ചലിക്കാത്ത ചലച്ചിത്രങ്ങൾ – 3 : ഒരേയൊരു രാത്രി

ഒരു ചിങ്ങമാസം-

സംപ്രേക്ഷണത്തീയതി നിശ്ചയിച്ച ഒരു ടെലിവിഷൻ പരമ്പരയുടെ തുടർചിത്രീകരണത്തിനായി ഞാൻ എറണാകുളത്തായിരുന്നു. സൗത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഒരു ടൂറിസ്റ്റ്ഹോമിലായിരുന്നു അന്നത്തെ ഷൂട്ടിംഗ്. ഞാനടക്കം സംഘത്തിലെ പ്രമുഖരെല്ലാം താമസിക്കുന്നതും അവിടെത്തന്നെ.

ഞാനാണ് കപ്പിത്താൻ.

മറ്റു ചാനലുകൾ വന്നുതുടങ്ങിയ കാലമല്ല. അതിനാൽ ദൂരദർശൻ പരമ്പരകൾക്ക് അപാരമായ ജനപ്രീതിയുണ്ടായിരുന്നു. ഷൂട്ടിംഗ് ലൊക്കേഷനുകളിൽ വൻ ജനാവലി സ്ഥിരം കാഴ്ചയായിരുന്നു. ചെറുതായിട്ട് മുഖം കാണിച്ചു തുടങ്ങിയവർ പോലും ആകാശത്തുനിന്നും അപ്പോൾ പൊട്ടിവീണമാതിരി ജനങ്ങൾ തിരിച്ചറിയുന്നുണ്ടോ എന്ന് ശ്രദ്ധിച്ച്, ഉണ്ടെങ്കിൽ സ്വയം ആനന്ദിച്ച്‌, അങ്ങനെ നടപ്പുണ്ട്.

സ്ത്രീകഥാപാത്രങ്ങൾ വളരെക്കൂടുതലുള്ള ഒരു കഥയായിരുന്നു. അതുകൊണ്ടു തന്നെ, ശ്രദ്ധിക്കപ്പെടാനും പ്രധാനപ്പെട്ടവരുടെ ‘ഗുഡ്ബുക്കിൽ’ കയറിപ്പറ്റാനും വേണ്ടിയുള്ള പരക്കംപാച്ചിലിൽ, സർവ്വ ആയുധങ്ങളും മിനുക്കി നടപ്പാണ്, സുന്ദരിമാർ.

ഞാൻ കുറച്ചുകാലമായി വിരക്തിയുടെ വക്കിലാണ്. വാർദ്ധക്യം പിടികൂടിയ നായകന്മാരെ വച്ച്, പ്രേമകഥകൾ ചെയ്തു ചെയ്തുണ്ടായ അപകർഷതയായിരിക്കാം, ഒരുപക്ഷേ.

ലഞ്ച്ബ്രേക്ക് !

ഉച്ചഭക്ഷണത്തിനുള്ള ഇടവേള.

ടൂറിസ്റ്റ് ഹോമിന്റെ സ്വീകരണമേഖലയെ വലിയൊരു ആശുപത്രിയുടെ റിസപ്ഷൻ കൗണ്ടർ ആക്കി മാറ്റുകയാണ് കലാസംവിധായകനും സംഘവും. റിസപ്ഷനിസ്റ്റുകളായി രണ്ട് പെണ്‍കുട്ടികൾ വേണം. ഒരെണ്ണം കഴിഞ്ഞ നാലഞ്ച് ദിവസങ്ങളായി, ഏതോ മുറിയിൽ താമസമുണ്ടെന്നു കേട്ടു. ഇടയ്ക്കെപ്പോഴോ മാനേജർമാരിലൊരാൾ എന്നെ കാണിച്ച്, സമ്മതം വാങ്ങുകയും ചെയ്തിരുന്നു.

റിസപ്ഷൻ കൗണ്ടറിൽ ചിത്രീകരിക്കേണ്ട സീനുകളിൽ കണ്ണുംനട്ടിരിപ്പാണ് ഞാൻ. ചെയ്യാൻ ഒന്നുംതന്നെയില്ല. വെറുതെ കുറേ ആളുകൾ ഉള്ളിലെയ്ക്കും പുറത്തേയ്ക്കും വരുകേം പോകുകേം ചെയ്യുന്നു. ഇടയ്ക്ക് ആരോ കൗണ്ടറിലെ പെണ്‍കുട്ടിയോട് എന്തോ ചോദിക്കുന്നു. ഒന്നുരണ്ടു ഫോണ്‍ കോളുകൾ വരുന്നു, അത്രതന്നെ! ഒരു കാര്യവുമില്ല.

മാനേജർ രവി കസേരയുടെ പിന്നിൽ വന്നുനിന്നു, വിളിച്ചു.

“സാർ”

ഇതയാളുടെ സ്ഥിരം പതിവാണ്. മനുഷ്യരുടെ മുൻപിൽ വരില്ല. അയാളുടെ മുഖം കാണണമെങ്കിൽ, കുറഞ്ഞത് നൂറ്റിയെണ്‍പത് ഡിഗ്രിയെങ്കിലും കഴുത്ത് തിരിക്കണം. മുന്നിൽ വന്നു നിന്ന് പറയാൻ ആയിരം വട്ടം പറഞ്ഞിട്ടുണ്ട്. വരില്ല. ഇതിനും വേണ്ടി, എന്ത് തെറ്റുകളാണാവോ, ഇവരൊക്കെ ചെയ്തുകൂട്ടുന്നത്?

“സാർ,”

“പറഞ്ഞോളൂ.”ഞാൻ തിരിയാതെ പറഞ്ഞു.

“കൗണ്ടറിൽ നില്ക്കാൻ രണ്ട് പെണ്‍കുട്ടികളെ വേണമെന്ന് അസോസിയേറ്റ്‌ പറഞ്ഞു.”

“ഉവ്വ്, വേണം.”

“ഒരെണ്ണം ഇവിടെയുണ്ട്”

“കണ്ടായിരുന്നു.”

“മറ്റേത്, ഇതുമതിയോ?”

“ഏത്?”

“ഇത്”

“എവിടെ?”

അവളും പിന്നിലാണ്.

