ജാതിമാഹാത്മ്യം
വഴുതക്കാട് വനം ആസ്ഥാനത്ത് ‘അരണ്യം’ മാസികയുടെ അസി. എഡിറ്ററായി ജോലി ചെയ്യുന്ന കാലത്താണ് അതിരപ്പിള്ളിയിലേക്ക് സ്ഥലം മാറ്റം ലഭിക്കുന്നത്. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ എന്ന നിലയിലുള്ള ആദ്യ കാടു കയറ്റം. അക്ഷരങ്ങളുടെ ഇടയിൽ നിന്നും ആനകളുടെ ഇടത്തേക്കുള്ള ഒരു കുട്ടിക്കരണം മറിയലാണിത്. സഹപ്രവർത്തകരിൽ പലർക്കും അത്ഭുതമായിരുന്നു. മാസിക കുഴപ്പമില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്ന ടീമിലെ അംഗത്തെ ആനക്കാട്ടിലേക്ക് വിടണോ ? ആനയും അക്ഷരവും തമ്മിലെന്തുബന്ധം !!
അങ്ങനൊരു ബന്ധമുണ്ട് സുഹൃത്തുക്കളെ.
മലയാളിക്കല്ലാതെ മറ്റാർക്കാണ് അക്ഷരമായ, അനശ്വരമായ ആ ബന്ധം മനസ്സിലാകേണ്ടത് ?
ആനയെ കണ്ടിട്ട് അക്ഷരം വരച്ചു തുടങ്ങിയവരാണ് നാം! അല്ലേ ? മലയാളിയെപ്പോലെ ഒരു മൃഗത്തിൻ്റെ രൂപത്തിൽ തങ്ങളുടെ ലിപി, അതും ആദ്യാക്ഷരം, രൂപപ്പെടുത്തിയ ഒരു ജനത ലോകത്തെവിടെയെങ്കിലും ഉണ്ടാകുമോ ? അത്, ആദിമ മലയാളി, താൻ ഉഴുതുമറിക്കാനും വിത്തെറിഞ്ഞ് വിള കൊയ്യാനും പോകുന്ന നാടിനോട് പുലർത്തിയ കൂറിൻ്റെ ഹരിശ്രീയായിരുന്നു. അന്ന് ഇന്നാട്ടിൽ 80% പ്രദേശം നിറവനങ്ങളായിരുന്നു. മലകളിലും താഴ്‌വരകളിലുമായി, പുൽമേട്ടിലും പുഴയോരങ്ങളിലുമായി നീണ്ടുപരന്നുകിടന്ന ആ പച്ചക്കടലിൽ മൈനാകങ്ങളായി ആനക്കൂട്ടങ്ങൾ മേഞ്ഞുനടന്നിരുന്നു. താൻ വെട്ടിപ്പിടിക്കാൻ പോകുന്ന നാടിൻ്റെ നേരവകാശികൾ. അതറിഞ്ഞ മലയാളക്കരയിലെ വിനീത ജന്മങ്ങൾക്ക് ആനകളെയല്ലാതെ മറ്റൊന്നിനേയും ആദ്യാക്ഷരത്തിലേക്ക് ആവാഹിക്കുവാൻ ആകുമായിരുന്നില്ല !
കാലംമാറി. കാടിൻ്റെ കനിവിൽ അന്നമുണ്ടവൻ്റെ പിൻതലമുറ, ആനയെന്നാൽ ക്ഷരമാകേണ്ട, മുടിഞ്ഞ് പണ്ടാരമടങ്ങേണ്ട ഒരു വരത്തനാണെന്ന്, ശല്യക്കാരനായ കൊല മൃഗമാണെന്ന്, പറഞ്ഞും എഴുതിയും തുടങ്ങി. അവൻ വലിച്ചിട്ട വൈദ്യുതിക്കമ്പയിൽ തുമ്പികുടുങ്ങി ആനകൾ മലയോരങ്ങളിൽ ചത്തുമലച്ചു. അവൻ നീട്ടിയെറിഞ്ഞു കൊടുത്ത പൈനാപ്പിളിലൊളിപ്പിച്ച തോട്ട അണയിൽപ്പൊട്ടിച്ചിതറി കവിൾ പിളർന്ന ആനകൾ മലയാളിയുടെ അക്ഷരത്തെറ്റുകളിലേക്ക് ചോരയും കണ്ണീരും വീഴ്ത്തി. കുടിയേറ്റ മേഖലകളിലേക്ക് മദമിളകിയ മാധ്യമ വെളിച്ചപ്പാടുകളുമായി ലൈവ് ടെലികാസ്റ്റ് വാനുകൾ നിരന്തരം സഞ്ചരിച്ചു തുടങ്ങി.
