ഉടലലയല്‍, മനസ്സുലയല്‍ -ഇതു രണ്ടുമാണ് പ്രവാസം. ഇങ്ങിനെ ആരാ പറഞ്ഞത്. ആരുംപറഞ്ഞതല്ല. അനുഭവിക്കുകയാണ് ഒരോ പ്രവാസിയും.
ഏകാന്തതയും ഒറ്റപ്പെടലും നാട്ടില്‍ നിന്നപ്പോള്‍ എന്താണെന്ന് അറിയാത്തവനൊക്കെ കടലുകടന്ന് വന്നാല്‍ അത് അനുഭവിക്കുകയായി.
ജോലി ചെയ്യുക. പ്രതിഫലം പറ്റുക. അത് കിട്ടയപാടെ നാട്ടിലേക്ക് അയയ്ക്കുക. ഈ ഒരുചാക്രികസംരംഭമാണ് പ്രവാസമെന്നും താത്വികമായി അവലോകനം ചെയ്യാം.
രാജ് കുമാര്‍- അയാളെ അങ്ങിനെ വിളിക്കാം. നാട്ടില്‍ നിന്ന് ഒരു പുലരിയില്‍ വിമാനമേറിഎത്തി. പലരും പറയുന്നതു പോലെ കാരയ്ക്ക കായ്ക്കുന്ന നാട്ടിലേക്ക് സ്വപ്നങ്ങളുടെഭാണ്ഡവും പേറി..2006 ലെ ചുട്ടുപൊള്ളുന്ന ഒരു വേനല്‍ക്കാലത്താണ് രാജ് കുമാര്പ്രവാസികളുടെ സ്വപ്ന ഭൂമിയിലേക്ക് പറന്നിറങ്ങിയത്.
ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തെ നാട്ടില്‍ നിര്‍ത്തിയാണ് അയാള്പ്രവാസത്തിന്റെ വഴി തിരഞ്ഞെടുത്തത്. നാട്ടിലെ ജോലിയില്‍ നിന്നും ലഭിച്ച ശമ്പളമൊന്നുംജീവിക്കാന് തികയാതെ വന്നപ്പോള്‍ ഗള്‍ഫിലേക്ക് വഴി തുറന്നു കിട്ടി.. അതൊരു സ്വര്ഗകവാടമായി അയാള്‍ കരുതി.
ഭാഗ്യത്തിന് പഠിച്ച പണി തന്നെയാണ് അദ്ദേഹത്തിന് ലഭിച്ചത്. കുടുംബത്തെ സ്പോണ്സര്ചെയ്യാവുന്നത്ര ശമ്പളവും കിട്ടി, പക്ഷേ, രാജ് കുമാറിന് ഭാര്യയേയും രണ്ട് കുട്ടികളേയുംപ്രവാസ ഭൂമിയിലേക്ക് കൊണ്ടുവരാന്‍ കഴിയുമായിരുന്നില്ല. കാരണം. നാലു പേരടങ്ങുന്ന ഒരുകുടുംബത്തെ പോറ്റാനാകുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിന് ഇല്ലായിരുന്നു.
ഇരുനിലയുള്ള രണ്ട് ബങ്ക് ബെഡ്ഡുകള്‍ നിറഞ്ഞ ഒരു മുറിയിലാണ് അദ്ദേഹത്തിന് താമസംലഭ്യമായത്. കമ്പനി തന്നതൊന്നുമല്ല. കിട്ടുന്ന ശമ്പളത്തില്‍ നിന്ന് ഏതാണ്ട് പാതിയ്ക്കടുത്ത്കൊടുത്താണ് ബെഡ് സ്പേസ് ലഭിച്ചത്.
പുറത്തു നിന്നുള്ള ഭക്ഷണവും ചേര്‍ത്താല്‍ പാതി ശമ്പളം അങ്ങിനെ പോകുംബാക്കിയുള്ളതില് അല്പം കൈവശം വെച്ച് നാട്ടിലേക്ക് അയയ്ക്കാമെന്നും അദ്ദേഹം കണക്കുകൂട്ടി.