ആ കുട്ടി, എനിക്ക് കാണാൻ പാകത്തിൽ മുന്നിലേക്ക് നീങ്ങി നിന്നു. ഞാൻ അവളുടെ മുഖത്തേയ്ക്കു നോക്കിയപ്പോൾ അവൾ ആത്മവിശ്വാസത്തോടെ പുഞ്ചിരിച്ചു.

ഇവളെ ഞാനെവിടെയോ കണ്ടിട്ടുണ്ടല്ലോ! എവിടെയാണ്?

ഈ ഇടതൂർന്ന കണ്‍പീലികൾ… ഈ പുരികം… ഇളം നീല കൃഷ്ണമണികൾ…. ചിരിക്കുമ്പോൾ ചുണ്ടുകൾ ഇടത്തേയ്ക്ക് ഗൂഡമായി ഒതുങ്ങുന്ന ഈ മനോഹാരിത…

ഇതെവിടെയോ കണ്ടുമറന്നൊരു മുഖമാണ്, ഉറപ്പ്!

“എന്താണ് കുട്ടിയുടെ പേര്?”

“മാലിനി. അവൾ പറഞ്ഞു.

ഓർമ്മയിൽ അങ്ങനൊരു പേരില്ല.

“എവിടെയാ സ്ഥലം?”

“ഇവിടെത്തന്നെ, കൊച്ചിയിൽ.”

ഇല്ല.

കൊച്ചിയിലെന്നല്ല, ഒരിടത്തും ഒരു മാലിനിയേയും എനിക്കറിയില്ല. എൻറെ ഓർമ്മകളിൽ ഒന്നും ആ പേരില്ല. അപ്പോൾ ഇവളാരാണ് ?

നായികമാരാകാൻ വേണ്ടി മാത്രം ജനിച്ച സുന്ദരികൾ കുറച്ച് ദൂരെ, ഊണ്കിണ്ണങ്ങളുമായി, ആർത്തി പുറത്തു കാണിക്കാത്ത പ്രാവുകളെപ്പോലെ കൊറിച്ച്, എന്നെ അർഥം വച്ച് നോക്കുന്നുണ്ടായിരുന്നു.

എന്തേ ഈ പുതിയ ജുനിയറിൽ ഇത്ര താല്പര്യം, എന്ന മട്ടിൽ.

‘ഇവൾ മതി’ എന്നു സമ്മതിക്കുന്ന മട്ടിൽ തലകുലുക്കിയിട്ട് ഞാൻ ചോദിച്ചു.

“കോസ്റ്റ്യൂംസ് കൊണ്ടു വന്നിട്ടുണ്ടോ? രണ്ട് സീനുണ്ട്.”

അവൾ രവിയെ നോക്കി.

“കൗണ്ടറിൽ അകത്തല്ലേ സാർ, ടോപ്പും ഷാളും മാത്രം മാറ്റിയാൽപ്പോരേ? മറ്റേ കൊച്ചിൻറെ കയ്യിൽ ഒരുപാട് ഡ്രെസ്സുണ്ട്.”

രവി അങ്ങനെയാണ്. റോഡേ പോകുന്നവൻറെ മുണ്ട് വേണമെങ്കിലും അഴിച്ചുവാങ്ങും. സീൻ കഴിയുന്നതു വരെ അവരെ അടിവസ്ത്രങ്ങളിൽ നിർത്തും. അടിവസ്ത്രങ്ങൾ അഴിച്ചു വാങ്ങിയ കഥകളുമുണ്ട്.

അലസമായ ഒരു പുഞ്ചിരിയോടെ, മാലിനി പോയി. കള്ളലക്ഷണങ്ങളോടെ രവിയും.

ഞാനെന്തിനാണ് ചിരിച്ചത്?

ചമയങ്ങൾ കഴിഞ്ഞുവന്നപ്പോൾ അവൾ കൂടുതൽ സുന്ദരിയായിരുന്നു. നായികമാർക്കൊന്നും അവളെ രസിക്കുന്നുണ്ടായിരുന്നില്ല. അവർ പരിഹാസഭാവത്തിൽ തമ്മിൽത്തമ്മിൽ നോക്കുന്നുണ്ടായിരുന്നു. അസൂയപിടിക്കുമ്പോൾ സുന്ദരി മാരുടെ മുഖം ജുഗുപ്സാവഹമായ രീതിയിൽ വികൃതമാകും. ഇതിനുമുൻപും ഞാൻ കണ്ടിട്ടുണ്ട്, തിരുവനന്തപുരത്ത്.

മാലിനി ആരേയും വകവൈക്കാതെ ദൂരെ കിടപ്പുണ്ടായിരുന്ന ഒരു ചുവന്ന പ്ലാസ്റ്റിക്‌ കസേരയിൽ പോയി ഇരുന്നു.

ഒരു… ഇരുപത്തിനാല് വയസ്സുവരും. ക്യാമറയ്ക്ക് പറ്റിയ ഇളംനിറം…. മെലിഞ്ഞ ശരീരം… വിളറിയതെങ്കിലും സുന്ദരമായ മുഖം….

ഇവളെ ഞാനെവിടെയാണ് കണ്ടിട്ടുള്ളത്?

അറിയാതെ ഞാനവളെ ഒരുപാടുവട്ടം നോക്കിയെന്നു തോന്നുന്നു. ഇപ്പോൾ എൻറെ നോട്ടം പോകുന്ന ദിക്കിലെല്ലാം മന:പൂർവ്വമെന്നപൊലെ അവൾ വന്നു നില്ക്കുന്നുണ്ട്.

അനവസരത്തിലുണ്ടായ ഒരു കനത്ത മഴയുടെ മേൽ പഴിചാരി ഞാൻ നേരത്തെ പണിനിർത്തി. ഒരു പുറം വേദനയും കൂട്ടിനുണ്ട്. ഷൂട്ടിങ്ങ് കഴിഞ്ഞതും മാലിനി പോയി. ഒരു യാത്ര പോലും പറയാതെ.

ആ രണ്ടു സീനും അവൾക്ക് തൃപ്തി വന്നിട്ടുണ്ടാവില്ല. അതിനുവേണ്ടി ഒന്നുമില്ലായിരുന്നു. എന്ത് കാരണം കൊണ്ടോ എനിക്ക് വിഷമം തോന്നി. ആ കലാകാരിയോട് കുറേക്കൂടി നീതിപുലർത്തണമായിരുന്നു.

