ഒറ്റപ്പെട്ടവർ കൂട്ടമായി ജീവിക്കുന്ന കഥാപരിസരം

നന്മയും തിന്മയും ഇരട്ടക്കുട്ടികളെപ്പോലെ പരസ്പരം തിരിച്ചറിയപ്പെടാനാവാതെ ഓടി നടക്കുന്നുണ്ട് എസ്. ഹരീഷിന്റെ രചനകളിൽ ഉടനീളം. ആദം ഉൾപ്പെടെ മികച്ച ഒരുപിടി കഥകൾകൊണ്ട് ശ്രദ്ധേയനായ ഈ എഴുത്തുകാരൻ മീശ എന്ന നോവൽ വഴി വിവാദ പുരുഷനുമായി. ദരിദ്രവും സമ്പന്നവുമായ ജീവിത പരിസരങ്ങളെ ഒരേതരം അനുഭൂതിയുടെ നൂലിൽ കോർത്തിണക്കുന്നു എന്നതാണ് ഹരീഷിന്റെ രചനകളുടെ പ്രത്യേകത. ഏതു നാട്ടിലും തനിക്ക് പരിചിതമായ വഴികളെയും മനുഷ്യരെയും കണ്ടെടുക്കാനുള്ള തത്രപ്പാടുകൾ അദ്ദേഹം തന്റെ കഥാഭൂമികയിൽ ചേർത്തുനിർത്തുന്നതും കാണാം. അങ്ങനെ ഭൂമിയിലെ എല്ലാ ഇടങ്ങളും ഒരേസമയം അപരിചിതവും പരിചിതവുമായി മാറുന്ന അത്ഭുതസിദ്ധിയും ഹരീഷിന്റെ കഥകളിൽ പ്രകടമാകുന്നു. കാലങ്ങളും അവസ്ഥകളും മാറിമറിയുമ്പോഴും എല്ലാതരം കാലത്തും സമൂഹം ധ്വനിപ്പിക്കുന്ന ഒരു പൊതുഭാവത്തെ ഈ കഥകൾ വ്യംഗ്യമായി അനാവരണം ചെയ്യുന്നുമുണ്ട്. ഒറ്റപ്പെട്ടവർ കൂട്ടമായി ജീവിക്കുന്ന പ്രദേശങ്ങളുടെ ആത്മനൊമ്പരങ്ങൾ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ വ്യക്തിത്വത്തിൽ അറിയാതെ പകർന്നുകിടക്കുന്നു. എല്ലാ വഴികളും പുറപ്പെട്ടിടത്തുതന്നെ തിരിച്ചെത്തുമ്പോഴും തിരിച്ചെത്തിയ ഇടം പുതിയൊരു ലോകമാക്കുന്ന വാക്കുകളുടെ വശ്യത പ്രശംസിക്കപ്പെടേണ്ടതു തന്നെയാണ്. പുതിയ കാലത്തിന്റെ ഹൃദയം തുടിക്കുന്നത് കേൾക്കണമെങ്കിൽ ഹരീഷിന്റെ രചനകളിലേക്ക്  ചെവി ചേർത്തുവച്ചാൽ മതിയാകും.

ഒരു രചന കൂടുതലായും വായിക്കപ്പെടുന്നതിനു പിന്നിൽ എഴുത്തുകാരന്റെ അധികാരവും സാമുദായികവുമായ മറ്റനേകം ഘടകങ്ങൾകൂടി ഉൾച്ചേർന്നതായി തോന്നിയിട്ടുണ്ട്. ഇത്തരം വിഭാഗീയതകളുടെ ഫലമായി പല നല്ല രചനകളും അധികം വായിക്കപ്പെടാതെ പോകുകയും ചെയ്യുന്നുണ്ട്. എന്താണ് ഹരീഷിന് പറയാനുള്ളത്?

എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. നല്ല രചനകൾ, മറ്റു പല കാരണങ്ങൾകൊണ്ടും താൽക്കാലികമായിട്ട് ഒരു വിഭാഗം വായനക്കാർ അംഗീകരിക്കാതെയിരിക്കാം. പക്ഷെ, നല്ല രചനയാണെങ്കിൽ അതിനെ അധികനാൾ ആർക്കും അങ്ങനെ അവഗണിച്ച് മാറ്റിനിർത്താനാവില്ല. രചന മികച്ചതാണെങ്കിൽ സാമുദായികമോ സാമ്പത്തികമോ ആയ പരിഗണനകളൊന്നും കൂടാതെ വായനക്കാർ തേടിവരും എന്നുതന്നെയാണ് സത്യം. ‘ഖസാക്കിന്റെ ഇതിഹാസം’ ഉൾപ്പെടെയുള്ള നമ്മുടെ മഹത്വവും ഉന്നതവുമായ രചനകൾപ്പോലും ഇതുപോലുള്ള പല കാരണങ്ങളാൽ അവഗണനയുടെയും തിരസ്‌കരണത്തിന്റെയും രുചി അനുഭവിച്ചിട്ടുണ്ട് എന്നുള്ള കാര്യം നാം മറന്നുകൂടാ. ഏറ്റവും ഒടുവിലത്തെ അനുഭവം ‘ആടുജീവിതം’ എന്ന നോവലിനുള്ളതാണ്. ആദ്യകാലത്ത് പല പ്രസാധകരും പ്രസിദ്ധീകരിക്കാൻ മടിച്ച് ഉപേക്ഷിച്ച ആ നോവലിന്റെ പിൽക്കാല ചരിത്രം നമുക്കറിയാവുന്നതാണല്ലോ. അതങ്ങനെയേ സംഭവിക്കുകയുള്ളൂ. ഒരു ഉദാഹരണംകൂടി പറയാം. പി. എഫ് മാത്യൂസിന്റെ ‘ചാവുകളി’ എന്ന നോവൽ.  അതിറങ്ങിയിട്ട് ഇപ്പോൾ ഇരുപത് വർഷത്തോളമായി. ‘ചാവുകളി’ ഇറങ്ങിയ സമയത്ത് അധികം ശ്രദ്ധിക്കപ്പെട്ട ഒരു നോവലായിരുന്നില്ല അത്. അപൂർവം ചില വായനക്കാർ മാത്രമേ അന്നതിനെ തിരിച്ചറിഞ്ഞിരുന്നുള്ളൂ. എന്നാൽ ഇന്ന് വളരെയധികം ആളുകൾ ആ നോവലിനെക്കുറിച്ച് അന്വേഷിക്കുകയാണ്. അതിനെക്കുറിച്ച് പുതിയ പഠനങ്ങൾ വരുന്നു, പതിപ്പുകൾ വരുന്നു, വായനക്കാർ കൂടുന്നു. അത് എഴുതുപ്പെട്ട കാലത്ത് ഒരു തീരദേശത്തുള്ള സാധാരണ യത്തീംങ്ങളുടെ കഥ പറയുന്ന ഒരു നോവലായിരുന്നു. അതിനെ ആരും ഗൗരവത്തിലെടുത്തിരുന്നില്ല. ഇന്നത് വലിയ ഗൗരവ വായനയ്ക്ക് വിധേയമാകുന്നുണ്ട്. പണ്ട് പ്രസിദ്ധീകരിച്ചിരുന്ന കഥകൾ വീണ്ടും വായിക്കപ്പെടുന്നുണ്ട്. രചന മികച്ചതാണെങ്കിൽ മറ്റ് കാരണങ്ങൾകൊണ്ട് എത്രതന്നെ അടിച്ചമർത്തപ്പെട്ടാലും പൂർവാധികം ശക്തിയോടെ ഉയിർത്തെഴുന്നേറ്റ് വരിക തന്നെ ചെയ്യും. അതുകൊണ്ടുതന്നെ അത്തരം കാര്യങ്ങളിൽ അധികം ആശങ്കപ്പെടേണ്ടതില്ല.

മനുഷ്യക്കുരുതികളുടെയും നീതിനിഷേധത്തിന്റെയും ഭീകരമുഖങ്ങൾ ദിവസക്കാഴ്ചകളായി മാറുമ്പോഴും സോഷ്യൽ മീഡിയയ്ക്കും ഒറ്റപ്പെട്ട ചില പ്രതിഷേധങ്ങൾക്കും അപ്പുറത്തേക്ക് നമ്മുടെ പ്രതികരണശേഷി വളരാത്തത് എന്തുകൊണ്ടാണ്?

