കാട് കാതിൽ പറഞ്ഞത് – 16

ആന…ആന…

കാട്ടിലെ എത്രയോ കാൽനടയാത്രകളിൽ മുഴങ്ങിക്കേട്ട മുന്നറിയിപ്പാണത്. പലപ്പോഴും ആശങ്കയുടെ ആ അടക്കംപറച്ചിലിന് മുമ്പോ തൊട്ടു പിന്നാലെയോ ചെവിയിലൂടെ ഇരമ്പിയാർത്തു വന്ന് ഹൃദയത്തെ വരിഞ്ഞു മുറുക്കുന്ന ഒരു 110 ഡസിബൽ ചിന്നംവിളിയോ വാഴവെട്ടിയിട്ടതുപോലെ തുമ്പികൈകൊണ്ട് മണ്ണിലുള്ള ഒരു ഉക്കൻ അടിയോ ഉണ്ടാകും. അതുകഴിഞ്ഞേ കാട് ഇരമ്പിത്തുള്ളുകയും വനമണ്ണ് വിറകൊള്ളുകയും ചെയ്യൂ !

മലയാളി ഏറ്റവുംകൂടുതൽ കേട്ട മൃഗപുരാണം ആനയുടേത് തന്നെയാണ്.

ഞാനും ചിലതൊക്കെ പറഞ്ഞുകഴിഞ്ഞു. ഇനിയെന്ത് ആനക്കാര്യമാണ് വിളമ്പാനുള്ളത് എന്നു തോന്നിയേക്കാം. ഇക്കുറി ആനക്കാര്യമല്ല, അപാരമായ ആ ശരീരത്തിൽ പ്രകൃതി ചേർത്തുവെച്ച പരമമായ ദാരിദ്രത്തിൻ്റെയും പരിമിതികളുടെയും ആവലാതികളാണ് പറയാനുള്ളത്. രണ്ടാമൂഴത്തിലെ ഭീമൻ്റെ ഉൾമുറിവുകൾപോലെ, കണ്ണീരുപ്പ് പറ്റിപ്പിടിച്ച ആ നീറുന്ന നേരുകൾ അനുകമ്പയുള്ളവർ അറിഞ്ഞിരിക്കേണ്ടതാണ്.

സന്നിധാനം ഡെപ്യൂട്ടി റെയ്ഞ്ചറായിരിക്കുമ്പോൾ,കാടിൻ്റെ ഈശ്വര ചൈതന്യത്തെ കാണാൻപോകുന്ന അതേ ദർശനനിർവൃതി തേടിയാണ് നാലാംമയിലിൽ നിന്നും കാടുകയറി വലത്തേക്ക് പോയിട്ടുള്ളത്. ഭാരിച്ച ബാരിക്കേഡ് പൈപ്പ് എടുത്തുമാറ്റി വാച്ചർ നമ്മെ ഉള്ളിലേക്കു കടത്തിവിട്ടാൽ മിക്കവാറും ഒരു കിലോമീറ്ററെത്തുംമുമ്പേ, ശകുനലക്ഷണം പഠിച്ചിട്ടെന്നവണ്ണം മ്ലാവുകൾ വെളുത്ത പൃഷ്ടംകാട്ടി, തല നമുക്ക് നേരെ തിരിച്ച് ശുഭയാത്ര നേർന്ന് നിൽക്കുന്നത് കാണാനാകും. ശകുനം എന്ന അന്ധവിശ്വാസം ഏതോ പഴയകാല റെയ്ഞ്ചർ തുടങ്ങിവെച്ചതാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിൻ്റെ പകുതിവരെ കാട്ടിൽ കിട്ടിയിരുന്നതൊക്കെയാണ് നല്ല ശകുനമായി രേഖപ്പെടുത്തിയിട്ടുള്ളത് !!

ചുറ്റും വലിയ മരങ്ങളാണ്, മിക്കവാറും മണിമരുതും തേമ്പാവും. കാട്ടുമരങ്ങളിൽ എനിക്കേറെ ഇഷ്ടം തേമ്പാവിനോടണ്. ശിശിരത്തിൽ, അടിമുടി നീലഭസ്മമണിഞ്ഞ ഏതോ മഹായോഗിയുടെ ചേലുണ്ടതിന്. വേനലായാൽ, കാട്ടുതീയിൽ വെന്ത് വെടിച്ചകീറി ചാരംമൂടിയ പുൽമേട് പോലെ അത് അസ്വസ്ഥതപ്പെടുത്തും. ചെറുമരങ്ങൾക്കും വള്ളികൾക്കും അടിക്കാടിനും വളരാനുള്ള ഇടംകൂടി ഇത്തരം മരങ്ങൾ വിട്ടു നൽകുമ്പോൾ കാട്, അതു പൊഴിക്കുന്ന ശബ്ദധോരണിപോലെ കാഴ്ച്ചയിലും സംഗീത സാന്ദ്രമാകുന്നുണ്ട്. ആകാശംമൂടുന്ന അവയുടെ ഘനമേലാപ്പിൻ്റെ വശങ്ങളിൽ മരവാഴകൾ അലങ്കാരത്തോരണങ്ങൾ തൂക്കിയിട്ടുണ്ടാകും. വനവഴിയിൽ കൊഴിഞ്ഞ കരിയിലകൾക്കിടയിൽ നിന്നും സപ്തസോദരിമാർ ( Seven sister birds) എന്നു ചെല്ലപ്പേരുള്ള കാട്ടു കരിയലക്കിളികൾ പാടിപ്പറന്നകന്ന് നമുക്ക് വഴിയൊരുക്കും. നമ്മുടെ സംസാരത്തിൻ്റെയോ കരിയിലയിലെ പാദപതനത്തിൻ്റെയോ ശബ്ദമാലിന്യത്തിൽ അലോസരപ്പെട്ട കരിമന്തികൾ മരങ്ങളിൽ നിന്ന് മരങ്ങളിലേക്ക് വലുപൊക്കി പറന്നുവീണു മറയും.