എയർകണ്ടിഷൻഡ് മുറിയിൽ എവിടുന്നാണിത്രയും കൊതുക്‌?

പുറത്ത് മഴ തിമിർക്കുന്നുണ്ട്. ഒരു ഗംഭീര തീരുമാനം ഞാനെടുത്തു.

ഈ… രാത്രി… മദ്യം വേണ്ട!

ടെലിവിഷൻ സ്ക്രീനിലെ, ഇംഗ്ലീഷ് സിനിമകളും നോക്കി ഞാൻ കിടന്നു.

എന്നാണ് സിനിമാ ദൈവങ്ങളേ, എനിക്ക് ഇതുപോലെയൊക്കെ വല്ലതും ചെയ്യാൻ ഒരവസരം വരുന്നത്?

സങ്കൽപ്പത്തിൽ കാതറീൻ സീറ്റ ജോണ്സിനോടും ഡെമി മൂറിനോടും ആക്ഷനും കട്ടും പറഞ്ഞ് ഞാൻ ഹോളിവുഡിലൂടെ നടന്നു.

വീണ്ടും നാളെ ചിത്രീകരിക്കേണ്ട സീനുകളിലെയ്ക്ക് മനസ്സ് വെറുപ്പോടെ വഴുതി വീണു.

ഭർതൃഗൃഹത്തിൽ നിന്നും പൊറുതി മതിയാക്കി പോകുന്ന നായിക!

വഴിക്കു വച്ച് പഴയ കാമുകൻ (ഇപ്പോഴും അവിവാഹിതനായി നടക്കുന്ന) സ്കൂൾ മാഷിനെ കണ്ടുമുട്ടുന്നു. അതാണ്‌ രാവിലെ എടുക്കാനുള്ളത്.

ഈ മാതിരി സീനുകൾ എത്രയോ വട്ടം എടുത്തിട്ടുള്ളതാണ്? ദൂരദർശന് ഇപ്പോഴും ഇതൊക്കെ മതി.

ഇനി ഒരു പത്തുവർഷം കഴിഞ്ഞാലും ഇതേകഥ മറിച്ചിട്ടാൽ മതി!

വാതിലിൽ പതിഞ്ഞ ശബ്ദത്തിലുള്ള മുട്ട് കേട്ടു. ഹോട്ട് ക്യാരിയറിൽ അത്താഴവുമായി രാജുവാണ്.

അസാധാരണമായ വെളുപ്പ്‌ നിറമുള്ള ഒരു കൊച്ചു ചെക്കനാണ്, രാജു.

സ്കൂളിൽ പോകേണ്ട പ്രായത്തിൽ ഇവനെന്തിനാണ് സിനിമാക്കാരുടെ പുറകെ നടക്കുന്നത്?

ക്യാരിയർ ഉള്ളിൽ വെച്ചിട്ട്, അവൻ പോയി.

കഞ്ഞിയും പയറും ചമ്മന്തിയും ചപ്പാത്തിയും കോഴിക്കറിയുമായിരിക്കും വിഭവങ്ങൾ.

കഥകൾ പോലെ തന്നെ ഭക്ഷണവും. ഒരു മാറ്റവുമില്ല.

കട്ടിലിൽ വന്നു കിടക്കാൻനേരം, മുട്ട് കേട്ടു.

ഇതവൻറെ സ്ഥിരം പതിവാണ്. എന്തെങ്കിലും മറന്നുവച്ചിട്ട് വീണ്ടും വന്ന് മുട്ടുക!

ഞാൻ വാതിൽ തുറന്നു,

രാജുവല്ല. നനഞ്ഞ്കുതിർന്ന് നില്ക്കുന്നു, മാലിനി!

അവളെൻറെ അനുമതിക്ക് കാത്തു നില്ക്കാതെ മുറിക്കുള്ളിൽ കടന്നു. ഞാനാകെ ഭയന്നു. ആരെങ്കിലും കണ്ടാൽ നാളെ ലൊക്കേഷൻ മുഴുവനും പാട്ടാകും.

എൻറെ മനസ്സ് വായിചിട്ടെന്നോണം അവൾ വാതിൽ ചാരി.

“പോയീന്നാണല്ലോ അവരൊക്കെ, പറഞ്ഞത്.”

“പോയതാണ്.” അവൾ പറഞ്ഞു. “മഴയത്ത് ബസ്സ്‌ മിസ്സായി. ഒത്തിരി ദൂരം പോണം. രാത്രി ഒറ്റയ്ക്ക് ഓട്ടോയിൽ-..”

ഇനി ഞാനെന്താണ് ചോദിക്കുക?

മണി പത്തു കഴിഞ്ഞിരിക്കുന്നു. ഇനി മുറിയിലേക്ക് ആരും വരാൻ സാധ്യതയില്ലെങ്കിലും ആ ഫ്ലോറിലെ മറ്റു മുറികളിൽ വേണ്ടപ്പെട്ട പലരും ഉണ്ട്.

“ഇന്നൊരു രാത്രി, ഞാനിവിടെ കൂടിക്കോട്ടെ?” അവൾ ചോദിച്ചു.

“ഈ മുറിയിലോ?” ഞാൻ അമ്പരന്നു.

“അല്ലെങ്കിൽ, സാറിൻറെ അധികാരമുപയോഗിച്ചു ഈ ഹോട്ടലിൽ എനിക്കൊരു മുറി പറയൂ. രാത്രി എവിടെയെങ്കിലും ഒന്ന് കിടക്കണ്ടേ?”

ഇതെന്തു പെണ്ണ്?

വെറും രണ്ടു സീനിൽ, ക്രൌഡ് അഭിനയിക്കാൻ വന്ന ജൂനിയർ ആർടിസ്റ്റ് പെണ്ണിന്, ആ ഹോട്ടലിലെ വില കൂടിയ മുറി പറഞ്ഞാൽ, മറ്റുള്ളവർ എന്ത് കരുതും?

“ആരുമറിയാതെ ഞാനീ മുറിയിലെവിടെയെങ്കിലും….. വെളുപ്പിന് ആരും കാണാതെ സ്ഥലംവിടാം.” അവൾ നനഞ്ഞൊലിക്കുകയാണ്.