അങ്കമാലിയിൽ ട്രയിനിറങ്ങി പ്ലാൻ്റേഷൻ എന്ന് ബോർഡുവെച്ച ബസ്സിൽ കയറുമ്പോൾ ഒരു വ്യത്യസ്ത ലോകത്തേക്കുള്ള യാത്രയാണ് അതെന്ന് അറിഞ്ഞിരുന്നില്ല. വൃത്തിയുള്ള ടാർറോഡിന് ഇരുപുറവും റോഡിൽ നിന്നും അലകം പാലിക്കുന്ന വലിയ വീടുകളെ പ്രൈവറ്റ് ബസ് പിന്നോട്ടു തള്ളിക്കൊണ്ടിരുന്നു. ഗേറ്റിനപ്പുറം നടവഴിക്ക് ഇരുപുറവും നിരയായി നട്ട ജാതിമരങ്ങളുടെ തണലുപിറ്റിയാണ് ഓരോ വീടും നിൽക്കുന്നത് . ഏതോ അജ്ഞാത ഗുഹ്യരോഗം വന്ന ഡച്ചുകാരൻ്റെ വൃഷണംപോലെ, ജാതിക്കായ്കൾ പൊട്ടിപ്പിളർന്ന് ഉള്ളിലെ ചോരച്ചുവപ്പ് പുറത്തുകാട്ടി മരങ്ങളിൽ ഞാന്നുകിടക്കുന്നു. ഡച്ചുകാർ ഈ ചെറുമരത്തെ ഇതിൻ്റെ ചാർച്ചക്കാർ ധാരളമുള്ള നമ്മുടെ വനപരിസരത്തേക്ക് കൊണ്ടുവന്നത് ഇന്തോനേഷ്യയിൽ നിന്നാണ്. അവിടെ ബൻഡാ കടലിലെ ഏതാനും ദ്വീപുകളിലെ ദേശവാസിയായിരുന്നു (Endemic) നട്ട്മെഗ്ഗ് എന്ന ജാതിക്ക. അറബികൾ സ്വർണ്ണത്തേക്കാൾ വില വസൂലാക്കി ദിവൗഷധമായി പടിഞ്ഞാറെത്തിച്ചിരുന്ന ചോരപ്പത്രികളുടെ മരമാതാവിനെ ആദ്യം ഇവിടെ കണ്ടെത്തിയ കപ്പലോട്ടക്കാർ പോർച്ചുഗീസുകാരായിരുന്നു. അതും, ഗാമ കാപ്പാട്ട് കപ്പലിറങ്ങി ഒരു വ്യാഴവട്ടം തികയുമ്പോൾ. എവിടെയുമെന്നപോലെ ബൻഡൻ ദ്വീപിലെ സമാധാനപ്രിയരായ കർഷകരെ ആദ്യം കയ്യിലെടുത്തും പിന്നെ തോക്കു ചൂണ്ടിയും പറിങ്കികൾ ചൂഷണംചെയ്തു. അടുത്ത ഊഴം ഡച്ചുകാരുടേതായിരുന്നു. അവർ കർഷകരുമായി ഏറ്റുമുട്ടി. ഗത്യന്തരമിലാതെ കർഷകർ ഡച്ചുകപ്പൽ ആക്രമിച്ച് നിരവധി പടയാളികളെ കൊന്നു. അതിൻ്റെ പകയിൽ, 5000 മനുഷ്യർ ജീവിച്ചിരുന്ന ദ്വീപിലെ 4000 പേരെയും കൂട്ടക്കൊല ചെയ്താണ് ഡച്ചുകാർ ജാതിപത്രിയുടെ ചുവപ്പ്, നരനായാട്ടിൻ്റെ ചോരച്ചുവപ്പുകൂടിയാക്കി മാറ്റിയത്. ഇനി അന്നാട്ടിൽ അധികനാൾ തുടരാനാവില്ല എന്ന് ബോധ്യം വന്നപ്പോൾ ലന്തക്കാരുടെ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി, ബൻഡ ദ്വീപിലെ വിളഞ്ഞുമുറ്റിയ ജാതിക്കായകൾ തൈകളാക്കാൻവേണ്ടി മറ്റ് കോളനി മേഖലകളിലേക്ക് കടത്തിത്തുടങ്ങി.