വന്ന ആദ്യ കാലങ്ങളില്‍ രാജ് കുമാര്‍ തന്റെ രണ്ട് നില ബെഡ്ഡിന്റെ മുകളില്‍ മൊബൈല്‍ഫോണ്‍ നോക്കി കിടക്കുമായിരുന്നു. ഭാര്യയും രണ്ട് മക്കളും താനുമുള്ള ഒരുചിത്രമായിരുന്നു അതിന്റെ സ്ക്രീന്‍ സേവര്‍, അവരെ നോക്കി നോക്കി ഇരുന്ന് ഒടുവില്‍ ആകണ്ണുകള്‍ താനെ അടഞ്ഞ് നിദ്രയിലേക്ക് ആണ്ടു പോകും.
കുടുംബത്തെ അത്രയ്ക്ക് മേല്‍ അയാള്‍ മിസ്സ് ചെയ്യുന്നുണ്ടായിരുന്നു. ശമ്പളം ലഭിച്ചാല്ഉടനെ തൊട്ടടുത്തുള്ള ഷോപ്പിംഗ് മാളിലെ മണി എക്സേഞ്ചിലേക്ക് അയാള്പായുകയായിരുന്നു പതിവ്.
മൂന്നാം മാസം വിസിറ്റ് വീസ അവസാനിച്ചു. കമ്പനി എംപ്ലോയ്മെന്റ് വീസനല്കുമെന്നായിരുന്നു അയാളുടെ പ്രതീക്ഷ. പക്ഷേ, മലയാളിയായ ഉടമ അദ്ദേഹത്തോട്ഇനിയും ഒരു മൂന്നു മാസം കൂടി വിസിറ്റ് വീസയില്‍ നില്‍ക്കാനാവശ്യപ്പെടുകയായിരുന്നു. അതിനായി കിഷ് എന്നറിയപ്പെടുന്ന ഒരു ദ്വീപിലേക്ക് ഒരു യാത്ര നടത്തണം. എമിഗ്രേഷനില്എക്സിറ്റ് സ്റ്റാംപ് വേണം. തുടര്‍ന്നാണ് പുതിയ വീസ ലഭിക്കുക.
24 മണിക്കൂറിനുള്ളില്‍ പുതിയ വീസ ലഭിക്കും. രാജ് കുമാര്‍ യാത്രയ്ക്ക് തയ്യാറായി. കൈയ്യില്‍ ചെറിയ ഒരു ബ്രീഫ് കേസ് മാത്രം. ഇതിനു മുമ്പ് ഇതേ കമ്പനിയിലെ പലരുംകിഷിലേക്ക് ഇതു പോലെ വീസ മാറാന്‍ യാത്ര പോയിട്ടുണ്ട്.
സഹ മുറിയനായ സാദിഖ് തൻ്റെ മുൻ അനുഭവം പങ്കുവെച്ച് പറഞ്ഞു. അവിടെ മുഴുവന്മലയാളികളാണ്. ചായക്കടയും ലോഡ്ജും ഗ്രോസറിയും എല്ലാം മലയാളികളുടേത്. കോഴിക്കോടോ കണ്ണൂരോ ചെന്നാല്‍ എങ്ങിനെ അതു പോലെ.
പോയ്ട്ട് വാ.
രാജ് കുമാറിന് ആശ്വാസമായി. ഇറാന് എന്ന രാജ്യത്തിന്റെ അധീനതയിലുള്ള ഒരു ചെറുദ്വീപാണ് കിഷ്. അറിയാവുന്നവർ ആരുമില്ലാത്ത ഒരന്യദേശത്തേക്ക് പോകുമ്പോഴുള്ള ഒരുഅമ്പരപ്പ് അത് വിട്ടു പോയിരുന്നില്ല. എന്നാലും മലയാളികള്‍ ഏറെയുള്ള മറ്റൊരുസ്ഥലമാണെന്ന തിരിച്ചറിവ് രാജ്കുമാറിന് ആശ്വാസമേകി.