“കുട്ടി വരുന്നത് ആരും കണ്ടില്ലേ?”

“റിസപ്ഷനിൽ ഒരു അപ്പാപ്പൻ ഉണ്ടായിരുന്നു. എന്റെ വർക്ക് തീർന്ന വിവരം പുള്ളിക്കറിയില്ലല്ലോ. ഏതോ വല്യനടിയാണെന്ന് കരുതി, ഭവ്യതയോടെ ചിരിച്ചു. ഞാനും ചിരിച്ചു. വേഗം പോയി തലതുടയ്ക്കാൻ അപ്പാപ്പൻ പറഞ്ഞു. ഞാനിങ്ങു പോന്നു.”

അവൾ ഒരു കുസൃതിച്ചിരി ചിരിച്ചു.

ഞാൻ ഒന്നും പറയുന്നില്ലാന്നു കണ്ടപ്പോൾ അവളുടെ അഭ്യർത്ഥന സ്വീകരിച്ചു എന്നുറപ്പിച്ച്, അവൾ വാതിൽ കുറ്റിയിട്ടു.

“നനഞ്ഞിട്ടുണ്ടല്ലോ..”

“കുറച്ചുദൂരം നടന്നു”

“വേറെ മുറികളിൽ പെണ്‍കുട്ടികൾ കാണും” ഒഴിഞ്ഞുപോട്ടെന്നു കരുതി, ഞാൻ പറഞ്ഞു.

“നോക്കി” അവൾപറഞ്ഞു. ” ഈ ഹോട്ടലിൽ ഒരുമുറിയിൽ മാത്രമേ ഒറ്റയ്ക്കാളുള്ളൂ,, ഇതിൽ. അതാ ഞാനിങ്ങു പോന്നത്”

ബാക്കി മുറികളിലൊക്കെ ആരാവും?

എന്തിനാണ് ഇവളിങ്ങനെ ചിരിക്കുന്നത്, ഞങ്ങളുടെ തൊഴിലിനെ പരിഹസിക്കും പോലെ.

“ലുങ്കിയുണ്ടോ സഖാവേ, ഒരു ഷർട്ടെടുക്കാൻ?”

വളരെ ലാഘവത്തിലാണ്, അവൾ ചോദിക്കുന്നത്.

യാതൊരു ആശങ്കകളുമില്ലാത്ത മുഖം. ഞാൻ ലേശം വൈഷമ്യത്തോടെ, ഒരു മുണ്ടെടുത്ത് കട്ടിലിലിട്ടു. കാവി നിറത്തിലുള്ള ഒരെണ്ണം.

“കുപ്പായം പോലുള്ള എന്തെങ്കിലും?” അവളുടെ ചുണ്ടുകളുടെ കോണിൽ വിരിയുന്ന ചിരി എന്നെ ഭ്രാന്ത് പിടിപ്പിച്ചുതുടങ്ങിയിരുന്നു.

അവൾ എൻറെ മുറി കൈയടക്കിയിരിക്കുന്നു.

ഇളം കാവി നിറത്തിലുള്ള ഒരു അരക്കൈയ്യൻ ഷർട്ടും ഞാനെടുത്തു കൊടുത്തു.

അത് വാങ്ങി നോക്കിയിട്ട് അവൾ ചിരിച്ചു.

“എന്തേ?” ഞാൻചോദിച്ചു.

“ഒന്നുംല്ല” അതുംപറഞ്ഞ്, ഒരരച്ചിരിയോടെ, അവൾ ബാത്ത്റൂമിലേയ്ക്ക് നടന്നു.

ആ ഷർട്ടിനുള്ളിൽ അവളെപ്പോലെ മൂന്നുപേർ കൊള്ളുമായിരുന്നു.

കുളിമുറിയിൽ നിന്നും പുറത്തിറങ്ങിയ മാലിനി സുന്ദരിയായ ഒരു മോഡേണ്‍ ആശ്രമകന്യകയെപ്പോലെയിരുന്നു.

സോപ്പിൻറെ പരസ്യചിത്രത്തിലഭിനയിച്ചിട്ട് വരുമ്പോലെ… പുതുമയോടെ, സുഗന്ധത്തോടെ….

അന്നേരം ഒരു യാഥാർത്ഥ്യം എൻറെ മനസ്സിൽ കടന്നുവന്നു.

ആ പരമ്പരയിലഭിനയിക്കുന്ന, ഒരു നായികയ്ക്കും ഇവളോളം ലാവണ്യമോ ആകർഷണമോ ഇല്ല.

“ഇന്ന് ആ റിസപ്ഷൻ കൗണ്ടറിൽ മണിക്കൂറുകളോളം, കോല് പോലെ നിന്ന്, ഭാവാഭിനയം നടത്തിയതിന്, സാറിൻറെ പ്രൊഡ്യൂസർ മുന്നൂറു രൂപ പ്രതിഫലം തന്നു.” അവൾ പറഞ്ഞു.

“അതിൽനിന്നു കുറച്ചു പൈസ എടുത്തു ഞാനിത്തിരി ബ്രാണ്ടി വാങ്ങി. സാറിനു തരാനാ. ഒരു കാണിക്കയെന്നോ… ദക്ഷിണയെന്നോ…-“

ഹൃദ്യമായ മന്ദഹാസത്തോടെ, അവൾ ബാഗ്‌ തുറന്ന്, അരക്കുപ്പി ബ്രാണ്ടി പുറത്തെടുത്തു.

ഞാൻ സ്തബ്ധനാണ്.

“നൂറു പേരോടൊപ്പം അന്തിയുറങ്ങിയ പെണ്ണുങ്ങളെവരെ പതിവൃതകളായി കന്യകമാരായി, ചിത്രീകരിക്കുന്ന ആളല്ലേ? എന്നെ തല്ക്കാലം ഒരു പെണ്ണായി കൂട്ടണ്ട. ഒരു കൂട്ടുകാരനായി, സങ്കൽപ്പിച്ച് ഈ അമ്പരപ്പിൽ നിന്നും പുറത്തു വരൂ”

അതുംപറഞ്ഞ്, അവൾ കണ്ണാടിയ്ക്ക് മുൻപിൽ പോയി, തല ചീകി പൗഡറിട്ട് നിമിഷനേരംകൊണ്ട് കൂടുതൽ സുന്ദരിയായി മടങ്ങി വന്നു.

