കാട് കാതിൽ പറഞ്ഞത് – 8

ശലഭജന്മങ്ങൾ

മരണം പൊതിഞ്ഞു കൊണ്ടുവന്ന ദിനപ്പത്രങ്ങൾ നിവർത്തിനോക്കിയ ശേഷമാണ് ഈ ചെറുലേഖനം എഴുതുന്നത്. ഇന്ന് 2024 ജൂലൈ 30. ഇന്നലെ വെളുപ്പിനാണ് വയനാട്ടിലെ ചൂരൽമലയിലും മുണ്ടകൈയിലും ഉരുൾപൊട്ടി നൂറുകണക്കിന് വീടുകൾ ഒഴുകിപ്പോവുകയും അതിലെ നിരാലംബ ജന്മങ്ങൾ മണ്ണിലും വെള്ളത്തിലും ആണ്ടു പോവുകയും ചെയ്തത്. മരണ സംഖ്യ 150 കഴിഞ്ഞിരിക്കുന്നു. അത് ഇരട്ടിയാകരുതേ എന്ന പ്രാർത്ഥന മാത്രമാണ് മനസ്സിലുള്ളത്.

ഭൂമിയോളം ക്ഷമിച്ചു എന്ന് ആലങ്കാരികമായി പറയുന്നവരാണ് നാം. ഇവിടെയിതാ ഭൂമി സംഹാരമൂർത്തിയായി മാറിയിരിക്കുന്നു. മലവെള്ളം കൊണ്ടുവന്ന മണ്ണും മരവും വീടോടെ മനുഷ്യരെ വിഴുങ്ങിപ്പോയിരിക്കുന്നു. സുന്ദരമായ ഒരു കാട്ടരുവി, അക്കരെ കടക്കാൻ വയ്യാത്ത, 200 മീറ്ററിലധികം വീതിയുള്ള വിനാശനദിയായി രൂപം മാറിയിരിക്കുന്നു. വനം വച്ചുനീട്ടുന്ന മരണവും വന്യതയുമാണെങ്ങും.

Image Courtesy : Online

ഇത് കാണുമ്പോൾ, കാടിനെയും അതിനെ ആശ്രയിച്ചു ജീവിക്കുന്ന മനുഷ്യരെയും കുറിച്ച് വലിയ അങ്കലാപ്പുണ്ട്. അവരുടെ എണ്ണം കേരളത്തിലുള്ളത്ര ഇന്ത്യയിൽ മറ്റെവിടെയും ഉണ്ടാകില്ല. കാടിൻ്റെ കാരുണ്യത്തിലാണ് തങ്ങൾ കഴിയുന്നത് എന്ന് അവർ മനസ്സിലാക്കുന്നില്ല എന്നതാണ് ഖേദകരം. അത് അവർ മനസ്സിലാക്കരുത് എന്ന് നിർബന്ധമുള്ള ഒരുവിഭാഗം അവർക്കു ചുറ്റും ന്യായവാദങ്ങളുമായി രക്ഷക വേഷത്തിലുണ്ട്താനും.

കാട്, അചേതനമായ ഒരു പുരയിടമാണ് എന്ന് അക്കൂട്ടർ ധരിച്ചുവച്ചിരിക്കുന്നു. വെട്ടിപ്പിടിക്കാനും പുരവയ്ക്കാനും കൃഷിയിറക്കാനുമുള്ള വെറും പുരയിടം ! അവരാണ് ഈ ദുരന്തങ്ങളിലേക്ക് പറന്നു വീഴുവാൻ ഹതഭാഗ്യരായ മനുഷ്യരെ പ്രേരിപ്പിക്കുന്നത്.

മഹാദുരന്തത്തിന് മുന്നിൽ നിൽക്കുമ്പോൾ കൗതുകമുള്ള കാഴ്ചകളൊന്നും സാധാരണപോലെ പങ്കുവയ്ക്കാനില്ല. എങ്കിലും കാട്ടുമലകളുടെ നിഗൂഢത മുന്നിൽ വയ്ക്കുന്ന ഒരുപിടി ചോദ്യങ്ങളെ നമുക്ക് കാണാതിരിക്കാനാകില്ല. എങ്ങിനെയാണ് ആദിവാസി ഊരുകളൊന്നും ഈ മണ്ണിടിച്ചിലിൽ ഉൾപ്പെടാതെ രക്ഷപെട്ടത് ? ആൾനാശത്തിൻ്റെ പട്ടികയിലും അവരെ ഇതുവരെ കാണാനില്ലാത്തതിൻ്റെ രഹസ്യം എന്താണ് ? ആന അടക്കമുള്ള വന്യജീവികൾ ഈ ദുരന്തത്തിൽ (കാര്യമായി) ഉൾപ്പെടാതെ രക്ഷപ്പെടുന്നത് എങ്ങനെയാണ് ? കാടെന്ന മഹാപ്രഹേളികയെ വായിച്ചെടുക്കാനുള്ള ഏത് ലിപിതന്ത്രങ്ങളാണ് ആദിവാസികളുടെയും വന്യമൃഗങ്ങളുടെയും കൈയിലുള്ളത് ? ആ പ്രകൃതി സാക്ഷരതയിൽ നാം മലയാളികൾ തോറ്റുപോയത് എങ്ങനെയാണ് ?

എങ്ങിനെയാണ് ആദിവാസി ഊരുകളൊന്നും ഈ മണ്ണിടിച്ചിലിൽ ഉൾപ്പെടാതെ രക്ഷപെട്ടത് ? ആൾനാശത്തിൻ്റെ പട്ടികയിലും അവരെ ഇതുവരെ കാണാനില്ലാത്തതിൻ്റെ രഹസ്യം എന്താണ് ? ആന അടക്കമുള്ള വന്യജീവികൾ ഈ ദുരന്തത്തിൽ (കാര്യമായി) ഉൾപ്പെടാതെ രക്ഷപ്പെടുന്നത് എങ്ങനെയാണ് ?

