ചരാചരാദി തൈലം
അതിരപ്പിള്ളി എന്നാൽ പൊതുസമൂഹത്തിന് കേരളത്തിലെ ഏറ്റവും വിശാലവും സുന്ദരവുമായ വെള്ളച്ചാട്ടമാണ്. ചാലക്കുടി – വാഴച്ചാൽ റോഡിൽ നിന്ന് കുറച്ചുമാത്രം നടന്നുചെന്ന് കണ്ടു മടങ്ങാനുള്ള ഒരു ടൂറിസം പോയൻ്റ്. എന്നാൽ, ടിവിയിലോ മൊബൈലിലോ ഒരു കുക്കറിഷോ കാണുന്നതുപോലെയാണത്. നിങ്ങൾ തൊട്ടറിയേണ്ട, മണത്തും രുചിച്ചുമറിയേണ്ട, അനുഭവിച്ച് തൻ്റേതാക്കിമാറ്റേണ്ട ഒന്നിൻ്റെ വെറും കാഴ്ച മാത്രമാണത്. നിങ്ങൾ കാണുന്നതല്ല ശരിയായ അതിരപ്പിള്ളി.
കാടാകെ പാറിയലഞ്ഞ്, കൊക്കുനിറയെ കാട്ടുഞാവൽപ്പഴങ്ങളുമായെത്തി പ്രണയിനിക്കു മാത്രം വിളമ്പുന്ന മലമുഴക്കിയുടെ ഈ കാടകങ്ങൾ, നിങ്ങൾക്കും കാഴ്ചകളും അനുഭവങ്ങളും കൊണ്ട് നിവേദ്യമൊരുക്കും. പക്ഷേ അതിന്, ഈ കാടിൻ്റെ ചിറകുവീശലുകൾക്കായി കാതോർക്കുന്ന ഒരു വിശപ്പ് നിങ്ങളിലുണ്ടാകണം. തനിക്കുവേണ്ടി മാത്രം, കൊക്കിനുള്ളിൽ, അത് വിങ്ങിപ്പൊട്ടുമാറ്, നിറച്ചു കൊണ്ടുത്തരുന്ന വിഭവങ്ങളെ പ്രണയ പാരവശ്യത്തോടെ സ്വീകരിക്കാനുള്ള ചായംപുരട്ടാത്ത പ്രകൃതി സ്നേഹത്തിൻ്റെ വിടരുന്ന ചുണ്ടുകൾ നിങ്ങൾക്കുണ്ടാകണം. അതില്ലെങ്കിൽ അതിരപ്പിള്ളി എന്നല്ല, ഏത് കാടും നിങ്ങൾക്ക് വെറുമൊരു സെൽഫി പോയിൻ്റ് മാത്രമായിരിക്കും – അതേ, വെറും സ്വാർത്ഥ ലക്ഷ്യം!!
2012 -ലെ ജൂൺ മാസത്തിലാണ് ഞാൻ അതിരപ്പിള്ളി സ്റ്റേഷനിൽ ചാർജ്ജെടുക്കാൻ ചെല്ലുന്നത്. സ്റ്റേഷനിലെ അന്നദാതാവ് (പാചകം) പ്രഭാകരേട്ടൻ വിളമ്പിത്തന്ന ഉച്ചയൂണ് കഴിച്ച ശേഷമാണ് ജനറൽ ഡയറിയിൽ കുറിപ്പെഴുതി സ്റ്റേഷൻചാർജ്ജ് ഏറ്റെടുത്തത്. ചുറ്റും കണ്ണെത്താ ദൂരത്തിലുള്ള റബ്ബർ തോട്ടങ്ങളുടെ ഒത്ത നടുക്കാണ് ഈ ഫോറസ്റ്റ് സ്റ്റേഷൻ .
“കാടെവിടെ ?”
എൻ്റെ ചോദ്യംകേട്ട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സലിം ചിരിച്ചു. കിലോമീറ്ററുകൾ അപ്പുറമാണത്. സ്റ്റാഫുകളെ പരിചയപ്പെട്ട ശേഷം ഞാൻ മൂന്ന് പേരെയും കൂട്ടി ജീപ്പിൽ കാടുകാണാനിറങ്ങി. റബ്ബർ തോട്ടവും റിസർവ്വ് വനവും വേർതിരിക്കുന്ന പതിനഞ്ചാം ബ്ലോക്കിലെ സോളാർ വേലിക്കപ്പുറം തേക്കുതോട്ടമാണ്.