ഞാൻ അമ്പരപ്പിൽ തന്നെയാണ്.

“ഒരു പെണ്ണായിട്ട് എന്നെ സൃഷ്ടിക്കണേ, എന്ന് ഞാനാർക്കും നിവേദനം കൊടുത്തിട്ടില്ല. അതുകൊണ്ടു തന്നെ, സ്ത്രീയുടെ അസ്വാതന്ത്രങ്ങളെക്കുറിച്ച് ഞാൻ ആശങ്കപ്പെടാറില്ല.”

അങ്ങനെ ഒരു പ്രസ്താവന നടത്തിയിട്ട്, അവൾ ഹോട്ട് ക്യാരിയർ തുറന്നു, അതിനുള്ളിൽ ഉണ്ടായിരുന്ന വിഭവങ്ങൾ മേശപ്പുറത്ത് നിരത്തി.

“ഒരു റൂംബോയിനെ വരുത്തി, സോഡാ പറഞ്ഞ് ഞാൻ സാറിൻറെ നെഞ്ചിടിപ്പ് കൂട്ടുന്നില്ല. പച്ചവെള്ളം മതി”

അവൾ രണ്ടു ഗ്ലാസ്സിൽ മദ്യം പകർന്ന്, വെള്ളമൊഴിച്ച് ഒരെണ്ണം എൻറെ നേർക്കു നീട്ടി.

ആഭാസനും തെമ്മാടിയുമായ ഒരാളിൻറെ മുൻപിൽ അകപ്പെട്ടുപോയ ഒരിളം കന്യകയെപ്പോലെ നില്പ്പാണ്‌, ഞാൻ.

മദ്യപിച്ചു തുടങ്ങിയപ്പോൾ എനിക്ക് പ്രപഞ്ചത്തിനോടാകെ സ്നേഹം തോന്നി; എന്നും തോന്നുംപോലെ.

“മാലിനീ”

“ഈശ്വരാ”

“എന്തിനാ, ഈശ്വരനെ വിളിച്ചത്?”

“എൻറെ പേര് ഓർത്തല്ലോ”

അവൾ വീണ്ടും ഗ്ലാസ്സുകൾ നിറച്ചു. എന്തൊക്കെയോ എടുത്തു തിന്നുകയും ചെയ്തു.

“ഈ മുഖം, മാലിനീ, എനിക്ക് നല്ല പരിചയം തോന്നുന്നു” ആദ്യം കണ്ടപ്പോഴുണ്ടായ ആ സംശയം ഞാൻ ഉന്നയിച്ചു.

“പകൽ ക്യാമറയിലൂടെയും മോണിട്ടറിലൂടെയും കണ്ടതല്ലേ”

“അതല്ല, ഇതിനുമുൻപ് എപ്പോഴോ”

“സാധ്യതയില്ല” മാലിനി പറഞ്ഞു.

“അല്ല മാലിനീ” എനിക്കുറപ്പായിരുന്നു.

“എവിടെയോ കണ്ടുമറന്ന മുഖമാണ്”

“ഒരുപക്ഷെ, സാറ് കണ്ടത് എൻറെ ചേച്ചിയെയാവും. ഞങ്ങള് രണ്ടാളും ഒരേ മുഖമാ” മാലിനി പറഞ്ഞു.

“അതാരാണ്? ഞാനെങ്ങനാ കാണാൻ വഴി?”

മാലിനി, തന്റെ ചേച്ചിയുടെ പേര് പറഞ്ഞു.

ശരിയാണ്!

“വളരെ ശരിയാണ്, മാലിനീ. അതുതന്നെ.”

മലയാളം ഉൾപ്പെടെ, വിവിധ ഭാഷകളിൽ വെട്ടിത്തിളങ്ങി നിന്നിരുന്ന നായിക!

ബ്ലാക്ക്‌ &വൈറ്റ് ചിത്രങ്ങളുടെ കാലം കഴിയും മുൻപ് തന്നെ പേരെടുത്ത ദക്ഷിണേന്ത്യൻ താരം.

അവർ ഇവളുടെ ചേച്ചിയാണോ? ശരിയായിരിക്കണം.

അതേ മുഖം… അതേ ചിരി…. അവരുടെ അധരം കുറച്ചുകൂടി തടിച്ചതാണ്. കണ്ണുകൾ ഇത് തന്നെ. പുരികവും നെറ്റിയും ഒക്കെ…

ആ വലിയ നടിയുടെ മുഖം എൻറെ മനസ്സിൽ നിറഞ്ഞു നിന്നു.

“നിങ്ങൾ ഒരമ്മ മക്കളാണോ?”

“അതെ” മാലിനി പറഞ്ഞു.

“ഞങ്ങൾ നാല് പേരാണ്. ചേച്ചി, രണ്ടു ചേട്ടന്മാർ പിന്നെ ഞാൻ. ചേച്ചി, കുടുംബമായി മദ്രാസിലാണ്. ചേട്ടന്മാർ കല്യാണമൊക്കെ കഴിച്ച്, അച്ഛനുമമ്മയ്ക്കുമൊപ്പം തറവാട്ടിലുണ്ട്”

“അപ്പോൾ മാലിനി?”

“മാലിനി!” അവളുടെ മുഖത്ത് പരിഹാസവും വേദനയും കലർന്ന ഒരുപുഞ്ചിരി വിടർന്നു.

“മാലിനിയാണ്, പ്രശ്നം! ഒരന്താരാഷ്ട്ര പ്രശ്നം”

“തമാശക്കാരിയാണെന്നതൊഴിച്ചു, ബാക്കിയൊന്നും എനിക്ക് മനസ്സിലായില്ല, കൊച്ചേ”

“ഒന്നും പറയാനില്ല, മാഷേ… ഈ മാലിനിയെപ്പറ്റി. രണ്ടു വിവാഹം കഴിഞ്ഞു. രണ്ടും പിരിഞ്ഞു.”

അവൾ ഗ്ലാസ്സുമെടുത്ത്‌, ജാലകത്തിനടുത്ത് പോയി നിന്നു.

