പോലീസ് ഡയറി-2 : അമ്മയുടെ കൊലപാതകം

1990 കളുടെ ആരംഭം. ഞാനന്ന് കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളാണ്.

ഒരു ദിവസം രാവിലെ ഉദ്ദേശം 22 വയസ്സ് പ്രായമുള്ള ഒരു യുവാവ് സ്റ്റേഷനിൽ വന്നു. തന്റെ അമ്മയെ രണ്ടു ദിവസമായി കാണുന്നില്ല, ബന്ധുക്കളുടെ വീടുകളിലും പരിസരപ്രദേശങ്ങളിലും അന്വേഷണം നടത്തിയിട്ടും വിവരങ്ങളൊന്നും കിട്ടാത്തതിനാൽ ഒരു പരാതി നൽകാൻ വന്നതാണെന്ന് പറഞ്ഞു. കാര്യങ്ങൾ വിശദമായി എഴുതി എസ് ഐയെ നേരിൽ കണ്ട് പരാതി കൊടുക്കാൻ പറഞ്ഞു. സ്റ്റേഷനിൽ നിന്ന് കൊടുത്ത വെള്ളപേപ്പറിൽ അവൻ കാര്യങ്ങൾ എഴുതി എസ് ഐക്ക്‌ കൊടുത്തു.

ആ മാസം പെറ്റീഷൻ എൻക്വയറി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സ്കറിയ എന്ന പോലീസുകാരനെ പ്രാഥമികാന്വേഷണം നടത്താനായി എസ് ഐ ചുമതലപ്പെടുത്തി. സ്വകാര്യതയെ മാനിച്ച് യഥാർത്ഥ വ്യക്തികളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുന്നില്ല.

ഈ സംഭവം കൂത്താട്ടുകുളം സ്റ്റേഷനിൽ നിന്ന് ഏകദേശം ആറേഴ് കിലോമീറ്റർ അകലെയാണ്. എന്റെ ഭാര്യയുടെ ഒരു അകന്ന ബന്ധു കൂടിയായ സ്കറിയ സംഭവസ്ഥലത്ത് പോയി അയൽക്കാരോടും മറ്റ് സ്ഥലവാസികളോടും അന്വേഷിച്ചതിൽ രണ്ടു ദിവസമായി ആ സ്ത്രീയെ കാണുന്നില്ല, എവിടെ പോയെന്ന് ഒരു വിവരവുമില്ല എന്നാണ് അറിവായത്.

ദുരൂഹമായ കേസുകളിൽ എവിടെയും ഒരു സാദ്ധ്യത കണ്ടെത്താൻ കഴിവുള്ള സ്കറിയയിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഉണർന്നു. പരാതി തന്ന യുവാവിലേക്ക് തന്നെ അന്വേഷണ മുന നീണ്ടു. ആ സമയം പരാതിക്കാരൻ തന്റെ വീട് പുതുക്കിപ്പണിയുന്ന തിരക്കിലായിരുന്നു. ഭിത്തിയുടെ പണികൾ കഴിഞ്ഞ് തട്ട് വാർക്കാറായിരിക്കുന്നു. ബാക്കി ഭാഗം പണിയാനുള്ള ഇഷ്ടിക മുറ്റത്തു അട്ടി വച്ചിരിക്കുന്നു.

സ്കറിയ, വീടും പരിസരങ്ങളും ചുറ്റി നടന്ന് അരിച്ചു പെറുക്കി. സ്വാഭാവികമായും മുറ്റത്തിന് സമീപമുള്ള പന്നിക്കൂടും നിരീക്ഷണ വിധേയമായി. സൂക്ഷ്മപരിശോധനയിൽ ഏതൊക്കെയോ ജീവികൾ മാന്തി പുറത്താക്കിയ ഒരു കൈവിരൽ മണ്ണിനു മുകളിലേക്ക് ഉയർന്നു നിൽക്കുന്നതായി കാണപ്പെട്ടു.