ഇത്തരം കാര്യങ്ങൾ മനുഷ്യനുണ്ടായ കാലം മുതൽ ഉള്ളതാണ്. ആദ്യത്തെ മനുഷ്യൻ ജനിച്ച കാലം മുതൽ ഇന്നോളം ഒരു മനുഷ്യനും, ഒരു മനുഷ്യകുലവും പൂർണമല്ല. അവിടെ കുരുതികളും യുദ്ധങ്ങളും വഞ്ചനകളും വിഭാഗീയതകളും എല്ലാം ഉണ്ടായിട്ടുണ്ട്. അവനൊറ്റയ്ക്കുതന്നെ ഒരു ദ്വന്ദ്വവ്യക്തിത്വം ഉള്ളയാളാണ്. നമ്മുടെ സമകാലീന ഇന്ത്യൻ വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം എഴുത്തിനോടോ ജനാധിപത്യത്തോടോ ഒന്നും ബഹുമാനമില്ലാത്തവരാണ് ബഹുഭൂരിപക്ഷവും എന്നുള്ളതാണ്. ഏറ്റവും ക്രൂരത നിറഞ്ഞ ഫാസിസ്റ്റുകളാണ് ഇന്ത്യയിപ്പോൾ ഭരിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെ പറയുമ്പോൾതന്നെ നമ്മൾ ഓർക്കേണ്ടതായിട്ടുള്ള ഒരു കാര്യം, ‘യഥാ നാട്ടാർ, തഥാ സർക്കാർ’ എന്നു പറയുന്നതുപോലെ, അവരവർ അർഹിക്കുന്ന ഒരു സർക്കാറിനെ തന്നെയാണ് നമുക്ക് കിട്ടുന്നത്. ഒരു മണ്ടൻ രാജ്യത്തെ സംബന്ധിച്ചിടത്തോളം അവിടെ ഭരിക്കുന്നത് ഒരു മരമണ്ടൻ സർക്കാർ തന്നെയായിരിക്കും. അപ്പോൾ വലിയ പ്രതിഷേധം ഉണ്ടാകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനുത്തരം അതിൽത്തന്നെയുണ്ട്. നിശബ്ദമായിട്ട്, ഒരു വലിയ വിഭാഗം ജനങ്ങൾതന്നെ ഇതിനെയെല്ലാം അംഗീകരിക്കുന്നുണ്ട് എന്നുതന്നെയാണ്. ഏകാധിപത്യത്തെയും ജനാധിപത്യവിരുദ്ധതയെയും ബഹുഭൂരിപക്ഷവും അംഗീകരിക്കുന്നുണ്ട്. യാതൊരു ജനാധിപത്യബോധവുമില്ലാത്ത ആളുകളാണ് സമകാലീന ഇന്ത്യയുടെ ദുരവസ്ഥയ്ക്കു കാരണം. നമ്മുടെ ജനാധിപത്യം ആഴത്തിൽ, ഇന്ത്യയിലെ വൻ വിഭാഗം ജനങ്ങളിലും വേരൂന്നിയിട്ടില്ല. 1947 നു ശേഷമുള്ള ചരിത്രം മാത്രമേ നമുക്ക് ജനാധിപത്യത്തിനുള്ളൂ. അതുതന്നെ യഥാർത്ഥ ജനാധിപത്യം എന്നൊന്നും പറയാൻ പറ്റില്ല. കാരണം, ഫ്യൂഡൽ സ്വഭാവത്തിലും അതിഭീകരമായ ജാതിചിന്തയിലും അധിഷ്ഠിതമായ ജനാധിപത്യമാണ് നമ്മുടേത്. അപ്പോൾ ജനാധിപത്യം എന്ന വാക്കുതന്നെ പറയാൻ പറ്റില്ല. അതുകൊണ്ട് ഇവിടെ നടമാടുന്ന എല്ലാ സ്വേച്ഛാധിപത്യ പ്രവണതകളും ഭീകരതകളും അംഗീകരിക്കപ്പെടും. ഒരെഴുത്തുകാരൻ എന്ന നിലയിൽ അതിനെതിരെ ആക്രോശിച്ചുകൊണ്ട് നിൽക്കണമെന്നോ, ഒരെഴുത്തുകാരന് എന്തെങ്കിലും ചെയ്യാൻ കഴിയുമെന്നോ ഞാൻ വിശ്വസിക്കുന്നില്ല. എഴുത്തുകാരന്റെ ജോലി എഴുതുക എന്നുള്ളതാണ്. ഒരു മനുഷ്യജീവി എന്ന നിലയിലുള്ള പ്രതികരണങ്ങൾ തീർച്ചയായും ഉണ്ടാകേണ്ടിയിരിക്കുന്നു.

ഒരു വായനക്കാരൻ എന്തിന് എസ്.ഹരീഷിന്റെ രചനകൾ വായിക്കണം?