സൗത്ത് സ്റ്റേഷനിൽ നിന്നും ഒരു ട്രെയിൻ എങ്ങോട്ടോ പോകുന്ന ശബ്ദം കേൾക്കാം.

“മാലിനി തറവാട്ടിലല്ലേ താമസം?” എൻറെ ചോദ്യം അവളെ വേദനിപ്പിച്ചതുപോലെ തോന്നി.

“എന്നെ വീട്ടില് കയറ്റില്ല” മാലിനി പറഞ്ഞു.

“ആര്?”

“ആരും. അച്ഛനുമമ്മയും ചേട്ടന്മാരും ആരുംതന്നെ സമ്മതിക്കില്ല.”

“അപ്പൊപ്പിന്നെ?”

“ഒരു ലേഡീസ് ഹോസ്റ്റലിൽ, ഒരു കൂട്ടുകാരിയോടൊപ്പം മുറി ഷെയർ ചെയ്യുന്നു”

“കുഞ്ഞുങ്ങളൊന്നും-“

“ഭാഗ്യം. ആ വഴിയ്ക്ക്, ഈശ്വരൻ കുറച്ചു സഹായിച്ചു”

നിശ്ശബ്ദത!

“ഇത് എ.സി മുറിയല്ലേ? ഈ ജനലെന്തിനാ തുറന്നിട്ടിരിക്കുന്നെ?” അവൾ ചോദിച്ചു.

“വെറുതെ” ഞാൻ പറഞ്ഞു. “തീവണ്ടികളുടെ ശബ്ദം കേൾക്കാൻ. ചില നേരങ്ങളിൽ ആ ശബ്ദത്തിന് രതിമൂർച്ഛയുണ്ടാക്കുന്ന ഒരു ലഹരിയുണ്ടാവും.

സുഖമുള്ള ഒരു ചിരി പൊഴിച്ചുകൊണ്ട്‌, അവൾ തൻറെ ബാഗെടുത്ത്‌ തുറന്നു.

“നമുക്ക് കുറച്ചു മദ്യംകൂടി വരുത്തിയാലോ?” ഒരു പ്രസരിപ്പോടെ അവൾ ചോദിച്ചു. “ഇന്നൊരു രാത്രിയെങ്കിലും ഞാനൊക്കെ ഒന്ന് മറക്കട്ടെ”

“ഞാൻ വരുത്താം” ഫോണെടുത്ത് ഞാൻ ബ്രാണ്ടിയ്ക്ക് പറഞ്ഞു.

മദ്യം വരുന്നതുവരെ ഞങ്ങൾ സംസാരിച്ചില്ല.

മദ്യക്കുപ്പി കൈപ്പറ്റാനായി, ഞാൻ ലിഫ്ടിനടുത്ത് കാത്തുനിന്നു.

മാലിനിയെ ആരും കാണരുതല്ലോ.

വീണ്ടും മദ്യപിച്ചു തുടങ്ങിയപ്പോൾ, ഞാനവളുടെ ആദ്യത്തെ വിവാഹത്തെ പറ്റി ചോദിച്ചു.

“അബദ്ധം” അവൾ ചിരിച്ചു. “പരമ അബദ്ധം എൻറെ മാഷേ , ഞാനൊരു തെണ്ടിയെ പ്രേമിച്ചു. അവനെന്നെ വഞ്ചിച്ചു. ഫൈവ്സ്റ്റാർ ലെവലിൽ വഞ്ചിച്ചു. അവനോടുള്ള പ്രതികാരം തീർക്കാൻ ഞാനൊരാളോടൊപ്പം ഒളിച്ചോടി. അവൻറെ ഡ്രൈവറിൻറെ കൂടെ. ഒരാഴ്ച കഴിഞ്ഞ് തിരികെപ്പോന്നു. അന്നെനിക്ക് പതിനാറു വയസ്സ് തികഞ്ഞിട്ടുണ്ടായിരുന്നില്ല”

“അതെന്താ തിരികെപ്പോരാൻ കാരണം?”

“അയാളുടെ ഗന്ധം എനിക്കിഷ്ടപ്പെട്ടില്ല. ശരീരത്തിൽ പലയിടത്തും ഹൈഡ്രജൻ സൾഫൈഡിൻറെ സ്മെൽ… സംസാരിക്കുമ്പോൾ പഴകിയ ഉള്ളിത്തൊലിയുടെ…. നഖത്തിനിടയിലൊക്കെ സദാ മാലിന്യം… മഞ്ഞനിറമുള്ള പല്ലുകൾ..! ഇതൊന്നും എനിക്കിഷ്ടമല്ല.”

“ഇറങ്ങിയോടും മുൻപ് ഇതൊന്നും നോക്കിയില്ലേ?”

അത്കേട്ട്, അവൾ ഉറക്കെ ചിരിച്ചു.

“എങ്കിൽ ഞാൻ പോവില്ലായിരുന്നല്ലോ. പക തീർത്തതല്ലേ മാഷേ, ഈ മരമണ്ടി?” ഒരു നെടുവീർപ്പിട്ടിട്ട്, അവൾ തുടർന്നു. “അന്നെൻറെ വീട്ടുകാർ ക്ഷമിച്ചിരുന്നെങ്കിൽ, ഞാൻ രക്ഷപ്പെട്ടേനെ. പക്ഷെ, ആ പതിനാറു തികയാത്തവളോട് ആരും പൊറുത്തില്ല. വീട്ടിൽ കയറ്റിയില്ല.”

തിരിച്ചറിവ് കുറഞ്ഞ ആ പ്രായത്തിലെ തെറ്റ് ക്ഷമിക്കാമായിരുന്നുവെന്ന് എനിക്കും തോന്നി.

“അപ്പോൾ രണ്ടാമത്തെ?”