കാടിൻ്റെ ചരിഞ്ഞ വിതാനത്തിൽ ആഴത്തിൽ കട്ടിങ്ങുകൾ വെട്ടിയിറക്കിയാണ് ജീപ്പ് റോഡ് ഉണ്ടാക്കിയിട്ടുള്ളത്. മുമ്പ് മകരവിളക്കു സമയത്ത് ഇതുവഴി ചെറിയ ബസ്സുകൾ സർവ്വീസ് നടത്തിയിരുന്നു. ഉയർന്ന മൺതിട്ടയുടെ വശങ്ങളിൽ മരവേരുകളുടെ പെടാപ്പാട് കണ്ടാൽ ചിരിവരും. പുല്ലുമേട്ടിലെ ആനകൾ വനപാലകരെക്കാണുമ്പോൾ കൂട്ടത്തിലെ പൊടിമക്കളെ തുമ്പികൈകൊണ്ട് ചേർത്തുപിടിക്കുന്നതുപോലെയാണ് മരങ്ങളുടെ വൻവേരുകൾ റോഡിലേക്ക് വീണു പോകാതിരിക്കാൻ മൺതിട്ടകളെ പൊതിഞ്ഞുചേർത്ത് പിടിക്കുന്നത് ! ആൾപ്പൊക്കമുള്ള വേരുകൾ ( വേടുകൾ ) കൂട്ടിമുട്ടിച്ച് ചീനിമരങ്ങൾ ഉണ്ടാക്കിയ മഴക്കുഴികൾ കാണുമ്പോഴും പരിഹാസംപുരണ്ട ഇതേ ദാർശനികമായ ചിരി ഉള്ളിൽ കുരുത്തിട്ടുണ്ട് – മണ്ണും ജലവുമൊക്കെ സംരക്ഷിക്കുന്നതിൽ മനുഷ്യൻ വലിയ കേമനാണത്രേ ! നല്ല കഥയായി !!

ഉപ്പുപാറയിലേക്കുള്ള പുല്ലുമേട് വഴിയിൽ താവളത്തിന് ഇടതുവശം ഒരു ചാലുണ്ട്. ഇവിടെ എത്തുമ്പോഴൊക്കെ ശ്വാസംമുട്ടും. 2011-ൽ തിക്കിലുംതിരക്കിലും വീണ് ചവിട്ടേറ്റ് ശ്വാസംമുട്ടിയും കഴുത്തൊടിഞ്ഞും 106 തീർത്ഥാടകർ മരിച്ച ഇടമാണിത് ! ആ ശ്മശാന മണ്ണിൽ അർപ്പിക്കാനെന്നവണ്ണം നിറയെ വയലറ്റ് പൂക്കളുംപേറി ചാലിൻ്റെവശങ്ങളിൽ കാട്ടുകദളികൾ തലകുനിച്ച് നിരന്നുനിൽക്കുന്നുണ്ട്. ഓന്നോ രണ്ടോ ജോഡി തിത്തിരിപ്പക്ഷികൾ പകൽ മുഴുവൻ തോടിൻ്റെ ഓരത്ത്
തൈത്തിരീയ ഉപനിഷത്തിലെ ശാന്തിമന്ത്രങ്ങൾചൊല്ലി ആത്മീയതയുടെ പൊരുൾ കൊത്തിപ്പെറുക്കുന്നതും കാണാനാകും. മിക്കവാറും ചാലിനക്കരെ ആനക്കൂട്ടമോ കാട്ടുപോത്തുകളോ ഉണ്ടാകും. ‘സഹനാവവതു ‘ എന്ന മന്ത്രാർത്ഥമറിഞ്ഞവരെപ്പോലെ പലപ്പോഴും രണ്ടുകൂട്ടരേയും അടുത്തടുത്തും കാണാറുണ്ട്.

ഇക്കുറി അഞ്ച് ആനകളുടെ ഒരു കൂട്ടമാണ് അവിടെയുള്ളത്. തലൈവിയാണ് തോടിനു സമീപം നിൽക്കുന്നത്. എത്ര ശാന്തമായാണത് അവ മേയുന്നത് !
‘മാ വിദ്യുഷാവഹൈ’ എന്നത് തിത്തിരികൾ ഇവരെയും പഠിപ്പിച്ചിട്ടുണ്ടാകുമോ ? ഒരു കുട്ടിയടക്കം നാലുപേർ അല്പം മാറിയാണ് നിൽക്കുന്നത്. കൺകുളിർക്കെ അവരെ കണ്ടുനിന്നു. ആ നയന പൂജക്കിടയിലാണ് പ്രകൃതി ആനയോടു കാട്ടിയ വലിയ ഒരന്യായം കണ്ണിൽപ്പെട്ടത് !