ഹോർത്തൂസ് മലബാറിക്കസിലൂടെ വിഖ്യാതനായ കൊച്ചിയിലെ ഡച്ചു ഗവർണർ വാൻറീഡിയുടെയും മറ്റും കാലത്താവണമത്രേ, ചണച്ചാക്കിൽ നിറച്ച ജാതിക്കായകളുമായി ചെറുവള്ളങ്ങൾ ചാലക്കുടിപ്പുഴയിലൂടെയും പെരിയാറിലൂടെയും ഒഴുക്കിനെതിരെ നീങ്ങിയത്. വെട്ടിത്തിളങ്ങുന്ന ആ കറുത്ത കായ നമ്മുടെ കർഷകർക്ക് പരിചിതമായിരുന്നു. അവരുടെ പരിസരവനങ്ങളിലെ കാട്ടു ജാതിയിനങ്ങളുമായി ഏറെ സാമ്യമുള്ളതായിരുന്നു ആ കായും മരവും. നമ്മുടെ കാടുകളിൽ അരഡസനോളം ഇനം കാട്ടുജാതി മരങ്ങൾ സമൃദ്ധമായി വളരുന്നുണ്ട്. ചോരപ്പൈനും ഉണ്ടപ്പൈനും കൊത്തപ്പൈനുമൊക്കെ ആ ഗണത്തിൽപ്പെടും.
വനനീർത്തടങ്ങൾ സമൃദ്ധമായ കാടുകളിലാണ് ഇവ കൂടുതലും ഉള്ളത്. ഇവയെല്ലാം മിരിസ്റ്റിക്കേസ്യേ ( Myristicaceae) സസ്യകുടുംബത്തിലെ അംഗങ്ങളാണ്. വെള്ളം കെട്ടിനിൽക്കുന്ന വനച്ചതുപ്പുകളിൽ കൂട്ടമായി ഇവ കാണപ്പെടുമ്പോൾ അവിടം മിരിസ്റ്റിക്ക ചതുപ്പുകൾ എന്നറിയപ്പെടുന്നു. വെള്ളക്കെട്ടിൽ വളരുന്നതിനുള്ള അനുകൂലനങ്ങളാണ് മിരിസ്റ്റിക്ക കാടുകളെ അത്ഭുത വനങ്ങൾ ആക്കുന്നത്. വർഷം മുഴുവൻ നീരൊഴുക്കുള്ള അയഞ്ഞ മണ്ണിൽ നിൽക്കുന്ന മരങ്ങൾക്ക് ഊന്നു വേരുകൾ (Prop roots) ഉണ്ടാകും. വെള്ളക്കെട്ടിൽ വേരുകളുടെ ശ്വസനം തടസ്സപ്പെടാതിരിക്കാൻ ജലപ്പരപ്പിൽ നിന്നും മുകളിലേക്ക് വളഞ്ഞു പൊന്തിനിൽക്കുന്ന ശ്വസന മൂലങ്ങൾ കാവടി വേരുകളായി (Stilt roots) നിരന്ന് നമ്മെ വിസ്മയിപ്പിക്കും. തിരുവനന്തപുരം വനം ഡിവിഷനിലെ അരിപ്പക്ക് സമീപമുള്ള ശാസ്താനടയിലാണ് ഇന്ന് ഏറ്റവും വിശാലമായ കാട്ടുജാതിച്ചതുപ്പ് കേരളത്തിൽ ഉള്ളത്. കാട് വെട്ടിച്ചുട്ട്, 1962-ൽ പ്ലാൻ്റേഷൻ കോർപ്പറേഷന് റബ്ബർ വയ്ക്കാൻ കൈമാറും മുമ്പ് അതിരപ്പിള്ളിയിലെ വനതടങ്ങളിലും കാട്ടുജാതികൾ കൂട്ടമായി നിലനിന്നിരുന്നു എന്നുറപ്പാണ്. ഇവിടുത്തെ മണ്ണിൻ്റെയും മണ്ണിൻ്റെ മക്കളുടെയും ആ പാരമ്പര്യ ബലത്തിലാണ് വിദേശികൾ എത്തിച്ച പുതിയ ഇനം ജാതിമരങ്ങൾ ഇവിടുത്തെ കർഷകർ ഏറ്റെടുത്തത്. അവർ രണ്ടുകൈയ്യും നീട്ടി ആ വരത്തനെ സ്വീകരിച്ചതിനു പിന്നിൽ കാടിൻ്റെ സ്വഭാവത്തിനപ്പുറം മറ്റൊരു പ്രലോഭനം കൂടി ഉണ്ടായിരുന്നു – മതം !
