ഉടലിൽ ചുണ്ണാമ്പിന്റെ പ്രസരം

മരണത്തെ സ്പർശിച്ച് ജീവിതത്തിൽ തിരിച്ചെത്തിയവരെ ഗവേഷണ വിഷയമാക്കിയ ഡോക്ടർ സാം പാർണിയയാണ് അടുത്ത കാലത്ത് ഏറ്റവും ക്ലിനിക്കലായ ഭാഷയിൽ മരണത്തെ ഒരു ഗത്യന്തരമായി ദർശിച്ചത്.

ഡോ: പാർണിയ പറഞ്ഞു: തിരിച്ചുപോക്ക് തീർത്തും സാധ്യമല്ലാത്തൊരു നിമിഷമല്ല മരണം. തിരിച്ചുപോക്കിന് സാധ്യതയുണ്ടെങ്കിൽ നാമതിനെ ‘കാർഡിയാക് അറസ്റ്റ്’ എന്ന് വിളിക്കുന്നു; സാധ്യതയില്ലെങ്കിൽ നാമതിനെ നമുക്കറിയാവുന്ന രീതിയിൽ ‘മരണം’ എന്ന് വിളിക്കുന്നു. ആകയാൽ, കോശമൃത്യുവിനു മുൻപ് ഹൃദയ സ്തംഭനത്തെയൊരു അതിജീവന ഉപാധിയാക്കിയാലോ! കലാപകരമായൊരു ഉപായമാണത്.

കോശ മൃത്യു (സെൽ ഡെത്ത്) എന്ന പ്രതിഭാസം ആദ്യമായി ശ്രദ്ധയിൽപ്പെട്ട ദിവസം തൊട്ട് എന്റെ മനസ്സിൽ ചില ചോദ്യങ്ങളുണ്ടായിരുന്നു: ഒറ്റയ്ക്കൊറ്റയ്ക്ക് പിറക്കുകയും ഒറ്റയ്ക്കൊറ്റയ്ക്ക് മരിക്കുകയും ചെയ്യുന്ന കോശങ്ങളുള്ളൊരു ശരീരത്തിൽ മരണം ശരിക്കും എന്ത്, എങ്ങനെ? ഒരു ശരീരത്തിന്റെ മുഴുവൻ മരണം എവിടെ എങ്ങനെ ആരംഭിക്കുന്നു, എവിടെ എങ്ങനെ പൂർത്തിയാവുന്നു? കോശങ്ങളുടെ ഏകാന്തമായ മരണങ്ങളും ശരീരത്തിന്റെ നിശ്ശേഷമായ മരണവും എവിടെയെങ്കിലും എങ്ങനെയെങ്കിലും സംവദിക്കുന്നുണ്ടോ?

മരണത്തെ മനസ്സിലാക്കാൻ ഒരു വശത്ത് ഏറ്റവും ആദ്യം തൊട്ട് തുടങ്ങണം; മറുവശത്ത് ഏറ്റവും അവസാനം തൊട്ട് എതിർദിശയിലേക്ക് തുടരണം. രണ്ട് തുടക്കങ്ങളും ഇടയിലെ എല്ലാ നൈരന്തര്യങ്ങളിലൂടെയും കടന്നു പോകണം. പക്ഷേ, ചില നൈരന്തര്യങ്ങൾ ഇതിന്നിടയിൽ നിലച്ചിരിക്കും!

ഒടുക്കത്തിൽ നിന്നുള്ള അന്വേഷണത്തിൽ, ശരീരത്തിന്റെ മരണാനന്തര വിറങ്ങലിപ്പ്, റിഗർ മോർറ്റിസ് (ഇനിയങ്ങോട്ട് “റിമോ”) ഒരു പോൾവോൾട്ടിലെന്നതു പോലെ എന്നെ വളരെ നിർണ്ണായകമായൊരു പടവിൽ എത്തിക്കുമെന്ന് എനിക്ക് തോന്നിയിരുന്നു. ഇപ്പോൾ ഞാൻ  ഡോക്ടർ യെവജനീയ് ഗാലിമോവ് നിരീക്ഷിച്ചൊരു പുഴുവിന്റ്റെ റിമോയിലാണ്.