വിമാനത്താവളത്തിലേക്ക് കമ്പനിയുടെ കാറില്‍ യാത്ര. ബോര്‍ഡിംഗ് പാസ് എടുത്ത്എമിഗ്രേഷനും സുരക്ഷാ പരിശോധനയും കഴിഞ്ഞ് വിമാനത്തിലേക്ക്.
ഒരു ചെറുവിമാനം. കിഷ് എയര്‍ലൈന്‍സ് എന്ന് വലുതായി വശങ്ങളില് എഴുതിയിട്ടുണ്ട്. സീറ്റ് കിട്ടിയത്. മുന്‍ നിരയില്‍. എമിറേറ്റ്സിലാണെങ്കില്‍ ബിസിനസ് ക്ലാസ്. കിഷ്എയര്ലൈന്സില് ഇത് ഏത് ക്ലാസാണോ എന്തോ. രാജ് കുമാര്‍ ടേക്ക് ഓഫിനായികാത്തിരുന്നു.
അല്പ നേരം കഴിഞ്ഞപ്പോള്‍ തൊട്ടു മുന്നില്‍ ഒരാള്‍ വന്നിരുന്നു. അത് പൈലറ്റായിരുന്നു. കോക് പിറ്റാണ് മുന്നില്‍. നാല്പതു പേര്‍ക്ക് കയറാവുന്ന ഫ്ളൈറ്റ്. സാധാരണവിമാനങ്ങളിലുള്ളതു പോലെ സുഗന്ധപൂരിതമായിരുന്നില്ല അന്തരീക്ഷം. വിയര്പ്പില്മുങ്ങിയ വസ്ത്രം കഴുകാതെ രണ്ടു ദിവസം കൊണ്ടു നടന്നാല്‍ മൂക്ക് തിരിച്ചറിയുന്ന ഗന്ധം. അതായിരുന്നു ആ ഫ്ളൈറ്റിലുണ്ടായിരുന്നത്. മൂന്നു മാസം എക്സിക്യൂട്ടീവ് ബാച്ലര്ലൈഫില് ഒരു മുറിയില്‍ നാലു പേരുമായി കഴിഞ്ഞു കൂടിയ നാളുകള്‍ അയാളോര്‍ത്തു.
വിലകുറഞ്ഞ ലെതര്‍ ഷൂവും ഡിസ്കൗണ്ടില്‍ വാങ്ങിയ സോക്സും തമ്മിലുള്ളഇണചേരലിന്റെ ഫലമായി ഉണ്ടാകാറുള്ള ഗന്ധം. അതായിരുന്നു അയാളുടെഎക്സിക്യൂട്ടീവ് ബാച്ലര് അക്കൊമഡേഷനില്‍ നിറഞ്ഞു നിന്നിരുന്നത്. ആ ഗന്ധംമൂക്കിലും തലച്ചോറിലും പറ്റിപ്പിടിച്ചിരുന്നതിനാല്‍ പെട്ടെന്ന് തന്റെ മുറിയിലേക്കാണോകയറിവന്നതെന്ന് അയാള്‍ക്ക് തോന്നി. കോക്പിറ്റിലെ ഒരു കിളിവാതില്‍ തുറന്ന് ക്യാപ്റ്റന്മുന്വശത്തെ ചില്ല് തുടയ്ക്കുന്നു. കുടിവെള്ള ബോട്ടിലില്‍ നിന്ന് വെള്ളം മുക്കിയുള്ളതുടയ്ക്കാലാണ്. മഴക്കാലത്ത് നാട്ടിലെ ഏതോ ഓട്ടോറിക്ഷയില്‍ കയറി പറക്കാന്‍ പോകുന്നഒരനുഭൂതിയാണ് അപ്പോള്‍ അയാള്‍ക്ക് തോന്നിയത്.
