അധ്യാപനം
വിദ്യാലയത്തിലെ ഏറ്റവും സരളവും ബൃഹത്തുമായ വൃക്ഷമാണ് അധ്യാപകൻ.
വേരുകളാൽ വലിച്ചെടുക്കുമ്പോൾത്തന്നെ
അത് ശാഖകളാൽ നൽകുന്നു.
നൽകിക്കൊണ്ടേയിരിക്കുന്നു.
സമർത്ഥനായ ഒരു ബലൂൺ വില്പനക്കാരൻ കൂടിയാണയാൾ.
ഓരോരുത്തരുടെയും ആകാശങ്ങളെ തിരിച്ചറിഞ്ഞ്
അതിനൊത്ത ബലൂണുകൾ അവർക്കു വെച്ചു നീട്ടുന്നു.
പക്ഷേ ബലൂണുകളുടെ രൂപത്തിൽ
തയ്യാർ ചെയ്യപ്പെട്ട ചിറകുകളാണത് എന്നവർ കുറേക്കാലത്തേക്ക്
അറിയാനേ പോകുന്നില്ല!
ഇലകളെല്ലാം കൊഴിഞ്ഞ്,
ഒരു നാൾ അയാൾ പടിയിറങ്ങുമ്പോൾ
കാലം മുമ്പിൽ മുട്ടുകുത്തുന്നു.
തുടർന്ന്
കൈ പിടിച്ചു നടത്തുന്നു.