1453 ൽ തുർക്കികൾ കോൺസ്റ്റാൻ്റിനെപ്പിൾ പിടിച്ചടക്കിയതോടെ യൂറോപ്പ് നടുങ്ങിപ്പോയി. ഇനി തുർക്കികളുടെ കഴുത്തറപ്പൻ മത-കച്ചവട ഭീകരതക്ക് വഴിപ്പെട്ട് ജീവിക്കണം. എങ്കിലേ കിഴക്കുനിന്നുള്ള ഔഷധങ്ങളും സുഗന്ധവ്യങ്ങഞ്ജനങ്ങളും തങ്ങൾക്ക് ലഭിക്കൂ. മഹാധമനി അടഞ്ഞു പോയ ഒരു രോഗാതുരനെപ്പോലെ മാർപ്പാപ്പയുടെ വിശ്വാസ രാഷ്ട്രങ്ങളാകെ പിടഞ്ഞ കാലമായിരുന്നു അത്. ഒടുവിൽ അതിസാഹസികനായ ഒരു പോർച്ചുഗീസ് നാവികൻ ഇന്ത്യയിലേക്കുള്ള കടൽവഴി കണ്ടെത്തി സാമൂതിരിയുടെ നാട്ടിൽ കപ്പലടുപ്പിച്ചു. യൂറോപ്പിനെയും തൻ്റെ വിശ്വാസികളെയും രക്ഷച്ച ഗാമയുടെ പോർച്ചുഗലിന്, പുതിയതായി കണ്ടെത്തിയ നാടുകളുടെ കച്ചവടക്കുത്തക നൽകുന്നതിന് പോപ്പ് നിക്കോളാസ് അഞ്ചാമന് സന്തോഷമേ ഉണ്ടായിരുന്നുള്ളു. കച്ചവടത്തെക്കൂടാതെ മറ്റൊരു കുഞ്ഞുജോലികൂടി പോപ്പ് പറിങ്കികളെ ഏല്പിച്ചു. മതപ്രചാരണം! അത് ഏറ്റവും സമൃദ്ധമായി നടന്ന ഇടങ്ങളിലൊന്നാണ് ഇവിടം. പറിങ്കികളെക്കാൾ സൗമ്യമായി അത് നിറവേറ്റിയവരാണ് ലന്തക്കാർ ( ഡച്ചുകാർ). അവർ കൊണ്ടുവന്ന ജാതിക്കായിൽ അങ്ങനെ പുത്തൻസത്യവിശ്വാസികൾ മതം കണ്ടെത്തി !!
