കാട് കാതിൽ പറഞ്ഞത് – 6

മിന്നാമിന്നികൾ

വന്യമൃഗങ്ങളെ കാണാനായി കാട്ടിൽ പോകുന്ന ഒരുപാട് ആളുകളെ നാം കാണാറുണ്ട്. മൂന്നാറിലും മുത്തങ്ങയിലും മാത്രമല്ല, അഗസ്ത്യവനത്തിലും സൈലൻ്റ് വാലിയിലും വരെ നിങ്ങൾക്കവരെ കണ്ടുമുട്ടാനാകും.

കാട്ടുമൃഗങ്ങളെ കാണാൻ പറ്റിയില്ലെങ്കിൽ, പോക്കറ്റടിക്കപ്പെട്ടവൻ്റെ പ്രകോപനവും ജാള്യതയും അവരുടെ മുഖഭാവത്തിൽ വന്നുനിറയും. അവരിൽ ചിലർ വലിയ ആവേശത്തോടുകൂടി, തുറന്ന ജീപ്പിൽ വള്ളക്കടവ് ചെക്പോസ്റ്റു കടന്ന്, ക്യാമറയും എടുത്തുപിടിച്ച്, ഗവിയിലേക്ക് നിറഞ്ഞ കാട്ടിലൂടെ പോകുന്നതും 3 – 4 മണിക്കൂർ കഴിഞ്ഞ് തലയും തൂക്കിയിട്ട് മടങ്ങുന്നതും എത്രയോ തവണ ഒമ്പതാംമൈലിൽ ആൻ്റി പോച്ചിങ്ങ് ക്യാമ്പ് ഷെഡ്ഡിൽനിന്ന് കണ്ടിരിക്കുന്നു!

അപ്പോൾ അവരോടെനിക്ക് വലിയ അനുകമ്പയും ആഴത്തിലുള്ള സഹതാപവും തോന്നാറുണ്ട് ! പ്രണയമെന്തെന്നറിയാൻ, കാമാതുരനായി, ലൈംഗികത്തൊഴിലാളികളെ തേടിപ്പോകുന്ന ഏതോ വിടൻ്റെ പരിവേഷമാണ്, എന്നിലെ വിമർശകനായ വനപാലകൻ അവർക്ക് അപ്പോൾ ചാർത്തിക്കൊടുക്കുക! തീവ്രപ്രണയത്തിൻ്റെ ഒരു പച്ചക്കടലിലെ ഉഷ്ണ പ്രവാഹത്തിലൂടെ, കുറച്ചു ചൂടും നനവുംതേടി, നീന്തിത്തളർന്ന് നിരാശരായി മടങ്ങുന്ന ഏതോ ഗുഹാ മത്സ്യമാണവർ ( Cave fish) എന്ന് എപ്പോഴും എനിക്ക് തോന്നാറുണ്ട് ! എന്തുകൊണ്ടാണ് പ്രകൃതി അവർക്ക് കണ്ണുകൾ നൽകാതിരുന്നത് ?

അന്ധ ഗുഹാമൽസ്യം ( Blind Cave Fish)

കാടിൻ്റെ ഓരോ അണുവിലും ഒരു പ്രകൃതിസാധകനെ ഊട്ടാനുള്ള വിഭവങ്ങത്രയും ഒളിഞ്ഞിരിപ്പുണ്ടാകും. അതിന് വൻമൃഗങ്ങൾ തന്നെവേണം എന്നത് ശരിക്കും ഒരു മൃഗതൃഷ്ണയാണ്. കാട്ടിലൂടെയുള്ള യാത്രകളിലത്രയും ഞാൻ എൻ്റെ പഞ്ചേന്ദ്രിയങ്ങളും ജ്വലിപ്പിച്ച് അന്വേഷിച്ചിരുന്നത്, കാടിൻ്റെ സ്ഥായിയായ ഭാവം ഏതാണ് എന്നായിരുന്നു. കാട്, ഓരോ ഋതുവിലും സ്വന്തം ഉടലഴക് മാറ്റുന്നതുപോലെ, തൻ്റെ അടിസ്ഥാന സ്വഭാവത്തിൻ്റെ രഹസ്യവും മാറ്റിമാറ്റി എന്നെ കുഴക്കിക്കൊണ്ടിരുന്നു.