ജീപ്പ് നിർത്തി കൈത്തോട് ചാടിക്കടന്നു. മഴ തുടങ്ങിയിരിക്കുന്നു. തോട്ടിൻ കരയിൽ സമൃദ്ധമായ വനവിന്യാസമുണ്ട്. നനഞ്ഞ എക്കൽ മണ്ണിൽ നിൽക്കുന്ന ഊക്കൻ തേക്കുമരങ്ങൾ മധ്യവയസ്ക്കരാണ്. ഇവരുടെ പൂർവ്വികർ എത്രയോ തവണ ഇവിടെനിന്നും ചാലക്കുടിപ്പുഴയിലൂടെ കൊച്ചിയിലേക്കൊഴുകി യൂറോപ്പിലേക്ക് കപ്പൽ കയറിപ്പോയിട്ടുണ്ടാകും. അവരിൽ ചിലരാണ് 1705 ൽ ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ ആസ്ഥാനമായ ബക്കിങ്ങ്ഹാം പാലസിൻ്റെ ഗോവണിയിലും ദർബാർ ഹാളിലും ചാണക്യൻ്റെ ഗുപ്തചാരന്മാരെപ്പോലെ കയറിക്കൂടിയത് ! അതിൽ ചിലതാണ് ടൈറ്റാനിക്കിൻ്റെ അപ്പർ ഡെക്കിൽ ഇടംപിടിച്ച്, ജാക്കിൻ്റെയും റോസിൻ്റെയും അന്ത്യപ്രണയ ചുംബനകൾ കണ്ട് ധന്യരായി അറ്റ്ലാൻ്റിക്കിൽ ജലസമാധിയായത് !! കൊളോണിയൽ ബ്രിട്ടനെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യമാക്കുന്നതിൽ സൂര്യാഭിമുഖ്യരായ (Light demanders) ഈ മരങ്ങൾ വഹിച്ച പങ്ക് ചെറുതല്ല.
കേരളത്തിലെ കണ്ണായ വനമേഖലകളൊക്കെ കോളനിവാഴ്ചക്കാലത്ത് തേക്കു തോട്ടങ്ങളാക്കാനുള്ള ആലോചനകൾ നടന്നിരുന്നു. പക്ഷേ, കൃത്യമായ വനവിളകൃഷി (Silviculture ) പഠനങ്ങളും വെട്ടിശേഖരിക്കുന്ന തടി കടത്തിക്കൊണ്ടുപോകാനുള്ള ഗതാഗത സാധ്യതകളും ഉറപ്പുവരുത്തിയേ അവർ അന്ന് തേക്കുതോട്ടങ്ങൾ ഉണ്ടാക്കിയുള്ളൂ. ഈ രണ്ടു കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്ത്, നാം പിന്നീട് നടത്തിയ പല പരീക്ഷണങ്ങളും ദയനീയമായി പരാജയപ്പെട്ടുപോയിട്ടുണ്ട്. ഇന്നാട്ടിലെ തേക്ക്, ബ്രിട്ടീഷ് ഭരണകാലത്ത് നമ്മുടെ സ്വാതന്ത്ര്യ സമരനായകർക്കുനേരെ ഉയർന്ന ലീ- എൻഫീൽഡ് .303 തോക്കായിത്തീർന്നതുപോലെ, തെറ്റായ വനംതോട്ട നിർമ്മിതി ഇന്ന് നമുക്കു നേരെ ഉയരുന്ന വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു.
കൂപ്പിൽ 300 മീറ്റർ മാറി ഒരു ആനക്കുളമുണ്ടെന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസർ പോൾ പൊന്നനാണ് പറഞ്ഞത്. ചാറ്റമഴ നനഞ്ഞുകൊണ്ട് ഞങ്ങൾ അവിടേക്ക് നടന്നു. കാട്ടിലൂടെ നടക്കുമ്പോൾ നമ്മുടെ നാവ് വിശ്രമിക്കുകയും കണ്ണും കാതും മൂക്കും ജാഗ്രതയിലാവുകയും വേണം.