പെട്ടെന്ന് ഇരമ്പലും മുഴക്കവും ചെവിടടപ്പിച്ചു. റണ്‍വേയിലൂടെ പാഞ്ഞ ഫ്ളൈറ്റ് പൊങ്ങി. മിനിട്ടുകള്‍ നീളുന്ന യാത്രയായിരുന്നു അത്. ഇടയ്ക്ക് എപ്പോഴോ എയര്‍പോക്കറ്റില്‍ വീണതുപോലെ വിമാനം ആടിയുലഞ്ഞു. മേഘപാളികളിലൂടെയുള്ള യാത്രയാണെന്ന് ആദ്യംഅയാള് കരുതിയത്. എന്നാല്‍, കിഷിലെ വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡു ചെയ്യുന്നസീനായിരുന്നു അത്.
താമസിയാതെ പുറത്തിറങ്ങി. തൃശ്ശൂര്‍ റെയില്‍ വേ സ്റ്റേഷനില്‍ എത്തിയപോലെ ഒരു ഫീല്‍. കിഷ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് സ്വാഗതം. വീസ ഫ്രീ സന്ദര്‍ശനം തയ്യാര്‍. പതിനാലു ദിവസത്തെ അനുമതി നല്കുന്ന ഒരു സീല്‍ പാസ്പോര്ട്ടില് പതിച്ച്മിനിട്ടുകള്ക്കുള്ളില് വിമാനത്താവളത്തിന് പുറത്തേക്ക്.
കൂടെയാത്ര ചെയ്തവരില്‍ പാതിയും മലയാളികള്‍, പിന്നെ ഫിലിപ്പിനോകള്‍, ഒന്നോ രണ്ടോആഫ്രിക്കന്സ് . എല്ലാവരും ഒരു ബസില്‍ ഹോട്ടലിലേക്ക്.
കമ്പനിയാണ് വീസ – താമസ ചെലവുകൾ വഹിക്കുന്നത്. ഹോട്ടലെന്നു യാത്ര ഏജന്സിപറഞ്ഞപ്പോള് താജ് ഹോട്ടലൊന്നുമല്ലെന്ന് അറിയാമായിരുന്നു. പക്ഷേ, ഇത് അൽ ഖൂസിലെഏതോ ലേബര്‍ ക്യാംപ് ഒന്ന് അണിഞ്ഞൊരുങ്ങിയതു പോലെ.
ഒരു മുറിയില്‍ ഏതാണ്ട് പത്ത് കിടക്കകള്‍. നേരത്തെ പറഞ്ഞ സുഗന്ധം, അതവിടേയുംഅയാളെ വരവേറ്റു. ഒച്ചയും ബഹളവും ഫോണ്‍ ചെയ്യലും.. ടോയിലറ്റ് തപ്പി നടന്നപ്പോള്അതും കോമണ്‍. വെളുത്ത നിറമുള്ള ഭിത്തിയിലും പൈപ്പുകള്ക്കിടയിലും ക്ലോസറ്റിലുംഎല്ലാം ആകര്‍ഷകമായ ഒരു സ്വര്‍ണ്ണ വര്‍ണ നിറം പറ്റിപ്പിടിച്ചിരുന്നത് അയാള്ശ്രദ്ധിച്ചിരുന്നു. അസൗകര്യങ്ങളും മറ്റും നോക്കി വിമര്‍ശിക്കാന്‍ താന്‍ ഇവിടെ സ്ഥിരതാമസത്തിന് വന്നതൊന്നുമല്ലല്ലോ.. അയാൾ ആശ്വാസത്തിൻ്റെ നെടുവീർപ്പിട്ടു.
നാട്ടിലെ ഏതോ ട്രാന്‍സ്പോര്‍ട്ട് ബസ്സ് സ്റ്റാന്‍ഡിലെ പൊതുശൗചാലയത്തില്‍ ഒന്നുകയറിയതു പോലെയുള്ള അനുഭവം.