പക്ഷേ അവൾക്കവളെ ഒരുപാടുകാലം എന്നിൽനിന്ന് പൊതിഞ്ഞു പിടിക്കാൻ കഴിയുമായിരുന്നില്ല. പലപ്പോഴായി, പലയിടങ്ങളിൽ വെച്ച്, കാടനുഭവങ്ങളിലൂടെ, പ്രകൃതി ചുരന്നുതന്ന അമൂർത്ത സംവേദനങ്ങളിലൂടെ ഞാൻ എത്തിപ്പെട്ടത്, കാടിൻ്റെ സ്ഥായിഭാവം പ്രണയവും വത്സല്യവുമാണ് എന്നിടത്താണ്! അതിൽ ആദ്യത്തേത്, പ്രണയമാണ് ഇന്നത്തെ ചിന്താവിഷയം !!

അടിമുടി ഉന്മത്തമായി പൂത്തുലയുന്ന കാടിൻ്റെ സൂഷ്മ ഭാവങ്ങളെ കാണാനാകാതെ, മുരളുന്ന വന്യതയെ മാത്രം പിൻതുടരാൻ ശ്രമിക്കുന്നതാണ് , അഥവാ അതിന് പഠിപ്പിക്കുന്നതാണ് നമ്മുടെ സഫാരികളെ മോഹഭംഗ സഞ്ചാരങ്ങളാക്കി മാറ്റുന്നത്. ആര്യങ്കാവിൽ റെയ്ഞ്ച് ഓഫീസറായിരിക്കുമ്പോഴാണ്, ഒരിക്കൽ കാടിൻ്റെ പ്രണയപാരമശ്യം കണ്ട് ഞാൻ അമ്പരന്നത് !

ആര്യങ്കാവ് – Photo Credit : K S Sajan

കടമാൻപാറയിലെ ചന്ദനമരങ്ങളുടെ സംരക്ഷണത്തിനായി രാപകലില്ലാതെ അലയേണ്ടവരാണ് അവിടുത്തെ വനപാലകർ. രാത്രികളിൽ വാച്ചർമാരും സ്റ്റാഫും ചന്ദനക്കാടുകളിലെ ഷെഡ്ഡുകളിൽ കിടന്ന് ഒന്ന് ഉറങ്ങിപ്പോയാൽ, ചന്ദനമരം മോഷ്ടാക്കൾ കൊണ്ടുപോകും. അവർ ഉണർന്നിരിക്കുന്നു എന്ന് ഉറപ്പാക്കാനും കള്ളന്മാർക്കു വേണ്ടി കൈതരിച്ച് കാത്തിരിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനും ഇടയ്ക്ക് ഞാനും അവർക്കൊപ്പം കൂടും. പാതിരാത്രിയിൽ റിവോൾവറുമെടുത്ത് യൂണിഫോമിലുള്ള ഇത്തരം യാത്രകൾ ഇക്കോടൂറിസം സഫാരികളല്ല.

കോട്ടവാസലിനപ്പുറം ചേനഗിരിയിൽ അഞ്ഞൂറോളം ചന്ദനമരങ്ങളും രണ്ട് വാച്ചർമാരും ഉണ്ട്. നിഴൽ പോലെ ഒപ്പം കൂടാറുള്ള ഡ്രൈവർ ബിജുവിനൊപ്പം രാത്രി 10 മണിക്കുശേഷം പുറപ്പെട്ടു. ജീപ്പ് താഴെ റോഡിലിട്ട്, കുത്തുകയറ്റം കയറി ഷെഡ്ഡിലെത്തുമ്പോൾ അത്താഴം കഴിച്ചതിൻ്റെ ലക്ഷണങ്ങൾ മാത്രമേയുള്ളൂ. അശ്വാസം! വാച്ചർമാർ കാട്ടിലെവിടെയോ കറങ്ങുന്നുണ്ട്. ഇടുങ്ങിയ നടവഴിയിലൂടെ മുന്നോട്ടു നടന്നു. ഈ വഴി വന്യജീവികൾക്കും വാച്ചർമാർക്കുമുള്ളതാണ്. കയറ്റം കയറി ഉരുളൻ പാറക്കൂട്ടത്തിന് അടുത്തെത്തിയപ്പോൾ മുഖത്തേക്ക് ടോർച്ച് വെട്ടം ചാടിവീണു!