ജാതിക്കാ പാകിക്കിളിർപ്പിച്ച് കൊന്തചൊല്ലിക്കൊണ്ട് അവർ കറുത്തവളമണ്ണിൽ അതുനട്ടു. മാസമുറയിലായ പെണ്ണുങ്ങളെ തൈകളുടെ അടുത്തേക്കുപോലും പോകാൻ അനുവദിക്കാതെ ജാതിയെ സിരകളിലെ വിശ്വാസംകൊണ്ട് ജ്ഞാനസ്നാനം ചെയ്തു. വിയർപ്പൊഴുക്കി മക്കളെപ്പോലെ പരിപാലിക്കുന്ന ജാതിമരങ്ങൾ, കാട്ടുമൃഗങ്ങൾ നശിപ്പിക്കാതിരിക്കാൻ ആഴികൂട്ടിയും റാന്തലിൻ്റെ ചുവട്ടിൽ ഉണർന്നിരുന്ന് പാട്ടകൊട്ടിയും കൂക്കിവിളിച്ചും അങ്കമാലിക്കാരും മലയാറ്റൂരുകാരും പെരുമ്പാവൂരുകാരും രാത്രികളെ പകലാക്കി. അവരുടെ അധ്വാനത്തിന് കൂട്ടായി, കാട്ടുജാതി മരങ്ങൾ തഴച്ചുവളരാൻ പാകത്തിൽ ചൂടും ജലസമൃദ്ധിയും ആവോളമുള്ള വനപ്രകൃതി കൂടെനിന്നു. അവരുടെ ചോര വിയർപ്പായി മണ്ണിൽ വീഴുന്നത് നേരിൽക്കണ്ടും, സ്വന്തം ചൂണ്ടുവിരൽത്തുമ്പുകൊണ്ട് തൊട്ടുവിശ്വസിച്ചും മലയാറ്റൂർ മുടിയിലെ പൊന്നുംകുരിശുമുത്തപ്പൻ ഓരോ ജാതിമരത്തെയും പൊന്നുകായ്ക്കുന്ന ഹരിതാത്ഭുതങ്ങളാക്കി മാറ്റി!
സുഗന്ധവ്യഞ്ജനം എന്നതിനപ്പുറം, സംഹാരത്തിൻ്റെ മഹാമാരിയായ പ്ലേഗിനുള്ള ഔഷധം എന്ന യൂറോപ്യൻ വിശ്വാസത്തിൻ്റെ പെരുമയും പേറിയാണ്, സാളഗ്രാമങ്ങളെപ്പോലെ കറുത്തുമിനുത്ത ജാതിക്കയും ബൻഡൻ കർഷകഹത്യയുടെ കഥ പറയുന്ന ചോരച്ചുവപ്പുള്ള ജാതിപത്രിയും കാളവണ്ടികളിൽ മട്ടാഞ്ചേരിയിലെത്തി യൂറോപ്പിലേക്കുള്ള പായ്ക്കപ്പൽ കാത്തുകിടന്നത്.
അവിടെ മട്ടാഞ്ചേരി പാണ്ടികശാലകളിൽ ചണച്ചാക്കിൽ നിന്ന് പുറത്തേക്ക് തലനീട്ടിയ ജാതിയുടെ സന്തതികൾക്ക് കായലിനപ്പുറം വൈപ്പിൻ ദ്വീപ് കാണാമായിരുന്നു.
‘ ജാതി വേണ്ടാ, മതം വേണ്ടാ, ദൈവം വേണ്ടാ, മനുഷ്യന് “എന്നു പറഞ്ഞ സഹോദരൻ അയ്യപ്പൻ പിറക്കാനിരിക്കുന്ന നാട്ടിലേക്ക് നോക്കി രാജ്യങ്ങൾ തമ്മിലുള്ള കോളനി മത്സരങ്ങൾക്കും മഹായുദ്ധങ്ങൾക്കും അന്തമില്ലാത്ത നരഹത്യകൾക്കും കാരണമായ ജാതിക്കായും ജാതിപത്രിയും എത്ര ചിരിച്ചിട്ടുണ്ടാകും ? ജാതി വേരോടെ പിഴുതു കളയണം എന്ന നാരായണ ഗുരുവിൻ്റെ വചനം അറിയാതെയെങ്ങാനും പറഞ്ഞു പോയാൽ അടികിട്ടാൻ സാധ്യതയുള്ള ഇടത്തൂടിയാണ് ഞാൻ ഇപ്പോൾ യാത്ര ചെയ്യുന്നത്.
വണ്ടി അയ്യമ്പുഴ കടന്നിരിക്കുന്നു. ചുറ്റും റബ്ബർത്തോട്ടമാണ്. കാടുവെട്ടിച്ചുട്ട് പ്ലാൻ്റേഷൻ കോർപ്പറേഷൻ ഉണ്ടാക്കിയ തോട്ടങ്ങൾ. ഇനിയും 16 കിലോമീറ്റർ ഇങ്ങനെ പോയാലേ അതിരപ്പിള്ളി ഫോറസ്റ്റ് സ്റ്റേഷനിൽ എത്തൂ. അധികം കയറ്റിറക്കമില്ലാത്ത പ്രദേശങ്ങൾ. നിറയെ ജലസമൃദ്ധി. ടാർറോഡ് വക്കിലെ റബ്ബർ മരങ്ങൾ, ജന്മനാടായ ബ്രസീലിലേക്ക് മടങ്ങാൻ വല്ല വണ്ടികിട്ടുമോ എന്ന ആകാംഷയിൽ റോഡിലേക്ക് പരമാവധി തലയും ചായ്ച്ച് നോക്കിനിൽപ്പാണ്.