സന്നിധാനം ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിയ കാലത്താണ്. രാത്രികാല പരിശോധനയുടെ ഭാഗമായി കാട്ടിൽ നിൽക്കുമ്പോൾ ഒരു ഭീമൻ ശലഭം എൻ്റെ പുറത്തുവന്നിരുന്നു. സഹപ്രവർത്തകർ അതിൻ്റെ ചിത്രം എടുക്കുകയും ചെയ്തു. അപ്പോൾ, ഈ കാട്ടിൽ രാജവെമ്പാല ധാരാളമായുണ്ടോ എന്ന് ഞാൻ സഹപ്രവർത്തകരോട് ചോദിച്ചു. അവർക്ക് എൻ്റെ ചോദ്യം അനവസരത്തിൽ ഉള്ളതായി തോന്നിക്കാണും എന്ന് അറിയാമായിരുന്നു.

” എന്തുകൊണ്ടാണ് ഇപ്പോൾ രാജവെമ്പാലയുടെ കാര്യം ചോദിച്ചത് എന്നറിയാമോ ?”

എൻ്റെ ആ ചോദ്യം അവരെ കുഴക്കി. അതുകൊണ്ട് അന്നും രാത്രിവനയാത്ര ഒരു പ്രകൃതിപഠന ചർച്ചയായിത്തീർന്നു.

Atlas Moth ( നാഗശലഭം )

എൻ്റെ പുറത്ത് വന്നിരുന്നത് Atlas Moth ആയിരുന്നു. നമ്മുടെ നാട്ടിലുള്ള ഏറ്റവും വലിയ ശലഭം. നാഗശലഭം എന്നാണ് മലയാള പേര്. ചിറകിൽ പാമ്പിൻ്റെ ചിത്രം ഉള്ളതാണ് ആ പേരിനു കാരണം ! ആ ചിത്രം വെറുമൊരു പാമ്പിൻ്റേതല്ല, രാജവെമ്പാലയുടേതാണ് !! അതാണ് രാജവെമ്പാല ഇവിടെ ധാരാളമായുണ്ടോ എന്ന എൻ്റെ ചോദ്യത്തിൻ്റെ പ്രേരണ.

കഷ്ടിച്ച് രണ്ടാഴ്ച മാത്രം ആയുസ്സുള്ള ശലഭമാണിത്. അതിന് ഇണചേർന്ന് പ്രത്യുല്പാദനം നടത്താനുള്ള കാലമാണ് ഈ രണ്ടാഴ്ച. ഇതല്ലാതെ, ആഹാരം പോലും കഴിക്കാൻ പ്രകൃതി അവരെ അനുവദിച്ചിട്ടില്ല. ആ ക്ഷണിക ജീവിതത്തിന് പാമ്പുകൾ അടക്കം പലജീവികളും ഭീഷണിയായുണ്ട്. അവരെ ഭയപ്പെടുത്തി സ്വന്തം ജീവൻ രക്ഷിക്കാൻ ചിറകുകളിലെ രാജവെമ്പാലയുടെ ചിത്രം ഉപയോഗിക്കുകയാണ് നാഗശലഭം ! ഇതിനെ പ്രകൃതിയിലെ മിമിക്രി എന്നാണ് വിളിക്കുക.

ഇതിലെ കൗതുകം, ആരാണ് മിമിക്രി കാട്ടുന്നത് എന്നതാണ്. കൊക്കൂണിൽ നിന്ന് ശലഭമായി പുറത്തുവരുമ്പോഴേ ഫണം വിടർത്തിയ പാമ്പിൻ്റെ ഈ ചിത്രം ശലഭത്തിൻ്റെ ചിറകിൻ പുറത്തുണ്ട്. ഒരുപക്ഷേ തൻ്റെ ചിറകിൽ ഇത്തരമൊരു പെയിൻ്റിങ്ങ് ഉള്ളകാര്യം ശലഭം കണ്ടിട്ടുപോലും ഉണ്ടാകില്ല ! അപ്പോൾ മിമിക്രി കാട്ടിയത് ശലഭമല്ല എന്നുറപ്പാണ് !!

ആ വേഷപ്പകർച്ചയുടെ സൂഷ്മത നോക്കൂ. ശലഭത്തെ തിന്നാറുള്ള ജീവികളെ ഭയപ്പെടുത്താൻ പാമ്പാണ് എന്ന് തോന്നിപ്പിക്കുക. ഒരുപക്ഷേ പാമ്പാണ് ഇരപിടിയനായി വരുന്നതെങ്കിൽ, പാമ്പുകളെ ആഹാരമാക്കുന്ന രാജവെമ്പാലയാണിത് എന്ന തോന്നലുണ്ടാക്കി അവരെയും ഓടിക്കുക ! രാജവെമ്പാലകൾ ഇല്ലാത്ത ഒരു പ്രദേശത്തോ നാട്ടിലോ ഈ വേഷംകെട്ടുകൊണ്ട് കാര്യമില്ലല്ലോ. രാജവെമ്പാലകളുടെ സാന്നിധ്യം ഉള്ള സ്ഥലങ്ങളിലേ പ്രകൃതി നാഗശലഭങ്ങളെ വിന്യസിച്ചിട്ടുള്ളു എന്നു ചുരുക്കം !

