ഗൾഫനുഭവങ്ങൾ -24 : കാരയ്ക്കാ മരത്തിൻ്റെ തണൽ പോലെ, സൗഹൃദങ്ങൾ

പ്രവാസം. പൊള്ളുന്ന ഒരു കനല്‍ പാതയാണ്.

പഴുത്ത സൂര്യനും ചുട്ടമണ്ണുമാണ് അവന്റെ സഹയാത്രികര്‍. പച്ചപ്പിന്റെ സൗഭാഗ്യം ഉപേക്ഷിച്ച് പ്രാരാബ്ധങ്ങളുടെ ഭാണ്ഡക്കെട്ടുമായുള്ള തുടര്‍യാത്രയ്ക്കിടെ ഈ മരുപ്രദേശത്തെ പരുക്കന്‍ പ്രകൃതി ഒരുക്കിയ കാരയ്ക്കാ മരങ്ങളുടെ തണലും ഒപ്പം, കടപ്പാടും കരുതലുമുള്ള സ്നേഹസൗഹൃദങ്ങളും മാത്രമാണ് ഗൾഫിലെ പ്രവാസിക്ക് കുളിരേകാനുള്ളത്.

ഉടലും മനവും തളർന്നിരുന്ന ഒരു വേളയിൽ, കാലവും ദേശവും തെറ്റിയൊരു ഇടവപ്പാതിയെത്തിയെങ്കില്‍ എന്നാശിച്ചു പോയ നിമിഷങ്ങള്‍ ഒരോ പ്രവാസിക്കും ഉണ്ടാകും. നാട്ടിലെ കൂരയുടെ മുകളില്‍ ആര്‍ത്തലച്ചു വീണ പെരുമഴയുടെ നാദം ചിതലരിച്ച ഓര്‍മയുടെ ചെപ്പില്‍ നാം ഇന്നും സൂക്ഷിച്ചു വെച്ചിട്ടുണ്ട് നാട്ടിലേക്ക് ഒന്ന് മടങ്ങാൻ… അറബിക്കടലൊന്നു താണ്ടാന്‍, സ്വപ്‌നത്തിന്റെ പായ്ക്കപ്പലുകളും മേഘത്തേരുകയും മനസിന്റെ കോണിൽ നാം കെട്ടിയിട്ടിട്ടുണ്ട്. ..

കായലും പുഴകളും മലകളും കടന്ന്, മഴ നനഞ്ഞെത്തുന്ന ആ കുളിര്‍ കാറ്റ് കടലും താണ്ടിവന്ന് ഉള്ളിലെ പൊള്ളുന്ന പ്രവാസച്ചൂടിനെ ഒന്നു തൊട്ടെങ്കിലെന്നു നാം ആശിച്ചിട്ടുണ്ട്…

പെയ്‌തൊഴിയാത്ത ഈ കനവുകള്‍ കാത്തു സൂക്ഷിക്കുന്ന നിരവധി സമാനഹൃദയരുണ്ടിവിടെ. അവരുടെ സൗഹൃദത്തിന്റെ ഊഷ്മളത കൊണ്ട് മേഞ്ഞ വഴിയമ്പലങ്ങളുമുണ്ട്. ഒത്തൊരുമിക്കാനും ഓര്‍മകളും സ്വപ്‌നങ്ങളും പങ്കുവെയ്ക്കാനും ഊരിന്റെ പേരില്‍, സേവന സന്നദ്ധ സംഘങ്ങളായും ഒത്തൊരുമിക്കുന്നു. സേവനത്തിന്റേയും കാരുണ്യത്തിന്റേയും തലോടല്‍ നല്‍കി നട്ട നന്മയുടെ പൂമരങ്ങള്‍ നിരവധി.

ചേമ്പിലത്താളിലെ മഞ്ഞു തുള്ളി പോലെ മിഴിയിട നേരത്തില്‍ ഊര്‍ന്നകന്നു പോകുന്ന ബന്ധങ്ങളുടെ ഇടയിലും ഹൃദയത്തിന്റെ ആഴങ്ങളില്‍ മായ്ക്കാന്‍ കഴിയാത്ത വര്‍ണങ്ങളായി ഒരോ മുഖവും മാറുന്നത് ഇവിടെ മാത്രമാണ്. ഒറ്റപ്പെടലിന്റെ വേദനയില്ലാതെ, കൂട്ടായ്മയുടെ കരുത്തില്‍ പ്രവാസപർവ്വം താണ്ടാന്‍ ത്രാണിയേകുന്നതിന് നന്ദിയുണ്ട്. ഇനിയും പല ഭാരങ്ങളും വഹിക്കാന്‍ പ്രവാസിയുടെ തോളുകള്‍ക്ക് ശക്തിയുണ്ട്. ചങ്കിനുറപ്പുമുണ്ട്. സ്‌നേഹ സഹകരണങ്ങളാൽ താങ്ങായും തണലായും ഒപ്പമുള്ളവരാണ് ഓരോ പ്രവാസിയുടേയും ഊർജ സ്രോതസ്സ്.

പതറാതേയും, തളരാതേയും പ്രവാസപർവ്വം സഫലമാക്കാൻ ആത്മബലമേകുന്നത് സ്നേഹച്ചങ്ങലയിലെ ഓരോ സൗഹൃദക്കണ്ണികളുമുണ്ട്. അതൊരു ബലമാണ്. തിരിച്ചടികളിൽ കാലിടറി വീഴാതെ പിടിച്ചു നിർത്തുന്ന കരുത്ത്.

കടലിൻ്റെ മറുകരയിൽ ഒരാത്മബന്ധത്തിന്റെ,
സൗഹൃദത്തിന്റെ,
ഹൃദയമുദ്രപതിപ്പിച്ച സ്‌നേഹ ജ്വാലകൾ
അഴലിലുമാഹ്‌ളാദത്തിലും
ചിരിപ്പൂരത്തിലും
സങ്കടക്കടലിലും
കരുത്തും കരുതലുമായി
നിലകൊണ്ട കൂടെപ്പിറപ്പുകൾ
ഇനിയുള്ള കാലങ്ങളിലും വഴി കാട്ടിയായി
സുഗന്ധവാഹിനിയായ തണല്‍മരമായി
കാറ്റടിച്ചാല്‍ ഉയരാത്ത കടലലയായി
മഞ്ഞിലൂറഞ്ഞു പോകാത്ത മാമലയായി
വെളിച്ചം പകരുന്ന സൂര്യനായ്
അലിവിന്റെ നിലാവ് പകരുന്ന ചന്ദ്രനായി നിലനിൽക്കട്ടെ എന്നും ഈ സൗഹൃദങ്ങൾ .

(അവസാനിച്ചു )