“ആരാ ?” എന്ന ആക്രോശത്തിൽ അക്രമോത്സുകമായ ഒരു ഭയം പുരണ്ടിരുന്നു. വാച്ചർമാരായ കുറുപ്പും വക്കനുമാണ്. വലിയ ചന്ദനമരങ്ങളുടെ പരിസരത്ത് കറങ്ങി അവ അവിടെത്തന്നെയുണ്ട് എന്നുറപ്പാക്കി മടങ്ങിവരികയാണവർ.

എൻ്റെയൊപ്പം അവരും കൂടി. ഞങ്ങൾ കയറ്റം കയറി മുകളിലെത്തി. മുന്നോട്ട് ഇറക്കമാണ്.

“മതി, ഇനി പോകെണ്ട സാർ ” കുറുപ്പാണ് പറഞ്ഞത്.

ശരിയാണ്, ഇനി മടങ്ങണം. ഞങ്ങൾ കേരളം കടന്ന് തമിഴ്നാട്ടിൽ എത്തിയിരിക്കുന്നു!

ഇനി ചന്ദനക്കൊള്ളക്കാരുടെ വടിവാളിന് ഇരയാകേണ്ടി വന്നാൽ അത് ഡ്യൂട്ടിക്കിടയിലെ രക്തസാക്ഷിത്വം ആകില്ല. ഒരു വനപാലകൻ്റെ സംസ്ഥാനാന്തര നെഗളിപ്പിൻ്റെ കൂലിയാണ്! അതുകൊണ്ട് മടങ്ങണം.

ദൂരെ താഴെയായി, തിളങ്ങുന്ന ഒരു ചെവിപ്പാമ്പിനെപ്പോലെ, എസ്സ് വളവിൽനിന്നും പുളിയറ വഴി ചെങ്കോട്ടക്കുള്ള ദേശീയപാത മിന്നിക്കൊണ്ടിരുന്നു. ഞങ്ങൾ ഏതാനും ചുവട് തിരിച്ചുനടന്ന് കേരളലെത്തി!

ഭൂപടത്തിൽ എല്ലാവരും കേരളത്തിൻ്റെയും തമിഴ്നാടിൻ്റെയും കൃത്യമായ അതിർത്തി കണ്ടിട്ടുണ്ടാകും. പക്ഷേ ഈ അതിർത്തികളിൽ നല്ല പങ്കും പശ്ചിമഘട്ടത്തിലെ ദുർഗമമായ മലകളാണ്. അതുകൊണ്ടുതന്നെ, കൃത്യമായ അതിർത്തി നിർണ്ണയമോ കല്ലിടീലോ ഒന്നും ഇവിടെയില്ല. എങ്കിലും ഇവിടെ മീറ്ററുകൾ പോലും മാറാത്ത അതിർത്തി നിർണ്ണയം പ്രകൃതി നടത്തിയിട്ടുണ്ട്. ഇവിടുത്തെ പെയ്ത്ത് വെള്ളത്തിൻ്റെ ഒഴുക്ക് അടിസ്ഥാനമാക്കിയാണ് കേരളത്തിൻ്റെ അതിർത്തി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. പെയ്തുവീഴുന്ന മഴവെള്ളം കേരളത്തിൻ്റെയും തമിഴ്നാടിൻ്റെയും ഭാഗത്തേക്ക് വേർതിരിയുന്ന ഭൂമിയിലെ ഉയർന്ന ഇടങ്ങളാണ് അതിർത്തികളായി നിശ്ചയിക്കപ്പെട്ടത്. മംഗളാദേവിയിലെ ഇത്തിരിപ്പോന്ന ഇടത്തെ ഏതാനും കുഞ്ഞു ക്ഷേത്രങ്ങൾ രണ്ടു സംസ്ഥാനങ്ങൾക്കുമായി വീതിക്കപ്പെട്ടത് അങ്ങനെയാണ്. താഴ് വരകളിൽ, ഏതെങ്കിലും നീർച്ചാലാകും അതിർവരമ്പ്.