അഞ്ചാനകളെ ഒന്നിച്ച് ആദ്യമായി കാണുന്നത് ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് – ചങ്ങനാശ്ശേരി പുതൂർപ്പള്ളിയിലെ ചന്ദനക്കുടത്തിന്. രാജാ കേശവദാസൻ ചങ്ങനാശ്ശേരി മാർക്കറ്റ് പണിയുമ്പോൾ മാർക്കറ്റ് റോഡിന് നിശ്ചയിച്ച വീതി, അഞ്ച് ആനകൾക്ക് നിരന്നു നടക്കാനാകണം എന്നതായിരുന്നത്രേ. പിന്നീടിങ്ങോട്ട് കോളേജ് കാലം കഴിയുംവരെ, ചന്ദനക്കുട ഘോഷയാത്രയിൽ, പെട്രോമാക്സിൻ്റെയും തീവെട്ടികളുടെയും വെളിച്ചത്തിൽ കുളിച്ച്, തെറിച്ച ഗർവ്വും മസ്തകങ്ങളുമായി തെരുവുനിറഞ്ഞ് ആടിയുലഞ്ഞ് നടക്കുന്ന ആനകളെയും ഗജഗാമിനികളെയും കണ്ട് മതിയാകാതെയാണ് രാത്രി വൈകി പെരുന്നയിൽ നിന്നും വീട്ടിലേക്ക് മടങ്ങിയിട്ടുള്ളത് !

വടക്കുംനാഥൻ്റെ നടയിലും ഗുരുവായൂർ ആനക്കോട്ടയിലും ആനകളെ കണ്ടുതുടങ്ങുമ്പോൾ ആലോചനകളിലെ അളവുകോൽ, പാലകാപ്യ മുനിയിൽ നിന്നും തിരുമംഗലത്ത് നീലകണ്ഠൻ മൂസ്സിൽനിന്നും കടംകൊണ്ടതായിരുന്നു. പാകാപ്യത്തിൽ ഗജോല്പത്തിയും ഗജചികിത്സയും മുനി നിർദ്ദേശിച്ചത് ക്രിസ്തുവിനും മുമ്പ് ആണത്രേ ! മൂസ്സിൻ്റെ മാതംഗലീലയിൽ ഗജലക്ഷണങ്ങൾ നിർദ്ദേശിച്ചിട്ട് 1000 വർഷമെങ്കിലുമായി.

എടുത്തുപിടിച്ച വിരിഞ്ഞ മസ്തകം; താഴ്ന്നുയർന്ന തലക്കുനി; വശങ്ങളിൽ താമ്രവർണ്ണമുള്ള വിശാലവും കീറലില്ലാത്തതുമായ ചെവികൾ; വീണുയർന്ന വിരഞ്ഞ കൊമ്പുകൾ ; നിലത്തിഴയുന്ന തുമ്പി ; തേൻ നിറമുള്ള കണ്ണുകൾ; കാലിൽ അഞ്ചു വീതം മുല്ലപ്പൂ നഖങ്ങൾ; രോമം നിറഞ്ഞ നീണ്ട വാല് അങ്ങനെ അങ്ങനെ…
ഒന്നൊഴികെ എല്ലാം OK ആയിരുന്നു. ആനവാൽ … അതു മാത്രം സംശയമായി മനസ്സിൽ ചലിച്ചുകൊണ്ടിരുന്നു.

നാട്ടിൽ ആനയെ കാണുമ്പോഴൊക്കെ കരുതിയത് അതിൻ്റെ വാലിൻ്റെ ഒരു വശത്തെ രോമക്കുറവിനു കാരണം, ആനവാൽ മോതിരത്തിനായി പാപ്പാന്മാർ വാൽമുടി കടിച്ചു മുറിച്ചെടുക്കുന്നതിനാൽ (ആനവാൽമുടി കത്തികൊണ്ട് മുറിച്ചെടുക്കരുതു പോലും) ഉണ്ടായതാണ് എന്നായിരുന്നു. മാതംഗലീല പോലും നിശബ്ദതപാലിച്ച ഈ തെറ്റിധാരണക്കാണ് ഇവിടെ താവളത്ത്, ചാലിനക്കരെ നിൽക്കുന്ന ആനകൾ പരിഹാരം പറഞ്ഞുതരുന്നത് !!

പാപ്പാന്മാർ കടിച്ചെടുന്നതല്ല, കാട്ടിൽ നിൽക്കുന്ന ആനയുടെയും വാലറ്റത്ത് മുകളിൽ കാര്യമായി വാൽമുടിയില്ല ! തലൈവിയുടെ വാലുകണ്ട് വിശ്വാസം വരാതെ മറ്റുള്ളവരെയും ശ്രദ്ധിച്ചു. നോ രക്ഷ !!

ആലോചിക്കും തോറും അത്ഭുതം കൂടിക്കൂടി വന്നു. 3000 കിലോഗ്രാമുള്ള ഈ ശരീരത്തിൽ 3 ഗ്രാം വാൽമുടി വെക്കാൻ പ്രകൃതി മറന്നതെന്താണ് ?
തുമ്പിത്തുമ്പുമുതൽ കാൽ നഖംവരെ ധാരളിയെപ്പോലെ വാരിക്കോരി നൽകിയിട്ട് അവസാനം വല്ല ക്ഷാമവും ജനിതകത്തിൻ്റെ അക്ഷയ പാത്രത്തിൽ സംഭവിച്ചിരിക്കുമോ ?

ഉത്തരം ആ വാൽ തന്നെ കാട്ടിതന്നു. ആനവാൽ ഇളകുമ്പോൾ വാലിൻ്റെ അടിഭാഗത്തെ രോമങ്ങൾ മാത്രമേ വണ്ടിയുടെ വൈപ്പറിലെ റബ്ബർ ബ്ലെയ്ഡ് പോലെ ശരീരത്തിൽ ഉരസുന്നുള്ളൂ !!