വളവു തിരിഞ്ഞപ്പഴേ കണ്ടു. കുളക്കരയിൽ ഒരുപറ്റം കാട്ടുപോത്തുകൾ !
20 മീറ്റർ സമചതുരത്തിൽ കരിങ്കല്ലുകെട്ടിയാണ് കുളം നിർമ്മിച്ചിരിക്കുന്നത്. നിറയെ കലങ്ങിയ വെള്ളം. ആനയ്ക്കും മറ്റ് വന്യമൃഗങ്ങൾക്കും കുളത്തിലേക്ക് ഇറങ്ങാൻ പാകത്തിൽ നിർമ്മിച്ച റാമ്പിൻ നിൽക്കുന്ന കൂറ്റൻ കാട്ടുപോത്താണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. വലിയ വയറും അല്പം തൂങ്ങിയ അകിടും. ഇവിടുത്തെ എൻ്റെ ആദ്യ വന്യജീവി ദർശനം ഒരു ഗർഭിണിയും സംഘവുമാണ് ! അവളും ചുറ്റുമുള്ള ഏതാനും പോത്തുകളും ചെറുമഴയുടെ അടക്കം പറച്ചിലും മഴനൂലിൻ്റെ നനുത്ത തിരശീലയും കാരണം ഞങ്ങളെ കണ്ടിട്ടില്ല.
പെട്ടെന്ന് കാട്ടിൽ അല്പം മാറി ഒരുഗ്രൻ ചീറ്റൽകേട്ടു. ഇലപ്പടർപ്പുകൾക്കിടയിൽ തുമ്പു കറുത്തു കൂർത്ത് ആകാശത്തേക്ക് തെറിച്ചു നിൽക്കുന്ന രണ്ട് വെൺശിഖരങ്ങൾ ! ഇലപ്പടർപ്പിനിടയിൽ വശങ്ങളിലേക്ക് വിരിഞ്ഞു വിടർന്ന രണ്ട് ചെമ്പൻചെവികൾ ! കൂട്ടത്തിൽ നിന്നും അകലം പാലിക്കുന്ന ഒറ്റയാൻ കാട്ടുപോത്ത് ! ഞങ്ങളെ സ്വന്തം വിശ്വരൂപം കാണിക്കാനെന്നപോലെ അവൻ രണ്ടുവാര മുന്നോട്ടുവന്നു – അഗ്രേ പശ്യാമി !
തലയിലെ വെളുത്ത രോമക്കൂട്ടം നെറ്റിയിലേക്ക് ഭസ്മം തൂകിയതുപോലെ പാറിവീണിരിക്കുന്നു. കൃഷ്ണശിലയിൽ കൊത്തിയെടുത്ത്, പുറത്ത് പിന്നിലേക്ക് ചാരിവെച്ച ശിവലിംഗത്തെപ്പോലെ തോന്നിക്കുന്ന അവൻ്റെ കൂറ്റൻ പൂഞ്ഞിയിൽ ഇടവമഴ ‘ ശിവോഹം’ ചൊല്ലി ജലധാര നടത്തുമ്പോൾ അവന് നന്ദികേശൻ്റെ പരിവേഷം പകർന്നു കിട്ടിയിരിക്കുന്നു !
സഹചരാദി തൈലത്തിൻ്റെ എണ്ണമിനുപ്പ് വാർന്നിറങ്ങുന്ന നീലക്കറുപ്പ് ഉടലിൽ മഴത്തുള്ളികൾ ഉമ്മ വയ്ക്കുന്നു. ഉടൽക്കൂട്ടിൽനിന്നും തെറിച്ചു പുറത്തുചാടാൻ വെമ്പുന്ന വമ്പൻ മസ്സിലുകളുടെ ഒരു കുതറൻ കൂമ്പാരമാണവൻ!! ചോലവനങ്ങളും ചന്ദനക്കാടുകളും താണ്ടിയവൻ. കുറിഞ്ഞി (Strobilanthes) മേടുകളിൽ മേഞ്ഞലയുന്ന ഇവൻ്റെ മസ്സിൽക്കരുത്ത് കണ്ടിട്ടല്ലേ വാഗ്ഭടൻ, അഷ്ടാംഗഹൃദയത്തിലൂടെ, പേശീബലത്തിനായി കുറിഞ്ഞിത്തൈലം (സഹചരാദി സംയോഗം ) നമുക്ക് തന്നത് ? അഷ്ടാംഗഹൃദയകാരന് വഴികാട്ടിയവനാണ് അഷ്ടദിക്കും നിറഞ്ഞ് മുന്നിൽ നിൽക്കുന്നത് !