ആ രീതിയിൽ ഞാനൊരിക്കലും ആലോചിച്ചു നോക്കിയിട്ടില്ല. എങ്കിലും എനിക്ക് ഇപ്പോൾ തോന്നുന്ന ചില കാര്യങ്ങൾ പറയാം. ഈയടുത്ത കാലത്ത് പഴയ കഥകളുടെ ഒരു സമാഹാരം വായിക്കുകയുണ്ടായി. ‘അറുപതു വർഷം അറുപതു കഥ’ എന്ന ആ സമാഹാരം എഡിറ്റു ചെയ്തിരിക്കുന്നത് എൻ.എസ്.മാധവനാണ്. അതിനകത്ത് കാരൂർ മുതൽ ഇങ്ങേയറ്റത്ത് ധന്യ എം.ഡി വരെയുള്ള കഥാകൃത്തുക്കളുടെ കഥകളുണ്ട്. പുതിയ തലമുറയുടെ കഥകളുടെ പ്രത്യേകതകളായിട്ട് നമ്മൾ ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ട്. പ്രാദേശികമായിട്ടുള്ള എഴുത്ത്, ഒരുപാട് വൈവിധ്യം, അതായത് നമ്മൾ ഇന്ത്യയിൽ ചെല്ലാത്ത സ്ഥലങ്ങളിൽ നിന്നുള്ള കഥകൾ വരുന്നു ഇങ്ങനെയൊക്കെ. എന്നാൽ ഈ സ്വഭാവങ്ങളെല്ലാം തന്നെ പഴയ കഥകളിലും എനിക്ക് കാണാൻ പറ്റി. അതായത് ബഷീറിന്റെയും കാരൂരിന്റെയും കഥകളിലെല്ലാം തന്നെ ഇന്നത്തെ കഥകളുടെ സ്വഭാവം എന്നു പറയുന്ന പല കാര്യങ്ങളും വരുന്നുണ്ട്. അപ്പോൾ ആധുനികതയുടെ കാലത്തു നിന്നും ഇന്നത്തെ കഥകൾക്കുള്ള വ്യത്യാസം എന്നു പറയുന്നത്, അത് സ്വീകരിച്ചുപോരുന്ന വായനാമണ്ഡലത്തിൽ വന്ന മാറ്റമാണ് എന്നു ഞാൻ പറയും. അതായത് ആധുനിക കഥ സ്വീകരിച്ചിരുന്ന സ്ഥലത്തു നിന്നുമല്ല ഇന്നത്തെ കഥകൾ സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഇന്നത്തെ കഥ വ്യത്യാസപ്പെട്ടിരിക്കുന്നത് എന്നു നമുക്കു തോന്നുന്നത്. പക്ഷെ, കഥയുടെ യഥാർത്ഥ സ്വഭാവം ലോകത്തെ ഏറ്റവും പഴയ രീതികളിലൊന്നുതന്നെയാണ്. കാരണം ചിത്രകലയും നൃത്തവും കഴിഞ്ഞാൽ മനുഷ്യൻ ഉണ്ടായ കാലം മുതൽ തന്നെ കഥ പറച്ചിലുമുണ്ട്. കഥ കഥ പറയാനുള്ളത് എന്നുതന്നെയാണ് ഞാൻ വിചാരിക്കുന്നത്. ആ കഥ പറച്ചിൽ രീതിയോട് പുതിയ കാലവും അടുക്കുന്നുണ്ട്. അപ്പോൾ അതിന്റെ ഭാഗമായിട്ട് തന്നെയാണ് ഞാനും നിൽക്കുന്നത്. പിന്നെ, അതിൽ നിന്നും വിഭിന്നമായിട്ട് എന്റെ കഥയിൽ എന്തെങ്കിലും ഉണ്ടോ എന്ന് പറയാൻ എനിക്ക് കഴിയില്ല. എനിക്ക് തോന്നുന്നത് വലിയ ദുർഘടമൊന്നുമല്ലാതെ വായനക്കാരോട് നേരിട്ട് കഥ പറയുന്ന ഒരു രീതി എന്റെ കഥയ്ക്കുണ്ട് എന്നാണ്. അത് പുതിയ തലമുറയിലെ കഥകൾക്കെല്ലാം തന്നെയുണ്ട്. അതുകൊണ്ടാണ് എന്റെ കഥയും ആളുകൾ വായിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.

പുതിയ കാലം, ഭാഷ, ടെക്‌നോളജി, പ്രണയം എന്നിവയിലുള്ള ഹരീഷിന്റെ നിരീക്ഷണങ്ങളും സങ്കൽപ്പങ്ങളും എന്തൊക്കെയാണ്?