നമ്മുടെ നാട്ടിൽ രാഷ്ട്രീയ ഭിക്ഷാംദേഹികൾ സ്വന്തം കാര്യസാധ്യത്തിനായി തുടങ്ങിയ കോർപ്പറേഷനുകളിൽ ഒന്നാണ് പ്ലാൻ്റേഷൻ കോർപ്പറേഷനും. തൊഴിലാളികളുടെ പേരു പറഞ്ഞ് അവർ കാടുവെട്ടിത്തെളിച്ച് റബ്ബറും കശുമാവും എണ്ണപ്പനയും അടക്കമുള്ള വിദേശ വിളകൾ വച്ചുപിടിപ്പിച്ചത് കണ്ണായ വനമേഖലകളിലാണ്. കാട് നൽകുന്ന പ്രത്യക്ഷസേവനത്തെക്കുറിച്ചോ അതിൻ്റെ പാരിസ്ഥിതിക മൂല്യത്തെക്കുറിച്ചോ ഒരു പഠനവും നടത്താതെയുള്ള തൊഴിൽ സംരംഭ വങ്കത്തരങ്ങളിലൊന്ന് . സ്വകാര്യ സംരംഭങ്ങളായിരുന്നതിനാൽ ചാലിയാറിനെക്കൊന്ന ഗ്വാളിയർ റയോൺസും പ്ലാച്ചിമടയിലെ കൊക്കക്കോളയും പൊളിഞ്ഞടുങ്ങി മടങ്ങിപ്പോയി. രാഷ്ട്രീയ മുതലാളിമാരുടെ കയ്യിലായതിനാൽ ഈ തോട്ടങ്ങൾക്ക് ഇനി മടക്കമില്ല ! തോട്ടം വന്നപ്പോൾ തൊഴിലാളികൾക്ക് തൊഴിലും സ്ഥിര വരുമാനവും ഉണ്ടായി എന്നത് സത്യമാണ്. പക്ഷേ അവർ സമൂഹത്തിൻ്റെ മുഖ്യധാരയിൽ നിന്നോ സ്വന്തം കുടുംബത്തിൽ നിന്നോ അകന്നുപോവുകയും അവരുടെ മക്കൾ വിദ്യാഭ്യാസപരമായി പിന്നോക്കം പോവുകയും ചെയ്തു.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആനത്താരകളുണ്ടായിരുന്ന ഇവിടുത്തെ നിബിഢവനങ്ങൾ നിലനിർത്തുകയും ഇക്കോടൂറിസം അനുവദിക്കുകയും ചെയ്തിരുന്നെങ്കിൽ, ലോകത്തിലെ ഒന്നാംനമ്പർ വന്യജീവി സഫാരി മേഖലയായി അതിരപ്പിള്ളി വാഴച്ചാൽ വനങ്ങൾ മാറുമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. യഥാർത്ഥത്തിൽ അതിന്നും സാധ്യമാണ്.10 -15 വർഷം റോഡുകൾ മാത്രം അറ്റകുറ്റപ്പണി ചെയ്ത് അടിക്കാട് വെട്ടാതെ വിട്ടാൽ ഇവിടം ഒന്നാന്തരം വനമാകും.
ആയിരക്കണക്കിന് ഏക്കർ വരുന്ന ഈ വനമേഖല മണ്ണിൽനിന്നും മലയാളിയുടെ മനസ്സിൽ നിന്നും എന്നേക്കുമായി മാഞ്ഞുപോയിട്ടുണ്ട്. എന്നാൽ ആ വനവിന്യാസ ബോധം തലച്ചോറിൽ കൊണ്ടുനടക്കുന്ന ആനകളും മറ്റ് വന്യജീവികളും തങ്ങളാൽ ആവുംവിധം റബ്ബർ മരങ്ങൾക്കും എണ്ണപ്പനകൾക്കും അതിനെ ആശ്രയിക്കുന്ന മനുഷ്യർക്കുമെതിരെ പോരാട്ടം നടത്തി കാട് തിരിച്ചു പിടിക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു എന്നത് നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.