അമ്പരപ്പിക്കുന്നൊരു അസംബന്ധം ഈ പുഴുവിൽ എന്നെ കാത്തിരിക്കുന്നു.

മരണത്തെ നാം സൗകര്യപൂർവം ഒരു നിമിഷത്തിലേക്ക് ചുരുക്കുന്നു. ഹൃദയത്തിന്റെ മിടിപ്പുകളോ, അല്ലെങ്കിൽ മസ്തിഷ്കത്തിന്റെ പ്രവർത്തനമോ നിലക്കുന്ന നിമിഷത്തിലേക്ക്. ക്ലിനിക്കിനും സമ്മതം, കോടതിക്കും സമ്മതം. പക്ഷേ, ജീവശാസ്തത്തിന്റെ വലിയ ചിത്രത്തിൽ, മരണമെന്നത് മരണത്തിനു മുൻപേ തുടങ്ങുന്നതും മരണത്തിനു ശേഷവും തുടരുന്നതുമായ ചില സംഭവങ്ങളുടെ പരമ്പരയാണ്. വിശദാംശ സഹിതം ഈ പരമ്പര ഗ്രഹിച്ചവരെപ്പോലും സി. എലഗൻസ് എന്ന പുഴു (കൃത്യമായി പറഞ്ഞാൽ, ഒരു തരം ഉരുണ്ട വിര) അമ്പരപ്പിക്കുന്നു,

മനുഷ്യരിൽ റിമോ ഒരു മരണാന്തര അവസ്ഥയാണ്, പക്ഷേ, പരമ്പര സമാപിച്ചിട്ടില്ല.

വിറങ്ങലിപ്പ് പതുക്കെ അയയും, ഒരു തരം ‘നെക്രോറ്റിക്‌’ ഭ്രംശത്തിൽ പേശികൾ മൃദുലമാകും. മാംസ വ്യവസായത്തിൽ ഏർപ്പെട്ടവർ കാത്തിരിക്കുന്നൊരു സ്‌നിഗ്‌ദ്ധതയാണത്. കശാപ്പിന്റെ മുഹൂർത്തം. കൊന്നു വീഴ്ത്തിയ പക്ഷികളെയും മൃഗങ്ങളെയും വേട്ടക്കാർ എവിടെയെങ്കിലും തൂക്കിയിടുന്നതെന്തിനെന്ന് ഇപ്പോൾ നിങ്ങൾക്കറിയാം.

പേശികളുടെ മുറുകലും അയയലും സി. എലഗൻസ് എന്ന പുഴുവിലും സംഭവിക്കുന്നു. പക്ഷേ, ഇവിടെ റിമോ ഒരു മരണപൂർവ സംഭവമാണ്. പുഴു ജീവിച്ചിരിക്കെത്തന്നെ അത് തുടങ്ങുന്നു! മരണത്തിനു വേണ്ടി വരുന്ന കാലയളവ് ആയുർരേഖയേക്കാൾ നീണ്ടു പോകുന്ന പ്രതീതി.

പിന്നെ, അക്ഷരാർത്ഥത്തിൽത്തന്നെ, മരണം ജീവനിൽ ചുണ്ണാമ്പ് തേയ്ക്കാൻ തുടങ്ങുന്നു — കാൽസ്യത്തിന്റെ പ്രകാശനം.

മരിക്കുന്ന കോശങ്ങൾ ഉള്ളിലെ കാൽസ്യം ഉപേക്ഷിച്ചുകൊണ്ട്  ചുറ്റുവട്ടത്തുള്ള കോശങ്ങളെ മരണത്തിലേക്ക് പ്രേരിപ്പിക്കുന്നു. പേശികളിൽ നിന്ന് തുടക്കം. തുടർന്ന്, പേശികൾ വല്ലാതെ സങ്കോചിക്കുന്നു, റിമോയിൽ എത്തുന്നു. ഇതല്ല അവസാനം. അടുത്ത കാഴ്ച കുടലുകളിലാണ്: നീല നിറമുള്ളൊരു മരണത്തിളക്കത്തിന്റെ തരംഗം. ജീവിയിൽ മരണത്തിന്റെ പ്രവേശമാർഗം ആ തിളക്കത്തിൽ തെളിഞ്ഞു കാണാം.