പുതിയ കാലം, ഭാഷ, ടെക്‌നോളജി, പ്രണയം ഇതൊക്കെയും പഠിക്കേണ്ടുന്ന ഒരാളാണ് ഞാൻ എന്ന് ഇപ്പോൾ തോന്നുന്നു. നിലവിൽ ഇപ്പറഞ്ഞതിലെല്ലാം തന്നെ ഏറ്റവും പുറകിൽ നിൽക്കുന്ന ഒരാളാണ്. അതെന്റെ ഒരു വലിയ കുറവായിട്ടു തന്നെയാണ് കാണുന്നത്. നാട്ടിൻ പുറത്ത് ജീവിക്കുന്ന ഒരാളാണ് ഞാൻ. മാത്രമല്ല, നഗരസ്വഭാവങ്ങളിൽ നിന്നും വളരെയേറെ അകന്നു കഴിയുന്ന ഒരാളുമാണ്. അതുകൊണ്ടുതന്നെ പുതിയ തലമുറയുടെ രീതികളോടൊന്നും തന്നെ അത്ര അടുത്തു നിൽക്കുന്ന ഒരാളല്ല. വിവര സാങ്കേതിക വിദ്യയുടെ ഫലമായി, നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്ത തരത്തിലുള്ള സാധ്യതകൾ ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. പുതിയ തലമുറ പൂർണമായും അതിന്റെ ഭാഗം തന്നെയാണ്. ഇരുപത് വർഷംകൊണ്ട് നമ്മുടെ ലോകത്തുണ്ടായ മാറ്റം, നമ്മൾ ജീവിക്കുന്ന സ്ഥലത്തെ തൊട്ടുചുറ്റിലുമുള്ള മാറ്റം വളരെ വളരെ വലുതാണ്. ഞാനും എന്റെ അച്ഛനും തമ്മിലുള്ള അകലത്തെക്കാളും പതിന്മടങ്ങ് വലുതാണ് ഞാനും എന്റെ മകനും തമ്മിലുള്ള അകലം. വരാൻ പോകുന്ന തലമുറയിൽ അതിനേക്കാളും കൂടും. ഓരോ തലമുറയിലും ആ അകലം കൂടുതൽ വികസിച്ചു വികസിച്ചു വരുന്നുണ്ട്. അപ്പോൾ അത് കലയിലും ഭാഷയിലും പ്രണയത്തിലും ജീവിതരീതികളിലുമെല്ലാം തന്നെയുണ്ട്. കുറേക്കാലംകൂടി കഴിഞ്ഞാൽ ഇന്നത്തെ രീതിയിലുള്ള എഴുത്തും പുസ്തകങ്ങളുമൊന്നും ഉണ്ടായിക്കൊള്ളണമെന്നു തന്നെയില്ല. ഇന്നത്തെ സാഹചര്യങ്ങൾ തന്നെ അതിന്റെ ഏറ്റവും വലിയ തെളിവാണ്. വായനക്കാർ കുറയുന്നു. വായിക്കാത്ത തലമുറ വളരുന്നു. എന്നാലും ചിലയിടങ്ങളിലൊക്കെ പഴയതുപോലെ വായന നടക്കുന്നുണ്ട്. ചില സ്ഥലത്തൊക്കെ വായന തിരിച്ചുവരുന്നു എന്നും പറയപ്പെടുന്നു. യൂറോപ്പിലൊക്കെ ഇപ്പോൾ വായന വലിയ ശക്തിയോടെ തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. നമ്മുടെ നാട്ടിൽ പുസ്തകങ്ങൾ ആഡംബരങ്ങളുടെ ഭാഗമായാണ് വാങ്ങുന്നത്. അലമാരയിൽ എടുപ്പോടെ നിൽക്കാൻ പ്രാപ്തമായ തരത്തിലുള്ള വലിയ പുസ്തകങ്ങൾ പൊങ്ങച്ചത്തിനുവേണ്ടി വാങ്ങുന്നുണ്ട്. നാടുകൾതോറും വായനശാലകളും വായനയെപ്രോത്സാഹിപ്പിക്കാൻ വേണ്ടിയുള്ള പല പരിപാടികളും നടക്കുന്നുണ്ട്. എന്നാൽ പുതിയ തലമുറയെ വലിയ രീതിയിൽ അതൊന്നും സ്വാധീനിക്കുന്നതായി കാണാറില്ല. അതുകൊണ്ടുതന്നെ തെറ്റായ ചിന്തകളും ക്രിമിനൽ മനോഭാവങ്ങളും അവരിൽ വേരുറച്ചു തുടങ്ങിയിട്ടുണ്ട്. അപ്പോൾ എങ്ങോട്ടാണ് നമ്മൾ പോയിക്കൊണ്ടിരിക്കുന്നത് എന്ന് എനിക്കൊരു പിടിയുമില്ല.

പ്രണയത്തെക്കുറിച്ചും വലിയ ധാരണയൊന്നുമുള്ള ആളല്ല ഞാൻ. പുതിയ തലമുറയുടെ പ്രണയത്തെ, അവരുടെ ജീവിതത്തോട് ആകെയുള്ള സമീപനമായാണ് കാണുന്നത്. കുറച്ചുകൂടി അടുത്തു നിന്നുകൊണ്ട് നമ്മുടെ വികാരങ്ങൾ പങ്കുവെക്കാനുള്ള സാഹചര്യം ഇന്നുണ്ട്. നമ്മുടെയൊക്കെ കാലത്തു നിന്നുകൊണ്ട് അതിനെയൊക്കെ കൗതുകത്തോടെ നോക്കിക്കാണാൻ സാധിക്കുന്നുണ്ട്. പ്രണയം ഇപ്പോൾ പഴയ പോലല്ല. അതിന് വലിയ അംഗീകാരവും മഹത്വവും ലഭിച്ചു കഴിഞ്ഞു. സമൂഹം അതിനെ അംഗീകരിക്കുന്നുണ്ട്. രക്ഷിതാക്കളുടെ പ്രോത്സാഹനത്തോടെ പ്രണയിക്കുന്നവരാണ് പുതിയ തലമുറയിലെ പലരും. അതിനുണ്ടായിരുന്ന മറ നഷ്ടപ്പെട്ടു കഴിഞ്ഞു. മനുഷ്യന്റെ വികസന പാതയിലെ വലിയ മുന്നേറ്റങ്ങളിലൊന്നായാണ് ഞാനതിനെ കാണുന്നത്. അതുവഴി മനുഷ്യൻ സ്വതന്ത്രനായിക്കൊണ്ടിരിക്കുകയാണ്. സമൂഹത്തിൽ എന്നും പിന്തിരിപ്പൻ ശക്തികളായി നിലനിൽക്കുന്ന മതം അതിന് വിലങ്ങുതടിയായി നിൽക്കുന്നണ്ടെങ്കിൽക്കൂടി.