എന്തായാലും നാളെ തന്നെ വീസ ലഭിക്കുമല്ലോ, അതുവരെ മതിയല്ലോ ഇവിടത്തെ വാസം.അയാൾ പുറത്തു വന്ന് ഒരു ദീർഘ ശ്വാസം എടുത്തു.
എക്സിറ്റ് യാത്ര എന്ന പേരിലാണ് കിഷ് വാസം അറിയപ്പെടുന്നത്. ഹോട്ടലില്എത്തിയവരെല്ലാം പാസ്പോര്‍ട്ടിലെ എക്സിറ്റ് സ്റ്റാംപ് ഫോട്ടോകോപ്പിയും സ്കാനും ഒക്കെചെയ്ത് അയയ്ക്കുന്ന തിരക്കിലായിരുന്നു.
ടൈപ്പിംഗ് സെൻ്ററിൽ ക്യൂ നിന്ന് ഇടിച്ചു പിടിച്ച് അതും നടത്തി മടക്കം.
ഉച്ചയ്ക്ക് ഖുബ്ബൂസും ചെറിയ പായ്ക്കറ്റിലുള്ള തൈരും വാങ്ങി പലരും മുറിയിലേക്ക് വരുന്നതുകണ്ടാണ് അയാളും അത് വാങ്ങാന്‍ പോയത്.
തൊമന്‍ -നാട്ടിലെ കറവക്കാരന്റെ പേരൊന്നുമല്ല. കിഷിലെ കറന്‍സിയാണ്. ഔദ്യോഗികപേര് ഇറാനി റിയാൽ. അയ്യായിരം തൊമന്‍ കൊടുത്താല്‍ ഒരു ചായ കിട്ടും. യുഎഇ ദിര്ഹംവെച്ചു നോക്കിയാല്‍ ഒന്നോ ഒന്നര ദിര്‍ഹമോ വരും. നാട്ടിലെ പന്ത്രണ് രൂപ. (അന്നത്തെഎക്സ്ചേഞ്ച് റേറ്റ് അനുസരിച്ച് ) ചപ്പാത്തിയോ ദാലോ ഒക്കെ കൂട്ടി ഉച്ചയ്ക്ക് ഭക്ഷണംകഴിക്കാന്‍ പോയപ്പോള്‍
അമ്പതിനായിരം തൊമന്‍ കൊടുക്കേണ്ടി വന്നു. പല നോട്ടുകളും ലക്ഷങ്ങളുടെ അക്കങ്ങള്നിരത്തിയാണ് വലിയ ഗമ കാണിക്കുന്നത്.
മണിക്കൂറുകള്‍ ഇഴഞ്ഞു നീങ്ങുകയായിരുന്നു. കിഷ് ദ്വീപിലെ പകലിരവുകള്അങ്ങിനെയാണ്.. കാത്തിരിപ്പിന്റെ നോവാണ് ഏവരിലും. വീസ വന്നിട്ടു വേണം അടുത്തവിമാനമേറി തിരികെ ജോലി സ്ഥലത്ത് എത്തുവാന്‍,
വന്ന് നാലാം നാളായി. രാജ് കുമാറിന് വീസ ലഭിച്ചിട്ടില്ല. ഓഫീസിലെ എച്ച്ആര്‍ മാനേജര്ആതിഫ് മലയാളിയാണ്. എന്തായി വീസ ശരിയായില്ലേ.. ഇനി എത്ര ദിവസം കൂടി ഇവിടെനില്ക്കണം. പണം തീരാറായി. അയാള്‍ മെസേജ് അയച്ചു.
രാജ്ഭായ്. പിടിച്ചു നില്‍ക്കണം ചെറിയ പ്രശ്നങ്ങളുണ്ട്. അര്‍ബാബ് മുങ്ങി.
