നിയമങ്ങൾ
കുമിളകൾ;
നിയമങ്ങൾ പോലെയാണത്.
അസാധാരണ വലിപ്പത്തിൽ
ഒഴുകിയെത്തി നമ്മളെ ഉള്ളിലാക്കും.
ഞൊടിയിട കൊണ്ട്
‘ടപ്’ എന്നു മരിക്കുകയും ചെയ്യും;
ഒരു കുത്തുവച്ചു കൊടുത്താൽ മതി!
ദുർവ്യാഖ്യാനത്തിന്റ
നശിച്ച പൊക്കിൾക്കൊടികളോടെ
ഓരോ നിയമവും പിറന്നു വീഴുന്നു;
അദൃശ്യമായ കാലുകൾ നീട്ടി വെച്ച്
നമ്മളെ തട്ടി മറിച്ചിടാനുളള ദൗത്യവുമായി.
നോക്കൂ,
മരുഭൂമിയിലെ മണൽ,
കടൽത്തീരത്തെ മണൽ.
പേരുകൾ ഒന്നാണെങ്കിലും
അവർ സഹോദരർ അല്ലേയല്ല.
അതെല്ലാം മറക്കുക;
നിങ്ങൾക്കു വേണ്ടി കരുതിവെച്ച
കൈയ്യാമങ്ങൾ കരഞ്ഞു തളർന്ന്
ഉരുകിത്തീരുന്നതു വരെ
നൃത്തം ചെയ്തു കൊണ്ടേയിരിക്കുക!