ഒട്ടും ലഘുവായിരുന്നില്ല ആ തിരിച്ചറിവ്. ഒരു മഹാകായത്തിൻ്റെ വാൽത്തുമ്പിലെ രോമം പോലും അനിവാര്യമായ ഉപയോഗത്തിനുള്ളത് മാത്രം വിന്യസിക്കുന്ന പ്രകൃതിയുടെ സൂഷ്മത ! ജൈവ വൈവിധ്യത്തിൻ്റെ അങ്ങേത്തുമ്പിലെ ഒരു കുഞ്ഞു സ്പീഷീസുപോലും ഏതോ അനിവാര്യതക്കു വേണ്ടി പ്രകൃതി സൂക്ഷ്മമായി വിന്യസിച്ചതാണ് എന്ന വിളംബരം ! അനാവിശ്യമായ ഒരു മുടിയും ( അത് തമിഴിൽ വായ്ക്കാൻ അപേക്ഷ ) പ്രകൃതിയിലില്ല എന്ന് “കാട്ടിൽ മതി കാട്ടുനീതി”
എന്നലറുന്ന ഭോഷ്ക്കൻമാരോട് വാൽഭാഗം കാട്ടി വിളിച്ചു പറയുകയാണ് കാട്ടാനകൾ !! ഭൂമിക്ക് വേണ്ടാത്തത് ഉണ്ടാക്കാൻ നിൻ്റെ തന്തയല്ല എൻ്റെ തന്തയെന്നും !!

ആത്മഹർഷത്തോടെ ഉപ്പുപാറയിലേക്ക് നടക്കുമ്പോൾ ഇരുവശത്തെയും മേടുകളിൽ എൻ്റെ കൈകളെ അനുകരിച്ച് പുൽത്തിളിർപ്പുകൾ എഴുന്നുനിന്നു. അപ്പോഴൊക്കെ അവിടങ്ങളിലാകെ നിരയിട്ട കണ്ണാന്തളിപ്പൂവുകൾ, കണ്ണെടുക്കാതെ ആനച്ചന്തം നോക്കിനിൽക്കുന്നുണ്ടായിരുന്നു. ചങ്ങനാശ്ശേരിയിലെ ചന്ദനക്കുടത്തിന് പോകാൻ കഴിയാത്തിൻ്റെ നിരാശ നീലനിറത്തിൽ പൂക്കളുടെ കൺകോണിൽ തളംകെട്ടിക്കിടന്നു !! ‘എല്ലാം ഓമനേ ദൈവസങ്കല്പം’ എന്ന് ആശാനെ ഏറ്റുപാടി ഞാൻ മുന്നോട്ടു നടന്നു.

ആനയെ പ്രകൃതി ചതിച്ചത് മറ്റൊരിക്കൽ ശ്രദ്ധിച്ചത് അതിരപ്പിള്ളിയിൽ വെച്ചാണ്. ഏഴാറ്റുമുഖം പാലത്തിന് 4 കിലോമീറ്റർ മുകളിലായി ചാലക്കുടിപ്പുഴയിൽ ഒരാന ഇറങ്ങിനിൽപ്പ് തുടങ്ങിയിട്ട് രണ്ട് ദിവസമായി. കക്ഷി കരക്കു കയറുന്നില്ല. ഒരു വശത്ത് നിറഞ്ഞ കാടുകളാണ്. മറുവശം എണ്ണപ്പനത്തോട്ടവും അതിനു പിന്നിലായി റോഡും. മൂന്നാം ദിവസം ഞങ്ങൾ പ്ലാൻ്റേഷൻ കോർപ്പറേഷൻ്റെ എണ്ണപ്പനത്തോട്ടത്തിലൂടെ ചെന്ന് ഒച്ചയുണ്ടാക്കിയും പടക്കം പൊട്ടിച്ചുമൊക്കെ ആനയെ കാട്ടിലേക്ക് കയറ്റിവിടാൻ ശ്രമിച്ചു. രക്ഷയില്ല. അതിനിടയിലാണ് അത് കണ്ടത്. ആനയുടെ പിൻഭാഗം നീരുവന്ന് വീർത്ത് പുറത്തേക്ക് തള്ളിനിൽക്കുന്നു. പുറത്തുപോകാൻ കഴിയാത്ത കുറച്ചു പിണ്ടം അതിൽ ഞെരുങ്ങി നിൽക്കുന്നു ! ഇരണ്ടകെട്ടാണ് !! അതിൻ്റെ വേദന മാറുന്നതിനോ എങ്ങനെയെങ്കിലും വിസർജിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായോ ആണ് വെള്ളത്തിലെ നില്പ്. ഒരുപക്ഷേ മീനുകൾ തന്നെ സഹായിക്കും എന്നും ആന കരുതുന്നുണ്ടാകാം. ആന അവശനാണ് എന്നറിയിച്ചപ്പോൾ റെയ്ഞ്ച് ഓഫീസർ റഹിംകുട്ടി സാർ വന്നുകണ്ട് ഡോക്ടറെ വിളിക്കാൻ ഏർപ്പാടാക്കി. രാത്രി നിരീക്ഷണത്തിന് രണ്ട് സ്റ്റാഫിനെ ചുമതലപ്പെടുത്തി സ്റ്റേഷനിലേക്ക് മടങ്ങി.