ആര്യങ്കാവ് – Photo Credit : K S Sajan

ഞങ്ങൾ കുറച്ചു ദൂരം കൂടി പിൻതിരിഞ്ഞു നടന്ന് ഏതാനും ഉരുളൻ കല്ലുകളിൻ ഇരുപ്പുറപ്പിച്ചു. ഇനി ടോർച്ച് തെളിക്കാനോ ഉരിയാടാനോ പാടില്ല ! ഇവിടെ ഇങ്ങനെ നാലുപേർ ഉള്ളത് മരങ്ങൾ പോലും അറിയരുത്. പുളിയറയ്ക്ക് സമീപമുള്ള ചില തിരുട്ട് ഗ്രാമങ്ങളിൽ നിന്നാണ് കള്ളന്മാർ കാൽനടയായി ചന്ദനമോഷണത്തിനെത്തുക. കാട്ടിൽ പതുങ്ങിയിരുന്ന് ഒന്ന് വെടി പൊട്ടിക്കുകയോ ആക്രോശിക്കുകയോ ചെയ്താൽ പോലും കള്ളന്മാർ മരണപ്പാച്ചിൽ നടത്തും. വനപാലകരുടെ കയ്യിൽ പെട്ടാൽ എന്താണ് സംഭവിക്കുക എന്ന് തിരുടന്മാർക്ക് നന്നായി അറിയാം!

കുംഭ മാസമാണ്. നിലാവെളിച്ചം തീരെയില്ല. പക്ഷേ മരങ്ങളിലാകെ സ്വർണ്ണത്തരികൾ കണക്കെ കുറച്ചു മിന്നാമിന്നികൾ പറ്റിപ്പിടിച്ചിരിക്കുന്നു. കാടിൻ്റെ കറുത്ത പട്ടുപാവാടയിൽ തുന്നിച്ചേർത്ത പൊന്നലുക്കുകൾ പോലെ അവ കാറ്റിലിളകി. കാട്ടിൽ മിന്നാമിന്നികളുടെ ഫയർ ഡാൻസ് വൈകാതെ അരങ്ങേറുകയാണെന്ന് ഞാനറിഞ്ഞിരുന്നില്ല.

ഭൈമീ കാമുകന്മാരാണ് ശരറാന്തലുകളുമെടുത്ത് മരംകയറി കാത്തിരിക്കുന്ന മിന്നാമിന്നികൾ. അവർക്ക് ജീവിത ലക്ഷ്യം ഒന്നുമാത്രം. ഒരു പ്രണയിനിയെ കണ്ടെത്തണം. ഏതാനും ആഴ്ചകൾ മാത്രം നീളുന്ന ജീവിതത്തിന് ഒരർഥമേയുള്ളൂ. പെണ്ണൊരുത്തിയിലൂടെയുള്ള പുനർജനി! തൻ്റെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ ഒരുക്കമുള്ള ഒരുവൾക്കുവേണ്ടിയാണ് ഉള്ളും ഉടലും ഉജ്വലിപ്പിച്ച് മിന്നാമിന്നികൾ കാത്തിരിക്കുന്നത്. നോക്കിയിരിക്കെ അവരുടെ എണ്ണം പെരുകി വന്നു. സ്വർണ്ണത്തിന് സുഗന്ധം ലഭിക്കുക എന്ന ചൊല്ല് ഓർമയിലെത്തി. ഇവിടെ സുഗന്ധ വൃക്ഷങ്ങളിൽ സ്വർണ്ണം പൊതിയുകയാണ് പ്രകൃതി!

സമയം കടന്നുപോയപ്പോൾ, മിന്നാമിന്നിക്കൂട്ടം മരത്തലപ്പിലേക്കും സംക്രമിച്ചു. ജ്ഞാനോദയത്തിൻ്റെ ദിവ്യ മുഹൂർത്തത്തിൻ്റെ പരകോടിയിൽ ഏതോ അഭൗമ ത്യേജസ്സിനാൽ ഉജ്വലിക്കുന്ന മഹായോഗികളെപ്പോലെ കാട്ടുമരങ്ങൾ പരിവേഷം പൊഴിച്ചുനിന്നു !

ഈശ്വരാ! എൻ്റെ കുട്ടനാടൻ ബാല്യത്തിൽ വയലുകളിൽ കണ്ടത് ആവർത്തിക്കപ്പെടുകയാണിവിടെ! മഴക്കാലത്ത്, മടവീണ പാടശേഖരങ്ങളിൽ രാത്രികളിൽ ചെറുവള്ളങ്ങൾ വന്ന് നിറയും. ഓരോ വള്ളത്തിൻ്റെ അണിയത്തും ഒരു പെട്രോമാക്സ് ജ്വലിച്ച് വെളിച്ചം തെറിപ്പിച്ചുകൊണ്ടിരിക്കും. തവള പിടുത്തക്കാരാണ് ! പച്ചത്തവളകളുടെ കുട്ടനാടൻ വംശഹത്യ!! ഇവിടെയിതാ, പരന്നൊഴുക്കുന്ന ആകാശത്തിനു താഴെ ഓരോ ഇലയും കൊതുമ്പുവള്ളങ്ങളായി മാറുന്നു. അതിലെ മിന്നാമിന്നികൾ പെട്രോമാക്സ് വിളക്കുകളായി എനിക്ക് ബാല്യം വച്ചുനീട്ടുന്നു!