ആര്.. അതെ.. നമ്മുടെ മുതലാളി ഹുസൈന് മുങ്ങി. ബാങ്കില്‍ വായ്പ ഒക്കെയുണ്ട്. എന്തുചെയ്യണമെന്ന് അറിയില്ല. നമ്മുടെ ലൈസന്‍സ് ക്യാന്‍സലായി. നിങ്ങള്‍ അവിടെ പിടിച്ചുനില്ക്ക് എന്തെങ്കിലും വഴിയുണ്ടാക്കാം.
രാജിന്റെ നെഞ്ച് തകര്‍ന്നു പോയ നിമിഷമായിരുന്നു. കൈയിലെ പണം തീരാറായി. മൊബൈല്‍ ടോപ് അപ് ചെയ്യാന്‍ പോലും പണമില്ല. വന്നിട്ട് അഞ്ചു ദിവസമാകുന്നു. 24 മണിക്കൂര്‍ എന്നു പറഞ്ഞിട്ട് ഒരാഴ്ചയാകുന്നു. അഞ്ചാം ദിവസം ലേബര്‍ ക്യാംപു പോലുള്ളഹോട്ടലില് നിന്ന് ഇറങ്ങേണ്ടി വന്നു. ട്രാവൽ ഏജൻസി നിങ്ങൾക്ക് വേണ്ടി അടച്ച പണംതീർന്നു.
ഹോട്ടലില്‍ താമസിച്ചിരുന്ന തന്നൊടൊപ്പം വന്ന പലരും മടങ്ങിപ്പോയി. പുതിയഅന്തേവാസികള് എത്തുകയും പോകുകയും ചെയ്തു.
വാടക കൊടുക്കാന്‍ കൈയ്യില്‍ പണം ഇല്ലാതിരുന്ന ആ രാത്രി അയാള്‍ പുറത്തിറങ്ങി. കടക്ചായ ലഭിക്കുന്ന ഇടത്തെത്തി. പതിവായെത്തി പരിചയമായ അബ്ദു ചോദിച്ചു.
‘എന്താണ് ..ങ്ങക്ക് വീസ വന്നില്ലേ.. ‘
തിരക്കൊഴിഞ്ഞപ്പോള്‍ അയാള്‍ വന്ന് ആശ്വസിപ്പിച്ചു. ഈ കിഷ് ദ്വീപിലെ പലഅന്തേവാസികളും ഇതേ പോലെ വീസ മാറാന്‍ വന്ന് ഇവിടെ തന്നെ കൂടിയവരാണ്. മടങ്ങിപ്പോകാന്‍ പറ്റാതെ രേഖകളില്ലാത്തവര്‍ ഒത്തിരി പേരുണ്ട്. ചിലര്‍ക്കൊക്കെ കിഷ് ഫ്രീസോണ്‍ വീസനല്കി. വര്‍ക്ക് പെര്‍മിറ്റും .
രാപകല്‍ ഇവിടെ തന്നെ അദ്ധാനിച്ച് വര്‍ഷങ്ങള്‍ക്കു ശേഷം പണം ഉണ്ടാക്കിയാണ് യാത്രാരേഖകള്‍ സമ്പാദിച്ചത്.
ചായയും കടികളും ഉണ്ടാക്കി അബ്ദുവിനൊപ്പം കൂടേണ്ടി വരുമോ എന്ന് അയാള്‍ ഭയന്നു. രാത്രിയില്‍ പരിചയമുള്ള പലരേയും വിളിച്ചു വിഷമങ്ങള്‍ പറഞ്ഞു.