സാഹിത്യത്തിൽ നിന്നും വളരെ വിഭിന്നമായ മേഖലയിലാണ് ഹരീഷ് ജോലി ചെയ്യുന്നത്. സർഗാത്മകമായ ഒരു മനസ്സാന്നിധ്യം എങ്ങനെയാണ് നിലനിർത്തുന്നത്?

നമുക്ക് ഒരു ധാരണയുണ്ട്, സാഹിത്യം കൈകാര്യം ചെയ്യുന്നവർ ഇന്നയിന്ന ജോലികൾ ചെയ്യണം, ഇന്നയിന്ന തലമുറയിൽ ജനിച്ചവരായിരിക്കണം, ഇന്നയിന്ന രീതിയിൽ ജീവിക്കണം എന്നൊക്കെ. ഇന്ത്യക്കാർ പൊതുവെ അങ്ങനെത്തന്നെയാണ് കരുതുന്നത്. മലയാളികൾക്കിടയിൽ അത് വളരെ കൂടുതലാണ്. നമ്മുടെ ഉള്ളിൽ തൊഴിലാണ് ഒരു മനുഷ്യന്റെ ബഹുമാന്യത നിശ്ചയിക്കുന്നത്. അത് ജാതിവ്യവസ്ഥയിൽ നിന്ന് രൂപപ്പെട്ടു വന്നിട്ടുള്ള, ഇപ്പോഴും സമൂഹത്തിൽ ശക്തമായി നിലനിൽക്കുന്ന ഒരു പ്രവണതയാണ്. ജാതിയുടെ അടിസ്ഥാനത്തിലാണ് പണ്ട് തൊഴിലുകൾ നിശ്ചയിച്ചിരുന്നത്. എന്നാൽ ഇന്ന് തൊഴിലിന്റെ അടിസ്ഥാനത്തിലാണ് പലരുടെയും ജാതി നിശ്ചയിക്കുന്നത്. ഇന്നയിന്ന തൊഴിൽ മേഖലയിൽ നിന്നാണ് എഴുത്തുകാരുണ്ടാകുന്നത് എന്ന് നമ്മൾ ചിന്തിക്കാനുള്ള കാരണം അതാണ്. എഴുത്തുകാരനാവണമെങ്കിൽ അയാളുടെ തൊഴിൽ അദ്ധ്യാപനമായിരിക്കണം, അല്ലെങ്കിൽ പത്രപ്രവർത്തകനായിരിക്കണം, അങ്ങനെയുള്ളവരാണ് എഴുത്തിന്റെ മേഖലയിൽ മുന്നോട്ട് വരേണ്ടത്. അങ്ങനെയുള്ളവരുടെ എഴുത്ത് മാത്രമേ നന്നാവാൻ ഇടയുള്ളൂ. അപ്പോൾ അങ്ങനെയത് എഴുത്തുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ട്. എന്നാൽ യഥാർത്ഥത്തിൽ അദ്ധ്യാപനവുമായോ പത്രപ്രവർത്തനവുമായോ സാഹിത്യത്തിന് ഒരു ബന്ധവുമില്ല. ഒരിക്കലും എഴുത്തുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു തലമേയല്ല അത്. എന്നാൽ ഇപ്പോഴും നമ്മൾ ധരിച്ചു വെച്ചിരിക്കുന്നതും നമ്മുടെ എഴുത്തുകാർ കൂടുതലും വരുന്നതും ആ ഒരു മേഖലയിൽ നിന്നാണ്. പക്ഷേ, ഞാനൊരു സാധാരണ നാട്ടിൻ പുറത്ത്, സർക്കാർ ജോലി ചെയ്ത് ജീവിക്കുന്ന ഒരാളാണ്. എന്റെ ചുറ്റിലുമുള്ളവരാകട്ടെ സാഹിത്യവുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ളവരല്ല. എന്തിന് സാഹിത്യം സംസാരിക്കാൻ പറ്റുന്നവരായിട്ട് എന്റെ ചുറ്റിൽ ആരും തന്നെയില്ല. വളരെ അപൂർവമായിട്ടേ സാഹിത്യം സംസാരിക്കാൻ പറ്റുന്ന ആളുകളെ ഞാൻ കാണാറുള്ളൂ. സാഹിത്യകാരന്മാരുതന്നെ പരിചയവലയത്തിലൊന്നും അധികമില്ല. എന്റെ സുഹൃത്‌വലയത്തിലാകട്ടെ, സാഹിത്യകാരന്മാർ വളരെ കുറവാണ്. കുറച്ചു പേരുണ്ട്. ഒരു രണ്ടോ മൂന്നോ പേരു മാത്രമേ അങ്ങനെയുള്ളവരുള്ളൂ. ചെറുപ്പം മുതലേയുള്ള വായനയാണ് എന്നെ എഴുത്തുകാരനാക്കിയത് എന്നാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കിൽത്തന്നെ ഒരാൾ എഴുത്തുകാരനാവാൻ വിധിക്കപ്പെട്ടു കഴിഞ്ഞാൽപ്പിന്നെ, മൊത്തത്തിൽ അയാൾക്ക് കഥ തന്നെയാണ് ജീവിതം. കഥാപാത്രങ്ങളിലൂടെയാണ് അയാൾ ജീവിതത്തെ കാണുന്നത്. കഥകൾകൊണ്ട് തന്നെയാണ് അയാൾക്ക് ലോകം നിർമ്മിച്ചിരിക്കുന്നത്. തൊഴിൽ സ്ഥലം ഉൾപ്പെടെ ഞാൻ ചരിക്കുന്ന ഇടങ്ങളെല്ലാം തന്നെ എനിക്ക് കഥകൾ പറഞ്ഞുതരുന്നുണ്ട്. അതുകൊണ്ട് എന്നെ സംബന്ധിച്ചിടത്തോളം തൊഴിൽ സാഹിത്യത്തിനുള്ള ഒരു പ്രശ്‌നമായിട്ടൊന്നും ഇതുവരെ തോന്നിയിട്ടില്ല.