പിറ്റേന്ന് നേരംവെളുത്തപ്പോൾ പത്രങ്ങളിൽ മുൻപേജിൽ 4 കോളം കളർ വെണ്ടയ്ക്ക ! ‘അവശനായ ആന പുഴയിൽ, നോക്കുകുത്തിയായി വനം വകുപ്പ് ‘

പഷ്ട് !!

ഇന്നലെ മുഴുവൻ അതിനെ കാട്ടിലേക്ക് കയറ്റിവിടാൻ ഞങ്ങൾ ശ്രമിക്കുമ്പോൾ കൂടെനിന്ന് എല്ലാംകണ്ട് വിവരങ്ങൾ തിരക്കി, ചായയും പഴംപൊരിയും വാങ്ങിത്തിന്ന് മീശയിൽ എണ്ണമയവുമായി വൈകിട്ട് മടങ്ങിപ്പോയ സ്ട്രിങ്ങറാണ് പല പോസിലുള്ള ഫോട്ടോ സഹിതം പലവാർത്ത പത്രങ്ങളിൽ എത്തിച്ചത് !
അയാൾക്ക് കദളിപ്പഴം വാങ്ങിക്കൊടുക്കാൻ പറ്റാഞ്ഞതിൽ എനിക്ക് വിഷമംതോന്നി !!

ഇന്നലെ ആ പത്രക്കാരനോട് പറഞ്ഞതത്രയും എരണ്ടകെട്ടിൻ്റെ കഥയാണ്. ആനയെ പ്രകൃതി ചതിച്ചതാ. ഒരു ജീവിയോടും കാട്ടാത്ത കൊലച്ചതി. ഇത്രക്ക് ദാർശനികമായ ഒരു കടുംകൈ പ്രകൃതിയിൽ മറ്റെങ്ങും ഞാൻ കണ്ടിട്ടില്ല.

ആനകളുടെ പ്രകൃതിയിലെ ഡ്യൂട്ടി എന്താണ് എന്നതിന് ഒരുപാട് ഉത്തരങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം ഏതെന്നറിയാൻ അത് സ്വന്തം ആവസവ്യവസ്ഥയിൽ കൂടുതൽ സമയവും എന്തുചെയ്യുന്നു എന്നുനോക്കി കണ്ടെത്താവുന്നതേയുള്ളൂ. ദിവസത്തിൽ മൂന്നിൽ രണ്ട് സമയവും അവ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കും. പുല്ലും ഇടത്തരം സസ്യങ്ങളും വൻ മരക്കൊമ്പുകളും ഭക്ഷണത്തിന് ഉപയോഗിക്കാനുള്ള അനുകൂലനങ്ങളും അതിനുണ്ട്. ഭൂമിയിൽ ആർത്തു വളരുന്ന ഹരിത സസ്യങ്ങളെ ആഹരിച്ച് എത്രയുംവേഗം അവയെ ജൈവാംശമാക്കി മാറ്റുന്ന ജീവനുള്ള കമ്പോസ്റ്റ് യന്ത്രമാണ് ഓരോ ആനയും ! ആ ചുമതല നിർവഹിക്കാനുള്ള പ്രകൃതിയുടെ ചതിയാണ് ആനയുടെ ദഹനക്കുറവ് !!

ആനപ്പിണ്ടം ഒരു ജൈവാംശക്കൂനയാണ്. അതിലെ സസ്യങ്ങൾ ഏതാണ്ട് 50 % മാത്രം ദഹിച്ച അവസ്ഥയിൽത്തന്നെ ആനകളുടെ ദഹനേന്ദ്രിയ വ്യവസ്ഥയിൽ നിന്നും പുറന്തള്ളപ്പെടും. അങ്ങനെ വനമണ്ണ് ബയോമാസിൻ്റെ ലഭ്യതകൊണ്ട് സുഷ്മജീവി സമ്പന്നവും വളക്കൂറുള്ളതും അയവുള്ളതും ജലാഗീരണശേഷി കൂടിയതുമായി മാറുന്നു. പല അന്താരാഷ്ട്ര മാനദണ്ഡങ്ങളിലും ഹരിതമേലാപ്പല്ല (Green Cover) ജൈവാംശമാണ് (Biomass) നല്ല കാടിൻ്റെ ഏകകം. അതുകൊണ്ടുതന്നെ, വർദ്ധിച്ച തീറ്റയും കുറഞ്ഞ ദഹനവും കൊണ്ട് ആനകൾ നല്ല കാടിൻ്റെ അംബാസിഡർമാരായി മാറുന്നു. നല്ല കാടുണ്ടാകാൻ പ്രകൃതി അനകൾക്ക് സമ്മാനിച്ച ആ ദഹനക്കുറവാണ്, എരണ്ടകെട്ട് എന്ന ആനകളിലെ മലബന്ധത്തിൻ്റെ മൂലകാരണം !

മണ്ണിനായുള്ള മഹാത്യാഗം. തിന്നുകൊണ്ടേയിരിക്കുക; ദഹനം പകുതിയാകുമ്പഴേ കായ്കളും വിത്തുകളും ഉള്ളിൽപേറുന്ന സീഡ് ബോളുകൾ വിസർജ്ജിച്ചു കൊണ്ടേയിരിക്കുക ! അതിന് തടസ്സം വരുമ്പോൾ, അതുവരെ മലപോലെ തിന്നു കൂട്ടിവെച്ച സ്വന്തം ശരീരംതന്നെ കാടിൻ്റെ വളമണ്ണാക്കി ജീവിതചക്രം പൂർത്തിയാക്കുക !! എന്താ അല്ലേ ?