മരണത്തെ സംബന്ധിച്ചിടത്തോളം, ഞാൻ പറഞ്ഞ “ചുണ്ണാമ്പ് തേയ്ക്കൽ” മനുഷ്യരിൽ വാര്‍ദ്ധക്യത്തിലെ കോശനാശത്തെ ചൂണ്ടുന്നു.

ഒരോ കോശത്തിലും ഊർജ്ജം സംഭരിക്കാനും, ആവശ്യമുള്ളേടത്ത് അത്‌ വിതരണം ചെയ്യാനുമുള്ളൊരു സജ്ജീകരണമാണ് ഏറ്റിപി (ATP) എന്ന തന്മാത്ര. ഊർജ്ജത്തിന്റെ തകർച്ചയിൽ കോശങ്ങൾക്ക് കാൽസ്യത്തെ ഉള്ളോട് ചേർത്ത് പിടിക്കാനുള്ള കരുത്ത് നഷ്ടപ്പെടും, കാൽസ്യം പുറത്തേക്ക് പടരും . “ചുണ്ണാമ്പ് തേയ്ക്കൽ” എന്റെയും നിങ്ങളുടെയും മരണമാണ്.

രണ്ടു ചോദ്യങ്ങൾ അവശേഷിക്കുന്നു. ഒന്ന്: എന്തുകൊണ്ടാണ് സി. എലഗൻസിൽ റിമോ മരണ പൂർവമാകുന്നത്? രണ്ട്: എന്തുകൊണ്ടാണ് ഈ പുഴു വൻകിട ഗവേഷകരുടെ ശ്രദ്ധ ആകർഷിക്കുന്നത്?

ഒന്നാമത്തെ  ചോദ്യത്തിനുത്തരം. ശ്വസനശേഷി, പ്രാണവായു വിതരണം ചെയ്യുന്ന ചോരയൊഴുക്ക് എന്നിവ മാത്രം പരിഗണിക്കുക. മനുഷ്യരിലും, മറ്റു സ്തന്യപങ്ങളിലും, ഇവയുടെ ഏകോപനത്തിന് ഏറെ വിപുലവും സങ്കീർണവുമായൊരു പര്യയന വ്യവസ്ഥ ആവശ്യമാണ്. ചെറിയൊരു പുഴുവിന്റെ ശ്വസനകർമ്മത്തിന് അതാവശ്യമല്ല. ആകയാൽ അതിന്റെ ശരീരത്തിൽ അങ്ങനെയൊന്നില്ല. ആകയാൽ കോശമരണത്തിന് പ്രത്യേകിച്ചൊരു പര്യയന പരാജയം ആവശ്യമില്ല. (ഇതിന്നിടയിൽ എവിടെയാണ് ഡോക്ടർ പാർണിയ സൂചിപ്പിച്ച ഗത്യന്തരം ഞാൻ തിരക്കേണ്ടത്!)

രണ്ടാമത്തെ ചോദ്യത്തിനുത്തരം. അഞ്ചോ ആറോ കോടി വർഷങ്ങൾ മുൻപ് മനുഷ്യനും സി. എലഗൻസിനും ഒരു പൂർവികനുണ്ടായിരുന്നു. അവിടം തൊട്ടുള്ള ചില സമാനതകൾ ഇന്നും നിലനിൽക്കുന്നു — സമാനമായ പേശികൾ, കോശങ്ങൾ (ചുണ്ണാമ്പടക്കം);  സമാനമായ ചില ശാരീരിക പ്രവർത്തനങ്ങൾ. പുഴുവിനെ പഠിച്ചാൽ മനുഷ്യനെ പഠിക്കാം. പരീക്ഷണശാലകളിൽ ചത്തൊടുങ്ങുന്ന കോടിക്കണക്കിന് ജീവികളുടെ ഒടുക്കത്തെ തിളക്കത്തിൽ നാം ഒരു മരണനിരയിൽ നിൽക്കുന്നു.