അയാളുടെ ദുരിതം മനസ്സിലാക്കിയ അബ്ദു തന്നോടൊപ്പം കഫ്തേരിയയില്‍ കിടക്കാന്അനുമതി നല്കി. രണ്ടു കസേരകള്‍ വലിച്ചിട്ട് ബാഗ് തലയിണയാക്കി അന്ന് കിടന്നുറങ്ങി. നാലു ദിവസം കസേരയിലും ഡൈനിംഗ് ടേബിൾ അടുപ്പിച്ചിട്ടും രാത്രി കഴിഞ്ഞു കൂടി. കൗണ്ടറില്‍ ഇരുന്ന് പകൽ അബ്ദുവിനെ സഹായിച്ചു. വെള്ളവും ഭക്ഷണവുംപ്രതിഫലമായി ലഭിച്ചു.
പത്താം ദിവസം നാട്ടുകാരൻ കൂടിയായ ഒരു സുഹൃത്തിന്റെ കോളെത്തി. വിസിറ്റ് വീസറെഡിയാക്കി തരാം. ഇവിടെ വന്ന് വേറെ ജോലി തേട്. അയാളുടെ സുഹൃത്തിന്റെ പരസ്യകമ്പനിയില്‍ ജോലി റെഡിയാക്കാമെന്ന വാഗ്ദാനവും ഉണ്ടായിരുന്നു.
വിശപ്പും ദാഹവും കൊണ്ട് വലയാതിരുന്നതിന് ദൈവത്തിനും അബ്ദുവിനും നന്ദി പറഞ്ഞുഅയാള്‍. പന്ത്രണ്ടാം നാള് വീസ വന്നു. അബ്ദു തന്ന ചായയും കുടിച്ച് മടങ്ങി പോകുമ്പോള്കുറച്ചു ദിര്‍ഹം അയാൾ പോക്കലിട്ടും തന്നു. ജോലി കിട്ടി ശമ്പളം വാങ്ങിച്ച ശേഷം നാട്ടിലെഅക്കൗണ്ടിലേക്ക് ഇട്ടു തന്നാല്‍ മതി.. എന്നും പറഞ്ഞാണ് അബ്ദു സ്നേഹപൂര്വംയാത്രയാക്കിയത്.
അക്കൗണ്ട് നമ്പര്‍ മെസേജ് അയയ്ക്കാം. അയാള്‍ പറഞ്ഞു.
ദുരിതത്തിന്റെ ഒരദ്ധ്യായത്തിന് അവസാനമിട്ട് അയാള്‍ കിഷ് വിമാനത്താവളത്തിലേക്ക്ഷെയറിംഗ് ടാക്സിയില്‍ മടങ്ങി . തിരികെ സ്വപ്ന ഭൂമിയില്‍ എത്തിയപ്പോഴാണ് രാജിന്ശ്വാസം നേരെ വീണത്. പ്രവാസത്തിൻ്റെ ഒന്നര പതിറ്റാണ്ട് പിന്നിട്ട രാജിന് കിഷ് എന്നുകേള്‍ക്കുമ്പോള്‍ ഇന്നും ഒരു നടുക്കമാണ്.
ദ്വീപുകള്‍ ഒറ്റപ്പെടലിന്റെ തടവറകളാണ്. അവിടെ ജീവിതം ജീവിച്ചു തീര്‍ക്കുന്ന നിരവധിജന്മങ്ങളുണ്ട്. ഈ തുരുത്തിൽ എത്തി മടങ്ങാനാകാത്തവരും ഉണ്ട്. അവിടെപ്രതിസന്ധികളോട് പടവെട്ടി ജീവിതം അവർ പടുത്തുയര്‍ത്തി. അതൊരു പാഠമായിരുന്നു. പ്രവാസം, പടവെട്ടി പലതും നേടാനുള്ളതുമാണെന്ന പാഠം.
കിഷ് ദ്വീപിൽ നിന്നുള്ള രക്ഷപ്പെടൽ അതിലും വലിയ തുരുത്തിലേക്കാണ്. തളർന്നുവീണാലും പിന്നേയും എഴുന്നേൽക്കാനും പോരാടാനും ഓരോ പ്രവാസിക്കു കരുത്ത്പകരുന്നത് ഈ അനുഭവങ്ങളുടെ നേരറിവുകളാണ്.