Atlas Moth – നാഗശലഭം : Image Courtesy : Online

നാച്വറൽ സെലക്ഷൻ്റെ ഭാഗമായ എല്ലാ മിമിക്രികളിലും ഈ സൂഷമത കാണാനാകും. രൂപം കൊണ്ടുമാത്രമല്ല, ശബ്ദം കൊണ്ട്, മണം കൊണ്ട്, സ്പർശം കൊണ്ട്, രുചികൊണ്ട് ഒക്കെ പ്രകൃതിയിൽ ഈ അനുകരണം നടക്കുന്നു. ജീവൻ രക്ഷിക്കാൻ മാത്രമല്ല, ഇരയെ കിട്ടാനും പ്രജനനം നടത്താനുമൊക്കെ ഈ പ്രശ്ചന്നവേഷം സസ്യങ്ങളെയും ജന്തുക്കളെയും സഹായിക്കുന്നുണ്ട്.

മാംസഭോജികളായ ദിനോസറുകളടക്കം വംശനാശം വന്നുപോയ ഒരു ജീവിയേയും ജന്തുക്കളോ സസ്യങ്ങളോ ഇങ്ങനെ അനുകരിക്കുന്നത് ശാസ്ത്രകാരന്മാർ കണ്ടെത്തിയിട്ടില്ല. എന്താണ് ഇതിനർത്ഥം ? പ്രകൃതി, ഡാവിഞ്ചിയുടെ കൃത്യതയോടെ തനിക്കു ചുറ്റുമുള്ളതിനെ നോക്കിക്കണ്ട്, അതിജീവനം ആവശ്യള്ള ഒരു ജീവിക്കുന്ന ക്യാൻവാസിലേക്ക് അത് പകർത്തുന്നു എന്നല്ലേ ? ആധുനിക ബയോകെമിസ്റ്റുകളേയും തോൽപ്പിക്കുമാറ് ചുറ്റുമുള്ള ചിലതിൻ്റെ മണവും രസവും മറ്റൊരു ജീവരാശിയിലേക്ക് ചേർത്തുവയ്ക്കുന്നു എന്നല്ലേ ?

അങ്ങനെ ആണെന്ന് അനുഭവങ്ങൾ ഒരായിരം തവണ പറഞ്ഞുതന്നിട്ടുണ്ട്. കാട് അഥവാ പ്രകൃതി തനിക്കുചുറ്റുമുള്ളതിനെ ഒക്കെ കൃത്യമായി അറിയുന്നുണ്ട്. കൊഴിഞ്ഞു താഴെ വീണ് ഉണങ്ങിയ ഒരിലയെപ്പോലും അനുകരിച്ച് ഒരു ശലഭത്തിന് രൂപം നൽകി അതിനെ വേട്ടക്കാരനിൽ നിന്ന് കുറച്ചുകാലം രക്ഷിച്ചെടുക്കാൻ ശ്രമിക്കുന്നുണ്ട്. തനിക്ക് ചുറ്റുമുള്ള അതിസൂഷ്മ മാറ്റങ്ങൾ വരെ ഇങ്ങനെ അറിയാനുള്ള പ്രകൃതിയുടെ അഥവാ ഭൂമിയുടെ കഴിവിനെ Planetary Intelligence എന്നും ഹരിത മനസ്സ് എന്നുമൊക്കെ പലരും വിവക്ഷിക്കുന്നുണ്ട്.

Image Courtesy : Online

പക്ഷേ പാവം മലയാളി, തലച്ചോറില്ലാത്തതിനൊന്നും വിശകലനപാടവമില്ല എന്നും പ്രതികരിക്കാൻ കെൽപ്പില്ലാത്തവയാണ് എന്നുമുള്ള ധാരണയിൽ കാടിനോടും വന്യജീവികളോടും അന്തമില്ലാത്ത കൈയ്യേറ്റം നടത്തുകയും ഭൂമിയുടെ അവകാശി മനുഷ്യൻ മാത്രമാണ് എന്ന ധാരണയിൽ ആർത്തു വിളിക്കുകയും ചെയ്യുന്നു. ആ ആർപ്പിനും അർമാദത്തിനുമുള്ള മറുപടി ഇന്ന് നിരാലംബരുടെ ആർത്തനാദമായി കാടുകളിൽ നിന്ന് പ്രതിധ്വനിക്കുകയുമല്ലേ ചെയ്യുന്നത് ?

തെക്കൻ കേരളത്തിലെ കാടുകളിൽ പുള്ളിമാനുകൾ സ്വാഭാവികമായി ഇല്ല. ( നെയ്യാർ ഡീർപാർക്കിൽ നിന്നും ചാടിപ്പോയ ചിലത് ഇപ്പോൾ തിരുവനന്തപുരം ഭാഗത്തുണ്ട് ). ഇടതൂർന്ന പച്ചക്കാട്ടിൽ ഇവയുടെ മഞ്ഞ നിറം വേഗം ശ്രദ്ധിക്കപ്പെടും. അത് അപകടമാണ്. അതേ സമയം ഇലപൊഴിയും കാടുകൾ ഉള്ള മേഖലകളിൽ ഇവ ധാരാളമായുണ്ട് താനും. ഇലപൊഴിയും കാടുകൾ പൊതുവേ തുറസ്സാണ്. അടിക്കാടുകൾ തീരെ കുറവായിരിക്കും. ഇത് രണ്ടും ശത്രുവിനെ നിരീക്ഷിക്കാനും ശരവേഗത്തിൽ ഓടി രക്ഷപെടാനും മാനുകളെ സഹായിക്കും. ഇവടെ ഇലകൾ മഞ്ഞനിറത്തിൽ കൊഴിഞ്ഞുവീണുകിടക്കും. വൃക്ഷത്തലപ്പുകളുടെ പഴുതിലൂടെ സൂര്യവെളിച്ചം ഈ മഞ്ഞമെത്തയിൽ വെളുത്ത പുള്ളിക്കുത്തുകൾ തുന്നിച്ചേർക്കും. ഇലപൊഴിയും കാടിൻ്റെ ആ മാസ്മരിക നിറച്ചാർത്തിൻ്റെ തനിപ്പകർപ്പാണ് പുള്ളിമാനിൻ്റെ തിളങ്ങുന്ന ഉടലിലും ഉള്ളത് ! വേട്ടക്കാരന് അവയെ ഈ കാട്ടിൽ കണ്ടെത്താൻ കഴിയില്ല. അപ്പോൾ, ഇരപിടിയന്മാരെ പ്രകൃതി കൈവിട്ടു എന്നാണോ അർത്ഥം ? ഒരിക്കലുമില്ല. മഞ്ഞക്കാടിൻ്റെ നിഴലുപറ്റി മാനുകളെ തേടിവരുവാൻ വേണ്ടതൊക്കെ പുലികൾക്ക് പ്രകൃതി നൽകിയിട്ടുണ്ട്. അഭയം തേടുന്നവനെ അത് നിരാശപ്പെടുത്തില്ല എന്നു തോന്നുന്നു. കയ്യേറുന്നവരേയും അഭയം യാചിക്കുന്നവരേയും കാട് തിരിച്ചറിയുന്നോ എന്ന് ആരുകണ്ടു ?