വണ്ടി വളവുകൾ പിന്നിടുമ്പോൾ പഴയ വനചതുപ്പുകളുടെ അവശേഷിപ്പുകൾ അവിടവിടെ റബ്ബർ മരങ്ങളില്ലാതെ കുഴിയിടങ്ങളായി കിടക്കുന്നത് കണ്ടു. കാട്ടിലെ ഇത്തരം ചതുപ്പിടങ്ങളിൽ കാട്ടുജാതി മരങ്ങൾ കൂട്ടത്തോടെ വളരും. പുഷ്പിക്കുന്ന വൃക്ഷങ്ങളിലെ ആദിമവംശക്കാരാണത്രേ ഇവർ. സസ്യജീവിതം ജലത്തിൽ നിന്നും കരയിലേക്ക് കുടിയേറിയതിൻ്റെ ആദിമകഥ ഇന്നും പറയുന്നവർ. ആ കഥയുടെ അവസാന വരികളിൽ എവിടെയോ ആണ് മനുഷ്യൻ എന്നപദം ആദ്യമായി കുറിക്കപ്പെട്ടത്. ദൂരെ ചാലക്കുടിപ്പുഴയിൽ നിന്ന് കാടുകടന്നുവന്ന കാറ്റ് എന്നെ ഒരു ചെറുമയക്കത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി…
ഞാൻ കാട്ടിലൂടെ നടന്ന് ഏതോ ജാതിച്ചതുപ്പിൽ എത്തിയിരിക്കുന്നു. ഇലമൂടിയ അയഞ്ഞ കറുത്ത മണ്ണിലൂടെ ചില്ലായി ഒഴുകുന്ന വെള്ളത്തിൽ ഒരു മരതകക്കൊട്ടാരം പ്രതിഫലിക്കുന്നു. ഒരു കൈ വെള്ളമെടുത്ത് മുഖം കഴുകാൻ കുനിഞ്ഞു. മണ്ണിലതാ ചില ചെറുഞണ്ടുകൾ എന്നെ തുറിച്ചുനോക്കി നോ എന്ന് പറയും പോലെ കുഞ്ഞിക്കൈകൾ ഉയർത്തി നിൽകുന്നു. ഒരു കുളക്കോഴി തൻ്റെ പ്രതിഷേധം പ്രകടിപ്പിച്ച് പറന്നുപോയി. അതു വകവയ്ക്കാതെ ഒരു കൈക്കുമ്പിൾ വെള്ളം ഞാൻ കോരിയെടുത്തു. ആ തണുപ്പ് ഒരു വൈദ്യുതാഘാതം പോലെ എന്നെ പിടിച്ചുലച്ചു. ഞാൻ കല്പാന്തങ്ങളെ മറികടക്കുകയാണ്… ജലാധിവാസിയായ ഒരു മഹാവൃക്ഷത്തിനടുത്താണ് ഞാനിപ്പോൾ. താങ്ങുവേരുകളിൽ കൊടുംകൈയ്യും കുത്തി, പരന്നൊഴുകുന്ന ജലപ്പരപ്പിൽ അനന്തശനയനത്തിലാണവൻ! മാമുനിമാരുടേത്പോലെ എണ്ണമറ്റ കാവടിവേരുകളുടെ തൊഴുകൈകളാണ് ചുറ്റും.
“പത്മനാഭോ മരപ്രഭു .. ” ഞാൻ മനസ്സറിയാതെ മന്ത്രിച്ചു.
തിരുവരങ്ങിലെ പാണൻ്റെ കടുന്തുടിയല്ലേ ആ മുഴങ്ങുന്നത് ? ഞാൻ ജാഗ്രതയിലായി.
അല്ല, കണ്ടക്ടർ തോളിൽ തട്ടിയതാണ്.
” ഒമ്പതാം ബ്ലോക്കാണ്. ദാ, താണ് ഫോറസ്റ്റ് സ്റ്റേഷൻ “
ഞാൻ ബാഗുമെടുത്ത് അതിരപ്പിള്ളിയിലേക്ക്, ആനകളുടെ അത്ഭുത ഭൂമിയിലേക്കിറങ്ങി.