മിന്നാമിന്നികളുടെ ക്ഷണിക ജീവിതത്തിന് കുട്ടനാടൻ തവള വേട്ടയുമായി ഒരു ബന്ധമുണ്ട്. പുലരിയോളംവെളിച്ചം ശർദ്ദിച്ച പെട്രോമാക്സ്
ഫിലമെൻ്റുകൾ, തല പിളർന്ന് ചില്ലുകൂട്ടിൽ കൊഴിഞ്ഞ് വീഴുമ്പോഴേക്കും ചെറുവള്ളത്തിലെ ചാക്കുകൾ നിറയെ തവളകൾ തുള്ളിപ്പിടക്കുന്നുണ്ടാകും. വള്ളങ്ങൾ വെളുപ്പിന് തുഴഞ്ഞകലുമ്പോൾ, ഒറ്റപ്പെട്ട കുളവാഴക്കൂട്ടങ്ങളിൽ ഇണയെ വേർപെട്ട ഏതാനും പച്ചത്തവളകളുടെ ഉച്ചസ്ഥായിയിൽ നിന്നും നേർത്ത് നേർത്ത് വരുന്ന വിലാപങ്ങൾ മാത്രം ഒഴുകി നടക്കും. വെളിച്ചം വേട്ടയാടിയ തൻ്റെ ഇണയുടെ തുടകൾ ഐസ് പെട്ടികളിൽ കയറി വെള്ളക്കാരൻ്റെ തീൻമേശയിലേക്ക് കൊച്ചിയിൽ നിന്ന് യാത്ര തിരിക്കും വരെ ചിലപ്പോൾ ആ വിലാപങ്ങൾ നീണ്ടുനിൽക്കും!

തവളകളെപ്പോലെ വെളിച്ചം വേട്ടയാടുന്നവരാണ് മിന്നാമിന്നികളും. ഇരുട്ടിൽ തങ്ങളുടെ അത്ഭുത വിളക്കുകൾ തെളിച്ച് ഇണയെ കണ്ടെത്തി പ്രജനനം നടത്തുന്നവരാണിവർ. വെളിച്ചം എന്ന മനുഷ്യൻ്റെ അടിസ്ഥാന ആവശ്യം, ദീപാലങ്കാരം എന്ന ധൂർത്തിന് വഴിമാറിയതോടെ നമ്മുടെ ഗ്രാമങ്ങൾ ഒരു സർക്കസ്സ് കൂടാരം പോലെ അമിതവെളിച്ചത്തിൻ്റെ മാലിന്യപ്പുരകളായി മാറിയിരിക്കുന്നു. ഇതിൻ്റെ ആദ്യ ഇരകളാണ് മിന്നാമിന്നികൾ. നമ്മുടെ ഗ്രാമീണ ബാല്യങ്ങളെ വിസ്മയിപ്പിച്ച മിന്നാമിന്നികൾ കേരളീയ ഗ്രാമങ്ങളെ ഉപേക്ഷിച്ചു കഴിഞ്ഞു. പഴയകാല നാട്ടിൻപുറങ്ങൾ, വെളിച്ച മാലിന്യവും ( Light Pollution), പരസ്യ വൈദ്യുതാലങ്കാരങ്ങളും പേറുന്ന ചെറുപട്ടണങ്ങളായിത്തീർന്നതിൻ്റെ ഇരുണ്ട വശത്താണ് മിന്നാമിന്നി എന്ന പേര് ഇന്ന് തിളക്കം മങ്ങി മങ്ങി നാമവശേഷമാകുന്നത്.