ഗ്രൂപ്പിൻ്റെ കവലാളാണവൻ. പ്രകോപിച്ച് ഞങ്ങളെ നോക്കി ഭടൻ മുക്രയിട്ടതോടെ കൂട്ടത്തിലെല്ലാവരും ഞങ്ങളെ കണ്ടു. ഗർഭാലസ്യക്കാരി ഒഴികെ എല്ലാവരും കാടിളക്കി ഓടി മറഞ്ഞു. അവൾ കൽക്കെട്ടിലൂടെ സാവധാനം മുകളിലേക്ക് നടന്നു. പൂർണ്ണഗർഭിണി ! കാലിൽ വെള്ള സോക്സ്, പിന്നിൽ നീണ്ട വാൽമുടിയുടെ താളത്തിലുള്ള ഇളക്കം. സുഖ പ്രസവത്തിനൊരുങ്ങയ, പതിവിലും അയഞ്ഞു തുള്ളുന്ന പിൻഭാഗം. റാമ്പിൽ ചുവടുവയ്ക്കുന്ന ഗർഭിണികളെ കാണാൻ പടിഞ്ഞാറൻ സൗന്ദര്യമത്സങ്ങൾ തിരയേണ്ടതില്ല! നമ്മുടെ കാടുകളിലൂടെ വിനയത്തോടെ ഒന്ന് യാത്ര ചെയ്താൽ മതി !! ആ വിനിയം നിങ്ങളിലുണ്ടെങ്കിൽ വന്യമൃഗങ്ങൾ നിങ്ങൾക്ക് ദർശനംതരും. വഴിമാറിത്തരും. കാട്ടിൽ വനപാലകരുടെ ആയുധം അതുമാത്രമാണ്.
അവൾ കാട്ടിലേക്ക് മറഞ്ഞു എന്ന് ഉറപ്പാക്കിയ ശേഷം, ഭടൻ ഞങ്ങൾക്കുനേരേ തലയുലച്ചു. പിന്നെ സാവധാനം നടന്നകന്നു. പ്രസവത്തിനു തൊട്ടുമുമ്പുള്ള ഒരു വ്യാക്കൂണിനായി പെണ്ണിനെയും കൊണ്ടിറങ്ങിയ ആണൊരുത്തൻ്റെ ജാഗ്രതയാണ് കാട്ടിലേക്ക് തലയെടുത്തുപിടിച്ച് നടന്ന് മറയുന്നത്! നാട്ടിൽനിന്ന് എന്നേ അത് മടങ്ങിക്കഴിഞ്ഞു !!
” ഡെപ്യൂട്ടിക്ക് സല്യൂട്ട് കിട്ടിയല്ലോ!, നല്ല വരശാണ് സാറിന് !!” പോൾ പൊന്നൻ്റെ നാവ് പൊന്നാകട്ടെ എന്ന് മടങ്ങുമ്പോൾ ഞാൻ ആശിച്ചു.
റബ്ബർത്തോട്ടം പിന്നിട്ട് ജീപ്പ് എണ്ണപ്പനത്തോട്ടത്തിൽ എത്തിയിരിക്കുന്നു. ഞാൻ അവനെക്കുറിച്ചാണ് ആലോചിച്ചത്. ആ ഒറ്റയാൻ പോത്ത് അവിടെയുള്ളത് ആ കൂട്ടം അറിഞ്ഞിരിക്കുമോ ? അവരാരും പരിഗണിക്കാതിരുന്നിട്ടും അവൻ എന്തിനാണ് ഒരു സംരക്ഷകവേഷം കെട്ടിയത് – നമ്മുടെ വനപാലകരെപ്പോലെ ? അവൻ ഒരു മരമണ്ടനാണോ – വെറുമൊരു പോത്ത് ?