പ്രകൃതിക്കപ്പുറം ഒരു ഈശ്വരനുണ്ടെന്ന് വിശ്വസിക്കാത്ത ആളാണ് ഞാൻ. പ്രാർത്ഥിച്ചാൽ, മനുഷ്യൻ്റെ അപരാധങ്ങൾ പൊറുക്കുകയും ആഗ്രഹങ്ങൾ നിറവേറ്റിക്കൊടുക്കുകയും ചെയ്യുന്ന ഒരു ദൈവമുണ്ടെങ്കിൽ അയാൾ ഒരു വിഡ്ഢി ആയിരിക്കും. ആ തക്കം മുതലാക്കി മനുഷ്യർ കുറ്റങ്ങൾ തുടരുകയും അന്തമില്ലാത്ത ആഗ്രഹങ്ങൾ നിരത്തുകയും ചെയ്യുമെന്ന് ഉറപ്പാണല്ലോ. എങ്കിലും മതഗ്രന്ഥങ്ങളെ ആദരവോടെ സമീപിക്കാൻ ആവേശമാണെനിക്ക്. അവയിലെ ഗുപ്തസന്ദേശങ്ങളുടെ മാസ്മരികത, ഏത് മാജിക്കൽ റിയലിസത്തെയും വെല്ലാൻ ത്രാണിയുളളതാണ്. എന്നും എപ്പോഴും പ്രകൃതിയുടെ നൂലിഴയിൽ ദൈവം എന്ന കല്പനയെ കോർത്തെടുത്ത ഒരു പൂമാലയാണ് മതങ്ങളെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

എന്തു കൊണ്ടാണ് യേശുക്രിസ്തു തച്ചൻ്റെ മകനായി ജനിച്ചത് എന്നറിയാൻ എണ്ണമില്ലാത്ത തവണ ബൈബിൾ വായ്ച്ചിട്ടുണ്ട്. ദൈവശാസ്ത്ര ഗ്രന്ഥങ്ങളിലോ വചന പ്രഘോഷണങ്ങളിലോ അതെനിക്ക് കണ്ടെത്താനായില്ല. ഒടുവിൽ നമ്മുടെ നാട്ടിലെ ഒരു ആശാരിയൽനിന്നാണ് തച്ചൻ്റെ മകൻ്റെ കഥ ഞാൻ ഡീകോഡ് ചെയ്തത് ( അവകാശവാദം ക്ഷമിക്കണം ).

ഗാന്ധിജിയുടെ രണ്ടാമത്തെ കേരള സന്ദർശനത്തിൽ തൃശൂരിൽ പുറനാട്ടുകരയിൽ അദ്ദേഹമെത്തി – ശ്രീരാമകൃഷ്ണ മിഷൻ്റെ ആശ്രമത്തിൻ്റെ ശിലാസ്ഥാപനത്തിന്. എല്ലാവരുടേയും നോട്ടം ഗാന്ധിജിയിലായിരുന്നു എങ്കിലും മഹാത്മാവിൻ്റെ ശ്രദ്ധ ശിലാസ്ഥാപന പൂജ നടത്തുന്ന മൂത്താശ്ശാരിയിൽ ആയിരുന്നു. അദ്ദേഹം ഒരു മന്ത്രം ചൊല്ലിക്കൊണ്ടിരുന്നു. ഗാന്ധിജി അത് കുറിച്ചുവാങ്ങി. അത് ഇങ്ങനെയായിരുന്നു.

” എനിക്ക് ഒരാലയം പണിയുവാനായി മുറിക്കപ്പെടുന്ന വൃക്ഷമേ ഈ തെറ്റ് ക്ഷമിക്കേണമേ … മരംമുറിക്കുമ്പോൾ നൊന്തു പോയ ഭൂമിമാതാവേ, എന്നോട് പൊറുക്കേണമേ… എൻ്റെ മക്കൾക്കായി ഒരു ഭവനം നിർമ്മിക്കുമ്പോൾ കൂടുനഷ്ടപ്പെട്ട കിളികളേ, എന്നോട് ക്ഷമിക്കേണമേ …”

ആ മന്ത്രങ്ങൾ അങ്ങനെ തുടർന്നു. തച്ചൻ്റെ പ്രാർത്ഥന ! മണ്ണിനേയും മരങ്ങളേയും അറിയുന്ന, ദിക്കും പക്കവും ജ്യോതിർഗോള ചലനങ്ങളെയും അറിയുന്ന പണ്ടത്തെ മൂത്താശ്ശാരിയുടെ പ്രാർത്ഥന !!

