കൊതി

ശ്വാസ കോശത്തിൽ
ഞണ്ടുകൾ കയറിയിട്ടുണ്ടോ ?

അപ്പോഴും നീയാണെൻ ശ്വാസമെന്ന്
കരുതിയിരുന്നു
പക്ഷേ ,
ജീവിക്കാനുള്ള കൊതിയിലാണ്
ദിവസങ്ങളുടെ വരവ്.

ഉറങ്ങാതെ ഉണർന്നിരുന്ന്
ജീവിക്കാൻ,
ജീവനുറങ്ങരുതേയെന്ന്
കൊതിച്ചിട്ടുണ്ടോ ?

ഹൊ! ആ വല്ലാത്ത കൊതി
നിങ്ങൾക്കുണ്ടായിട്ടുണ്ടോ ?

ഓരോ പുലരി വെളിച്ചമുയരുമ്പോഴും
പുതുക്കപ്പെട്ടവളായി ഞാൻ എന്നെ
ശ്രദ്ധാപൂർവം തലോടുന്നുണ്ട്
എന്റെ ആ ഒരുക്കം
എപ്പോഴെങ്കിലുംനിങ്ങളറിഞ്ഞിട്ടുണ്ടോ?

തലമുടി ഒരല്പം കൂടുതലായി കൊഴിഞ്ഞാൽ
എത്ര പരിഭവിച്ചിരുന്നുവെന്ന്
എന്റെ മിനുസമുള്ള
തലയിൽകൈവച്ച് ലജ്ജിക്കുന്നു .

കൺതടങ്ങൾക്ക് കീഴെ
കറുപ്പിന്റെ നിഴൽ പടർന്നാൽപ്പോലും
വ്യാകുലപ്പെട്ടിരുന്നല്ലോയെന്ന്
പുച്ഛം തോന്നുന്നു .

ഒരു യാത്രയെക്കുറിച്ചോർക്കുമ്പോൾ
ഇളം പുല്ലു കണ്ട മാൻകുട്ടിയെപ്പോലെ
മനംതുടിച്ചിട്ടുണ്ടോ?
ആ തുടിപ്പ്
അല്പായുസാണെന്നറിയുമ്പോഴത്തെ
നിരാശയുടെ കയ്പുനീർ കുടിച്ചിട്ടുണ്ടോ?

മനോരഥങ്ങൾ
കിനാവുമായി മേഘം പോലെപായുമ്പോഴും
ചലിപ്പിക്കാനാവാത്ത ശരീരവുമായി
ഒരേനില തുടർന്നിട്ടുണ്ടോ?

അഴകളവുകളുടെ കൃത്യത
ഉറപ്പിക്കുന്നൊരവയവം എന്നേ മുറിക്കപ്പെട്ട്
ഒരിക്കൽ സ്വയം
വീണ്ടെടുപ്പ് നടത്തിയതായിരുന്നു.
അങ്ങനെയൊരു തിരിച്ചു വരവ്
നിങ്ങളറിഞ്ഞിട്ടുണ്ടോ ?

അപ്പോഴായിരിക്കും
എന്താണ് ജീവിതത്തിന്റെ സൗന്ദര്യമെന്നും
ജീവനെന്ന അത്യത്ഭുത പ്രതിഭാസത്തിന്റെ
വിലയെന്നും
ശരിയായ അർത്ഥത്തിൽ അറിയാനാവുക.

അതറിഞ്ഞു കഴിയുമ്പോഴാണ്
ഒരോ നിമിഷവും വിലപിടിപ്പുള്ളതാവുക.

ഒരിയ്ക്കൽ നടന്നുകയറിയ
പ്രത്യാശയിൽ നിന്നും
വഴുതിപ്പൊയ്ക്കൊണ്ടിരിക്കുമ്പോൾ
സർവ്വ ശക്തിയുമെടുത്ത്
അഗാധതയിൽ നിന്നും
അള്ളിപ്പിടിച്ച്
ജീവിതത്തിനും മരണത്തിനുമിടയിലുള്ള ദൂരം
കടക്കാൻ പണിപ്പെടുന്നത്
നിങ്ങൾകണ്ടിട്ടുണ്ടോ?

എങ്കിൽ ഞാനിപ്പോൾ അങ്ങനെയൊരു
പോരാട്ടഭൂമിയിൽ
ഒറ്റയ്ക്ക്
യുദ്ധം ചെയ്തുകൊണ്ടിരിക്കുകയാണ് .

എല്ലാ കുറവുകളോടെയും ജീവിക്കാൻ
വേണ്ടി സമരം ചെയ്തുകൊണ്ടിരിക്കുകയാണ്..
ദൃഢമായ വിശ്വാസത്തോടെ
തിരിച്ചു കയറിക്കൊണ്ടിരിക്കുകയാണ്,
അപൂർണമാക്കിയതെല്ലാം
മുഴുമിപ്പിക്കാനായി

ആൾക്കൂട്ടത്തിൽ
ഒറ്റപ്പെട്ടകുട്ടിയെ പ്പോലെ
പൂരപ്പറമ്പുകളുടെ വർണ്ണവിസ്മയത്തിൽ
സ്വയം മറന്നു നിൽക്കണം .

ഇനിയും
പാടിയും ആടിയും കഴിഞ്ഞിട്ടില്ലാത്ത
പാട്ടുകളും ആട്ടങ്ങളും
മതിവരുവോളം ആടിത്തിമിർക്കണം .

ചിലപ്പോഴെങ്കിലും
ആത്മ മിത്രങ്ങളുടെ ഒരു
പൊട്ടിച്ചിരിയിലലിഞ്ഞുപോകണം.

ഇരുവിരലുകൾ കോർത്തു
നനഞ്ഞ പാദങ്ങളോടെ
തിരയെണ്ണി നടക്കണം .

ഉദയവും അസ്തമയവും
ഒരേയിടത്തു കാണണം,
ഏറ്റവും ശക്തിയോടെ
ജീവിതത്തെ ആഴത്തിലൊന്ന്
കെട്ടിപ്പിടിക്കണം.

വിശുദ്ധമായ
മനസ്സും ശരീരവും കടം കൊണ്ട്
ഭാരമില്ലായ്മയുടെ ആനന്ദത്താൽ
ബോധിച്ചോട്ടിൽ
ധ്യാനലീനമിരിക്കണം

ശ്വാസകോശത്തിൽ കടന്ന
ഞണ്ടുകളെയിറക്കി വിട്ട് വീണ്ടും
ശുദ്ധി കലശം നടത്തണം.
വിട്ടുപോയ കിനാക്കളെ
തിരിച്ചു വിളിച്ചു കുടിവയ്ക്കണം.

ചെർപ്പുളശ്ശേരി, ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ഇംഗ്ലീഷ് അധ്യാപികയാണ്..ആനുകാലികങ്ങളിലും നിരവധി ഓൺലൈൻ മാസികകളിലും കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാക്കിൻ്റെ വെളിപാട്, വെയിൽപ്പൂക്കൾ, അതേ വെയിൽ എന്നീ കവിതാ സമാഹരങ്ങളിലും കവിതകൾ വന്നിട്ടുണ്ട്. കൊല്ലം കരുനാഗപ്പള്ളി സ്വദേശി