മറുഭാഷാ സാഹിത്യത്തിൽ നിന്നും മലയാളി എഴുത്തുകാർ മാതൃകയാക്കണം എന്ന് ഹരീഷ് കരുതുന്നുണ്ടെങ്കിൽ അതെന്താണ്?

മറുഭാഷാ സാഹിത്യം വായിക്കുമ്പോൾ അത്തരത്തിലുള്ള ചില കാര്യങ്ങൾ എനിക്ക് തോന്നിയിട്ടുണ്ട്. കാരണം, നമ്മുടെ കഥയെയും നോവലിനെയുമൊക്കെ എത്രതന്നെ പുകഴ്ത്തിപ്പറഞ്ഞാലും ആഗോള സാഹിത്യത്തിന്റെ മുന്നിൽ ശക്തമായി നിൽക്കാൻ പ്രാപ്തിയുള്ള രചനകൾ ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്. ലോകസാഹിത്യത്തിലെ ഏറ്റവും മികച്ച കൃതികളാണ് ഇവിടെ പരിഭാഷകൾ വരുന്നത്. ഇവിടെ മോശം കഥകളാണ് ഉണ്ടാകുന്നത് എന്നല്ല ഞാൻ പറഞ്ഞു വരുന്നത്. വളരെ മികച്ച കൃതികൾതന്നെ ഉണ്ടായിട്ടുണ്ട്. എന്നാൽ ലോകസാഹിത്യവുമായി കിടനിൽക്കുന്ന തരത്തിലുള്ള നിലവാരമുള്ള കൃതികൾ ഉണ്ടാകുന്നുണ്ടോ? ഇല്ല എന്നുതന്നെയാണ് മലയാളത്തിലെ നല്ല വായനക്കാരോട് സംസാരിച്ചു നോക്കുമ്പോൾ അവരുടെ അഭിപ്രായങ്ങളിൽനിന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ മലയാള സാഹിത്യം ഇനിയും ഒരുപാട് വളരേണ്ടിയിരിക്കുന്നു. അതിന് കുറച്ചുകൂടി വലിയ വിഷയങ്ങൾ നമ്മൾ കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു. വലിയ വിഷയം എന്നു പറയുന്നതുകൊണ്ട്, നമ്മുടെ നാട്ടിൽനിന്ന് അകന്നു നിൽക്കണമെന്നോ നാട്ടുവിഷയങ്ങളിൽനിന്നും മാറിനിൽക്കണമെന്നോ ഒന്നുമല്ല. സാധാരണ മലയാളികൾ എപ്പോഴും അഭിരമിക്കുന്നത്, ദൈനംദിന രാഷ്ട്രീയത്തിൽ മാത്രമാണ്. അതുകൊണ്ട് കഥ ടോട്ടലി കറക്ടാണോ കഥയിലെ രാഷ്ട്രീയം എന്താണ് എന്നൊക്കെ നോക്കിയാണ് നമ്മൾ സാഹിത്യത്തെ വിലയിരുത്തുന്നത്. അതൊരു ചെറിയ കാര്യമാണ്. അതല്ലാതെ മനുഷ്യൻ എന്ന വലിയ കാര്യത്തെ, മനുഷ്യജീവിതത്തിന്റെ വലിയ തലങ്ങളെ കണ്ടുകൊണ്ടെഴുതണം എന്നാണ് എന്റെയൊരു അഭിപ്രായം. അങ്ങനെ എഴുതുമ്പോൾ മെച്ചപ്പെട്ട സാഹിത്യം ഉണ്ടാകും. അത് ലോകസാഹിത്യത്തിൽ നിന്നും നമ്മൾ മാതൃകയാക്കേണ്ടതാണ്.

