ഗൾഫനുഭവങ്ങൾ -21 : പ്രവാസം – കഥ 1

സര്‍ട്ടിഫിക്കറ്റുകള്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന ഫോള്‍ഡറുകളും മറ്റും തിരിച്ചു വാങ്ങി ഉള്ളതെല്ലാം എണ്ണി നോക്കുന്നതിനിടെ കോട്ടും സ്യൂട്ടും ടൈയും ധരിച്ച ഇന്റര്‍വ്യൂ പാനലിലുള്ളവര്‍ എന്നെക്കുറിച്ച് എന്തോ പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു. അവരുടെ മുഖത്തേക്ക് നോക്കാതെ ഞാന്‍ തിരിഞ്ഞു നടന്നു.

പുറത്തിറങ്ങിയപ്പോഴാണ് എനിക്ക് ശ്വാസം നേരേ വീണത്. മുന്നിലേക്കുള്ള വഴി ബീച്ച് റോഡ്. നേരേ നടന്നു. അറബിക്കടലിനെ തഴുകിയെത്തുന്ന കാറ്റിന് പ്രത്യേക ഒരു സുഗന്ധം ഉണ്ടായിരുന്നു. മറുകരയായ ഗള്‍ഫിലെ ഊദും അത്തറും വഹിച്ചുകൊണ്ടുള്ള കാറ്റായിരുന്നു അത്.

കടപ്പുറത്തെ തട്ടുകടയില്‍ നിന്ന് സിഗററ്റ് വാങ്ങി കത്തിച്ചു.

നീട്ടി വലിച്ചുകയറ്റിയ പുകയ്ക്കുള്ളിലൂടെ നിക്കോട്ടിന്‍ ശ്വാസകോശത്തെ തടവി.. അതൊരു ചുമയുടെ ഗര്‍ഭം ധരിച്ച് താമസിയാതെ പുകച്ചുരുളുകളായി പുറത്തുവന്നു..

ഇനി എന്ത് ?

ഇതായിരുന്നു ഉള്ളിലുയര്‍ന്ന ചോദ്യം. അക്കൗണ്ടന്‍സി കണക്കിന്റെ കളിയാണ്. പക്ഷേ, ജീവിതത്തില്‍ കൂട്ടലും, കിഴിക്കലും, ഹരിക്കലും, ഗുണിക്കലും എല്ലാം തെറ്റുന്നു.. താളപ്പിഴയോട് താളപ്പിഴ.

പടിഞ്ഞാറ് നോക്കി ഞാന്‍ പറഞ്ഞു. ഗള്‍ഫേ ഒന്നു വിളിക്കു..!

പരിപ്പുവടയും കടിച്ച് അടുത്തു നിന്ന ഒരുത്തന് ഗള്‍ഫിന്റെ മണം ഉണ്ടായിരുന്നു.

ഒരാഴ്ചത്തെ ലീവിന് വന്നതാണ്. അടുത്തയാഴ്ച പോകണം. കൂട്ടത്തില്‍ കുട്ട്യോളെയും കെട്ട്യോളേയും കൂട്ടണം.- അയാള്‍ കടക്കാരനുമായി കുശലം പറയുകയാണ്.

ഗള്‍ഫുകാരന്റെ മുഖത്തേക്ക് കണ്ണു മിഴിച്ച് നോക്കി നില്‍ക്കേ കുറച്ചു നേരം പരിസരം മറന്നു പോയി. ആ മുഖത്തു നിന്ന് ഒരു ചിരി വിരുന്നു വന്നു. എന്റെ മുഖത്ത് മറുചിരിവിടരാന്‍ അല്പം വൈകി.

ഞാന്‍ ചോദിച്ചു.

ഗള്‍ഫില്‍ ആണോ. ?

അതെ.

എവിടെയാ.?

യുഎഇയിലാണ്, ദുബൈ.

അവിടെ അക്കൗണ്ടന്റന്റെ ഒഴിവു വല്ലതും ഉണ്ടോ. ?

ഒരു ഗ്ലാസില്‍ അടിച്ച് പതപ്പിച്ച് ചൂടു ചായ എത്തി. കടുപ്പമുള്ള ഒരു സമോവര്‍ ചായയുടെ രുചി നുണഞ്ഞു. ചെറിയ വാഴക്കീറില്‍ പരിപ്പുവടയും അയാള്‍ വെച്ചു. ചോദിച്ചിരുന്നില്ല. പക്ഷേ, ചൂടുള്ള പരിപ്പുവടയും ചായയ്‌ക്കൊപ്പം വന്നു.