തച്ചനെ വിദേശികൾ ടെക്കൻ എന്നാണ് വിളിച്ചതത്രേ. വിദഗ്ധനായ ടെക്കൻ Technocrat ആയി. പൈതഗോറസിനും നൂറ്റാണ്ടുകൾ മുമ്പേ ത്രികോണമിതി നിർമ്മിതികൾ നടത്തിയ ടെക്കൻ്റെ നോളേജ് Technology ആയി ( മുമ്പ് ചില Entomological Dictionary കളിൽ ഇത് From a soth Indian language എന്ന് ഉണ്ടായിരുന്നു ). മൂത്താശ്ശാരിയുടെ മഹത്വമറിയുമ്പോൾ, അച്ഛനൊപ്പം ഉളി കയ്യിലെടുത്ത് കുരിശുണ്ടാക്കി കളിച്ച നസ്രത്തിലെ ആ കുഞ്ഞിൻ്റെ ചിരി പൂനിലാവുപോലെ എന്നിലേക്ക് ഒഴുകിയെത്തി !

വീണ്ടും ബൈബിൾ എടുത്ത് വായ്ക്കുമ്പോൾ മണ്ണിനേയും മരങ്ങളേയും അറിയുന്ന തച്ചൻ്റെ മകനായിരുന്നു എവിടെയും ഉണ്ടായിരുന്നത് ! മരക്കുരിശിലെ അവസാന നിമിഷം വരെ !! കുരിശുമായുള്ള പീഡാനുഭവ യാത്രയിൽ തച്ചൻ്റെ മകൻ മനുഷ്യരാശിയോടായി പറഞ്ഞ അവസാന വാക്കിൽ കണ്ണെത്തുമ്പോൾ കണ്ണീർ അക്ഷരങ്ങളെ ജ്ഞാനസ്നാനം ചെയ്യിക്കുന്നുണ്ടായിരുന്നു. ” നിങ്ങൾ പച്ചമരത്തോട് ഇതാണ് ചെയ്യുന്നതെങ്കിൽ ഉണക്കമരത്തെ എന്തുതന്നെ ചെയ്യുകയില്ല !” ദൈവപുത്രൻ്റെ അവസാന സാക്ഷ്യം – താൻ പച്ചമരമാണ് എന്ന് !! ഇതിലും മഹത്തായ ഏത് പാരിസ്ഥിതിക സന്ദേശമാണ് ഒരു മതം മാനവരാശിക്ക് വച്ചുനീട്ടേണ്ടത് ?

മതങ്ങളുടെ വിശുദ്ധ പുസ്തകങ്ങളെ വേണ്ടവിധം വായ്ച്ചെടുക്കാത്തവരാണ് നാം. മരം വെട്ടിയാൽ അത് കുരിശാകുമെന്ന് ഓരോ കുടിയേറ്റ ഗ്രാമത്തിലേയും ദുരന്തം നമ്മെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. എന്നിട്ടും നമുക്ക് ചോദ്യങ്ങളുണ്ട്. മനുഷ്യർ കടന്നുചെല്ലാത്ത വനത്തിലല്ലേ ഉരുൾ പൊട്ടിയതെന്ന് ? പെരുമഴ പെയ്തതിന് കർഷകർ എന്തുപിഴച്ചു എന്ന്.

ശരിയാണ്, പെരുമഴ പെയ്തതും ഉരുൾ പൊട്ടിയതും കാട്ടിലാണ്. അതിൻ്റെ ഇരകളായവർ നിരപരാധികളാണ്. നിസ്സഹായർ. മറ്റാരോ മുക്കാലും മുറിച്ചുവെച്ച മരത്തിൻ്റെ ചുവട്ടിൽ വന്നുകിടന്നുറങ്ങി അപകടം പറ്റിയ വഴിപോക്കരുടെ ദൈന്യതയാണ് അവർക്കുള്ളത്. ആരെങ്കിലും മുറിച്ചു നിർത്തിയാൽ വീണടിഞ്ഞ് ഇനി വളരാനുള്ള ചെടികൾക്ക് മണ്ണും ആകാശവും വിട്ടുകൊടുക്കാനുള്ള യുക്തി മാത്രമേ മരം പ്രകടിപ്പിക്കുന്നുള്ളൂ. അല്ലാതെ, മരംവെട്ടിയ മനുഷ്യനെ കൊല്ലാനുള്ള പകയോ വാശിയോ അതിനില്ല. തന്നോട് അന്യായം കാട്ടുന്നവരെ തിരഞ്ഞു പിടിച്ച് ശിക്ഷിക്കുന്ന ദൈവത്തിൽ വിശ്വസിക്കുന്ന വിഡ്ഢികളായതിനാലാണ് മനുഷ്യർ വിചിത്രവാദങ്ങൾ നിരത്തുന്നത്. പ്രകൃതിക്ക് വ്യക്തിവിരോധം തീർക്കാനുള്ള പകയോ മസ്തിഷ്ക്കമോ ഇല്ല എന്നുറപ്പാണ്. പക്ഷേ ചടുലമായ മാറ്റങ്ങളെ അത് അറിയുന്നുണ്ടാക്കണം. ഒരു പ്രദേശത്തെ ജൈവ സന്തുലിതാവസ്ഥക്ക് കോട്ടം വരുമ്പോൾ, അത് പഴയപോലെ ആക്കാം എന്നുകരുതി പ്രകൃതി ഒരു ഇളക്കിപ്രതിഷ്ഠ നടത്തുന്നു എന്നു കരുതണം. അതിൽ മനുഷ്യനോടുള്ള വിരോധം ആരോപിക്കുന്നത് യുക്തമല്ല.