ആനകളുടെ ഏറ്റവും പ്രധാന മരണകാരണം എരണ്ടകെട്ട് തന്നെയാണ്. ടോൾസ്റ്റോയിയുടെ ‘How much Land Does a Man Require ?’ എന്ന കഥ ഓർമയില്ലേ ? ഭൂമി വെട്ടിപ്പിടിക്കാൻ ഓടിയോടി മരിച്ചുവീഴുന്നവന് ആറടി മണ്ണേ വേണ്ടതുള്ളൂ എന്ന കഥ ? അന്തരം ഒരു സാരോപദേശ കഥ കാട്ടിൽ അരങ്ങേറുകയാണ് ! ജീവിതത്തിൻ്റെ മുക്കാൽപങ്കും തിന്നാനായി മാത്രം മാറ്റിവെച്ചവൻ തൂറാനാകാതെ മരിച്ചുപോകുന്ന പ്രകൃതിയുടെ നീതിസാരം !!

ഇത്തരം കാവ്യനീതികൾ നാമെത്ര കണ്ടതാണ് ! മലനാടിൻ്റെ മലഞ്ചരക്കുകൾ മോഹിച്ച് കടലേഴും കടന്നുവന്ന വാസ്കോ ഡാ ഗാമ ആർത്തിമൂത്ത് ഇവിടെ ചെയ്തുകൂട്ടിയ പാതകങ്ങളുടെ ചോരമണം, കപ്പൽ കണക്കിന് സുഗന്ധവ്യജ്ഞനം കൊണ്ട് മൂടിയാലും മാറില്ല. കാൽനൂറ്റാണ്ട് നമ്മെ കൊള്ളയടിച്ച് ഭക്ഷ്യവിഭവങ്ങൾ ലിസ്ബണിലെത്തിച്ച ഗാമ ചത്തത് വയറ്റിളക്കം വന്നാണ് ! അതും കൊച്ചിയിൽ !!

ഗാമ കോഴിക്കോട്ട് കപ്പലിറങ്ങുമ്പോൾ തോക്കിനൊപ്പം, കൂടെക്കൊണ്ടുനടന്നിട്ടും പൊരുളറിയാത്ത ഒരു പുസ്തകം അയാളുടെ കൈയിലുണ്ടായിരുന്നു. ഉള്ളവൻ ഇല്ലാത്തവന് കൊടുക്കണമെന്ന്; വാളെടുത്തവൻ വാളാലെ എന്ന്; വിശക്കുന്നവനു മുമ്പിൽ ദൈവം അപ്പമാണ് എന്നു പഠിപ്പിച്ച മഹാത്യാഗിയുടെ ജീവിതപുസ്തകം! അവസാനത്തെ അത്താഴത്തിൽ തൻ്റെ രക്തവും മാംസവും പോലും പ്രതീകാത്മകമായി ലോകത്തിനു വീതംവച്ചുതന്ന യേശുവിൻ്റെ തിരുപ്പിറവിയുടെ രാത്രിയിൽ തന്നെയാണ് പനപോലെ വളർന്ന ഗാമ ചൂഷിതരുടെ മണ്ണിൽ ചത്തടിഞ്ഞത് – ഡിസംബർ 24-ന് !! കാവ്യനീതി !!

സെൻ്റ് ഫ്രാൻസിസ് പള്ളി, ഫോർട്ട് കൊച്ചി (വാസ്കോ ഡാ ഗാമയുടെ ഭൗതിക ശരീരം ആദ്യം മറവുചെയ്ത പള്ളി )

ഡോക്ടറുടെ നിർദ്ദേശപ്രകാരം സ്റ്റാഫ് നീന്തി അടുത്തു ചെന്നപ്പോൾ അതിരപ്പിള്ളിയിലെ ആന കരയിൽ കയറി നിലയുറപ്പിച്ചു. അവശനായിരുന്നു അവൻ. ചില മരുന്നുകൾ അതിന് ഡാർട്ട് ചെയ്തു. ബാക്കി ഗുളികകളും മറ്റും പൈനാപ്പിളിൽ പരിസരത്തുവച്ചു എങ്കിലും അതു കഴിക്കാതെ ആന അവിടെ നിന്നും പോയി. ജല ചികിത്സ ഫലിച്ചിട്ടാണോ എന്ന് ഉറപ്പില്ല. പിന്നീടുള്ള ഒരാഴ്ച ഞങ്ങൾ ജാഗ്രതയോടെ കാടാകെ അരിച്ചു പെറുക്കി എങ്കിലും അത് ഇരണ്ടകെട്ടുകാരൻ ആ മേഖല വിട്ടുപോയിരുന്നു. അത്, ഭീമസേനൻ്റെ ഉത്തരായനം പോലെ, മരണം പിന്നാലെയുണ്ട് എന്നറിഞ്ഞുള്ള ഒരു അവസാന യാത്രയാകാനും മതി.