ദൂരെ എവിടെയോ നിന്ന് ഒരു കേഴമാനിൻ്റെ മുഴങ്ങുന്ന വിളി, മംഗളയാമ സൂചനയായി കാട്ടിൽ പ്രതിധ്വനിച്ചു. പ്രണയത്തിൻ്റെ അഗ്നിക്കാവടിയുമായി പുരുഷപ്രജകൾ മരങ്ങളിൽ നിന്ന് താഴേക്ക് പറന്നിറങ്ങിത്തുടങ്ങി. ഇത് രതിനാടകത്തിൻ്റെ അവസാന അധ്യായമാണ്.

അപ്പോഴേക്കും താഴെ പുൽത്തലപ്പുകളിൽ വിളക്കെടുപ്പുകാരികൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. അവർക്ക് പറക്കാനാവില്ല. അവരിൽ ആരാണ് തൻ്റെ കുഞ്ഞുങ്ങളുടെ അമ്മയാകാൻ പോകുന്നത് എന്ന അന്വേഷണത്തിൻ്റെ ഭാഗമാണ് ആണുങ്ങളുടെ ഈ താഴ്ന്നു പറക്കൽ. താഴെയുള്ളവൾ വാൽവെളിച്ചം മിന്നിക്കുന്ന താളത്തിൽ അവനും വെളിച്ചം കാട്ടുമത്രേ. ആയിരക്കണക്കിന് കാമദീപവാഹകരുടെ ഇടയിൽനിന്നും തൻ്റെ താളത്തിന് തുള്ളുന്ന ഒരുവനെ അവൾ കണ്ടെത്തും! (അഥവാ അവൻ). എത്ര ഹൃദ്യമായാണ് കാട്ടിലെ ആചാരങ്ങൾ നമ്മുടെ കുടുംബ ജീവിതത്തിലേക്കും കടന്നു വരുന്നത് !!

കാടാകെയും ഒരു സംഗമ മുഹൂർത്തത്തിന് വേദിയാവുകയാണ്. ഭൂമിയിലെയും ആകാശത്തെയും രണ്ട് വെളിച്ചത്തരികൾ പുൽപ്പരപ്പിൽ ഒന്നിക്കുകയാണ്. ഒരേ ആവേഗമുള്ള രണ്ട് പ്രണയ പുഞ്ജങ്ങൾ ചേർന്നൊഴുകുന്ന ഒരു ക്ഷീരപഥമായി ചന്ദനക്കാട് മാറി! ഇത്രമാത്രം മിന്നാമിന്നികളെ ഒരിക്കലും ഞാൻ ഇങ്ങനെ ഒന്നിച്ച് കണ്ടിട്ടില്ല. ആ സുവർണ്ണ സംഗമ മുഹൂർത്തത്തിന് ആശംസ നേർന്ന്, ഇണകളെ ചവിട്ടാതെ ഞാൻ സഹപ്രവർത്തകർക്കൊപ്പം തിരികെനടന്നു.

ഇവിടുത്തെ കാട്ടുമരങ്ങളും ഈ പ്രണയപ്രകാശ സംഗമത്തിന് ആശംസകൾ നേരുന്നുണ്ടാവില്ലേ ? ഗുരു രവീന്ദ്രനാഥ് ടാഗോറല്ലേ വൃക്ഷങ്ങൾ ഭൂമിയുടെ സംവേദന ശ്രമങ്ങളാണ് എന്നു പറഞ്ഞത് ? അതും തൻ്റെ മിന്നാമിന്നികൾ എന്ന കവിതയിൽ !!

“Trees are the earth’s
endless effort to speak
to the listening heaven ”