മാറി വരുന്ന ചിന്തയെ, ജീവിത രീതികളെ, രാഷ്ട്രീയബോധത്തെ ഉൾക്കൊള്ളാൻ എത്രമാത്രം പുതിയ കാലത്തെ കഥാ സാഹിത്യത്തിന് കഴിഞ്ഞിട്ടുണ്ട്?

മാറി വരുന്ന ചിന്തയെ രേഖപ്പെടുത്തുക, മാറി വരുന്ന ജീവിത രീതികളെ രേഖപ്പെടുത്തുക, രാഷ്ട്രീയബോധത്തെ ഉൾക്കൊള്ളുക ഇതൊന്നുമല്ല കഥയുടെ ഉദ്ദേശം എന്നാണ് ഞാൻ കരുതുന്നത്. അതൊക്കെ ദൈനംദിന കാര്യങ്ങളാണ്. അതല്ലെങ്കിൽ നമ്മുടെ ചെറിയ ജീവിതത്തിൽ സാമൂഹികമായി ഒരു ക്രമം ഉണ്ടാക്കിക്കൊടുക്കുന്ന കാര്യങ്ങളാണ്. അതൊക്കെ മാറി വരണം. പക്ഷെ, എഴുത്തിന്റെ ഉദ്ദേശം അതല്ല. സാഹിത്യം കുറച്ചുകൂടി ഉന്നതമാണ്. കുറേക്കൂടി മഹത്വം അതർഹിക്കുന്നുണ്ട്. വലിയ കാര്യങ്ങളെയാണ് അത് അഭിസംബോധന ചെയ്യുന്നത്. അതോടൊപ്പംതന്നെ അതിൽ രാഷ്ട്രീയമുണ്ട്, സമകാലികതയുണ്ട്. മുണ്ടശ്ശേരി പറഞ്ഞതുപോലെ ‘കാളിദാസനും കാലത്തിനൊത്തെഴുതണം’ എന്നു പറയുന്നതുപോലെ സമകാലിക എഴുത്തുകാരും പറയും. പക്ഷെ, സാഹിത്യത്തിന്റെ ലോകം അതല്ല. വലിയ ഗൗരവത്തോടെ സമീപിക്കേണ്ടതാണത്. ജീവിതത്തെ സംബന്ധിച്ച് എഴുത്തുകാരന്റെ മഹത്തായ ദൗത്യത്തെ നമ്മൾ കുറച്ചു കാണരുത്. അതിനെക്കുറിച്ചുള്ള നമ്മുടെ ചിന്തകൾ തികച്ചും അപക്വമാണ്. ‘ഞാൻ സമകാലീനനാണോ, ഞാൻ പുതിയ തലമുറയെ ഉൾക്കൊള്ളുന്നുണ്ടോ’ എന്നൊന്നും ആകുലപ്പെടേണ്ട യാതൊരു കാര്യവും ഇല്ല. ഒരു കഥാകൃത്തിന്റെ ജോലി നന്നായി കഥ പറയുക എന്നുള്ളതാണ്.

ജില്ലയിൽ കുറ്റ്യാടി പഞ്ചായത്തിലെ നരിക്കൂട്ടുംചാൽ സ്വദേശി. നേർക്കാഴ്ചകൾ, കറുത്ത പക്ഷിയുടെ പാട്ട്, ഒരു മുദ്ര എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതുപ്രണയകവിതകൾ എന്ന പുസ്തകത്തിന്റെ എഡിറ്റർ. പുതിയൊരു ചാനൽ എന്ന കവിതയ്ക്ക് 2013 ലെ മുറുവശ്ശേരി പുരസ്‌കാരം ലഭിച്ചു. കോഴിക്കോട് സ്വദേശി.