പ്രകൃതി ആനയെ ചതിച്ചത് വീണ്ടും കണ്ടത് കോട്ടൂർ ആന പുനരിധിവാസ കേന്ദ്രത്തിലെ ചാർജ്ജ് ഓഫീസറായിരിക്കുമ്പോഴാണ്. ശാസ്താംകോട്ട നീലകണ്ഠനാണ് ഇവിടെ ദുഃഖ നായകൻ. നീലകണ്ഠനെ ശാസ്താംകോട്ട ക്ഷേത്രത്തിൽ നടക്കിരുത്തിയത് 2003 അവസാനമാണ്. ലക്ഷണമുള്ള കൊമ്പൻ. അവനല്പം കുസൃതിയും ആയിരുന്നു. അനുസരണക്കാരനാക്കാൻ പാപ്പന്മാർ അവനെ വലിയ പീഢനത്തിന് ഇരയായക്കി. അങ്ങനെ അവൻ്റെ ഇടതുകാലിനേറ്റ പരിക്ക് വൃണമായി. അതിലെ ചോരയും പഴുപ്പും ഉള്ളിലിറങ്ങി സന്ധിയിലേക്ക് ബാധിച്ച് അവിടെയും ഇൻഫക്ഷനാവുകയും എന്നേക്കുമായി അവൻ്റെ ഇടതുകാൽ വളഞ്ഞു പോവുകയും ചെയ്തു. ഉപേക്ഷിക്കപ്പെട്ട അവസ്ഥയിൽ എല്ലും തോലുമായ നീലകണ്ഠൻ്റെ ജീവിതം ആദ്യം മാധ്യമങ്ങളും തുർന്ന് സന്നദ്ധ പ്രസ്ഥാനങ്ങളും പിന്നീട് കോടതിയും ഏറ്റെടുത്തു. അങ്ങനെയാണ് വിദഗ്ധ ചികിത്സക്കായി അവനെ കോട്ടൂരിൽ കൊണ്ടുവന്നത്. ഞാൻ എത്തുമ്പോൾ അവൻ അവിടെ ചികിത്സയിലുണ്ട്.

നീലകണ്ഠൻ രോഗാവസ്ഥയിൽ

ഇടതുമുൻകാല് വളഞ്ഞ് രൂപപരിണാമം വന്ന ആ പാവത്തിൻ്റെ ഏന്തിവലിഞ്ഞുള്ള തത്തോപിത്തോ നടപ്പ്, കരളുള്ളവർക്ക് കണ്ടുനിൽക്കാനാകില്ല.
അസ്സഹനീയമായ നീരും വേദനയും കാരണം അവൻ നരകജീവിതം കരഞ്ഞു തീർക്കുകയായിരുന്നു. അവനെ ചികിത്സിക്കുന്ന ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോ. ഈശ്വരനാണ് അവൻ്റെ അസുഖത്തെക്കുറിച്ച് പറഞ്ഞുതന്നത്.

Ankilosis എന്നതാണ് അവൻ്റെ രോഗം. സന്ധിയിൽ ഇൻഫക്ഷനുണ്ടായി ചലനഭാഗം ധൃഢീകരിച്ച് പോകുന്ന അവസ്ഥ. മുൻകാലുകൾക്ക് ഇതുണ്ടായാൽ ആരോഗ്യ ജീവിതത്തിലേക്കുള്ള മടക്കം ദുഷ്ക്കരമാണ്.

ആനയുടെ ശരീരത്തിൻ്റെ മൂന്നിൽ രണ്ട് ഭാരവും വഹിക്കുന്നത് മുൻകാലുകളാണ്. കൊമ്പും കോട്ടകൊത്തളം പോലുള്ള തലയും എല്ലാം മുൻകാലിലാണ് താങ്ങുന്നത്. ഈ അധിക ഭാരം മൂലമാണ് മറ്റ് മൃഗങ്ങളെപ്പോലെ കുതിച്ചോടൻ (Gallop)ആനകൾക്ക് കഴിയാത്തത്. അവ ഒരോ ചുവടിലും മുൻകാലുകളുടെ രക്ഷ ശ്രദ്ധിക്കുന്നുണ്ട്. കിടക്കുമ്പോഴും എഴുനേൽക്കുമ്പോഴും ആ കാലുകളിലെ സമ്മർദ്ദം ഇരട്ടിയാകും. അതുകൊണ്ടുതന്നെ മുൻകാലിലെ പരിക്ക് ആനകൾക്കുള്ള മരണവാറൻ്റാണ് !

ലേഖകൻ, വൈൽഡ് ലൈഫ് വാർഡൻ J.R.അനി, മൃഗസ്നേഹി സംഘനയിൽ നിന്ന് നടിയും ഗായികയുമായ ചിത്രാ അയ്യർ, കവി ശ്രീദേവി എസ്സ് കർത്താ, ഫോറസ്റ്റ് ചീഫ് വെറ്റിനറി ഓഫീസർ ഡോ. ഈശ്വരൻ എന്നിവർ അവശനായ നീലകണ്ഠന് സമീപം

നമുക്ക് ഇനിയും മനസ്സിലാകത്ത ഏതോ പരോപകാരത്തിനായി മുന്നിൽ ചാർത്തിക്കൊടുത്ത അമിത ഭാരവുമായി ജീവിക്കുകയാണ് ആനകൾ ! ലക്ഷങ്ങൾ മുടക്കി സാധ്യമായ ചികിത്സ മുഴുവൻ നൽകിയിട്ടും നാളുകൾ കഴിയുന്തോറും കൂടുതൽ കൂടുതൽ അവശനായി നീലകണ്ഠൻ എൻ്റെ കൺമുന്നിൽവെച്ച് അന്ത്യശ്വാസം വലിച്ചു.

കാട്ടിലും നാട്ടിലും ഇത്തരം മരണം സംഭവിക്കുന്നുണ്ട്. ഭീമൻ്റെ ഗദാപ്രഹരം ഏറ്റുവാങ്ങിയ ദുര്യോധനൻ്റെ തുടപോലെ, ആ മുൻകാലുകളിൽ പ്രകൃതിയുടെ അടി ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവരാണ് നമ്മുടെ ആനകൾ !