ടാഗോർ മിന്നാമിനുങ്ങളെക്കുറിച്ച് കാവ്യാത്മകമായി കവിത കുറിക്കുമ്പോൾ അദ്ദേഹത്തിൻ്റെ ആത്മ സുഹൃത്ത്, ജഗദീഷ് ചന്ദ്രബോസ് വൃക്ഷങ്ങൾക്കും വികാരങ്ങളുണ്ട് എന്ന് ശാസ്ത്രീയമായി തെളിയിക്കുകയായിരുന്നു. മഹാകവിയും ബോസും പുലർത്തിയ ആത്മബന്ധം ഈ മിന്നാമിന്നികളും ചന്ദനമരങ്ങളും തമ്മിലുള്ളതുപോലെ തീവ്രമായിരുന്നില്ലേ ? ഒരേ മണ്ണിൻ്റെ മക്കൾ. ചരാചര ജീവപ്രപഞ്ചത്തിൻ്റെ ചൈതന്യ രഹസ്യങ്ങളുടെ പൊരുളറിഞ്ഞവർ. പരന്നൊഴുകുന്ന മഹാപ്രകൃതിയിലെ രണ്ട് ജീവബിന്ദുക്കൾ മാത്രമാണ് തങ്ങൾ എന്ന വിനയപൂർണ്ണിമയിൽ മിന്നാമിന്നികൾക്കും മാമരങ്ങൾക്കും ഒപ്പം സംഗമിച്ച് പ്രകാശം ചൊരിയുന്നവർ. അവർക്ക് കണ്ടുമുട്ടാതിരിക്കാൻ കഴിയുമായിന്നുന്നില്ല. അവരിൽ ഒരാൾ മരങ്ങളുടെ വികാരങ്ങളെക്കുറിച്ചും മറ്റേയാൾ മിന്നാമിന്നികളുടെ പറന്നുയരലിനെക്കുറിച്ചും പറഞ്ഞത്, കാടിൻ്റെ പ്രണയപാരവശ്യത്തിൻ്റെ രണ്ടുതരം വായനയല്ലെങ്കിൽ പിന്നെ മറ്റെന്താണ് ? കാളിദാസൻ തേന്മാവിലും വനജോത്സ്നയിലും കണ്ടെടുത്ത പ്രണയം തന്നെയല്ലേ ഇത്ര നേരവും മിന്നാമിന്നികൾ, ഞങ്ങൾക്കു മുമ്പിൽ പുറത്തെടുത്തത് ?

ഒന്നുചേരലിൻ്റെ മുഹൂർത്തത്തിൽ മിക്കവാറും മിന്നാമിന്നികൾ വിളക്കണച്ചു കഴിഞ്ഞു. പ്രണയ സംവേദനത്തിനുള്ള ഒരു ഇരുളിടം തേടി എത്ര പാരവശ്യത്തോടെയാവും ഇവർ ഇവിടേക്ക് വന്നിട്ടുണ്ടാവുക ? തൻ്റെ വംശത്തിൻ്റെ ഭൂമിയിലെ നിലനിൽപ്പ് എന്ന ലക്ഷ്യത്തിനായി ഈ മിന്നാമിന്നികൾ ഇത്രക്ക് തീവ്രമായ അഭിലാഷമാണ് പുറത്തെടുക്കുന്നതെങ്കിൽ, ജീവിസംയോഗത്തിൻ്റെ മഹാവനികയുടെ അതിജീവന പ്രണയം എത്ര ഉന്മാദമുള്ളതാകും എന്ന ചിന്ത എന്നെ അമ്പരപ്പിച്ചു. അത് നമുക്ക്, മലയാളികൾക്ക് കാണാനാകാതെ പോകുന്നതിൽ ഞാൻ തലകുനിച്ചു. യഥാർത്ഥത്തിൽ, മൂന്നിലൊന്ന് വനങ്ങളുള്ള ഒരു നാടിൻ്റെ സന്തതികൾ എന്ന നിലയിൽ നമുക്കും, കാടിൻ്റെ നിഗൂഢതയിൽ വിടരുന്ന പാരസ്പര്യത്തിൻ്റെയും ചരാചര പ്രണയത്തിൻ്റെയും ഒരു നുറുങ്ങ് ചൂടില്ലാവെളിച്ചത്തിൻ്റെ പൊരുൾ മിന്നാമിന്നികൾക്കെന്നപോലെ ലഭിച്ചിരുന്നെങ്കിൽ എന്ന് ഞാനാശിച്ചു !!

കുട്ടനാട്ടിൽ ജനിച്ചു. പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമ. വനം വകുപ്പിൽ ഫീൽഡ് ഓഫീസറായിരുന്നു. 2021 ൽ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ തസ്തികയിൽനിന്ന് വിരമിച്ചു. വകുപ്പിൻ്റെ അരണ്യം മാസികയുടെ അസി. എഡിറ്ററായി ദീർഘകാലം പ്രവർത്തിച്ചു. നിരവധി ലേഖനങ്ങളും ഡോക്യുമെൻ്ററികളും പത്ര - ദൃശ്യമാധ്യമങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. 'ആരണ്യകം' എന്ന പേരിൽ വനം പരിസ്ഥിതി വിഷയങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന ഒരു യൂട്യൂബ് ചാനൽ ഉണ്ട്.