എനിക്കിപ്പോൾ പുഴുക്കളെ മനുഷ്യരായും, മനുഷ്യരെ പുഴുക്കളായും കാണൽ എത്രയോ അനായാസം, വിചാരപ്രദം. എന്റെ മരണാന്വേഷണങ്ങൾ ഒരറ്റത്ത് പുഴുവിൽ നിന്ന് തുടങ്ങുന്നു, മറ്റേ അറ്റത്ത് മനുഷ്യനിൽ നിന്ന് തുടങ്ങുന്നു. ഇവയ്ക്കിടയിലെ നൈരന്തര്യങ്ങളിൽ ഞാൻ ഒരേ സമയത്തു് എല്ലാ ജീവികളുമാണ്: “സൂത്രേ മണിഗണ ഇവ”. ഇത്, പക്ഷേ,  മരണത്തിന്റെ സൂത്രമാണ്.

അപ്ഡേറ്റ്:
കാൽസ്യം, ആദ്യത്തെ സംജ്ഞ

ഒരു കെട്ടിടത്തിൽ  തീ പടരുന്നതു പോലെയാണ് മരണം കാൽസ്യം വഴി കോശത്തിൽനിന്ന് കോശത്തിലേക്ക് പടരുന്നതെന്ന് ഡോക്ടർ ഗാലിമോവ് നിരീക്ഷിക്കുന്നു. ഭയാനകമായൊരു  വിവരണമാണിത്. അഞ്ചിന്ദ്രിയങ്ങളും അതിൽ മുഖരമാകുന്നു. പക്ഷേ, നമ്മെ പേടിപ്പിച്ച കാൽസ്യത്തിന് വളരെ പ്രാരംഭകവും   സംരക്ഷകമായൊരു മറുവശമുണ്ട്.

ശ്വേത രക്താണുക്കളുടെ പ്രവർത്തനം നമുക്കെല്ലാവർക്കും അറിയാം. ഒരർത്ഥത്തിൽ നമ്മുടെ പ്രതിരോധ വ്യവസ്ഥയിലെ കുതിരപ്പടയാണ് ഈ അണുക്കൾ (തെളിവ്: “വർക്ക്ഹോഴ്‌സ്  സെൽസ്” എന്ന പദവി). ഉടലിൽ ഒരു വ്രണം വീണാൽ അവ അവിടെയെത്തുന്നു, അന്യം/സ്വന്തം എന്ന വിവേചനത്തിൽ പ്രതിക്രിയകൾ ആരംഭിക്കുന്നു.  ആരാണവയ്ക്ക് ആഹ്വാനം നൽകുന്നത്? ഉത്തരം കിട്ടിയത് ഈയ്യിടെയാണ്.

കാൽസ്യം. കാൽസ്യത്തിന്റെ ഒരു മിന്നൽ, അപായസൂചകമായൊരു ഫ്‌ളാഷ്! വ്രണ ബാധയിൽ ശരീരം തിരിച്ചറിയുന്ന ആദ്യത്തെ സൂചന, ആംഗികം. മുറിവിന്റെ വക്കിൽനിന്ന്, എല്ലാ കോശങ്ങളെയും ബന്ധിപ്പിക്കുന്ന  സന്ധിസ്ഥലികളിലൂടെ, അതൊരു തരംഗം പോലെ പടരുന്നു. ഇതാണ്  ശ്വേത രക്താണുക്കളെ  വ്രണത്തിലേക്ക് വിളിച്ചു കൂട്ടുന്നത്!

സൂര്യവംശം, ഭൂമിയെയും മരണത്തേയും കുറിച്ച്, പെൻഗ്വിൻ, ചുവന്ന വിദൂഷകരുടെ അഞ്ചാംപത്തി, ബ്രാ, കഥകളുടെയും കവിതകളിടേയും സമാഹാരം എന്നിങ്ങനെ നിരവധി പുസ്തകങ്ങളും ജന്തുസ്വഭാവ ശാസ്ത്ര സംബന്ധിയായ രചനകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തസറാക് ന് വേണ്ടിയെഴുതുന്ന പംക്തി: പതിനൊന്നാം മണിക്കൂറില്‍