ഞങ്ങൾക്കു പകരം ഒരു കടുവയാണ് ചെന്നതെങ്കിലും അവർ ആ കൂട്ടത്തെ ഉപേക്ഷിമായിരുന്നില്ല എന്നതാണ് എൻ്റെ അനുഭവം !
കടുവയാണെങ്കിലും അവൻ മുക്രയിട്ട് അപ്പുറമുള്ള കൂട്ടത്തിന് മുന്നറിയിപ്പ് നൽകും. അവർ രക്ഷപെടുംവരെ പ്രതിയോഗിയെ നോക്കി അചഞ്ചനായി നിൽക്കും. മറ്റുള്ളവർ ഓടി രക്ഷപെട്ടോ എന്നറിയാൻ ചെവിമാത്രം വട്ടം പിടിക്കുന്നുണ്ടാകും!
പലപ്പോഴും കടുവയ്ക്ക് ഒറ്റക്കുതിപ്പിൽ അവൻ്റെ കഴുത്തിൽ പിടിമുറുക്കാനാകും. ഹൃദയത്തിൽ നിന്നും തലച്ചോറിലേക്കുള്ള രണ്ട് മഹാധമനികളിലാണ് (Carotid arteries) പിടിവീഴുക. ഒന്നു മുറിയുകയോ ഒരുതുള്ളി ചോരപോലും പൊടിയുകയോ ചെയ്യില്ല. ഭടൻ കുതറുകയോ അമറുകയോ ചെയ്യില്ല. ഒരു മഹാനിയോഗത്തിൻ്റെ ധന്യ പരിസമാപ്തിയുടെ ആത്മീയഭാവം അവനെ പൊതിയുന്നതായി തോന്നിയിട്ടുണ്ട്. തലച്ചോറിൽ രക്തപ്രവാഹം ലഭിക്കാതെ മസ്തിഷക്ക മരണം സംഭവിച്ച് കാടിൻ്റെ മടിയിലേക്ക് അവൻ തലചായ്ക്കും. ചോലക്കാടുകളിലും കുറിഞ്ഞിമേടുകളിലും നിന്ന് ഒരായുസ്സുകൊണ്ട് സമ്പാദിച്ച് മലപോലെ കൂട്ടിവെച്ച ഊർജശേഖരം ഒരാഴ്ചകൊണ്ട് കടുവയിലൂടെ, കാട്ടുപട്ടിയിലൂടെ, പുഴുവിലും പൂമ്പാറ്റയിലും കൂടെ പ്രകൃതിയിലേക്ക് തിരിച്ചൊഴുകും. അനാദിയായ കാടിൻ്റെ അതിജീവന രഹസ്യമാണത്.
വാഗ്ഭടനോട് സഹചരാദി സംയോഗ രഹസ്യം പറഞ്ഞവൻ മാത്രമല്ല ഇവൻ ! വനമേടുകളിലെ പുൽനാമ്പുകളെ മസ്സിൽക്കരുത്തിൻ്റെ ഊർജ്ജമലയായി കൊണ്ടു നടന്ന കർമ്മ ഭടൻ കൂടിയാണ്. ഇവൻ്റെ ശരീരത്തിലെ എണ്ണമിനുപ്പിൽ സഹചരാദി തൈലമല്ല തിളങ്ങുന്നത്! കടുവയ്ക്കു മുതൽ കാട്ടുചെടികൾക്കുവരെ കരുത്തുപകരാനുള്ള ചരാചരാദി തൈലമാണ് !!
ഓടുന്ന ജീപ്പിലിരുന്ന് ഞാൻ, നരച്ചു വെളുത്തുതുടങ്ങിയ എൻ്റെ കാക്കി സോക്സിലേക്ക് നോക്കി. അതിനു മുകളിൽ പാന്റിൽ നിന്നും ഊർന്ന മഴവെള്ള നനവ് പടർന്ന് എൻ്റെ കറുത്ത തൊലി മിനുങ്ങുന്നു. ഞാനും ഒരു കാട്ടുപോത്തല്ലേ !!
ജീപ്പ് ഓടിക്കുന്ന SFO സലിം എൻ്റെ ചിരി കാണരുത് ! ഞാൻ എണ്ണപ്പനകൾക്കു നേരേ തലതിരിച്ചിരുന്നു .