“അതും അബദ്ധം. ഞാൻ ഓർക്കാൻ കൂടി ഇഷ്ടപ്പെടാത്ത ഒരു ഹിമാലയൻ അബദ്ധം. വേറൊരു മാർഗവുമില്ലാത്തതുകൊണ്ടാണ് ഞാനയാളോടൊപ്പം ജീവിക്കാമെന്നു തീരുമാനിച്ചത് തന്നെ. പാലാരിവട്ടത്തെ ഒരു വാടകവീട്ടിലായിരുന്നു താമസം തുടങ്ങിയത്. ഒരുദിവസം ഒരു സ്ത്രീയും രണ്ടു കുട്ടികളും കൂടി അവടെ താമസത്തിന് വന്നു. സഹോദരിയും മക്കളുമെന്നാണ് അയാളെന്നോട് പറഞ്ഞത്. കുട്ടികൾ അച്ഛാന്ന് വിളിക്കുന്നത്‌ കേട്ട് ഞാൻ ഞെട്ടി. വാണിഭമായിരുന്നു ലക്ഷ്യമെന്നു പിന്നീടാണറിഞ്ഞത്. അതും ഭാര്യയുടെയും കൂടി അറിവോടെ. രണ്ടുദിവസം റെസ്ക്യൂഹോമിൽ കിടന്നു. ഒടുവിൽ ഒരു ഉദ്യോഗസ്ഥന്റെ ദയയിൽ പുറത്തുവന്നു.” അവൾ പകതീർക്കുംപോലെ മദ്യപിച്ചു.

“മദ്രാസിൽ പോയി, ചേച്ചിയെ കാണാമായിരുന്നില്ലേ മാലിനിക്ക്? നല്ല നിലയിലല്ലേ അവര്? സഹായിക്കില്ലേ?”

അവൾ ചിരിച്ചു, പരിഹാസത്തോടെ. എന്നിട്ട് പറഞ്ഞു.

“ഗേറ്റ് തുറന്നില്ല, ഞാനാണെന്നറിഞ്ഞപ്പോൾ. തേവിടിശ്ശിയെ കാണേണ്ടാന്നു പറയാൻ പറഞ്ഞുവിട്ടു, വാച്ചുമാനോട്. കള്ളട്രെയിൻ കയറിയാ തിരികെ വന്നത്. ചേച്ചി എന്നെ വിളിച്ച അലങ്കാരം വച്ചൊരു കണക്കെടുപ്പ് നടത്തിയാൽ അവരായിരിക്കും ഒരുപാട് മുന്നില്.”

“എന്താലങ്കാരം?”

“തേവിടിശ്ശിഎന്ന അലങ്കാരം ! എനിക്കൊന്നും അറിയില്ലെന്നായിരിക്കും അവരുടെ ധാരണ.”

ഞാനറിയാതെ ചിരിച്ചുപോയി, അവളും.

എനിക്കാ പെണ്‍കുട്ടിയോട് സ്നേഹം തോന്നി.

ഇത്രയും രസമുള്ള ഒരു സുന്ദരിപ്പെണ്ണ്… അനാഥമായി നടക്കുന്നോ? പാടില്ല.

“ഇനി എന്താണ് മാലിനിയുടെ പ്ലാൻ?” ഞാൻ ചോദിച്ചു.

“അറിയില്ല സാർ” ആദ്യമായി അവളൊന്നു പതറി. മുൻപിൽ ഒരപകടം കാണും പോലെ.

“സത്യത്തിൽ എനിക്കറിയില്ല” അവൾ തുടർന്നു.

“ഓരോ ദിവസവും തള്ളിനീക്കുകയാണ്. ഒരു നടിയാവാൻ വേണ്ട തന്ത്രങ്ങളോ അതിന് കൊണ്ടുനടക്കാൻ പാകത്തിൽ ഒരമ്മയോ എനിക്കില്ല. കൊള്ളാവുന്ന ഒരു പുരുഷനോടൊപ്പം പുതിയൊരു ജീവിതം മോഹിക്കാനുള്ള അർഹതയോ പവിത്രതയോ എനിക്കില്ല. കൊള്ളരുതാത്ത ഒരുപുരുഷനെ പറ്റി ചിന്തിക്കാനും വയ്യ. അറിവില്ലാത്ത പ്രായത്തിൽ ആരോടോ ഉള്ള പക തീർക്കാൻ സ്വന്തം ജീവിതം എറിഞ്ഞുടച്ച വിഡ്ഢിയാണ് സാറേ ഞാൻ. കൊച്ചു കുട്ടികൾ ദേഷ്യം വന്ന് കളിപ്പാട്ടം വലിച്ചെറിയും പോലെ. ഇപ്പോൾ ആ ചില്ലുകളും പെറുക്കി, നെട്ടോട്ടമോടുകയാണ്, ഒന്നൊട്ടിച്ചെടുക്കാൻ” അവളുടെ കണ്ണുകൾ നിറഞ്ഞു.

ഞാനെണീറ്റ് നടന്നു. തെക്കും വടക്കും.

ഇനി ചോദ്യോത്തരങ്ങൾക്ക് പ്രസക്തിയില്ല.

സഹതാപത്തിൻറെ വേളയാണ്….

അല്ലെങ്കിൽ വാഗ്ദാനങ്ങളുടെ……

ഇവൾക്ക് എന്താണ് ഓഫർ ചെയ്യുക?

“ഒന്നു ചോദിച്ചോട്ടെ?” അവളെൻറെ അടുത്തുവന്നു. “സാറിൻറെ മനസ്സിൽ എന്തെങ്കിലും പ്ലാനുണ്ടോ?”

“എന്താണ് മാലിനി, ഉദ്ദേശിച്ചത്?”

“തീർത്തും അനാഥയായ നിരാലംബയായ ദുർബലയായ ഒരു പെണ്ണ്. അനുവാദം ചോദിക്കാതെ ഒറ്റയ്ക്ക് കഴിയുന്ന ഒരു പുരുഷൻറെ ചുമരുകൾക്കുള്ളിലെത്തി. എന്തിനുമുള്ള അധികാരവും സ്വാതന്ത്ര്യവും അങ്ങേയ്ക്കുണ്ട്. തന്നെയുമല്ല, സ്ത്രീകൾക്ക് ലഭിക്കാത്ത ഒരു വരം പുരുഷനു കിട്ടിയിട്ടുണ്ട്.

