കോശി നടന്നു.
“കാശുകൊടുത്താൽ വേശം കൊടുക്കണ്ട, എന്ത് ഡയറക്ടറെ? കോശീ അതിപ്പോ പറയണ്ട.”
അയാള് ഇടനാഴിയിലൂടെ ഓടി, കോശിയുടെ കൂടെയെത്താൻ. ഞാൻ ഇറങ്ങിനടന്നു.
പൊന്നൻകാണിയുടെ വീട്ടുമുറ്റത്ത് നിന്നപ്പോഴുണ്ടായിരുന്നതിനേക്കാൾ ദ്രുതതരമാണ് എൻറെ ഇപ്പോഴത്തെ നെഞ്ചിടിപ്പ്.
വീണ്ടും ഒരു മാൻകിടാവ്!
എൻറെയുള്ളിൽ പെട്ടെന്ന് മണിക്കുട്ടിയുടെ മുഖം തെളിഞ്ഞുവന്നു.
മൂന്നര വയസ്സുള്ള എൻറെ ഏകമകൾ മണിക്കുട്ടി.
അവളുടെ കവിളിലും നുണക്കുഴിയുണ്ട്.
അവളുടെ കണ്ണുകളും വൈരക്കല്ലുകളാണ് .
അവളുടെ ദേഹത്ത് സ്വർണ്ണപ്പുള്ളികളില്ല.
ഇരുപതിനായിരവും ചില അഭ്രവാഗ്ദാനങ്ങളും നൽകിക്കഴിയുമ്പോൾ കാർത്തിക ‘മന്ശുശ’യായി മാറും.
മാൻകുരുന്ന്…. മഞ്ജുഷ….. മണിക്കുട്ടി………
എൻറെ…. എൻറെ മണിക്കുട്ടി!
അവൾ വാഴയിലയിൽ ചലനമറ്റു കിടക്കുകയാണോ?
അതോ ഏതെങ്കിലും ഹോട്ടലിലെ എ.സി.മുറിയിലിരുന്ന് കാർട്ടൂണ്‍ കാണുകയാവുമോ?
വെട്ടുകത്തിയും കറൻസികളുമായി നിഷാദന്മാർ എവിടെയാണ് പതിയിരിക്കുന്നത് ?
‘അച്ഛൻറെ പൊന്നുമണി’ ആരാന്ന് ചോദിക്കുമ്പോൾ ‘നാൻ, മനിക്കുറ്റി’ എന്ന് കൊഞ്ചുന്ന എൻറെ മാൻകിടാവെവിടെ? അവളെ എനിക്കിപ്പോ കാണണം. എൻറെ നെഞ്ചിനുള്ളിൽ ഒളിപ്പിച്ചു വൈക്കണം. കട്ടാളന്മാരുടെ കണ്ണിൽപ്പെടാതെ ഞാനവളെ എവിടെ വളർത്തും?
ആരോടും പറയാതെ ഹോട്ടലിൻറെ ഗേറ്റ് കടന്ന് ഞാൻ റോഡിലേയ്ക്കിറങ്ങി. തൊട്ടടുത്ത ബാറിനുള്ളിൽ നിന്നും ചുണ്ടും തുടച്ചിറങ്ങിയ വിജയലക്ഷ്മി മില്ലിലെ ഓവർസിയർ എന്നെക്കണ്ട് ഭവ്യത കാണിച്ചു.
ഞാനയാളുടെ കവിളിൽ ആഞ്ഞൊരടി കൊടുത്തു.
നുണക്കുഴി വിരിയുന്നില്ല.
പകച്ചുനിന്ന ഓവർസിയറുടെ കവിളിൽ കുറേക്കൂടി ശക്തി സംഭരിച്ച് ഞാൻ ഒരടികൂടി കൊടുത്തു. ഇപ്പോഴും നുണക്കുഴിയില്ല. പക്ഷെ അയാളുടെ കവിള് ചുവന്നു, റിസപ്ഷനിലെ ചെക്കൻറെ പോലെ.
മതി.
എവിടുന്നോ മനസ്സിന് കുറച്ച് ശാന്തി കിട്ടി.
ഒന്നും മതിവരാതെ ഉറഞ്ഞുതുള്ളുന്ന നഗരത്തിൻറെ തൃഷ്ണയിലേയ്ക്ക് നടന്നു.
ആ സിനിമ നടന്നില്ല.