മനുഷ്യനാണ് ഭൂമിയുടെ അവകാശി എന്ന് കരുതിയിരുന്ന കാലം കഴിഞ്ഞു പോയിരിക്കുന്നു. മനുഷ്യനെപ്പോലെ മൃഗങ്ങൾക്കും വികാരങ്ങളും വിചാരങ്ങളും അനുതാപവും ഉണ്ടെന്ന് ദിനം പ്രതിയെന്നോളം ക്യാമറകൾ ഇന്ന് നമുക്ക് കാട്ടിത്തരുന്നുണ്ട്. അതും കടന്ന്, സസ്യങ്ങൾക്കും ഇത്തരം വിവേകമുണ്ട് എന്ന അറിവിൻ്റെ കാലത്താണ് നാം ജീവിക്കുന്നത്. പീറ്റർ ഹോൾ ബെന്നിനെപ്പോലെയുള്ളവർ (The Hidden Life Of Trees), പ്രൊഫ. സൂസൻ സിമാർഡിനെപ്പോലെയുള്ളവർ ആ അത്ഭുത കഥ ലോകത്തോട് പറയുന്നുണ്ട്. മണ്ണിനെയും സഹജീവികളേയും രക്ഷിക്കാൻ മസ്തിഷ്ക്കമില്ലാത്ത മരങ്ങൾ ഒറ്റക്കും കൂട്ടായും നടത്തുന്ന സഹനവും സഹവർത്തിത്വവും അവിശ്വസനീയമാണ്.

പ്രകൃതിയുടെ ഈ അതിജീവന ശ്രമങ്ങൾ ഏതൊക്കെയോ തരത്തിൽ ചില മനുഷ്യരും തിര്യക്കുകളും അറിയുകയോ അംഗീകരിക്കുകയോ ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് നമ്മുടെ ആദിവാസി ഊരുകളിൽ ഉരുൾപൊട്ടൽ സംഭവങ്ങൾ ഉണ്ടാകാത്തത് എന്നു കരുതണം. കേരളത്തിലെ ആയിരക്കണക്കായ ഊരുകൾ ഉൾക്കാടുകളിലായിട്ടും ഉരുൾപൊട്ടൽ മേഖലകളിലല്ല എന്നത് ലഘുവായി കാണരുത്. വന്യമൃഗങ്ങൾ ദുരന്തത്തിൻ്റെ ഇരകളാകാത്തതും പ്രകൃതിയുമായുള്ള ഒരുതരം സംവേദനം അവക്ക് ഉള്ളതിനാലാകണം. ഇതൊക്കെ അസന്നിഗ്ധമായി തെളിയിക്കാൻ ഈയുള്ളവന് ആവതില്ല. അത് തിരിച്ചറിയാൻ ശാസ്ത്രവും ഒരുപാട് വളരേണ്ടിയിരിക്കുന്നു.

1492 ൽ കൊളംബസ് അമേരിക്കയിൽ എത്തിയ ശേഷം അടുത്ത ഒരു നൂറ്റാണ്ട് അവിടേക്ക് വൻ കുടിയേറ്റമാണ് ഉണ്ടായത്. ഭൂമി വെട്ടിപ്പിടിക്കാൻ വന്ന യൂറോപ്യരും അവർ അടിമകളായി കൊണ്ടുന്ന ആഫ്രിക്കക്കാരും രണ്ട് അമേരിക്കൻ വൻകരകളേയും ഗ്രസിച്ചു. അമേരിക്കൻ പ്രകൃതിക്ക് ഒരു മണ്ണിൻ്റെ മക്കൾ വാദം ഉണ്ടായിരുന്നു എന്ന് കരുതണം. അതുകൊണ്ടു തന്നെ തദ്ദേശ വാസികളായിട്ടുള്ള റെഡ് ഇന്ത്യൻ ഗോത്രക്കാരെ, അമേരിക്കയിൽ അന്ന് നിലവിലുണ്ടായിരുന്ന ഏതാനും പകർച്ചവ്യാധികളെ പ്രതിരോധിക്കാനേ പരുവപ്പെടുത്തിയിരുന്നുള്ളൂ. യൂറോപ്യരും ആഫ്രിക്കക്കാരും എണ്ണമറ്റ രോഗബീജങ്ങളും വഹിച്ചാണ് അവിടെ കപ്പലിറങ്ങിയത്. വൈകാതെ അവ റെഡ്ഡിന്ത്യക്കാരിലേക്ക് പകർന്നു. പ്രകൃതി അതിജീവന ആയുധം നൽകാത്തതിനാൽത്തന്നെ അവർ മരിച്ചുവീണു കൊണ്ടിരുന്നു.

അഞ്ചുകോടിയോളം മണ്ണിൻ്റെ മക്കൾ വരത്തന്മാർ എത്തിച്ച വസൂരിയും പ്ലേഗും കോളറയും മലേറിയയും ക്ഷയവും കുഷ്ഠവും ടൈഫോയ്ഡും മൂലം മരിച്ചുവീണു. രണ്ട് ഭൂഖണ്ഡങ്ങളിലെ 90% തന്നത് വാസികളും അങ്ങനെ മൺമറഞ്ഞുപോയി. പ്രകൃതിയുടെ കണക്കുകൂട്ടലുകളെ അധിനിവേശം വഴി മനുഷ്യൻ തോൽപ്പിച്ചതിൻ്റെ ബാക്കിപത്രമാണ് റെഡ്ഡിന്ത്യൻ നാമമാത്ര ന്യൂനപക്ഷങ്ങളുടെ ഇന്നത്തെ അമേരിക്ക ! പ്രകൃതി തോൽക്കുമ്പോൾ പോലും മനുഷ്യർ ജയിക്കുന്നില്ല എന്നതിൻ്റെ ജീവിക്കുന്ന തെളിവാണത്.