ഇണചേരലിൻ്റെ സൗകുമാര്യത്തെ മദമെന്ന ഉന്മാദത്തിന് വിട്ടുകൊടുത്തതാണ്, പ്രകൃതി ആണാനകളോടു കാട്ടിയ പരമായ വഞ്ചന. അതിജീവന മത്സരത്തിൽ പിടിച്ചു നിൽക്കുന്ന തലമുറയെ സൃഷ്ടിക്കാൻ കരുത്തൻ്റെ കുഞ്ഞുങ്ങളെ പ്രസവിക്കുക എന്നതു മാത്രമണ് പിടിയാനകളുടെ നിയോഗം. താൻ കൂടുതൽ കരുത്തനാണ് എന്ന് പെണ്ണിനെ കാണിക്കാൻ പ്രകൃതി ആണാനകൾക്ക് മദം ചാർത്തിക്കൊടുത്തു ! ഇണചേരേണ്ട കാലമാകുമ്പോൾ ഏത് സൗമ്യനായ ആനയും വന്യത പ്രകടിപ്പിച്ചു തുടങ്ങും. പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ ആറുമടങ്ങ് അവനിൽ സൃഷ്ടിക്കപ്പെടും. ചെന്നി വീർത്ത് മദഗ്രന്ഥികൾ പൊട്ടി തീവ്രഗന്ധമുള്ള മദജലം ഒഴുകും. ഭ്രാന്തനെപ്പോലെ കരുത്തിൻ്റെ അംഗവിക്ഷേപങ്ങളോടെ അക്രമം പുറത്തെടുത്തും മരങ്ങൾ പിഴുതെറിഞ്ഞുംമറ്റും താൻ കരുത്തനാണ് എന്നവൻ കാട്ടിക്കൊണ്ടിരിക്കും. ആന പുനരധിവാസ കേന്ദ്രത്തിലെ മുതിർന്ന ആണാനകൾ എല്ലാ വർഷവും മദപ്പാടിലാകും. അവയെ തളച്ചിരിക്കുന്ന രണ്ടോ മൂന്നോ ചങ്ങലകൾ വലിഞ്ഞു മുറുകി കാൽ മുറിയും. ചങ്ങലയോ വടമോ മാംസത്തിനുള്ളിലേക്ക് തുളഞ്ഞു കയറി ചോരയും പഴുപ്പും വരും. അതു മാത്രമല്ല, തൻ്റെ പ്രിയപ്പെട്ട ഭക്ഷണമോ പാപ്പാനെപ്പോലുമോ അവക്ക് തിരിച്ചറിയാനാകില്ല. അപ്പോൾ രതിസുഖവും അവന് ആസ്വദിക്കാനാകില്ല എന്നുറപ്പാണ് !

ഹാ..കഷ്ടം ! ഏഴാം സ്വർഗ്ഗം എന്ന് കവികൾ വാഴ്ത്തിപ്പാടിയ രതി ആനകൾക്ക് വെറുമൊരു ഉന്മാദപ്രകടനം മാത്രമാണ് !!

ഇതെല്ലാം അറിഞ്ഞശേഷം, നിറകാടിൻ്റെ ജല സമൃദ്ധിയിൽ നീരാടി രസിക്കുന്ന ആനക്കൂട്ടങ്ങളെ കാണുമ്പോഴും പുൽമേടുകളിലെ അവയുടെ സ്വര്യവിഹാരം ആസ്വദിക്കുമ്പോഴും വനവന്യതയിൽ മദം പൊട്ടിയ ആനകളിൽ നിന്നും കാട്ടുമണ്ണ് സ്വന്തമാക്കിയ മദജലഗന്ധം സിരകളെ അപായ മുന്നറിയിപ്പുനൽകി വിളിച്ചുണർത്തുമ്പോഴും പ്രകൃതി ആനകളെ അണിയിച്ച അസ്വാതന്ത്ര്യത്തിൻ്റെ ചങ്ങലകളാണ് ആലോചനയിൽ കിലുങ്ങിക്കൊണ്ടിരുന്നത്.

‘മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു; എന്നാലവൻ എവിടെയും ചങ്ങലയിലാണ് ‘ എന്നു വിലപിച്ച തത്വജ്ഞാനി റൂസ്സോ, പ്രകൃതിയുടെ ചങ്ങലക്കെട്ടിൽ ജനിച്ച് വീണ്ടും മനുഷ്യരുടെ ചങ്ങലകളിൽ അകപ്പെട്ടുപോകുന്ന ആനകളെ അറിഞ്ഞിരുന്നെങ്കിൽ എന്ത് പറയുമായിരുന്നു !!

കുട്ടനാട്ടിൽ ജനിച്ചു. പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമ. വനം വകുപ്പിൽ ഫീൽഡ് ഓഫീസറായിരുന്നു. 2021 ൽ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ തസ്തികയിൽനിന്ന് വിരമിച്ചു. വകുപ്പിൻ്റെ അരണ്യം മാസികയുടെ അസി. എഡിറ്ററായി ദീർഘകാലം പ്രവർത്തിച്ചു. നിരവധി ലേഖനങ്ങളും ഡോക്യുമെൻ്ററികളും പത്ര - ദൃശ്യമാധ്യമങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. 'ആരണ്യകം' എന്ന പേരിൽ വനം പരിസ്ഥിതി വിഷയങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന ഒരു യൂട്യൂബ് ചാനൽ ഉണ്ട്.