സംഗതിയുടെ ഗൗരവം മനസിലാക്കിയ സ്കറിയ സ്റ്റേഷനിലേക്ക് വിവരം അറിയിച്ച ഉടൻ എസ്. ഐ പാർട്ടിയുമായി സംഭവസ്ഥലത്തെത്തി. ഒപ്പം ഡ്യൂട്ടിക്ക് ഞാനുമുണ്ടായിരുന്നു. സ്ഥലത്തെത്തിയ എസ്. ഐ ബോഡി കണ്ട ഭാഗം കുഴിപ്പിച്ചു നോക്കിയപ്പോൾ കണ്ട കാഴ്ച വളരെ ഭീകരമായിരുന്നു. മരിച്ചിട്ട് മൂന്നു ദിവസമെങ്കിലും പഴക്കം തോന്നിപ്പിക്കുന്ന ദുർഗന്ധം വമിക്കുന്ന ഒരു സ്ത്രീയുടെ ജഡം കുഴിയിൽ നിന്ന് പുറത്തെടുത്തു. ഇൻക്വസ്റ്റും മറ്റു നടപടികളും കഴിഞ്ഞു ബോഡി പോസ്റ്റ്മോർട്ടത്തിന് അയച്ചതിനൊപ്പം പ്രതിയായ മകന്റെ അറസ്റ്റും രേഖപ്പെടുത്തി. രണ്ടുമൂന്നു വർഷത്തെ കോടതി നടപടികൾക്ക് ശേഷം മകന് ജീവപര്യന്തം ശിക്ഷ തന്നെ വിധിച്ചു.

ചെറുപ്പത്തിലേ പിതാവ് മരിച്ചു പോയ അവൻ ഒറ്റ മകനായിരുന്നു. പിതാവിന്റെ അഭാവത്തിൽ വളർന്ന അവൻ ചെറുപ്പത്തിലേ മദ്യപാനിയും ദുർമാർഗിയുമായി വഴിവിട്ട് മാത്രം സഞ്ചരിച്ചു.

എന്തായാലും സംഭവം ഇങ്ങനെയാണ്.

കള്ള് കുടിക്കാൻ അമ്മയോട് ചോദിച്ച 100 രൂപ കിട്ടാത്ത ദേഷ്യത്തിൽ അമ്മയുമായി വഴക്കായി. കയ്യാങ്കളിയായി. ഒടുവിൽ മുറ്റത്തു അടുക്കി വച്ചിരുന്ന ഇഷ്ടികകളിൽ ഒന്നെടുത്തു മരണം ഉറപ്പാക്കുന്നതു വരെ അമ്മയുടെ തലയിൽ പ്രഹരിച്ചു. ദാരുണമരണത്തിന് വിധേയയായ ആ സ്ത്രീയെ പന്നിക്കൂട്ടിലൊരു കുഴി കുത്തി മറവ് ചെയ്തിട്ടാണ് മകൻ പരാതിയുമായി സ്റ്റേഷനിൽ വന്നത്.

കൂത്താട്ടുകുളം ഭാഗത്തെ അക്കാലത്തെ പന്നിവളർത്തലിന് അറപ്പിക്കുന്ന ഒരു പിന്നാമ്പുറമുണ്ട്. അവശിഷ്ടങ്ങൾ നേരിട്ട് പന്നിക്കൂട്ടിൽ എത്തുന്ന വിധത്തിലായിരുന്നു അന്നത്തെ കക്കൂസുകളുടെ നിർമ്മാണം പൊതുവെ നടത്തിയിരുന്നത്. അതുകൊണ്ട് തന്നെ അന്വേഷണം സാധാരണ ഗതിയിൽ പന്നിക്കൂട്ടിൽ എത്തുമായിരുന്നില്ല. കുറുക്കനോ മറ്റോ മാന്തി ആ കൈവിരൽ പുറത്തുവന്നില്ലായിരുന്നെങ്കിൽ കഥ മറ്റൊന്നാകുമായിരുന്നു.

സാഹചര്യമല്ലേ ഒരു മനുഷ്യനെ ഒരു പരിധി വരെ കുറ്റവാളിയാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്?

കേരളാ പോലീസിൽ ഹെഡ് കോൺസ്റ്റബിളായി വിരമിച്ചു. കൂത്താട്ടുകുളം സ്വദേശി. അങ്കമാലിയടുത്തു തുറവൂരിൽ താമസിക്കുന്നു.