വയനാട്ടിൽ ഞാൻ ജോലി ചെയ്തിട്ടില്ല. പക്ഷേ സഹപ്രവർത്തകർ ഉള്ളതിനാൽ നിരന്തരമായി പോകാറുണ്ട്. പശ്ചിമഘട്ടത്തിലെ ഓരോ ചെങ്കുത്തായ മലയുടേയും പത്തോ പതിനഞ്ചോ കിലോമീറ്റർ പരിധിയിലെ അടിവാരവും, ഇപ്പോൾ ദുരന്തമുണ്ടായ മേഖലക്ക് സമാനമാണ്. അത്തരം ഇടങ്ങളിലെ പെരുമഴയും പ്രളയവും മണ്ണിടിച്ചിലും പലതവണ നേരിൽ കണ്ടിട്ടുണ്ട്. ദുരിതാശ്വാസത്തിൽ പങ്കാളിയായിട്ടുണ്ട്. പക്ഷേ ദുരന്ത പ്രഭവകേന്ദ്രത്തിന് വെറും 5 കിലോമീറ്റർ മാറി ഇത്രയധികം ജനവാസമുള്ള മേഖല അവിടെയൊന്നും കണ്ടിട്ടില്ല.

ഈശ്വരാ, ഇവിടെ സ്ക്കൂൾ നിർമ്മിക്കാൻ ആർക്കാണ് തോന്നിയത് ? അതു നിർമ്മിക്കാൻ തീരുമാനിക്കുമ്പോൾ പ്രകൃതിയുടെ സ്പന്ദനങ്ങൾ അറിയുന്ന ഒരു തച്ചൻ്റെയോ ആദിവാസി മൂപ്പൻ്റെയോ ആലോചനകൾ നമ്മുടെ എഞ്ചിനീയർമാക്ക്, ഭരണാധികാരികൾക്ക്, കുടിയേറ്റക്കാർക്ക് ഇല്ലാതെ പോയത് എങ്ങനെയാണ് ? പുന്നപ്പുഴ എന്ന് നാട്ടുകാർ പേരിട്ടുവിളിക്കുന്ന കാട്ടാറിൻ്റെ തീരത്താണ് സ്കൂൾ. സമുദ്രനിരപ്പിൽ നിന്ന് 2000 മീറ്റർ ഉയരത്തിൽ, സൂചിപ്പാറ വെള്ളച്ചാട്ടത്തിനും മുകളിൽ പുഴയോരത്ത്, നിരന്ന ഒരു മണൽത്തിട്ട ! ആ പരിസരത്തൊന്നും ഒരു നൂറ്റാണ്ടെങ്കിലും പഴക്കമുള്ള ഒരു വൻമരവും കാണാനില്ല. ഇതിനുമപ്പുറമുള്ള എന്ത് അപകടമുന്നറിയിപ്പാണ് പ്രകൃതി, ആകാശങ്ങളിൽ കൂടുവെച്ചു എന്നവകാശപ്പെടുന്ന മനുഷ്യനുമുന്നിൽ നിരത്തേണ്ടത് ?

വെള്ളാർമല സ്കൂൾ ദുരന്തത്തിന് മുൻപ് Image Courtesy : Online

ദുരന്തഭൂമിയിലെ വെള്ളാർമല ഹയർ സെക്കൻ്ററി സ്ക്കൂൾ കാണുമ്പോൾ ശ്വാസം നിലച്ചുപോകുന്നുണ്ട്. ഈശ്വരാ, ഇവിടെ സ്ക്കൂൾ നിർമ്മിക്കാൻ ആർക്കാണ് തോന്നിയത് ? അതു നിർമ്മിക്കാൻ തീരുമാനിക്കുമ്പോൾ പ്രകൃതിയുടെ സ്പന്ദനങ്ങൾ അറിയുന്ന ഒരു തച്ചൻ്റെയോ ആദിവാസി മൂപ്പൻ്റെയോ ആലോചനകൾ നമ്മുടെ എഞ്ചിനീയർമാക്ക്, ഭരണാധികാരികൾക്ക്, കുടിയേറ്റക്കാർക്ക് ഇല്ലാതെ പോയത് എങ്ങനെയാണ് ? പുന്നപ്പുഴ എന്ന് നാട്ടുകാർ പേരിട്ടുവിളിക്കുന്ന കാട്ടാറിൻ്റെ തീരത്താണ് സ്കൂൾ. സമുദ്രനിരപ്പിൽ നിന്ന് 2000 മീറ്റർ ഉയരത്തിൽ, സൂചിപ്പാറ വെള്ളച്ചാട്ടത്തിനും മുകളിൽ പുഴയോരത്ത്, നിരന്ന ഒരു മണൽത്തിട്ട ! ആ പരിസരത്തൊന്നും ഒരു നൂറ്റാണ്ടെങ്കിലും പഴക്കമുള്ള ഒരു വൻമരവും കാണാനില്ല. ഇതിനുമപ്പുറമുള്ള എന്ത് അപകടമുന്നറിയിപ്പാണ് പ്രകൃതി, ആകാശങ്ങളിൽ കൂടുവെച്ചു എന്നവകാശപ്പെടുന്ന മനുഷ്യനുമുന്നിൽ നിരത്തേണ്ടത് ? എന്നിട്ടും കുഞ്ഞുങ്ങൾക്കുവേണ്ടി ഒരു സ്കൂൾ അവിടെ, ആ മണൽത്തിട്ടയിൽ നാം പണിതുയർത്തി !! മഴ 5- 6 മണിക്കൂർ കൂടി തുടർന്ന ശേഷമാണ് ഉരുൾ പൊട്ടിയിരുന്നതെങ്കിലോ ? എങ്കിൽ ആ സ്കൂൾ നിറയെ കുട്ടികൾ ഉണ്ടാകുമായിരുന്നു. ഒരു കെട്ടിടത്തിനു പകരം മുഴുവൻ കെട്ടിടങ്ങളും മലവെള്ളത്തിൽ ഒഴുകിപ്പോകുമായിരുന്നു. ലോകംകണ്ട ഏറ്റവും വലിയ സ്കൂൾ ദുരന്തമാണ് തലനാരിഴക്ക് അവിടെ ഒഴിവായത്. പ്രകൃതിയോടുള്ള നമ്മുടെ മനോഭാവത്തിൻ്റെ അടയാളമാണ് ഒരുനില മണ്ണുമൂടിയ ആ കെട്ടിടമിന്ന്.