അക്കൗണ്ടന്റാണോ ,? എക്‌സ്പീരിയന്‍സ് ഉണ്ടോ.? അതോ ഫ്രഷ് ആണോ. ? ടാലിയൊക്കെ അറിയാമോ ? വലിയ പാടാണ്. മാഷേ.. ഞാന്‍ നോക്കാം.

ഒരു പരിചയവുമില്ലാത്ത ഒരാളുടെ മുഖത്തു നോക്കി ജോലി ഒഴിവുണ്ടോ എന്നൊക്കെ ചോദിക്കുന്ന മര്യാദയെ കുറിച്ച് ഞാന്‍ മറന്നുപോയിരുന്നു. ആവശ്യക്കാരന് എന്ത് ഔചിത്യം ?

എന്റെ കമ്പനിയില്‍ ഒരു ജൂനിയര്‍ അക്കൗണ്ടന്റിനെ നോക്കുന്നുണ്ട്. നിങ്ങള്‍ ഈ മെയില്‍ ഐഡിയിലേക്ക് സിവി അയയ്ക്ക്. നമുക്ക് നോക്കാം. എന്റെ മൊബൈല്‍ നമ്പര്‍ ..ഇതിലുണ്ട്. അയാള്‍ ഒരു കാര്‍ഡ് നീട്ടി.

അഷ്‌റഫ് മാന്തോട്ടില്‍,
പര്‍ച്ചേസ് മാനേജര്‍
ക്രീക്ക് കണ്‍സ്ട്രക്ഷന്‍ എല്‍എല്‍സി
ജബെല്‍ അലി ഫ്രീസോണ്‍ ദുബായ് .

കാര്‍ഡു വായിച്ചു നിന്ന എന്നോട് അയാള്‍ പേരു ചോദിച്ചു

മനു -ഞാന്‍ പറഞ്ഞു.

ഇന്‍ഷ അള്ളാ. നമ്മുക്കിനി ഗള്‍ഫില്‍ കാണാം.

ഇത്രയും പറഞ്ഞ് അയാള്‍ പാന്റിനുള്ളില്‍ നിന്ന് തടിച്ച പേഴ്‌സ് എടുത്തു.

എത്രയായി. ?

ഇരുപതുറുപ്പിക.

നീട്ടിയത് രണ്ടായിരത്തിന്റെ നോട്ട് .

ചെറുതൊന്നൂല്ല്യേ ?

നോക്കട്ടെ.. അതിനിടയില്‍ എവിടേയോ ഒരു അമ്പതിന്റെ നോട്ട് ..

ദേ..ഇങ്ങോരുടെയെത്രയായി. ?

അതും ഇരുപത്.

ബാക്കി പത്തുരൂപ കടക്കാരന്‍ നീട്ടും മുമ്പ് അയാള്‍ എന്നെ നോക്കി ഒരു ചിരിയും കൂടി പാസാക്കി കാറിലേക്ക് കയറി. ഞാനും കടക്കാരനും പരസ്പരം നോക്കി ചിരിച്ചു.

ഇതിന്നിടയില്‍ പോക്കറ്റില്‍ നിന്നെടുത്ത പണം ഞാന്‍ തിരികെ മടക്കി പോക്കറ്റിലേക്ക് തന്നെ ഇട്ടു. ഇതു കണ്ട കടക്കാരന്‍ ചിരി നിര്‍ത്താതെ തലയാട്ടി.

അല്ല.. ഈ വീസയ്ക്കും ടിക്കറ്റിനും ഒക്കെ അയാള്‍ പണം ചോദിക്കും..

ഉം .. ഉം. ങ്ങള് ഗള്‍ഫിലൊക്കെ പോയി അവധിക്കിങ്ങ് ബെരുമ്പോള്‍ ചായ ഈ ഉസ്മാനിക്കാന്റേ കടേന്നായിക്കോളിന്‍..

പറ്റൂങ്കില്‍ നല്ല മണമുള്ളൊരത്തറും കൊണ്ടീരിന്‍..

ഞാന്‍ ചിരിച്ചു.

(കഥ തുടരും )