ഒന്നിൽക്കൂടുതൽ പുരുഷന്മാരെ മോഹിച്ചുപോയാൽ സ്ത്രീയ്ക്ക് ഒരു പേര് കിട്ടും. വൃത്തികെട്ട, അറപ്പുളവാക്കുന്ന ഒരു പേര്- വേശ്യ! ആയിരം സ്ത്രീകളെ പ്രാപിച്ചാലും പുരുഷന് അങ്ങനെ എന്തെങ്കിലും പേരോ ബഹുമതിയോ കിട്ടില്ല. അതൊക്കെ വച്ച് നോക്കുമ്പോൾ ഈരാത്രി സാറിന് ന്യായമായും എന്തും തീരുമാനിക്കാം. ഒപ്പം ഉറങ്ങണമെങ്കിൽ ഞാനാ കട്ടിലിൽ കിടക്കാം. അത് നിർബന്ധമില്ലെങ്കിൽ ഞാനീ സോഫയിൽ കിടക്കാം. ടീവിയും നോക്കി.. ഈ സുഖമുള്ള കുളിരിൽ.. എൻറെ മാത്രം സ്വപ്നങ്ങളിൽ കുടുങ്ങി… എൻറെ ബാല്യത്തിലേയ്ക്ക് മടങ്ങി… എല്ലാം മറന്ന് ഒരുരാത്രി ഉറങ്ങണം, സ്വസ്ഥമായിട്ട്. ഒരേയൊരു രാത്രി! ഇതും എൻറെ ഒരു സ്വപ്നമാണ്.”

“മാലിനി സോഫയിൽ കിടന്നോളൂ” അതുപറയാൻ എനിക്ക് ഒരുപാട് ആലോചിക്കേണ്ടിവന്നില്ല. എങ്ങനെയോ ഞാൻ അതിഭയങ്കരനായ ഒരു മാന്യനായി മാറി.

എൻറെ കട്ടിലിൽ നിന്നും ഒരു തലയിണയും ഷീറ്റുമെടുത്ത് അവൾ സോഫയിൽ പോയി കിടന്നു. കൈയ്യിൽ ടീവിയുടെ റിമോട്ട്കണ്ട്രോളർ. കളിപ്പാട്ടവും പിടിച്ച് സംതൃപ്തിയോടെ തൊട്ടിലിൽ കിടക്കുന്ന ഒരു കുട്ടിയെപ്പോലെ.

ഞാൻ എൻറെ കിടക്കയിലും പോയി വീണു.

കോളിംഗ് ബെൽ കേട്ടാണ് ഞാനുണർന്നത്.

നേരം വെളുത്തു വരുന്നതേയുള്ളൂ. ട്രെയിനുകളുടെ കൂക്കുവിളികൾ കേൾക്കാം.

വാതിൽ തുറന്നപ്പോൾ രാജു.

തണുത്ത കട്ടൻതേയിലയുമായി വന്ന് രാവിലെ ഉപദ്രവിക്കരുതെന്ന് എത്രയോ പ്രാവശ്യം അവനോടു പറഞ്ഞിട്ടുണ്ട്. കേൾക്കില്ല. നേർച്ച പോലെയാണത്.

ഞാൻ വാതിൽ കുറ്റിയിട്ടു.

അവൾ?

ചെക്കൻ കണ്ടുകാണുമോ?

സോഫയിൽ അവളില്ല!

ബാത്ത്റൂമിലെ ടവൽറോഡിൽ കാവിമുണ്ടും ഷർട്ടും നനച്ചു വിരിച്ചിട്ടുണ്ട്.

ഈറൻ മാറാത്ത ഒരു ബ്രൈസിയറും അവൾ ഉപേക്ഷിച്ചുപോയിരിക്കുന്നു… അറിഞ്ഞോ അറിയാതെയോ…

കപ്ബോർഡിലെ പേഴ്സിൽ മൂവായിരം രൂപ അതുപോലുണ്ട്.

ടീപ്പോയുടെ പുറത്ത് റിമോട്ടിൻറെ അടിയിൽ ഒരു കുറിപ്പ്!

ഞാൻ അതെടുത്തുനിവർത്തി. ഉരുണ്ട കുഞ്ഞുകുഞ്ഞക്ഷരങ്ങൾ…

അപ്പോൾ അവൾ പറഞ്ഞതുപോലെ വെളുപ്പിന് മുൻപേ സ്ഥലംവിട്ടിരിക്കുന്നു. ഞാൻ ആ കടലാസുകഷണം വായിച്ചുനോക്കി.

പ്രിയമുള്ള കൂട്ടുകാരാ,

ഒരന്തി അഭയം തന്നതിന് നന്ദി…

ഒപ്പം മദ്യപിക്കാൻ ദയ തോന്നിയതിനും നന്ദി….

അത്താഴത്തിൻറെ പങ്ക് തന്നതിനും നന്ദി…

എൻറെ മാത്രം സ്വപ്നങ്ങളിൽ കുടുങ്ങിക്കിടക്കാൻ ഒരുരാത്രി അനുവദിച്ചു തന്നതിനും നന്ദി….

എന്നിലെ സ്ത്രീയോട് മാന്യത പുലർത്തിയതിനും നന്ദി….

ഒരായിരം നന്ദി……

ഒരു സ്ത്രീ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് പ്രേമമോ, കാമമോ അല്ല. സ്വൈര്യവും സമാധാനവുമുള്ള രാത്രികളാണ് .

എൻറെ ഇതുവരെയുള്ള ജീവിതത്തിൽ ആ ‘ഒരേയൊരു രാത്രി’ ഈകഴിഞ്ഞ രാത്രിയായിരുന്നു.

നന്ദി, കൂട്ടുകാരാ…..

മാലിനി.

                     **                          **                           **                         **
[വർഷങ്ങൾ ഒരുപാടു കഴിഞ്ഞു. മാലിനിയെ പിന്നീട് ഇന്നോളം കണ്ടിട്ടില്ല.]
നൊമ്പരങ്ങൾ, ഗന്ധർവ്വൻപാട്ട് , ഏഴാംഭാവം എന്നിവയാണ് പ്രസിദ്ധീകരിച്ച നോവലുകൾ. ആനുകാലികങ്ങളിൽ ചെറുകഥകൾ എഴുതുന്നു. നിരവധി ടെലിവിഷൻ സീരിയലുകളും സിനിമകളും ഡോകുമെന്ററികളും തിരക്കഥ എഴുതുകയും സംവിധാനം നിർവഹിക്കുകയും ചെയ്തു.