വെള്ളാർമല സ്കൂൾ ദുരന്ത ശേഷം Image Courtesy : Online

മുണ്ടകൈയ്യിൽ കൂണുപോലെ മുളച്ചു പൊന്തിയ റിസോർട്ടുകളിലൊന്നിൻ്റെ പരസ്യ വീഡിയോ കാണുമ്പോഴും അതിൻ്റെ പേര് കേട്ടപ്പോഴും നടുക്കം തോന്നി. ഉട്ടോപ്യ !! വനപരിസരത്തുകൂടി ഞെരുങ്ങിയൊഴുകുന്ന ഒരു അരുവിയുടെ തീരത്തെ ഏലക്കാട്ടിൽ ഏറുമാടവും മറ്റുമാണ്. പൊട്ടിപ്പിളർന്ന് ചിതറിക്കിടക്കുന്ന കരിമ്പാറകളിൽ തട്ടി വെള്ളിപോലെ ഒഴുകുന്ന കാട്ടുചോലക്ക് കുറുകെ തടിപ്പാലം. അവിടെയും അരുവിയോരത്ത് വൻ മരങ്ങൾ കാണാനില്ല ! എന്നിട്ടും അവിടെ മൺസൂൺ ടൂറിസം പൊടിപൊടിക്കുന്നു. അന്നാടിൻ്റെ പേരിൽ പോലും ആ മുന്നറിയിപ്പുണ്ടായിരുന്നു – വെള്ളാർമല ! വെള്ളാർ !! കാടറിയുന്നവർ ഇട്ട ആ പേരുപോലും നാം വെള്ളരിമല എന്ന് പരിഷ്ക്കരിച്ചുകളഞ്ഞു ! കാടിൻ്റെ എല്ലാ അപായ മുന്നറിയിപ്പുകളും അവഗണിച്ച് ഉട്ടോപ്യകൾ പണിതുയർത്തുകയാണ് നാം – ഉട്ടോപ്യ !!

മനുഷ്യ ഇടപെടൽമൂലം ബഹിരാകാശം മുതൽ ആഴക്കടൽ വരെ മലിനമായിരിക്കുന്നു. അപ്പോൾ, വൈറസുകളും ബാക്ടീരിയയും മുതൽ മലകളും സുനാമികളും കൊണ്ടുവരെ ഭൂമിയുടെ താളം തിരിച്ചുപിടിക്കാൻ പ്രകൃതി ശ്രമിക്കുന്നുണ്ടാകണം. എത്രയെത്ര മഹാനാഗരീകതകളും നദീതട സംസ്കാരങ്ങളും മനുഷ്യർ പടുത്തുയർത്തി. എവിടെപ്പോയി അവയെല്ലാം ? മക്കളെ നഷ്ടപ്പെട്ട ഒരു ഭ്രാന്തിത്തള്ളയെപ്പോലെ പ്രകൃതി പുലമ്പുകയും എന്തൊക്കെയോ എറിഞ്ഞുടക്കുകയും ചെയ്യുന്നു. കൊറോണയായി, വന്യജീവികളായി, ഉരുൾപൊട്ടലും ഭൂമി കുലുക്കവുമായി ആ ആക്രമങ്ങൾ നിരാലംബരായ കുറെ മനുഷ്യരെ തുടച്ചുമാറ്റുന്നു. ചൂരൽമലയും മുണ്ടകൈയും അത്തരമൊരു ഇടമാണ് എന്നു കരുതണം.

ആ ഹതഭാഗ്യരെ നമുക്ക് ചേർത്തു പിടിക്കാം. ഒരുപാട് പേരുടെ അന്യായങ്ങൾക്ക് ശിക്ഷിക്കപ്പെട്ട ശലഭജന്മങ്ങളാണ് അവരുടേത്. അവർക്കായുള്ള നമ്മുടെ കരുതലിൽ, രണ്ടാഴ്ച മാത്രം ജീവിക്കുന്ന ഒരു നിശാശലഭത്തിൻ്റെ അതിജീവനത്തിനായി രാജവെമ്പാലയുടെ ഫണം വിടർത്തൽ തിരയുന്ന പ്രകൃതിയേയും ചേർത്തു നിർത്താം.

മണ്ണിൽ പുതഞ്ഞുപോയ മനുഷ്യരുടെ പേരിൽ, മനുഷ്യാ നീ മണ്ണാകുന്നു എന്ന് പറഞ്ഞവനെ ഓർത്തുവയ്ക്കാം. ജീവിച്ചിരിക്കുന്ന എല്ലാവർക്കുമായി, പച്ചമരമാണ് ഞാൻ എന്ന് സാക്ഷ്യം പറഞ്ഞവനെ മറക്കാതിരിക്കുകയുമാവാം.

കുട്ടനാട്ടിൽ ജനിച്ചു. പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമ. വനം വകുപ്പിൽ ഫീൽഡ് ഓഫീസറായിരുന്നു. 2021 ൽ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ തസ്തികയിൽനിന്ന് വിരമിച്ചു. വകുപ്പിൻ്റെ അരണ്യം മാസികയുടെ അസി. എഡിറ്ററായി ദീർഘകാലം പ്രവർത്തിച്ചു. നിരവധി ലേഖനങ്ങളും ഡോക്യുമെൻ്ററികളും പത്ര - ദൃശ്യമാധ്യമങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. 'ആരണ്യകം' എന്ന പേരിൽ വനം പരിസ്ഥിതി വിഷയങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന ഒരു യൂട്യൂബ് ചാനൽ ഉണ്ട്.